Tuesday, December 22, 2009

ഇങ്ങിനേയും ഒരച്ഛന്‍

മദിരാശിയിലുള്ള കാലം.

ഇപ്പോള്‍ ഒരു ചെറു ബ്ലോഗ്‌പുലിയായ സിജോയി ഞങ്ങളുടെ കൂടെയുണ്ടു്. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ എതിര്‍വശത്തു് ഒരു കുടുംബം താമസിക്കുന്നു. ആ വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരു പ്ലസ്‌-2നു പഠിക്കുന്ന പ്രായം. കാണാന്‍ നല്ല കൗതുകം തോന്നും.

അവളുടെ പേരറിയില്ല. എങ്കിലും സിജോയിക്കവള്‍ സ്വപ്നകാമുകിയായി! അവന്‍ അവള്‍ക്കൊരു പേരിട്ടു - കവിത.

ഞങ്ങള്‍ രാവിലെ ആപ്പീസിലേക്കിറങ്ങുമ്പോള്‍ കവിത സ്കൂളിലേക്കു പോകാനൊരുങ്ങുന്നുണ്ടാവും. ആപ്പീസില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ അവളിരുന്നു പഠിക്കുന്നുണ്ടാവും.

അതുവരെ രാത്രി 9 മണിയാവാതെ ആപ്പീസില്‍ നിന്നിറങ്ങില്ല എന്നു ശപഥമെടുത്തിരുന്ന എല്ലാ അവന്മാരും കൃത്യം 6.10 ആവുമ്പൊ വീട്ടിലെത്തും (6നു് ആപ്പീസ്‌ വിട്ടാല്‍ വീടുവരെ എത്താന്‍ 10 മിനുടെടുക്കും).

ഒരു ദിവസം രാവിലെയുണ്ടു് സിജോയി വെറുതെ ചിരിക്കുന്നു! കാര്യം ചോദിക്കുമ്പോള്‍ തോളുകളനക്കി "ഒന്നുമില്ല" എന്നു കാണിക്കുന്നു. "നീയൊക്കെ നിര്‍ബന്ധിച്ചാലേ ഞാന്‍ പറയൂ" എന്ന മട്ട്‌. ഒടുക്കം അവന്‍ കാര്യം പറഞ്ഞു. അവന്‍ കവിതയെ സ്വപ്നം കണ്ടുപോലും! അവനും കവിതയും പാര്ക്കി‍ല്‍ പോയി കുറേനേരം മരംചുറ്റി നടക്കുന്നു. പെട്ടെന്നു കവിതയെ കാണാനില്ല. സിജോയി അന്വേഷിച്ചുനടക്കുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചുകന്ന റോസാപുഷ്പങ്ങള്‍ക്കരികില്‍ അവള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നു.

പതുക്കെ പമ്മിപ്പമ്മി കവിതയുടെ പിന്നിലെത്തി പെട്ടെന്നു് "കവിതേ!" എന്നുറക്കെ വിളിക്കുകയും ഞെട്ടിത്തിരിഞ്ഞ ആ പെണ്ണു് കവിതയല്ലെന്നു മനസ്സിലാക്കുകയും സോറി പറയുകയും പെണ്ണു് ചിരിച്ചുകൊണ്ടു് "it's ok!" എന്നു മൊഴിയുകയും ഈ രംഗങ്ങള്‍ ഒളിച്ചിരുന്നു കാണുകയായിരുന്ന കവിത പൊട്ടിച്ചിരിച്ചുകൊണ്ടു് വന്നു് അവനെ കൈതലോടി ആശ്വസിപ്പിക്കുകയും ക്ഷീണം മാറാന്‍ ഐസ്ക്രീം മേടിച്ചുകൊടുക്കുകയും ചെയ്യുന്നതായി ആ കശ്മലന്‍ സ്വപ്നം കണ്ടു! അയ്യയ്യേ..

അവളെ ആകര്‍ഷിക്കാന്‍, ശ്രദ്ധപിടിച്ചുപറ്റാന്‍ ഞങ്ങളെന്നും "പഡോസന്‍" എന്ന പഴയ ഹിന്ദി സിനിമയിലെ ആ പ്രശസ്തഗാനം ടേപ്‌ ഇടും - "മേരെ സാംനെ വാലി ഖിഡ്കി മേ എക്‌ ചാന്ദ്‌ കാ ടുക്ഡാ രഹ്താ ഹേ!"

(എന്നു വെച്ചാല്‍, "എന്‍ മുന്നിലുള്ളയാ ജാലകത്തില്‍, ചന്ദ്രിക തുല്യമാം മുഖമൊന്നുണ്ടു്" എന്നു്)

അവളെന്തുവിചാരിച്ചാലും ഞങ്ങള്‍ക്കു പ്രശ്നമല്ല. ഞങ്ങള്‍ സന്ധ്യക്കു് ആ പാട്ടു് വച്ചിരിക്കും. ഞങ്ങളുടെ കവിത ആ സമയത്തു് വീടിന്റെ മുന്നിലിരുന്നു് പഠിക്കുന്നുണ്ടാവും. സിജോയി തന്റെ ദിവാസ്വപ്നങ്ങളുടെ കെട്ടഴിക്കുന്നതു് അപ്പോഴാണു്.

ഒരു ഒഴിവുദിവസം വൈകുന്നേരം...

കവിത പതിവുപോലെ പഠിക്കാന്‍ വന്നിരുന്നു. പശ്ചാത്തലത്തില്‍ ഞങ്ങള്‍ പാട്ടുവെച്ചു. മുന്‍വശത്തെ വാതിലടച്ചു് ജനലിലൂടെ "കവിത" ആസ്വദിച്ചുകൊണ്ടിരുന്നു.

അപ്പോള്‍ കാണാം - കവിത തിരക്കിട്ടു അകത്തേക്കു പോകുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അവളുടെ അച്ഛന്‍ പുറത്തെത്തി ധൃതിയില്‍ ഞങ്ങളുടെ വീട്‌ ലക്ഷ്യമാക്കി നടന്നുവരുന്നു.

"ശെടാ, പ്രശ്നമായീലൊ! പാട്ടുവെക്കാനുള്ള ഐഡിയ നിന്റെയാ" എന്നൊക്കെ ഞങ്ങള്‍ പരസ്പരം പഴിചാരുന്നതിനിടക്കു് വാതില്‍ക്കല്‍ മുട്ടുകേട്ടു.

പാട്ടു് ഞങ്ങള്‍ നിര്‍ത്തി. പതുക്കെ വാതില്‍ തുറന്നു. ചിരിക്കാന്‍ ശ്രമിച്ചു. മുഖം കോടിപ്പോകുന്നു. കവിതയുടെ അച്ഛന്‍ ഞങ്ങളെ തുറിച്ചുനോക്കി.

"നിങ്ങളോടെനിക്കൊരു കാര്യം പറയാനുണ്ടു്. നിങ്ങള്‍ ഇപ്പോള്‍ വച്ച ആ പാട്ടു്...."

ഇപ്പൊ അടി വീഴും - ഞങ്ങള്‍ക്കുറപ്പായി. ദയനീയമായി ഞങ്ങള്‍ പരസ്പരം നോക്കി. അടി എനിക്കാദ്യം കൊള്ളാതിരിക്കാന്‍ ഞാന്‍ മെല്ലെ സിജോയിയുടെ പിന്നിലേക്കു നീങ്ങി. (അവനിത്തിരി മസിലൊക്കെയുണ്ടു്. ഒരടി കൊണ്ടാലൊന്നും ഒന്നും പറ്റില്ല).

"അയ്യോ സാര്‍.. ഞങ്ങളൊന്നും ഉദ്ദേശിച്ചല്ല പാട്ടു വെച്ചതു്. ശല്യമായെങ്കില്‍ ക്ഷമിക്കണം. വേണമെങ്കില്‍ ഇനിമുതല്‍..." സിജോയി പറയാന്‍ തുടങ്ങി.

കവിതയുടെ അച്ഛന്‍ സിജോയിയുടെ നേരെ തിരിഞ്ഞു. കനത്ത ഒരു കൈ സിജോയിയുടെ തോളില്‍ പിടിച്ചു.

"ഏയ്‌.. ശല്യമൊന്നുമില്ല. എന്റെ മോള്‍ക്കു് ആ പാട്ടു് ഇഷ്ടമായി. അവള്‍ക്കു് ആ പാട്ടു് സ്കൂലിലൊരു ഫങ്ങ്ഷനു പാടണം എന്നൊരു ആഗ്രഹം. തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദിയറിയില്ല എന്നറിയാമല്ലൊ. അതുകൊണ്ടാ ചോദിക്കുന്നതു്. ഒരു രണ്ടു് ദിവസത്തേക്കു് ആ കസറ്റൊന്നു തരാമോ?"

ഹാവൂ! ഇത്രേ ഉള്ളു? സിജോയിയുടെ പിന്നില്‍ നിന്നും ആത്മവിശ്വാസത്തിന്റെ പുനര്‍ജന്മമായി ഞാനവതരിച്ചു. ധൈര്യസമേതം കാസേറ്റ്‌ടുത്തു കവിതയുടെ അച്ഛനു കൈമാറി.

"വളരെ നന്ദി. ഇനി വിരോധമില്ലെങ്കില്‍.. ഈ പാട്ടിന്റെ വരികളൊന്നു് ഇംഗ്ലീഷിലെഴുതി തരുമോ? തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദി അറിയില്ല എന്നറിയാമല്ലൊ........."

Tuesday, December 8, 2009

മലയാളിയുടെ അന്യഭാഷാ ഉച്ചാരണവൈകല്യങ്ങള്‍

കേരളം വിട്ടു് ഇന്ത്യയില്‍ വേറെ എവിടെ ചെന്നാലും ഏറ്റവും പുച്ഛത്തോടെ ജനങ്ങള്‍ വീക്ഷിക്കുന്ന ഒന്നുണ്ടു് - മലയാളിയുടെ ഉച്ചാരണ ശൈലി. സ്വതസിദ്ധമായ, ഈണത്തിലുള്ള ആ മൊഴി കേട്ടാലേ മനസ്സിലാകും ജന്മദേശമേതെന്നു്. "മല്ലു ഇംഗ്ലിഷ്‌" എന്നു് അവഹേളനസ്വരത്തില്‍ വിളിക്കപ്പെടുന്ന, മലയാളികള്‍ സംസാരിക്കുന്ന ഇംഗ്ലീഷാണു് ഇതില്‍ ഏറ്റവും വ്യാപകമായുള്ളതു്.

എങ്ങിനെ ഈ ഉച്ചാരണ രീതി നമ്മള്‍ സ്വായത്തമാക്കി? "What is your name?" പോലുള്ള ഏറ്റവും ലളിതമായ വാചകങ്ങള്‍ പോലും നമുക്കുച്ചരിക്കാന്‍ എന്തേ പ്രയാസം നേരിടുന്നു?

ഇത്രയും വായിച്ചപ്പോഴേക്കും വായനക്കാര്‍ - പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ - വാളെടുക്കും. "എന്താ, അന്യസംസ്ഥാനക്കാരുടെ ഉച്ചാരണം കൃത്യമാണോ?" എന്നതാണു് അവരുടെ ചോദ്യം. ശരി, അവരുടെയും ഉച്ചാരണത്തില്‍ പിശകുണ്ടു്. പക്ഷെ മൂന്നു് കാര്യം ശ്രദ്ധിക്കണം:

൧: മറ്റുള്ളവരുടെ ഉച്ചാരണ വ്യതിയാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മലയാളികളുടെ ഉച്ചാരണ വൈകല്യങ്ങള്‍ കൂടുതലാണു്.
൨: ഉച്ചാരണത്തിനൊപ്പം നമ്മള്‍ ഈണവും കൊടുക്കുന്നു
൩: കൂടുതല്‍ പ്രധാനം. മറ്റുള്ളവരും തെറ്റാണു് ചെയ്യുന്നതു് എന്നുള്ളതു് നമ്മുടെ തെറ്റിന്റെ ന്യായീകരണമാകുന്നില്ല.

ചില ലളിതമായ മുന്‍കരുതലുകളും കുറച്ചു് പരിശീലനവും ചെയ്താല്‍ വളരെ എളുപ്പം പരിഹരിക്കാവുന്ന ഒന്നാണു് ഈ ഉച്ചാരണാവൈകല്യം എന്നുള്ളതു് പലരും മനസ്സിലാക്കുന്നില്ല.

എന്റെ ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിച്ച പലരും പറഞ്ഞ ഒരു കാര്യമാണു് ഉച്ചാരണവൈകല്യം ഭാഷകളില്‍ അനുവദനീയമാണു് എന്നു്. "ഉച്ചാരണം ശരിയാക്കണം, അതിശരി ആക്കണോ?" എന്നു് എലിസബത്‌ ടീച്ചര്‍ എന്നോടു് ചോദിച്ചിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കും നന്ദി പറയുന്നതിനോടൊപ്പം ഇതെങ്ങിനെ എന്റെ കൂട്ടുകാരനെ ബാധിച്ചു എന്നു പറയുന്നതുചിതമാവും എന്നുതോന്നി.

സോഫ്ട്‌വേര്‍ മേഖലയിലായതുകൊണ്ടു് എന്നും ഞങ്ങള്‍ക്കു് വിദേശികളുമായി ഇടപഴകേണ്ടി വരും. ഞങ്ങളുടെ client ഒരു അമേരികകാരനായിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കു് ബാംഗ്ലൂര്‍ക്കു് വന്നതായിരുന്നു അദ്ദേഹം.

ജൂലൈ 4 അമേരികയില്‍ സ്വാതന്ത്ര്യ ദിനമാണു്. ഒരൊഴിവുദിവസം. എന്നാല്‍ ഭാരതത്തിലായതുകൊണ്ടു് വിദേശി ജോലിക്കു് ഹാജരായി. എന്റെ കൂട്ടുകാരന്‍ അദ്ദേഹവുമായി സംസാരിച്ചു:

"So you are working on a holiday!"

"No, no, no! It is not a holy day. We don't consider independence day as a holy day. It is just a holiday!"

എന്റെ കൂട്ടുകാരന്‍ holiday എന്നു പറഞ്ഞതു് മാറി വിദേശിയുടെ കാതുകള്‍ക്കു് holy day ആയിപ്പോയതായിരുന്നു. ഈ സംഭവം മൂലമല്ലെങ്കിലും സംവദിക്കാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തണം എന്ന നിര്‍ദേശം നിരന്തരമായി എന്റെ കൂട്ടുകാരനു് മേലധികാരികളില്‍നിന്നു് കിട്ടിക്കൊണ്ടിരുന്നു.

കുറിപ്പു്: ഈ ലേഖനത്തില്‍ ആംഗലേയഭാഷയേ ഏറിയപക്ഷം ഉദാഹരിച്ചിട്ടുള്ളു. എന്നാല്‍ അന്വേഷണകുതുകികള്‍ക്കു് ഇതുവെച്ചു് മറ്റുഭാഷകളിലെ ഉച്ചാരണവൈചിത്ര്യങ്ങള്‍ കണ്ടുപിടിക്കാനാവും.

കാരണങ്ങള്‍:

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു
൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം
൩: അസ്ഥാനത്തുള്ള യകാരോച്ചാരണം
൪: ഉ് ഉച്ചാരണം
൫: അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയില്‍ എഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍
൬: അകാരത്തെ എകാരമാക്കി മാറ്റല്‍
൭: മലയാളഭാഷയുടെ അതേ ഈണത്തില്‍ അന്യഭാഷോച്ചാരണം

ഇനി ഈ ഓരോ കാരണങ്ങളും അപഗ്രഥിക്കാം.

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു

ക, ഖ, ഗ, ഘ, ങ എന്നതില്‍ ക - ഖരം, ഖ - അതിഖരം, ഗ - മൃദു, ഘ - ഘോഷം (മുഴക്കത്തോടുകൂടി സംസാരിക്കുന്നതു് എന്നര്‍ത്ഥം), ങ - അനുനാസികം (മൂക്കിന്റെ സഹായത്താല്‍ ഉച്ചരിക്കുന്നതു് എന്നര്‍ത്ഥം) എന്നാണു് വകതിരിവു്. ക എന്നുച്ചരിക്കുന്നതിനേക്കാള്‍ ശക്തമായിവേണം ഖ എന്നുച്ചരിക്കാന്‍. സാമാന്യതലത്തില്‍ നോക്കിയാല്‍ മൃദുവ്യഞ്ജനത്തോടുകൂടി ഹകാരം ചേര്‍ക്കുമ്പോഴാണു് ഘോഷവ്യഞ്ജനമുണ്ടാകുന്നതു്. ഗ + ഹ = ഘ എന്നുദാഹരിക്കാം. കേരളപാണിനീയത്തില്‍ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്.

ഇനി പ്രസ്തുതതിലേക്കു് വരാം.

കോഴിക്കോട്‌ എന്ന പദം നമ്മളുച്ചരിക്കുന്നതു് കോഴിക്കോഡ്‌ എന്നാണു്. ടകാരം ഡകാരമായി മാറി!. പഠിത്തം പഡിത്തമായി. ആഘോഷം ആഗോഷമായി.

ഈ ഉദാഹരണങ്ങളോരോന്നും ശ്രദ്ധിച്ചാല്‍ ഉച്ചാരണത്തില്‍ ഖരാതിഖരഘോഷവ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി മാറുന്നു എന്നു് മനസ്സിലാവും.

ആംഗലേയഭാഷയില്‍ ഇതെങ്ങിനെ അവതരിക്കുന്നു എന്നുനോക്കുന്നതു് കൗതുകകരമാണു്. Don't എന്ന വാക്കിലെ t നമ്മള്‍ ഉച്ചരിക്കുന്നതു് d എന്നാണു്. ഉച്ചരിച്ചുനോക്കിയോ? ശരിയല്ലേ?

ആംഗലേയത്തില്‍ ഏറ്റവും ഉപയോഗിക്കുന്ന വാക്കാണു് the. ദി എന്നു നമ്മുടെ ഉച്ചാരണം. കൃത്യമായിപ്പറഞ്ഞാല്‍ ഥി എന്നായിരിക്കണം ഉച്ചാരണം. ഈ രണ്ടുദാഹരണങ്ങളിലും നാം കാണുന്നതു്
മലയാളഭാഷയില്‍ നാം കൈക്കൊണ്ട വ്യഞ്ജനോച്ചാരണമാറ്റം ആംഗലേയത്തിലും കൈക്കൊള്ളുന്നതായാണു്. അതുകൊണ്ടാണു് friend, front എന്നീ വാക്കുകള്‍ക്കു് വ്യത്യസ്ഥ ഉച്ചാരണം നമുക്കു് സാധ്യമാകാത്തതു്. Ant - And, Aunty - anti എന്നും വേറെ ഉദാഹരണങ്ങള്‍. Friendനു് ഫ്രെന്‍ഡ്‌ എന്നും frontനു് ഫ്രന്‍ട്‌ എന്നും വേണം ഉച്ചരിക്കാന്‍.

൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം

ഭംഗി എന്ന വാക്കു് ഭങ്ങി എന്നുച്ചരിക്കുമ്പോള്‍ സ്വീകരിച്ച അതേ വ്യവസ്ഥിതിയാണു് ആവശ്യമില്ലാത്ത അനുനാസികവ്യഞ്ജനങ്ങള്‍ക്കു് അമിതപ്രാധാന്യം കല്‍പ്പിച്ചതു്. ശ്രദ്ധിച്ചാല്‍ മറ്റൊരു ഭാഷയിലും നകാരത്തിനും മകാരത്തിനും പുറമെയുള്ള അനുനാസികങ്ങള്‍ക്കു് സ്ഥാനമില്ലെന്നു മനസ്സിലാക്കാം.

Thing എന്ന വാക്കിന്റെ ഉച്ചാരണം യഥാര്‍ത്ഥതില്‍ ഥിങ്‌ എന്നാണു്. നമ്മളുച്ചരിക്കുന്നതു് തിങ്ങ്‌ എന്നും. എന്നാല്‍ thingലെ ng എന്ന syllableന്റെ ഉച്ചാരണം angerലെ nനു തുല്ല്യമെന്നു് ബ്രിടിഷ്‌ നിഘണ്ഡുക്കള്‍ നിര്‍വചിക്കുന്നു. അതായതു് അനുനാസികം ഇരട്ടിക്കേണ്ട ആവശ്യമില്ല.

കൂടുതല്‍ ഉദാഹരിക്കുന്നില്ല. Singing മുതലായ വാക്കുകള്‍ മാര്‍ഗദര്‍ശികളാണു്.

൩: അസ്ഥാനത്തുള്ള യകാരോച്ചാരണം

എനിക്കു് എന്ന പദം ഉച്ചരിക്കുന്ന രീതി സൂക്ഷ്മമായി അവലോകനം ചെയ്തുനോക്കു. എനിക്യ്‌ എന്നാണു് ഉച്ചാരണം. ഇതിനെ സൂചിപ്പിക്കാനാണു് പലപ്പോഴും "എനിക്കു്"നെ യകാരം ചേര്‍ത്തു് "എനിയ്ക്കു്" എന്നെഴുതുന്നതു്. വരമൊഴിയില്‍ കകാരത്തിനുമുന്‍പു് യകാരം വന്നെങ്കിലും വാമൊഴിയില്‍ കകാരത്തിനുശേഷമാണു് യകാരം വരുന്നതു്.

ഇങ്ങനെയാണു് mike മൈക്ക്‌/മൈക്യ്‌/മൈയ്ക്ക്യ്‌ ആയതു്. Africaയും Americaയും ആഫ്രിക്യയും അമേരിക്യയുമാണു് നമുക്കു്. ആഫ്രിക്ക എന്ന എഴുത്തു് തന്നെ തെറ്റാണു്. ആഫ്രികയാണു് ശരി. യകാരത്തിനൊപ്പം കയുടെ ഇരട്ടിപ്പും എഴുത്തിലും ഉച്ചാരണത്തിലും ഒഴിവാക്കണം. Magic മറ്റൊരുദാഹരണം.

Name എന്ന വാക്കു് നേം അല്ലെങ്കില്‍ നേയ്ം എന്നതിനു് പകരം നെയിം എന്നാണു് നാം ഉച്ചരിക്കുന്നതു്. അതായതു് യകാരത്തില്‍ ഒന്നു് തൊട്ടു് പോകേണ്ട സ്ഥലത്തു് അമര്‍ത്തി യകാരം ഉച്ചരിക്കുന്നു.

Quick എന്നപദത്തിനെ ഉച്ചാരണം ക്വിക്‌ എന്നാണു്; ക്യുക്‌ എന്നല്ല. അതുപോലെ queen ക്വീന്‍ ആണു്, ക്യൂന്‍ അല്ല.

കൂട്ടത്തില്‍ പറയട്ടെ, ഈ യകാരം ഭാഷയില്‍ വളരെ പ്രാധാന്യമുള്ളതാണു്. ചുമക്കുക - ചുമയ്ക്കുക, മറക്കുക - മറയ്ക്കുക മുതലായ വാക്കുകളുടെ അര്‍ത്ഥവ്യത്യാസം മനസ്സിലാക്കുന്നതു് ഉച്ചാരണത്തിലുള്ള വ്യത്യാസം മുഖാന്തിരമാണു്.

൪: ഉ് ഉച്ചാരണം

പച്ചമലയാളത്തിന്റെ സ്വാധീനം വിളിച്ചോതുന്നതാണു് ഈ ഭാഷാസവിശേഷത.

ആണ്‌ എന്നെഴുതുന്നതു് ആണ്‍ എന്നുവേണം ഉച്ചരിക്കാന്‍. സാധാരണഗതിയില്‍ ആണ്‌ എന്നു്
ഉച്ചരിക്കുന്ന വാക്കു് എഴുതേണ്ടതു് ആണു് എന്നാണെന്നു് കേരളപാണിനി നിഷ്കര്‍ഷിക്കുന്നു. അതായതു് വാക്കിന്റെ അവസാനം ഒരു ഉ സ്വരം ചേര്‍ത്തുകൊണ്ടു്. അങ്ങിനെയെഴുതുമ്പോള്‍ ഉച്ചാരണം ഒരു ചില്ലക്ഷരത്തില്‍ അവസാനിക്കാതെ ഒരു മാത്ര കൂടി നീളുന്നു.

Car എന്ന പദം നമ്മളുച്ചരിക്കുന്നതു് സാധാരണ കാറു് എന്നാണു്, കാര്‍ എന്നല്ല. ഉദാഹരണങ്ങള്‍ നിരവധിയാണു്: file, block, business, class, brick... വാക്കിന്റെ അവസാനം ചില്ലു് വരുന്ന വാക്കുകള്‍ക്കാണു് ഈ ഉച്ചാരണവൈകല്യം നമ്മളേര്‍പ്പെടുത്തുന്നതു് എന്നു ചുരുക്കം.

൫ അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയിലെഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍

ഇവ രണ്ടു് തരത്തിലുണ്ടു്:

൫.൧: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം (transliteration) ചെയ്യാവുന്നവ
൫.൨: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം സാധ്യമാവാത്തവ

൫.൧: മൊഴിമാറ്റം സാധ്യമായവ

ഉച്ചരിക്കുന്ന സ്വരങ്ങളാണു് ഏതൊരു ഭാഷയുടേയും അടിസ്ഥാനം.

ആംഗലേയഭാഷയിലെ ൧൨ആം അക്ഷരമായ Lന്റെ മൊഴിമാറ്റം എല്‍ അല്ലെങ്കില്‍ ല്‍ എന്നാണു്. പിന്നെന്തേ full ഫുല്‍ ആവാതെ ഫുള്‍ ആയി? സ്കൂളല്ല, സ്കൂലാണു് ശരി. ൧൪ആം അക്ഷരമായ Nന്റെ മൊഴിമാറ്റം എന്‍ അല്ലെങ്കില്‍ ന്‍ ആണു്. അതുകൊണ്ടു് money മനിയാണു്, മണിയല്ല. ൧൮ആം അക്ഷരമായ Rനെ ഴ ആക്കിയപ്പോഴാണു് course കോഴ്സായതു്. ഴ എന്ന അക്ഷരം ഉള്ള ഭാഷകള്‍ എന്റെ അറിവില്‍ തമിഴും മലയാളവും മാത്രമാണു്. മലയാളിയായ ഒരു ടീചര്‍ മറുനാട്ടില്‍ പോയി അവിടുത്തെ കുട്ടികള്‍ക്കു് ഇംഗ്ലിഷിനൊപ്പം ഴ എന്ന അക്ഷരവും പഠിപ്പിച്ചാലോ?!

T നമുക്കു് ഒരേസമയം ടിയും റ്റിയുമാണു്. Kitനെ കിട്‌ എന്നൊരുവന്‍ ഉച്ചരിച്ചാല്‍ നമ്മളെന്തു വിചാരിക്കും?

താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കു. ഒരേ വാക്കില്‍ത്തന്നെ ഒരേ അക്ഷരത്തിന്റെ വിവിധ ഉച്ചാരണങ്ങള്‍ നമുക്കു ദര്‍ശിക്കാം:

Tight - ടൈറ്റ്‌ - T
Fulfil - ഫുള്‍ഫില്‍ - L
Anonymous - അനോണിമസ്‌ - N
Fireforce - ഫയര്‍ഫോഴ്സ്‌ - R
Classical - ക്ലാസിയ്ക്കല്‍ - C, L
Tantalise - ടാന്റലൈസ്‌ - T

൫.൨ മൊഴിമാറ്റം സാധിക്കാത്തവ

Cat എങ്ങിനെ മലയാളത്തിലെഴുതും?

Catലെ a എന്ന സ്വരം ഉച്ചരിക്കുന്നപോലെ എഴുതാന്‍ ആംഗലേയത്തില്‍പ്പോലും സംജ്ഞകളല്ലാതെ ഒരു സ്വതന്ത്ര അക്ഷരമില്ല. മലയാളത്തിലുമില്ല. ഇന്ത്യന്‍ഭാഷകളിലുണ്ടോ എന്നും സംശയമാണു്. കാരണം അതിന്റെ ഉച്ചാരണം 'ആ'ക്കും 'ഏ'ക്കും ഇടക്കാണു്. 'ആ'യില്‍ നിന്നു പുറപ്പെടുകയും എന്നാല്‍ 'ഏ'യില്‍ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ഇനി വീണ്ടും മൂലപ്രശ്നത്തിലേക്കു്. പൂച്ചയെ എങ്ങിനെ മലയാളിയാക്കും?

ഇതുവരെ സമര്‍ത്ഥിച്ച രീതി വെച്ചു് tയെ ട്‌ ആക്കണം. തല്‍ക്കാലം a എന്നതു് 'ആ' എന്നു തന്നെ നിലനിര്‍ത്താം.

എങ്കില്‍ cat കാട്‌ ആവും!

'ആ'കാരത്തിനുപകരം 'ഏ'കാരം ചേര്‍ത്താല്‍ കേട്‌ ആവും!

Tയുടെ പഴയ സംജ്ഞ തുടര്‍ന്നുപയോഗിച്ചാല്‍ cat കാറ്റാവും!

ഇതൊന്നുമല്ല, ക്യാറ്റ്‌ ആണു് അംഗീകരിക്കപ്പെട്ട രൂപം.

നോക്കു - യകാരം വന്നു. Tക്കു് ശ്ലഥം സംഭവിച്ചു. aക്കു തുല്യമായ സ്വരം ലഭ്യമല്ല.

Bank, Angry, Gas, Man, marriage ഒക്കെ ഉദാഹരണങ്ങള്‍. ഇതാണു് പറഞ്ഞതു് ആംഗലേയഭാഷയുടെ മൊഴിമാറ്റം പലപ്പോഴും എളുപ്പമല്ല.

ഇതുപോലെ മറ്റൊരു ഗുലുമാലാണു് boilലെ 'o'. 'ആ'യില്‍ നിന്നു പുറപ്പെട്ടു. 'ഓ'യിലൊട്ടു് എത്തിയതുമില്ല. സമാനോദാഹരണങ്ങള്‍ നിരവധി:

oil, coin, office, lorry, college, morning, involve, lollypop...

എന്താ വാദിക്കാന്‍ തോന്നുന്നുണ്ടോ? അക്ഷരം O ആണു്; അതുകൊണ്ടു് ഓ എന്ന ഉച്ചാരണമാണു് കൂടുതല്‍ യോജിക്കുക എന്നു്? എങ്കില്‍ augment, audit, auto, alter, fault മുതലായ പദങ്ങള്‍ എങ്ങിനെയെഴുതണം? എങ്ങിനെ ഉച്ചരിക്കണം?

ആംഗലേയഭാഷയുടെ വിചിത്രരീതികള്‍ പുറത്തുവരുന്നതു് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളിലാണു്.

ഇനി word, bird മുതലായവ മറ്റൊരു വിഭാഗം ഗുലുമാല്‍. കൂടുതല്‍ വിസ്തരിക്കുന്നില്ല.

൬: അകാരത്തെ എകാരമാക്കി മാറ്റല്‍

രഞ്ജിതിനെ രെഞ്ജിത്‌ എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. ലക്ഷ്മിയില്ല, ലെക്ഷ്മി മാത്രം.

ഒരാളുടെ വെറുപ്പു് സമ്പാദിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗങ്ങളിലൊന്നാണു് വികലമായ നാമോച്ചാരണം.

ആംഗലേയോപയോഗത്തില്‍ താരതമ്യേന കുറവെങ്കിലും ഇല്ലാതില്ല ഈ പ്രയോഗം. bunനെ benഉം justനെ jestഉം Justiceനെ jesticeഉം badamനെ bedamഉം നമ്മളാക്കി.

൭: ഈണം

"എന്തൂട്ടണു്?" എന്നുപറയുന്ന അതേ ഈണത്തില്‍ "what is your name?" എന്നു ചോദിക്കുന്നവരെ എനിക്കറിയാം. നീട്ടലും കുറുകലും വരെ കിറുകൃത്യം! (ചിരി വന്നുവൊ?)

നിഗമനം:

മലയാളഭാഷയുടെ ഉച്ചാരണത്തിലുള്ള പ്രത്യേകതകള്‍ അതേപടി മറ്റുഭാഷകളിലും ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യങ്ങള്‍ ഉടലെടുക്കുന്നതു്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ വ്യവസ്ഥ അറിയാതെതന്നെ നമ്മുടെ മേല്‍വിലാസമായി മാറിയിരിക്കുന്നു. ഇംഗ്ലിഷ്‌-മലയാളം നിഘണ്ഡുക്കളില്‍ പോലും ഉച്ചാരണം തെറ്റിയാണു് നല്‍കപ്പെട്ടിട്ടുള്ളതു് എന്നുകാണുമ്പോള്‍ സങ്കടം തോന്നുന്നു.

വിദ്യാഭ്യാസവിചക്ഷണന്മാര്‍, അദ്ധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രാസാധകര്‍, അച്ഛനമ്മമാരും രക്ഷിതാക്കള്‍, എന്തിനു്, സുഹൃദ്‌സദസ്സുകള്‍വരെ ശ്രമിച്ചുവേണം ഈ കളങ്കം കഴുകിക്കളയാന്‍. ഇനി വരുന്ന തലമുറ തെറ്റുകള്‍ പഠിക്കാതിരിക്കാന്‍ ഇപ്പോഴുള്ള തലമുറകള്‍ ഉടന്‍ പരിശീലനം തുടങ്ങിയേ മതിയാവൂ.

നമുക്കെങ്ങിനെ തിരുത്തിന്റെ വക്താക്കളാവാം?

നാണക്കേടു് വിചാരിക്കരുതു്. പറഞ്ഞുതന്നെ പഠിക്കണം. ഒരാറു മാസം തുടര്‍ച്ചയായി ശുദ്ധോച്ചാരണം ശീലിച്ചാല്‍ തെറ്റാതെ ആംഗലേയത്തില്‍ സംവദിക്കാന്‍ നമുക്കാവും. ആവണം.

൫.൧ല്‍ പറഞ്ഞമാതിരിയുള്ള വാക്കുകളുടെ മൊഴിമാറ്റത്തില്‍ പ്രസാധകരും മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കണം. വരമൊഴിയില്‍ കഴിയുന്നതും ഉച്ചാരണത്തോടു് നീതിപുലര്‍ത്തുന്ന മൊഴിമാറ്റം നടത്തുക.

നല്ലൊരു ബ്രിടിഷ്‌ ഇംഗ്ലിഷ്‌ നിഘണ്ഡു തന്നെ വാങ്ങു. അര്‍ത്ഥം മനസ്സിലാക്കാന്‍ മലയാളതര്‍ജ്ജമ നോക്കുന്നതില്‍ തെറ്റില്ലെങ്കിലും ഉച്ചാരണത്തിനു് മലയാളനിഘണ്ഡുക്കളെ ആശ്രയിക്കുന്നതിനോടു് ഞാന്‍ വ്യക്തിപരമായി എതിരാണു്.

൫.൨ല്‍ പറഞ്ഞപോലുള്ള ഘട്ടങ്ങളില്‍ സംജ്ഞകളെ ആവശ്യമെങ്കില്‍ അവലംബിക്കുക. നിഘണ്ഡുകര്‍ത്താക്കള്‍ നിര്‍ബന്ധമായും ഇതു ചെയ്തിരിക്കണം.

അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യപങ്കായിരിക്കാം. പക്ഷെ അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്ന പഠനാവലി തയ്യാറക്കുന്നവര്‍ ഉച്ചാരണത്തിനു് ഊന്നല്‍കൊടുക്കുന്ന ഒരു പാഠ്യക്രമം ഉള്‍പ്പെടുത്തുന്നതു് നന്നായിരിക്കും. ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കുമാത്രമായി അതിനെ ഒതുക്കാതെ സാര്‍വത്രികമാക്കിയാല്‍ നന്നു്.

പ്രത്യുല്‍പന്നമദിത്വമോ പ്രസംഗപാടവമോ ഇതുകൊണ്ടു് നേടാനാവില്ല. പക്ഷെ തെറ്റു് തിരുത്താനാവും. ഉച്ചാരണശുദ്ധിവരുത്തിയാല്‍ മലയാളിയെന്നുള്ള മേല്‍വിലാസമോ സ്വത്വവുമോ (identity) നഷ്ടപ്പെടും എന്നു വേവലാതിയില്ലാത്തവര്‍ക്കു് ഒന്നു ശ്രമിച്ചുനോക്കാവുന്നതേയുള്ളു. പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ക്കു്.

ഈ ലേഖനം അവസാനിപ്പിക്കുന്നതിനുമുന്‍പു് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. മലയാളഭാഷയുടെ ഉച്ചാരണാരീതികല്‍ അതേപടി അന്യഭാഷയില്‍ ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യമുണ്ടാകുന്നതെന്നു നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ. എന്നാല്‍ മലയാളഭാഷയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണു് ഈ ഉച്ചാരണഭേദം. ലീലാതിലകവും കേരളപാണിനീയവും ആഴത്തില്‍ സൂക്ഷ്മമായി പഠനം നടത്തിയിട്ടുമുണ്ടു്. അതുകൊണ്ടു് തന്നെ മലയാളഭാഷയുടെ ഉച്ചാരണശുദ്ധീകരണം ഞാന്‍ ഉദ്ഘോഷിക്കുന്നില്ല.

ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിക്കുകയും പ്രോത്സാഹനവും ക്രിയാത്മകനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തവരെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

കടപ്പാട്‌:
Sri Prasanth P, Ops Manager in an IT BPO firm, Bangalore
Sri Harisanker AV, Editorial Coordinator, Children's division, MM Publications Kottayam
Sri PN Madhavan, Senior Sub Editor, Children's division, MM Publications Kottayam
Miss Elisabeth Koshi, Kottayam, fondly called "Teacher"
Prof Dr M N Karassery, Malayalam Dept, Calicut University
Prof Dr Ramachandran B, Associate Dean for Research, Louisiana Tech University, USA
Sri AVG Warrier, Former General Manager, Keltron Controls

Friday, November 27, 2009

സപ്ലി പരീക്ഷ

എഞ്ജിനിയറിംഗ്‌ കോര്‍സുകളില്‍ സപ്ലിമെന്ററി പരീക്ഷകള്‍ എന്നുപറയുന്നത്‌ "ആകെ നനഞ്ഞാല്‍ കുളിരില്ല" എന്ന മട്ടിലാണ്‌. ആദ്യത്തെ തവണ ഏതെങ്കിലും പേപര്‍ തോല്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം തോന്നും. പിന്നീടങ്ങോട്ട്‌ പലര്‍ക്കും ഇതൊരു ശീലമാവും. സപ്ലി തോറ്റാല്‍ ക്രിട്ടി (critical), സൂപര്‍ ക്രിട്ടി ഒക്കെയാവും.

ഈ വ്യവസ്ഥിതിക്കു കാരണം എഞ്ജിനിയറിംഗ്‌ കോര്‍സിനിടക്ക്‌ ഒരു വിദ്യാര്‍ത്ഥി മറ്റു കോര്‍സുകള്‍ ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പരീക്ഷ എഴുതുന്നു എന്നതാണ്‌. ഒന്നാമത്‌ 6 മാസം കൂടുമ്പോള്‍ സെമെസ്ടര്‍ പരീക്ഷ. പോരാത്തതിനു സെഷനല്‍ അല്ലെങ്കില്‍ ഇന്റര്‍നല്‍ പരീക്ഷകളും അസൈന്മെന്റുകളും വേറെ.

അങ്ങിനെ പരീക്ഷയെഴുതിയെഴുതി ഉച്ചക്കുള്ള പരീക്ഷക്ക്‌ മോര്‍നിംഗ്‌ ഷോ കണ്ട്‌ വന്ന്‌ എഴുതാനിരിക്കുമ്പോള്‍ ഒരു എഞ്ജിനിയറിംഗ്‌ വിദ്യാര്‍ത്ഥി പൂര്‍ണ വികാസം പ്രാപിച്ചതായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ പേടിപ്പെടുത്തുന്ന സപ്ലികളാണ്‌ ലാബ്‌ പരീക്ഷകള്‍. ഓരോ ലാബിലും വൈവയുണ്ട്‌. മറ്റു കോര്‍സുകാര്‍ അവസാനപരീക്ഷക്കൊപ്പം ഒരു വൈവ മാത്രം നേരിടുമ്പോള്‍ ഒരു എഞ്ജിനിയറിംഗ്‌ വിദ്യാര്‍ത്ഥി സാധാരണഗതിയില്‍ 10-12 വൈവ നേരിട്ടുകഴിഞ്ഞിട്ടുണ്ടാവും. മറ്റുകോളജുകളില്‍ നിന്നുവരുന്ന അദ്ധ്യാപകരാവും മിക്കവാറും ലാബ്‌ പരീക്ഷകള്‍ക്കു വരിക. ആ വകയില്‍ പരിചയം മൂലമുള്ള ഒരു സഹതാപവും ലഭിക്കാന്‍ വഴിയില്ല.

ലാബ്‌ പരീക്ഷകള്‍ ഒരു പരീക്ഷണമാണ്‌. അഞ്ചോ ആറോ പേര്‍ ഒരു സമയം പരീക്ഷക്കു കയറും. ചോദ്യങ്ങള്‍ ഒരു കഷണം കടലാസിലെഴുതി കമഴ്ത്തി വച്ചിരിക്കും. ഈ ചോദ്യം തെരഞ്ഞെടുക്കലാണ്‌ ഭാഗ്യപരീക്ഷണം. എടുത്ത കടലാസ്സിലെ ചോദ്യം നല്ലതായി കിട്ടിയാല്‍ കിട്ടി പൊട്ടിയാല്‍ ചട്ടി മോഡല്‍.

കംപ്യൂടര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ്‌ ഇലക്ട്രോണിക്സ്‌ ലാബ്‌. ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇതൊരു പേടിസ്വപ്നമാണ്‌. പിന്നല്ലെ മറ്റുള്ളവരുടെ കാര്യം?

കംപ്യൂടര്‍ വിദ്യാര്‍ത്ഥികളായ ജയയും ഫൈസലും ദൈവകൃപയാല്‍ ആദ്യസംരംഭത്തില്‍തന്നെ ഇലക്ട്രോണിക്സ്‌ ലാബ്‌ പരീക്ഷ തോറ്റു!

മറ്റുള്ളവര്‍ വീരാരാധനയോടെ ഇരുവരേയും നോക്കി. ഭീകരരേ, നിങ്ങള്‍ക്കിത്രയും ചങ്കുറപ്പോ? കണ്ടാല്‍ പറയില്ലട്ടൊ! എന്ന മട്ടില്‍.

ഇനിയിപ്പൊ അടുത്ത ചാന്‍സില്‍ ആ പരീക്ഷ എഴുതിയെടുക്കുകയേ നിവൃത്തിയുള്ളു. മാത്രമല്ല, പരീക്ഷ ഏതാണ്ടെത്തിക്കഴിഞ്ഞു (അതുപിന്നെ ഒരു സെമെസ്ടറില്‍ എഴുതിയ പരീക്ഷയുടെ റിസല്‍ട്‌ അടുത്ത സെമെസ്ടര്‍ കഴിയുന്നതിനു തൊട്ടുമുന്‍പു മാത്രമേ വരികയുള്ളു. സര്‍വകലാശാലക്കാര്‍ വല്യ കണിശക്കാരാ!)

ആദ്യമായി സപ്ലി കടാക്ഷിച്ചതിന്റെ ആധി. അത്‌ ഇലക്ട്രോണിക്സ്‌ ലാബ്ബാണെന്നുള്ളത്‌ കൂനിന്മേല്‍ കുരു. എത്രപഠിച്ചാലും ആശങ്ക മനസ്സില്‍നിന്നു വിട്ടു പോകാത്ത ഒരു വിഷയം.

സപ്ലി പരീക്ഷയെഴുതാന്‍ ലാബിലേക്കു അരിച്ചരിച്ചുനടക്കുമ്പോള്‍ രണ്ടുപേരുടേയും മനസ്സ്‌ "ഇതു കുളമാവും" എന്നു മന്ത്രിച്ചുവത്രെ!

ചോദ്യപ്പേപര്‍ വായിച്ചുനോക്കിയ രണ്ടുപേരും കുറച്ചുസമയം പരിസരം മറന്നു. "സപ്ലി പോട്ടെ, ക്രിട്ടി ആകുമ്പൊ കാണാം" എന്നു സാറിനോട്‌ പറഞ്ഞ്‌ ഇറങ്ങിപ്പോകണോ മാന്യമായി പരീക്ഷ എഴുതി പരാജയമടയണോ? രണ്ട്‌ പേരും രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.

കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി പ്രയാസങ്ങള്‍ സഹിച്ച്‌ ഒന്നൊന്നര മണിക്കൂര്‍ കൊണ്ട്‌ സര്‍ക്യൂട്‌ വരച്ചു. സര്‍ക്യൂട്‌ ഡയഗ്രം സാര്‍ സാക്ഷ്യപ്പെടുത്തിയാലേ പരീക്ഷണം തുടങ്ങാനാവൂ. ഇലക്ട്രോണിക്സ്‌ ലാബിന്റെ മറ്റൊരു പ്രത്യേകത, പ്രവര്‍ത്തനക്ഷമമായ സാമഗ്രികള്‍ മിടുക്കന്മാര്‍ (എന്നുവെച്ചാല്‍ ആദ്യം തന്നെ സര്‍ക്യൂട്‌ ഡയഗ്രം വരച്ച്‌ സാറിനെ സുഖിപ്പിച്ചവര്‍) കൈയ്യടക്കും. അവസാനം വരുന്നവര്‍ക്ക്‌ (എന്നുവെച്ചാല്‍ സര്‍ക്യൂട്‌ ഡയഗ്രം വരച്ച്‌, സാറിന്റെ ചീത്തകേട്ട്‌ മായ്ച്ച്‌ വീണ്ടും വരച്ച്‌ വീണ്ടും ചീത്തകേട്ട്‌ ഒടുക്കം "എവിടെയെങ്കിലും പോയി പണ്ടാരമടങ്ങട്ടെ" എന്നു പ്രാകി സാക്ഷ്യപ്പെടുത്തിക്കിട്ടിയ സര്‍ക്യൂട്‌ ഡയഗ്രമുള്ളവര്‍ക്ക്‌) വല്ല എക്യൂപ്മെന്റും കിട്ടിയാലായി.

ആകെയുള്ള മൂന്നുമണിക്കൂറില്‍ ഒന്നൊന്നര മണിക്കൂര്‍ സര്‍ക്യൂട്‌ വരക്കാനും മറ്റുമായി പോയിക്കിട്ടി. ഇനിയുള്ള സമയംകൊണ്ട്‌ വേണം സര്‍ക്യൂട്‌ അസമ്പ്ല് ചെയ്ത്‌ പരീക്ഷണം തീര്‍ക്കാന്‍.

എങ്ങനെ ശരിയാവാന്‍? സാധാരണ ക്ലാസില്‍ പലരും ചേര്‍ന്ന്‌ മൂന്നുമണിക്കൂര്‍ ചെയ്താല്‍തന്നെ ഫലം കിട്ടാത്ത പരീക്ഷണങ്ങളാണ്‌ ഇലക്ട്രോനിക്സിലുള്ളത്‌. പിന്നല്ലേ ഒറ്റക്ക്‌ ഒന്നരമണിക്കൂര്‍കൊണ്ട്‌? കൈവിറച്ചിട്ട്‌ ഒരുവക അങ്ങിനെയും.

പരീക്ഷ കഴിയുന്ന സമയമായപ്പോള്‍ ജയയും ഫൈസലും പരസ്പരം കണ്ണുകൊണ്ട്‌ കഥകളി കളിച്ചു. പരസ്പരധാരണയായി - സാറിനെക്കണ്ട്‌ ഒന്നഭ്യര്‍ത്ഥിച്ചാലോ?

രണ്ടുപേരും സാറിന്റെ അടുത്തെത്തി; ശ്രദ്ധക്ഷണിച്ചു.

"സാര്‍.. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഇതു സപ്ലിയാണ്‌. ഇത്തവണ ജയിച്ചില്ലെങ്കില്‍ ക്രിട്ടിയാവും. പക്ഷെ പരീക്ഷണം ചെയ്ത്‌ തീര്‍ക്കാനായില്ല. ഞങ്ങള്‍ സര്‍ക്യൂട്‌ ശരിക്കു വരച്ചിട്ടുണ്ട്‌. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയുണ്ടോ?"

തലേന്നു രാത്രി റിസര്‍വേഷനില്ലാതെ തീവണ്ടിയിലിരുന്ന്‌ യാത്രചെയ്തതിന്റെ ആലസ്യത്തിലിരുന്ന സാര്‍ പറഞ്ഞ മറുപടി അത്ര വ്യക്തമല്ലായിരുന്നു:

"ചാന്‍സസ്‌ ആര്‍ ...ര്‍ര്‍ര്‍"

ലാബ്‌ മുറിയില്‍നിന്ന്‌ പുറത്തേക്ക്‌ നടന്ന ഫൈസല്‍ സുസ്മേരവദനനായിരുന്നു.

"സാറു പറഞ്ഞു ചാന്‍സസ്‌ ആര്‍ ദേര്‍ എന്നു. നമ്മള്‍ ജയിക്കുമായിരിക്കും, അല്ലേ ജയേ?"

ജയയുടെ മുഖം കറുത്തിരുണ്ടിരുന്നു.

"ഹേയ്‌.. സാര്‍ പറഞ്ഞത്‌ ചാന്‍സസ്‌ ആര്‍ റെയര്‍, സാധ്യത തീരെ കുറവാണ്‌ എന്നാ! കഷ്ടം!"

ഫൈസല്‍ പൊടുന്നനെ നിന്നു. അയ്യോ സത്യമാവാന്‍ വഴിയുണ്ടല്ലൊ. ഇനിയങ്ങിനെയാവുമോ സാറുദ്ദേശിച്ചത്‌? സര്‍ക്യൂട്‌ കാണിക്കാന്‍ ചെന്നപ്പോള്‍ "നീയൊക്കെ എവിടുന്നു വന്നതാ?" എന്നൊരു ഭാവം കണ്ടത്‌ ഓര്‍മ വരുന്നു. കണ്ണില്‍ വെള്ളം നിറയുന്നു.

വാല്‍കഷണം: നാലഞ്ച്‌ മാസത്തിനുശേഷം വന്ന റിസല്‍ടനുസരിച്ച്‌ ജയയും ഫൈസലും ലാബ്‌ പാസായി! ഇപ്പൊ രണ്ട്‌ പേരും അമേരിക്കയിലും യൂകെയിലുമായി ഇലക്ട്രോനിക്സുമായി പുലബന്ധം പോലുമില്ലാത്ത സോഫ്ട്‌വെയര്‍ എഞ്ജിനിയര്‍മാരായി വിലസുന്നു.

Tuesday, November 3, 2009

ബ്ലോഗ്‌ സ്വപ്നങ്ങള്‍

ഒരുപാട്‌ സ്വപ്നങ്ങളോടെയാണു് ചെറുപ്രായത്തില്‍ എഴുത്തു തുടങ്ങിയതു്.

പ്രശസ്തിയായിരുന്നു പ്രധാനം. കഥകള്‍ ഏതെങ്കിലും ആഴ്ചപതിപ്പിലോ മറ്റോ അച്ചടിച്ചു വന്നാല്‍ മതി. വിശേഷാല്‍പ്രതിയിലാണ്‌ വരുന്നതെങ്കില്‍ അത്യുത്തമം. അങ്ങിനെ കുറേ കഴിയുമ്പോള്‍ ഒരു കഥാസമാഹാരം. ഒരു നോവല്‍. സ്വതന്ത്രപുസ്തകം.

ചില്ലറമോഹങ്ങളൊന്നുമില്ല. എന്നു വച്ചാല്‍ ചില്ലറ തടയണം എന്ന മോഹത്തോടെ എഴുതിയിട്ടില്ല.

ഏതായാലും വാരിക എഡിറ്റര്‍മാര്‍ക്ക്‌ മിഥ്യകളൊന്നുമുണ്ടായിരുന്നില്ല. ഒന്നുകില്‍ അവര്‍ക്ക്‌ കഥ മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അതിന്റെ നിലവാരം കൂടുതലാണു്. രണ്ടായാലും അയച്ചുകൊടുത്ത കഥകളൊക്കെ ശീതനിദ്രയില്‍ തുടര്‍ന്നതല്ലാതെ വായനക്കാര്‍ക്ക്‌ വായിക്കാന്‍ ഭാഗ്യമുണ്ടായില്ല. സുകൃതക്ഷയം!

തുടര്‍ന്നു് ഇടക്കൊക്കെ എഴുതിയിരുന്നെങ്കിലും പുറത്തെടുക്കാതെ കഥകള്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു; ബ്ലോഗുകള്‍ കാണുംവരെ.

ബ്ലോഗിംഗ്‌! അറിയുംതോറും അകലംകൂടുന്ന ഐറ്റം എന്നൊക്കെ ഡയലോഗ്‌ കാച്ചിയാലും സംഭവം ഒരു പ്രതീക്ഷ തന്നെയാണു്. പ്രസാധകരെ കിട്ടാത്ത, സര്‍ഗ്ഗപ്രതിഭ നാലാളെ അറിയിക്കാന്‍ വെമ്പുന്ന എന്നെപ്പോലെയുള്ളവര്‍ക്കുള്ള വാഗ്ദത്ത ഭൂമി.

ബ്ലോഗിങ്ങിന്റെ സാങ്കേതികതലങ്ങള്‍ പഠിച്ചു. കാര്യം നിസ്സാരം. നമ്മള്‍ ഒരു കഥ പ്രസിദ്ധീകരിക്കുന്നു. മറ്റുള്ളവര്‍ അതുവായിച്ച്‌ അഭിപ്രയമിടുന്നു. സാമാന്യം നല്ല വായനക്കാര്‍ ഓരോ ബ്ലോഗനും ബ്ലോഗിയും അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. പലരുടേയും ബ്ലോഗില്‍ കമന്റിടാന്‍ ആളുകള്‍ തമ്മിലടി! കമന്റിയവര്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍. പരിഭവങ്ങള്‍. അഭിപ്രായപ്രകടനങ്ങള്‍. കഥാകൃത്തിന്‌ പ്രശസ്തി. പലരും പോസ്റ്റുകള്‍ ഈ-മെയിലില്‍ പലര്‍ക്കും അയച്ചുകൊടുക്കുന്നു. പലതും പുസ്തകരൂപത്തിലിറങ്ങുന്നു. ശ്ശൊ! ആനന്ദലബ്ധിക്കിനിയെന്തെങ്കിലും വേണോ?

പണ്ടെഴുതിവച്ചിരുന്ന കഥകള്‍ പതുക്കെ ബ്ലോഗിലിടാന്‍ തുടങ്ങി. ആദ്യം ഒരെണ്ണമിട്ടു. കൊല്ലങ്ങള്‍ മുന്‍പു ഗവര്‍ണ്‍മെന്റ്‌ ഇന്ധനവില കുത്തനെ കൂട്ടിയപ്പോള്‍ ആക്ഷേപഹാസ്യമായി എഴുതിയതു്. ഇന്നും പ്രസക്തമെന്നെനിക്കു് തോന്നിയ ഒരു കഥ. നാനാദിക്കില്‍ നിന്നും അഭിനന്ദനപ്രവാഹം പ്രതീക്ഷിച്ചു് ഞാന്‍ ഓരോമണിക്കൂര്‍ കൂടുമ്പോഴും ബ്ലോഗ്‌ പോയിനോക്കും. ഒരുത്തനും നോക്കിയതായി തോന്നിയില്ല!

ദിവസം പോകുംതോറും ആശ നശിച്ചു. പിന്നെപ്പിന്നെ, ആദ്യത്തെ പോസ്റ്റല്ലെ, ആളുകള്‍ അറിഞ്ഞുവരുമ്പോള്‍ പതുക്കെ പ്രശസ്തികിട്ടും എന്നുകരുതി. അങ്ങിനെയാണു് പണ്ടു് ഞാന്‍ പറഞ്ഞ്‌ കയ്യടിനേടിയ കഥ രണ്ടാം പോസ്റ്റാക്കാന്‍ തീരുമാനിച്ചതു്.

പണ്ടു് എന്റെ ഫ്രണ്ട്‌ പ്രമോദ്‌ അവന്റെ കസിന്‍ രമ്യയെ യാത്രയാക്കാന്‍ പോകുന്നവഴി എന്നേയും കൂട്ടി. അന്നൊരു നേരമ്പോക്കിനു ഞാനവതരിപ്പിച്ച കഥകേട്ടു് രമ്യക്കു് ചിരിയടക്കാനായില്ലത്രെ! തൃശ്ശൂര്‍ മുതല്‍ ആലുവവരെയുള്ള ദൂരം കഥ ഓര്‍ത്തോര്‍ത്ത്‌ ചിരിച്ച്‌ യാത്രചെയ്ത രമ്യയെ "മരുന്നു കഴിക്കാന്‍ മറന്നതാണോ ചൂട്‌ ഉച്ചക്ക്‌ കൂടിയതാണൊ?" എന്ന്‌ വര്‍ണ്യത്തിലാശങ്കയോടെ ചിലര്‍ നോക്കിയത്രെ. ഇപ്പോഴും എന്നെക്കാണുമ്പോള്‍ രമ്യക്കു് ചിരിവരും. കഥയുടെ ഒരു പവറ്‌!

ആ കഥയാണു് "വരാനുള്ളതു്" എന്നപേരിലിറക്കിയതു്.

അതിനു കുറച്ചു് കമന്റുകള്‍ വന്നു. 2-3 എണ്ണം. നോക്കുമ്പോള്‍ അതൊക്കെ എന്റെ അഭ്യുദയകാംക്ഷികളായ ബന്ധുക്കളുടെയാ. സന്തോഷം തോന്നിയെങ്കിലും മറ്റാരും കണ്ടില്ലല്ലോ എന്ന സങ്കടം പിന്നേയും ബാക്കി.

തുടര്‍ന്നാണു് ബ്ലോഗുകളുടെ ഒരു പ്രായോഗികവശം ഞാനവലോകനം ചെയ്തത്‌. ഒരു കാര്യം മനസ്സിലായി. ബ്ലോഗ്‌ പുലികള്‍ കുറേപ്പേര്‍ ഗള്‍ഫിലാണു്. അവര്‍ ബ്ലോഗുകള്‍ പരതുമ്പോള്‍ പെട്ടെന്നു കിട്ടുവാനായി അവരുടെ അവധിദിവസം നോക്കി അവരുണരുന്ന സമയത്തായി പിന്നെ ബ്ലോഗില്‍ പോസ്റ്റിടല്‍! സംശയം എന്ന കഥ കുറച്ചുപേരൊക്കെ ശ്രദ്ധിച്ചു.

ഇതിനിടയില്‍ എന്റെ പേരൊന്നു് പ്രശസ്തമാക്കാന്‍ അനവധി ബ്ലോഗുകള്‍ കയറിയിറങ്ങി മനസ്സില്‍ പിടിച്ചവക്കൊക്കെ ഞാന്‍ കമന്റിടാന്‍ തുടങ്ങി. ഇനി പോസ്റ്റിട്ടവരോ കമന്റു വായിക്കുന്നവരൊ "ഇവനാരെടാ ചിതല്‍?" എന്നന്വേഷിച്ച്‌ വരാതിരിക്കില്ല എന്ന വിശ്വാസമായിരുന്നു. അങ്ങിനെ കഷ്ടപ്പെട്ടു് (ഞാനും കുറേ സഹായിച്ച്‌) ഒരു 10 കമന്റ്‌ കിട്ടി. ഇരട്ടസംഖ്യ!

അപ്പോഴും ഞാനാഗ്രഹിച്ച പ്രശസ്തിയങ്ങോട്ട്‌ വരുന്നില്ല. ഒടുക്കം ഏതെങ്കിലും പുലികളുടെ ശിഷ്യത്വം സ്വീകരിക്കാണോ എന്നാലോചിച്ചു.

നാട്ടില്‍ അയല്‍ക്കാരനായ രാമന്‍ ആശാരിയാണെങ്കിലും വീട്ടില്‍ കമ്പ്യൂട്ടറുണ്ടു്. നേരിട്ട്‌ ബ്ലോഗെഴുതാറില്ലെങ്കിലും പല പ്രമുഖ ബ്ലോഗര്‍മാരും അവന്റെ സുഹൃത്തുക്കളുമാണ്‌ (ഞാനടക്കം). വാസ്തുപരമായ ബ്ലോഗുകളാണു് അവനധികവും നോക്കുക.

നാട്ടിലുള്ളപ്പോള്‍ ഒരുദിവസം ഉച്ചക്ക്‌ അവന്റെ വീട്ടില്‍ ചെന്നു.

"എന്തൂട്ടാണ്ടാ ഈ വഴിക്ക്‌?" രാമന്‍ കട്ടിളക്ക്‌ ചിന്തേരിടുകയാണ്‌.

"ഡാ, ഞാന്‍ ബ്ലോഗ്‌ തുടങ്ങീന്ന്‌ നിനക്കറിയാലോ. പക്ഷെ വിചാരിച്ചോണം കമന്റ്‌ കിട്ടുന്നില്ല. ന്തൂട്ടാ ചെയ്യാ?"

രാമന്‍ ചിന്തേരിടല്‍ നിര്‍ത്തി. "ങ്‌ട്‌" ന്ന്‌ തലയാട്ടി അടുത്തേക്കു വിളിച്ചു. തുടര്‍ന്ന്‌ ബ്ലോഗ്‌രഹസ്യം എനിക്ക്‌ പകര്‍ന്നു.

"ഡാ, ബ്ലോഗ്‌ല്‌ കമന്റ്‌ കിട്ടാന്‍ ഒന്നേ ചെയ്യണ്ടു. ഇടുന്ന പോസ്റ്റ്‌ നല്ല സ്റ്റാന്‍ഡര്‍ഡ്‌ണ്ടെങ്കില്‌ കമന്റ്‌ തന്നെ വരും!"

ചവിട്ടി അവന്റെ നടുവൊടിച്ച്‌ വധശ്രമത്തിനു് ജയിലില്‍ പോണോ കാഷായമുടുത്തു് കാശിക്കുപോണോ എന്ന്‌ ആലോചിച്ച്‌ നിന്നപ്പോള്‍ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാന്‍ അവന്‍ പുറത്തേക്കുപോയി.

എന്നാലിനി ആപ്പീസിലുള്ളവരെ കയ്യിലെടുക്കാം എന്നു വിചാരിച്ചു.

എന്റെ തൊട്ടടുത്തിരിക്കുന്നത്‌ ഒരു തിരുവനന്തപുരത്തുകാരിയാണു്. പാവം. എന്നും 12 മണിക്കൂറെങ്കിലും പണിയെടുക്കും. പണിയെടുത്തു നടുവൊടിഞ്ഞെന്നു് പലരോടും ഫോണില്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ഇങ്ങിനെ പണിയെടുക്കരുതെന്ന്‌ ഞാന്‍ ഉപദേശിച്ചിട്ടുമുണ്ട്‌.

ആ കുട്ടിയെ പതുക്കെ അനുഭാവിയാക്കണമെന്ന്‌ ഞാന്‍ തീരുമാനിക്കുന്നു. ജോലിചെയ്ത്‌ തളര്‍ന്നിരിക്കുന്ന ഒരു വൈകുന്നേരം ഞാനാ കുട്ടിയെ സമീപിച്ചു.

"എന്തേയ്‌ ജോലി വളരെ അധികാ?" തുടര്‍ന്ന്‌ ജോലിയെപ്പറ്റി അരമുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം. ഒടുവില്‍ ഞാനെന്റെ ബ്ലോഗിനെപ്പറ്റി പറഞ്ഞു.

"ജോലിചെയ്ത്‌ ബോര്‍ അടിച്ചിരിക്കുമ്പൊ വായിച്ചാല്‍മതി. ചിലപ്പൊ ഒരശ്വാസമായേക്കും"

കണ്ണുകള്‍ വിടര്‍ത്തി ആകുട്ടി മറുചോദ്യം ചോദിച്ചു.

"അപ്പൊ ബ്ലോഗ്‌ വായിച്ച്‌ ബോര്‍ അടിച്ചാല്‍ എന്തുചെയ്യണം?"

അതും ചീറ്റി.

ഒപ്പം ഊണുകഴിക്കാന്‍ വരാറുള്ള, കാമ്പസ്സിലുള്ള അമുല്‍ ഐസ്ക്രീം പാര്‍ലറിനു് ഒരു സ്ഥിരവാഗ്ദാനമായ അമൂല്യയെ സമീപിച്ചു. അപ്പോഴേക്കും പോസ്റ്റുകളുടെ എണ്ണം അഞ്ചായിരുന്നു.

ബ്ലോഗ്‌ വായിച്ച അന്നുച്ചക്ക്‌ അമൂല്യ ചിരിച്ചുകൊണ്ട്‌ വന്നു.

"എടാ, നിന്റെ പോസ്റ്റ്‌ വായിച്ചു - റാഗിംഗ്‌ പാരയായപ്പോള്‍. പക്ഷെ ഇഷ്ടായത്‌ പോസ്റ്റില്‍ നീ കൊടുത്തിരുന്ന ആ രണ്ട്‌ ലിങ്കില്ലെ? ആ പോസ്റ്റുകളായിരുന്നു കിടിലന്‍"

ദൈവമെ, എന്തൊരു പരീക്ഷണം?

പെണ്ണുങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന്‌ കരുതി അടുത്തത്‌ പഞ്ചുണ്ണിയെ പിടിച്ചു. മൂപ്പര്‌ സാത്വികനാ.

"വായിച്ചിട്ട്‌ അഭിപ്രായം പറയാം"

"വേണ്ട. അഭിപ്രായം കമന്റ്‌ രൂപത്തിലിട്ടാല്‍ മതി"

"ഓഹൊ, പറഞ്ഞ്‌ കമന്റിടീക്കുകയൊ? എങ്കില്‍ കമെന്റില്‍ പലതും വരുംട്ടൊ! കമെന്റിടണംന്ന്‌ തീര്‍ച്ചയാ?"

"വേണ്ട. ഇത്രയും മതി"

കേട്ടുനിന്ന അമൂല്യ ചോദിച്ചു:

"അല്ലെടാ, നിനക്കുതന്നെ ഒരു 4-5 ഐ.ഡി. ഉണ്ടാക്കി നിന്റെ പോസ്റ്റില്‍ കമെന്റിട്ടാല്‍ പോരെ?"

ഹും! അതിനല്ലെ ഇത്രേം ബുദ്ധിമുട്ടി കഥയെഴുതിയത്‌?

ആകെ നിരാശ ബാധിച്ചിരിക്കുമ്പോഴാണു് പുതിയ ഒരുത്തന്‍ രംഗപ്രവേശം ചെയ്തത്‌.

സുമുഖന്‍. ശുഭ്രവസ്ത്രധാരി. പാവം. വെറുതെ മണ്ണുംചാരി നില്‍ക്കുന്ന ടൈപ്‌. സര്‍വോപരി മലയാളി. ടീമിലെ പുതിയ അംഗമാണു്.

കിട്ടിയപാടെ കോണ്‍ഫറന്‍സ്‌ റൂമില്‍ കൊണ്ടിരുത്തി. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ബ്രാഹ്മണനാ. ജോലിസംബന്ധമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പതുക്കെ എന്റെ കാര്യത്തിലേക്കു് കടന്നു. ഒരു ഓപണിങ്ങ്‌ വേണമല്ലോ.

"ഒഴിവുസമയത്ത്‌ എന്തുചെയ്യും? ബ്ലോഗുകളൊക്കെ നോക്കാറുണ്ടോ?"

"സാര്‍! സ്ഥിരമായി നോക്കാറുണ്ട്‌!"

ഞാനൊന്ന്‌ ഞെളിഞ്ഞിരുന്നു. അടുത്തവാക്യം അവതരിപ്പിക്കുന്നതിനു തയ്യാറെടുത്തപ്പൊഴേക്ക്‌ അവന്‍ തുടര്‍ന്നു.

"സാര്‍! അത്‌ മാത്രമല്ല, ഞാന്‍ ബ്ലോഗ്‌ എഴുതാറുമുണ്ട്‌. ഇതുവരെ ഒരു പത്തിരുപത്തിരണ്ട്‌ പോസ്റ്റിട്ടിട്ടുമുണ്ട്‌. ശരാശരി ഒരു 30-35 കമന്റ്‌ വീതം കിട്ടും. സാധിച്ചാല്‍ ചിലപോസ്റ്റുകള്‍ ചേര്‍ത്ത്‌ പുസ്തകരൂപത്തിലിറക്കണമെന്നുണ്ട്‌. സാര്‍! സാര്‍? എന്താ ആലോചിക്കുന്നത്‌?"

അവനോട്‌ പൊയ്ക്കൊള്ളാന്‍ കണ്ണുകൊണ്ടാംഗ്യം കാണിച്ച്‌ താടിക്ക്‌ കയ്യുംകൊടുത്തു് കുറച്ചുനേരം അവിടെയിരുന്നു. വെറുതെ. പ്രത്യേകിച്ചിനി ഒന്നും ചെയ്യാനില്ലല്ലൊ.

Monday, October 19, 2009

റാഗിംഗ്‌ പാരയായപ്പോള്‍

എഞ്ജിനിയറിങ്ങിനു ചേരുമ്പോള്‍ ബാച്ചിലെ ഏറ്റവും പാവമായിരുന്നു ജയകൃഷ്ണന്‍.

ശുദ്ധന്‍. സല്‍സ്വഭാവി. എന്നും എണ്ണ തേച്ചു് തണുത്തവെള്ളത്തില്‍ കുളിക്കുന്നവന്‍. എഴുതാപ്പുറം വായിക്കാത്തവന്‍. ശബ്ദമുയര്‍ത്തി സംസാരിക്കാത്തവന്‍. സിഗററ്റ്‌ വലിക്കാത്തവന്‍.

ഒരു പ്രഫഷനല്‍ കോളജ്‌ വിദ്യാര്‍ത്ഥിക്കു് സമൂഹം കല്‍പിച്ചുകൊടുത്തിട്ടുള്ള, നാലാളോടു് പറയാന്‍കൊള്ളാവുന്ന ഒരു സ്വഭാവഗുണവുമില്ലാത്ത ഒരു ഇളിഭ്യന്‍. ഉപ്പില്ലാത്ത കഞ്ഞി. നിര്‍ഗുണപരബ്രഹ്മം.

ഹോസ്റ്റലിലായിരുന്നു ജയകൃഷ്ണന്‍. മുറിയിലൊതുങ്ങിക്കൂടി ജീവിച്ചു. പക്ഷെ ഒരു ദിവസം സീനിയര്‍മാരുടെ മുറിയിലെത്താനുള്ള നിര്‍ദേശം കിട്ടി.

"എന്താണ്ട്രാ പേരു്?"

"ജയകൃഷ്ണന്‍"

"ന്തൂട്ടാ അച്ഛന്റെ പണി?"

"കൃഷ്യാ"

മൂത്തവര്‍ ആര്‍ത്തട്ടഹസിച്ചു.

"വീട്ടില്‌ ടിവിണ്ട്രാ ശവ്യേ?"

"ദൂരദര്‍ശന്‍ മാത്രം"

"ഏറ്റവും കാണാറുള്ള പരിപാട്യേതാണ്ടാ?"

"കൃഷിദര്‍ശന്‍"

മൂത്തവര്‍ക്കു് വീണ്ടും അട്ടഹസിക്കാനവസരം.

ജയകൃഷ്ണന്റെ മുഖത്തു് സര്‍വത്ര പരിഭ്രമം. ആരെങ്കിലും തുമ്മിയാല്‍ ബോധം കെടാന്‍ തയ്യാറെടുത്തു് നില്‍ക്കുകയാണു് പാവം.

റാഗിങ്ങ്‌ തുടര്‍ന്നു. പക്ഷെ ഹരം പിടിപ്പിക്കുന്ന ഒന്നും കിട്ടുന്നില്ല. ഒടുക്കം ആരോ ചോദിച്ചു.

"കുടിക്വോ?"

"ഇല്യ"

"കുടിച്ചിട്ടേല്യേ?"

"1-2 തവണ"

"പിന്നെന്താണ്ട്രാ ശവ്യേ കുടിക്കില്യാന്നു് പര്‍ഞ്ഞേ?"

"അതു്... കുടിച്ചാ എനിക്കു് ശര്യാവില്യ. അതോണ്ടാ"

"എന്തൂട്ടാ ശര്യാവാത്തേ?"

"അതു്..."

"പറേണ്ടോറാ?"

"അതു് പറഞ്ഞാ നിങ്ങള്‍ കളിയാക്കര്‍തു്.. എനിക്കു് കണ്ട്രോള്‍ പൂവും.."

"മതി. ഇത്രേം മതി. ടോണ്യേ, സാധനെട്തേറാ.."

പകുതി വെള്ളവും പകുതി ദ്രാവകവും നിറഞ്ഞ ഗ്ലാസ്‌ ജയകൃഷ്ണനുമുന്നില്‍ ഹാജരയി. അല്‍പം നിര്‍ബന്ധവും ചെറിയ തോതില്‍ ചൂടാവലും നടന്നപ്പോള്‍ ജയകൃഷ്ണന്റെ ഗ്ലാസ്‌ കാലിയായി. രണ്ടു് തവണ.

വേണ്ടിയിരുന്നില്ല എന്നു സീനിയര്‍മാര്‍ക്കു് ബോധ്യമാവാന്‍ അധികം താമസമുണ്ടായില്ല.

ചിരിയിലാണു് ജയകൃഷ്ണന്‍ തുടങ്ങിയതു്. കുറുമാനും കുഞ്ഞുവും ഒക്കെ ചെയ്തപോലെ. പുഞ്ചിരിയില്‍ തുടങ്ങി. പിന്നെ പല്ല് കാണിച്ചു്. തുടര്‍ന്നു് നല്ല ഉറക്കെയുള്ള ചിരി. നിര്‍ത്താത്ത ചിരി.

"ഹാ.. ഹാ.. ഹാ....?"

അടുത്ത മുറികളില്‍നിന്നു് കുട്ടികള്‍ വാതില്‍ക്കല്‍ വന്നുനിന്നു. ജയകൃഷ്ണന്റെ കൂടെ അവരും ചിരിയില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ മുറിയിലുള്ള എല്ലാവരും നല്ല ചിരി. ഉറക്കെ. പക്ഷെ ജയകൃഷ്ണന്റേതു മാത്രം നിയന്ത്രണമില്ലാത്ത ചിരിയാണു്.

"ഹീ... ഹീ.. ഹീ..."

പെട്ടെന്നു് ജയകൃഷ്ണന്‍ പറഞ്ഞു. "നിങ്ങള്‍ ചീത്ത പറയില്ലെങ്കില്‍.. കഴിഞ്ഞ ഉത്സവത്തിനു ഞാന്‍ കാവടിയാട്യേതു് അവതരിപ്പിക്കട്ടെ?"

ഉടുത്തിരുന്ന ലുങ്കിയുടെ സ്ഥാനം തലയിലേക്കു് ഷിഫ്റ്റായി.

"ടുങ്കഡക്ക.... ക്കഡക....ഡുംഗുഡക.... ക്കഡക..."

വായ്പാട്ടിനൊപ്പം ജയകൃഷ്ണന്‍ ചുവടുവെച്ചപ്പോള്‍ ചുറ്റിനും ജനം കൈയ്യടിച്ചു് പ്രോല്‍സാഹിപ്പിച്ചു. ആകെ ഹരം. രണ്ടു് പെഗ്ഗില്‍ ഇത്രയും കാണാന്‍കിട്ടിയെങ്കില്‍ വേണ്ടിവന്നാല്‍ പിരിവിട്ടു സാധനം വാങ്ങിയാണെങ്കിലും എല്ലാ ആഴ്ചയും ഇവന്റെ കലാപരിപാടി അരങ്ങേറ്റണമെന്നു് തീരുമാനിച്ചു.

കാവടിനിര്‍ത്തി കട്ടിലില്‍പ്പിടിച്ചു് ജയകൃഷ്ണന്‍ കിതച്ചു.

"എനിക്കു്... നിങ്ങളെ.... യൊക്കെ.... വല്യ.... ഇഷ്ടായി.."

ഏറ്റവും അടുത്തുനിന്നവനു് നനഞ്ഞൊട്ടിയ ഒരു ഉമ്മ കൊടുത്തു. വേറൊരുത്തനെ കെട്ടിപ്പിടിച്ചു. അവനു് തുരുതുരാ ഉമ്മ കിട്ടി. ഓരോ ഉമ്മക്കും മുന്‍പു് ചുണ്ടു് നല്ലപോലെ ഈറനാക്കാന്‍ ജയകൃഷ്ണന്‍ മറന്നില്ല.

ഓരോ ഉമ്മക്കും അതിന്റെ ഉപഭോക്താവു് കവിള്‍തുടക്കാന്‍ നോക്കും. പക്ഷെ കൈകള്‍ ധൃതരാഷ്ട്രാലിംഗനബദ്ധമയിരുന്നു.

10-12 ഉമ്മ കൊടുത്ത ശേഷം അവനെ ജയകൃഷ്ണന്‍ വിട്ടു. നിലത്തിഴയലായി പിന്നെ.

"കുടിച്ചാല്‍ പാമ്പാവണം എന്നാ... ഞാനിപ്പൊ ഒരു പാമ്പാ..!... സ്സ്സ്‌...."

ശബ്ദത്തിനനുസരിച്ചു് നാവു് നീട്ടി വിറപ്പിച്ചുകൊണ്ടിരുന്നു. ഇഴഞ്ഞിഴഞ്ഞു് മൂന്നാമന്റെ കാലില്‍ പിടിച്ചു. പിടിച്ചുപിടിച്ചു കയറി. കാലിലിഴഞ്ഞുകയറുകയാ.. എന്നിട്ടു് വയറില്‍ ചെറിയൊരു കടികൊടുത്തു.

"അയ്യോ? അവനെ സര്‍പ്പം കൊത്തി!"

സംഗതി അല്‍പാല്‍പമായി നിയന്ത്രണം വിടുന്നതായി ജയകൃഷ്ണനൊഴികെ എല്ലാവര്‍ക്കും മനസ്സിലായി.

"കൊത്തിയവിഷം ഞാന്‍ തന്നെ ഇറക്കാം. നിലത്തു കിടക്കു്"

നിലത്തുകിടക്കുന്ന സര്‍പദംശിതന്റെ അടുത്തേക്കു് ജയകൃഷ്ണനാഗം ഇഴഞ്ഞെത്തി. വയറില്‍ നക്കാന്‍ തുടങ്ങി. ദംശിതന്‍ പാമ്പിനെ തള്ളിമാറ്റി കുളിമുറിയിലേക്കോടി.

"ഇനി ഒരാഫ്രിക്കന്‍ ഐറ്റം കാണിക്കാം. ഒരു വളണ്ടിയര്‍ വേണം"

വളണ്ടിയറുടെ മുഖത്തു് രണ്ടൗണ്‍സ്‌ ഉമിനീര്‍ കൊണ്ടു് ജയകൃഷ്ണന്‍ പൊടുന്നനെ അഭിഷേകം നടത്തി. "ചില ആഫ്രിക്കന്‍ ഗോത്രക്കാരുടെ അഭിവാദനരീതിയാ. എനിക്കു് ചേട്ടനെ ഇഷ്ടായി. ഐ ലവ്‌ യൂ!!"

ഇത്രയുമായപ്പോഴാണു് ഒരു സീനിയര്‍ക്കു് പഴഞ്ചൊല്ല് പറയാന്‍ തോന്നിയതു്.

വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലൊ. അല്ലെങ്കില്‍ ജയകൃഷ്ണനെ മുറിയില്‍ വരുത്താനും റാഗ്‌ ചെയ്യാനും കള്ളുകുടിപ്പിക്കാനും അവനു് തോന്നേണ്ട കാര്യമില്ല. അതേ ദുര്‍വിധിയാണു് അവനെക്കൊണ്ടു് തെറ്റായ പഴംചൊല്ലു പറയിച്ചതു്.

വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വെച്ചു എന്നു് പറയാമായിരുന്നു. കൂനിന്‍മേല്‍ കുരു എന്നു പറയാമായിരുന്നു. വഴിയേപ്പോയ വയ്യാവേലി എന്നു പറയാമായിരുന്നു.

ജയകൃഷ്ണന്റെ ആഫ്രിക്കന്‍ അഭിവാദനം കണ്ടതുകൊണ്ടാവാം, ഇതൊന്നും പറയാതെ ആ സീനിയര്‍ പറഞ്ഞ പഴമൊഴി ഇങ്ങിനെയായിപ്പോയി;

"ഇതിപ്പൊ മലര്‍ന്നു കിടന്നു തുപ്പിയ പോലെയായല്ലൊ...."

അഴിഞ്ഞാടുകയായിരുന്ന ജയകൃഷ്ണന്‍ പെട്ടെന്നു നിന്നു. തുടര്‍ന്നു് പഴമൊഴി പറഞ്ഞവന്റെ നേരെ സ്ലോമോഷനില്‍ തിരിഞ്ഞു. ചിരി നിലച്ചു. ആകെ നിശ്ശബ്ദത.

"ചേട്ടന്‍ പറഞ്ഞതു ശരിയാ. മലര്‍ന്നു് കിടന്നു് തുപ്പരുതു്. പകരം മലര്‍ന്നുകിടന്നാല്‍ മൂത്രമൊഴിക്കണം"

സീനിയര്‍മാര്‍ മുറിയില്‍ നിന്നിറങ്ങിയോടുമ്പോഴേക്കു് ശവാസനനായ ജയകൃഷ്ണന്‍ ജലധാര ഓണ്‍ ചെയ്തിരുന്നു. ആ മുറിയിലുണ്ടായിരുന്ന മൂന്നു കട്ടിലുകളും പുണ്യാഹസമ്പന്നമായി.

സഹമുറിയന്മാര്‍ വന്നു് വലിച്ചുകൊണ്ടുപോകുമ്പോള്‍ അവിടെക്കിടന്ന ഒരു തലയിണയില്‍ മൂക്കുചീറ്റി തുടക്കുന്ന തിരക്കിലായിരുന്നു ജയകൃഷ്ണന്‍.

മുറിയിലെത്തിയ ജയകൃഷ്ണന്‍ വെളുക്കെ ചിരിച്ചു. "ഹാവൂ, സമാധാനായി. അവന്മാരു് എന്നെ തിരിച്ചുവല്ലതും ചെയ്യുമോ എന്നൊരു ശങ്കയുണ്ടായിരുന്നു. ഏതായാലും അതൊന്നുമുണ്ടായില്ല. ഭഗവാന്‍ കാത്തു"

"?? എടാ, അപ്പൊ ഈ വിക്രിയയൊക്കെ നീ സ്വബോധത്തോടെ ചെയ്തതാ? കള്ളിന്റെ പുറത്തു ചെയ്തതല്ലേ?"

"ഏയ്‌! എനിക്കീ രണ്ടു് പെഗ്ഗു കഴിച്ചാലൊന്നും ഒന്നുമാവില്ലെന്നേ! പക്ഷെ ഒന്നുണ്ടു്. കള്ളു കുടിച്ചാല്‍ എനിക്കു് അപാര ധൈര്യം വരും. അവന്മാരു് റാഗ്‌ ചെയ്യുമ്പോള്‍ മനസ്സില്‍ എനിക്കു് തോന്നിയ പ്രതികാരം മുഴുവന്‍ ഞാന്‍ കള്ളുകുടിച്ചപ്പൊ ചെയ്തുതീര്‍ത്തു. അത്രമാത്രം".

Friday, October 2, 2009

സദാശിവന്റെ നാടകം

സദാശിവനു് പ്രൊഫഷനല്‍ നാടകനടനായി അറിയപ്പെടാനായിരുന്നു താല്‍പര്യം.

കേട്ടറിവുള്ള, പേരെടുത്ത നടന്മാരെല്ലാവരും വളരെ ചെറുപ്പത്തിലേത്തന്നെ നാടകത്തിനിറങ്ങിയവരാണെന്നും അതില്‍ ഭൂരിപക്ഷവും സ്കൂളില്‍ നിന്നു തന്നെ പരിശീലനം തുടങ്ങിയവരാണ്‌ എന്നുമുള്ള തിരിച്ചറിവ്‌ അദ്ദേഹത്തെ കൂടുതല്‍ ഉത്സുകനാക്കി. തന്റേതായ രീതിയില്‍ സ്കൂളിലും നാട്ടിലും നാടകങ്ങള്‍ സംഘടിപ്പിച്ചുവന്നു. ദോഷം പറയരുതല്ലോ, തരക്കേടില്ലാത്ത ഒരു നടനായിരുന്നു എന്നു വേണം പറയാന്‍.

സദാശിവനെപ്പറ്റി കൂടുതല്‍ പിന്നെ പറയാം. എന്നാല്‍ ഞങ്ങളുടെ കൂടെ എന്‍ജിനിയറിങ്ങിനു് ചേരുമ്പോള്‍ മൂപ്പര്‍ക്ക്‌ 8 വയസ്സിന്റെ മൂപ്പുണ്ടായിരുന്നു എന്നു മനസ്സിലാക്കിയാല്‍ മതി. തല്‍ഫലമായി ഞങ്ങള്‍ക്ക്‌ പൊതുവായി "അപ്പന്‍" എന്നു് വിളിക്കാന്‍ ഒരാളെ കിട്ടി!

യുവജനോത്സവത്തിനു് നാടകം എടുക്കണം എന്ന ആശയം നല്‍കാനും അതിനു വെള്ളവും കടിയും നല്‍കി പരിപോഷിപ്പിക്കാനും കഥ കണ്ടുപിടിക്കാനും, എന്തിന്‌.. തന്റെ സുഹൃത്തായ പ്രഫഷനല്‍ നാടകസംവിധായകനെ ഏര്‍പ്പാടാക്കാനും മൂപ്പര്‍ മുന്‍കൈയിട്ടിറങ്ങിയതിനാലും ഞങ്ങളുടെ ചോരത്തിളപ്പിനാലും മുന്നോട്ട്‌ പോകാന്‍ ഞങ്ങളാരും രണ്ടാമതാലോചിച്ചില്ല. ഞങ്ങള്‍ 5-6 പേരുടെ കൂടെ സിന്ധുവും രേഖയും ചേര്‍ന്നതോടെ നാടകം ഫുള്‍ സ്വിങ്ങിലായി.

നാടകറിഹേഴ്സല്‍ ഇടവേളകളില്‍ അദ്ദേഹം പലപല കാര്യങ്ങള്‍ പറഞ്ഞ്‌ ഞങ്ങളുടെ അറിവിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. നാടകസംബന്ധമായി പറഞ്ഞ ഒരു കാര്യം തൃശ്ശൂര്‍ മെഡിക്കല്‍കോളേജുകാര്‍ ശാകുന്തളം നാടകമെടുത്തതായിരുന്നു.

റോഡില്‍ അലഞ്ഞുനടന്നിരുന്ന ഒരു നാടന്‍ പട്ടിയെപ്പിടിച്ച്‌ പെയിന്റടിച്ച്‌ മാനാക്കി. സ്റ്റേജിന്റെ ഒത്ത നടുവില്‍ മരത്തിന്റെ രൂപമുണ്ടാക്കി അതില്‍ കെട്ടിയിട്ടു. നാടകത്തിലുടനീളം മാന്‍ കുരയോടു കുര. ശകുന്തള കാലില്‍ ദര്‍ഭമുന കൊണ്ടതു് നോക്കാന്‍ തുനിഞ്ഞപ്പോള്‍ മാന്‍ ആ കാലില്‍ കടിക്കാനും ഒരു ശ്രമം നടത്തിയത്രെ.

നാടകത്തിന്റെ പേരില്‍ ഒരു "അഥവാ" ഇല്ലെങ്കില്‍ അതു് നാടകമല്ല എന്നു് പ്രബലമായ ഒരു ധാരണ പരക്കെ ഉണ്ടായിരുന്നതിനാല്‍ "വെണ്ണക്കപ്പു കുമാരന്‍ അഥവാ ജനങ്ങള്‍ പാവകള്‍" എന്നുതന്നെ നാടകത്തിനു പേരിട്ടു. പ്രഫഷനല്‍ നാടകത്തില്‍ കയറുമ്പോള്‍ ഏതുതരം വേഷവും കൈകാര്യം ചെയ്യേണ്ടി വരുമെന്നും അതിനുള്ള പരിശീലനക്കളരികളില്‍ ഒന്നായി ഇതിനെക്കാണാണാമെന്നും അതുകൊണ്ട്‌ നായകന്റെ തന്തപ്പടിയുടെ പാര്‍ട്ട്‌ അഭിനയിച്ചാല്‍ സദാശിവനു് കലക്കാം എന്ന സംവിധായകന്റെ അഭിപ്രായവും ആ റോള്‍ ചെയ്യാന്‍ യുവാക്കളായ ഞങ്ങള്‍ക്കാര്‍ക്കും താല്‍പര്യമില്ലെന്നുള്ള മനസ്സിലിരുപ്പും കണക്കിലെടുത്ത്‌ സദാശിവന്‍ പിതാശ്രി ആവാന്‍ മനസാ വാചാ കര്‍മ്മണാ തയ്യാറെടുത്തു.

നായകന്റെ അച്ഛന്റെ വേഷം കോട്ടും സൂട്ടുമുള്ള, ബൂട്സിട്ട, കയ്യില്‍ റൈഫിള്‍ പിടിച്ച്‌ നടക്കുന്നതാണ്‌. വീടിന്റെ പിന്നിലെ ചതുപ്പു നിലം തൂര്‍ക്കാന്‍ യൂകാലിപ്റ്റസ്‌ നടാന്‍ പോയപ്പോള്‍ വാങ്ങിയ റബര്‍ ബൂട്സ്‌ വീട്ടിലുണ്ടെന്നും പഴയതാണെങ്കിലും ഉപയോഗയോഗ്യമാണെന്നു ഷാജി പറഞ്ഞപ്പോള്‍ അവനെത്തന്നെ സാമഗ്രിസെറ്റപ്പിന്റെ അധികാരിയാക്കി.

നാടകം അരങ്ങേറുന്ന അന്ന്‌ രാവിലെ ബൂട്സെത്തിക്കാം എന്ന്‌ ഷാജി പറഞ്ഞിരുന്നെങ്കിലും രാത്രി നാടകം തുടങ്ങുന്നതിനു കഷ്ടി മുക്കാല്‍ മണിക്കൂര്‍ മുന്‍പു് മാത്രമാണ്‌ സാധനം കയ്യില്‍ കിട്ടിയത്‌. ഉപയോഗിച്ചിട്ട്‌ ഏതാനും വര്‍ഷങ്ങളായിരുന്ന ആ ബൂട്സ്‌ വൃത്തിയാക്കുന്ന ചുമതല ന്യായമായും, നാടകത്തില്‍ ഏറിയാല്‍ പശ്ചാത്തല സംഗീതം ഇടുക എന്ന ചുമതല മാത്രമുള്ള എനിക്ക്‌ കിട്ടി. ഉള്ള സമയം കൊണ്ട്‌ മാക്സിമം കലാത്മകമായി തന്നെ ഞാന്‍ ബൂട്സ്‌ വൃത്തിയാക്കി.

നാടകം തുടങ്ങി.റിഹേഴ്സലിനേക്കാള്‍ സ്പീഡില്‍ അരങ്ങത്ത്‌ എന്ന തത്ത്വത്തിന്‌ ഒരു പേരുദോഷവും വരാത്തരീതിയില്‍ കാര്യങ്ങള്‍ മുന്നേറുമ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. റൈഫിളിന്റെ മൂട്‌ കാല്‍ക്കലും കുഴല്‍ ശരീരത്തില്‍ നിന്ന്‌ മാക്സിമം അകറ്റിയും പിടിച്ച്‌ മറ്റേക്കൈ അരയില്‍ പ്രതിഷ്ഠിച്ച്‌ ഡയലോഗ്‌ പറയുന്ന സദാശിവന്‍ കൂടെക്കൂടെ ഇടതുകാല്‍ വിറപ്പിക്കുകയും മൂര്‍ദ്ധന്യത്തില്‍ നാടകത്തിനു വിഘ്നം വരാത്ത രീതിയില്‍ നിലത്ത്‌ ആഞ്ഞുചവിട്ടുകയും ചെയ്യുന്നു. ഭാര്യയുമായി വഴക്കിടുന്ന സീനായതിനാലും സദാശിവന്‍ അമെച്വറില്‍ നിന്ന്‌ മേല്‍പോട്ട്‌ പോകാന്‍ കഴിവുള്ളവന്‍ ആയതുകൊണ്ടും, റിഹേഴ്സലിലില്ലാതിരുന്ന ഈ സംഗതിയെ രംഗത്തിനു കൊഴുപ്പുകൂട്ടാനുള്ള അവന്റെ മനോധര്‍മ്മമായിക്കണ്ട്‌ "ജോസേട്ടന്റെ കാന്റീനില്‍ നിന്ന്‌ ഒരു ഉള്ളിവടയും ചായയും ഇവന്‌ എന്റെ വക" എന്നു് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരു രംഗത്തില്‍ നായകന്‍ കുമാരന്റെ അച്ഛന്‍ റൈഫിള്‍കൊണ്ട്‌ സ്വയം വെടിവെച്ച്‌ മരിക്കുന്നു. മരിച്ച്‌ കിടക്കുന്ന അച്ഛനേയും ഷോക്കായി ചെവികള്‍ പൊത്തി നില്‍ക്കുന്ന അമ്മയേയും മറ്റൊരു കഥാപാത്രമായ ഡോക്ടരേയും ഒക്കെ സാക്ഷിനിര്‍ത്തി സമൂഹത്തോടുള്ള സന്ദേശം കുമാരന്‍ ഘോരഘോരം വിളമ്പുമ്പോള്‍...

അപ്പോള്‍...

പെട്ടെന്ന്‌ ശവശരീരം ചാടി എഴുന്നേറ്റു. പിന്‍ഭാഗം താങ്ങിപ്പിടിച്ച്‌ സ്റ്റേജില്‍ നിന്നിറങ്ങിയോടി. കാണികളുടെ ഇടയിലേക്കോടാതെ സ്റ്റേജിനു പിന്നിലേക്കൊടാനുള്ള ബുദ്ധി അവന്‍ കാണിച്ചു.

നാടകം അവിടെവെച്ച്‌ ഓഫായി. കര്‍ട്ടന്‍ ഞാന്‍ തന്നെ വലിച്ചിട്ടു. അല്ല, അതു ഞാന്‍ ചെയ്തില്ലെങ്കില്‍ കാണികള്‍ ചെയ്തേനെ. കൂവലും അട്ടഹാസവും കാണികളുടെ സ്ഥിരം സംഭാവനകള്‍ ചിലതും നടന്നു.

സ്റ്റേജിന്റെ പിന്നില്‍ ചെന്ന്‌ സദാശിവനെ അന്വേഷിച്ച്‌ നടന്ന ഞങ്ങളുടെ മുന്‍പില്‍ ഒരു തൂണിന്റെ മറവില്‍ നിന്നും അവനവതരിച്ചു. എന്തെങ്കിലും ചോദിക്കും മുന്‍പേ "വേണ്ട" എന്നു് കൈനിവര്‍ത്തി നീട്ടിക്കാണിച്ച്‌ സദാശിവന്‍ പറഞ്ഞു.

"ബൂട്സിടാന്‍ വിഷമമായിരുന്നു. സമയം കിട്ടാത്തതുകൊണ്ടോ എന്തോ, ഈ പന്നി (അത്‌ എന്നെ ഉദ്ദേശിച്ചാ..) ബൂട്സിന്റെ പുറത്തുമാത്രമേ വൃത്തിയാക്കിയുള്ളു. അകത്തപ്പിടി അഴുക്കായിരുന്നു"

"നാടകം തുടങ്ങുന്നതിനു തൊട്ടുമുന്‍പല്ലേ ബൂട്സിട്ടത്‌? നാടകം തുടങ്ങി ഡോക്ടര്‍ വരുന്നതിനു തൊട്ടുമുന്‍പുമുതല്‍ എന്റെ ഇടതേക്കാലില്‍ എന്തോ അരിച്ചുകയറുന്നത്‌ എനിക്ക്‌ തോന്നി. രംഗത്തിന്റെ സ്വഭാവമനുസരിച്ച്‌ ഞാന്‍ കാല്‍ കുടഞ്ഞും നിലത്ത്‌ ചവിട്ടിയും ആ സാധനത്തിനെ കളയാന്‍ നോക്കി"

"പക്ഷെ മരിച്ചുവീണ സീന്‍ മുതല്‍ ഞാന്‍ ഹെല്‍പ്‌ലസ്സായി! അവന്‍ കേറിക്കേറി 'ശ്രീമൂലത്തില്‍' എത്തി. പെട്ടെന്ന്‌ സഹിക്കാന്‍ പറ്റാത്ത വേദന. ആ വേദനയില്‍ ഞാനല്ല, ശരിക്കും മരിച്ചുകിടക്കുന്നവന്‍ വരെ ഞെട്ടി ഓടും"

ആര്‍ദ്രമായ ഞങ്ങള്‍ക്ക്‌ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു - "എന്തൂട്ടായിരുന്നു എടവാട്‌?"

"പഴുതാര"

ഞാന്‍ ആള്‍റെഡി ഇരുട്ടിലേക്കു മുങ്ങിയിരുന്നു.

Wednesday, September 16, 2009

സംശയം

കുറെ കാലം മുന്‍പാണ്‌. ഞാന്‍ അന്ന്‌ മദിരാശിയിലാണ്‌. ഒരു അവധിക്കാലം കഴിഞ്ഞ്‌ തീവണ്ടിയില്‍ തിരിച്ച്‌ പോകുന്നു. എന്റെ കൂടെ തൃശ്ശൂരില്‍ നിന്നും ഒരു ഭാര്യയും ഭര്‍ത്താവും കയറി. അവരുടെ പ്രായം, പെരുമാറ്റ രീതി എന്നിവയില്‍ നിന്നും അവരുടെ കല്യാണം കഴിഞ്ഞ്‌ അധികമായിട്ടില്ല എന്നു മനസ്സിലായി.അവരും എന്റെ കൂപ്പയില്‍ തന്നെ ആയിരുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്‌ ഒരു മധ്യവയസ്ക ആയിരുന്നു.

ബെര്‍ത്തില്‍ ഇരുന്നയുടനെ അവര്‍ സംസാരം തുടങ്ങി. ഏതാണ്ട്‌ ഇപ്രകാരമായിരുന്നു..

ഭാ: ശ്ശൊ..! എനിക്ക്‌ നാണമായിട്ട്‌ വയ്യ!

ഭര്‍: എന്താ ഇത്ര നാണിക്കാന്‍? ഇതൊക്കെ എല്ലാ പെണ്ണുങ്ങളും പതിവല്ലെ?

ഭാ: അതെ, പക്ഷെ ഇനിയെന്റെ കൂടെ ജോലിചെയ്യുന്നവരൊക്കെ കളിയാക്കാന്‍ തുടങ്ങും..

ഭര്‍: അവരെന്തിനാ കളിയാക്കുന്നെ?

ഭാ: അതോ... ഒന്നാമതു ഞാന്‍ ഫെമിനിസം പറഞ്ഞു നടന്നിരുന്നതാ. കുറേക്കാലം കല്യാണം വേണ്ട എന്നും ഭാവിച്ചിരുന്നു. അത്യാവശ്യം ആണ്‍കുട്ടികളുടെ കൂട്ടത്തിലാ പലപ്പോഴും എന്നെ അവരൊക്കെ പെടുത്തിയിട്ടുള്ളത്‌. എന്നിട്ടിപ്പൊ...

ഭര്‍: ഓ, ഇതത്ര തല പോകുന്ന കാര്യമൊന്നുമല്ലെന്നേ..

ഭാ: എന്നാലും ഇതിപ്പൊ.. എല്ലാവരും പറയും കല്യാണതോടെ ഞാന്‍ മാറിപ്പോയീന്ന്‌. നിങ്ങടെ ശാരദേച്ചിക്കായിരുന്നു നിര്‍ബന്ധം. കഴിഞ്ഞ തവണ മുതല്‍ക്കേ.. എന്തൊരു സന്തോഷമായിരുന്നു അവര്‍ക്ക്‌?! എന്റെ പിന്നാലെയായിരുന്നു. എന്നെ കളിയാക്കാനും അവരായിരുന്നു മുന്നില്‍..

ഭര്‍: അവര്‍ക്ക്‌ വളരെ വൈകിയല്ലെ കുട്ടികളുണ്ടായത്‌? രണ്ടും ചെറിയ കുട്ടികളല്ലെ? നീയല്ലെ ശരിക്ക്‌ അവരുടെ മകളുടെ പ്രായത്തില്‍? അവര്‍ ആസ്വദിക്കട്ടെ.

ഭാ: അതിലൊന്നും എനിക്ക്‌ വിരോധമില്ല. പക്ഷെ.. ഓ! എനിക്ക്‌ നാണായിട്ട്‌ വയ്യ! ഞാന്‍ കുറച്ച്‌ ദിവസം ലീവെടുത്താലൊ?

ഭര്‍: നിനക്ക്‌ ഭ്രാന്താ..

ഭാ: അതല്ല. പരിചയക്കാരെ കാണുമ്പൊ എനിക്കൊരു ചമ്മല്‍. നിങ്ങടെ വടക്കേലെ രാമകൃഷ്ണനല്ലെ ഓട്ടോ ഓടിച്ചിരുന്നത്‌? അയാള്‍ കാര്യം മനസ്സിലാക്കിയോ എന്ന്‌ എനിക്കൊരു സംശയം. അതുകൊണ്ടാണ്‌ ബാഗ്‌ ഞാനെടുത്തോളാം, കാശ്‌ നിങ്ങള്‍ കൊടുത്തോളു എന്നു ഞാന്‍ പറഞ്ഞേ..

ഭര്‍: ഞാന്‍ ചോദിക്കട്ടേ? സത്യം പറയുമൊ? ഇതൊക്കെ നീ ഇഷ്ടപ്പെടുന്നില്ലെ?

ഭാ: (ഭര്‍ത്താവിന്‌ ഒരു ചെറിയ നുള്ള്‌ കൊടുക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം "ഉം!.." എന്നൊരു ചെറിയ മൂളല്‍ മൂളി തല വെട്ടിച്ച്‌ പുറത്തേക്ക്‌ നോക്കി ഇരിക്കുന്നു.

ഇത്രയുമായപ്പോള്‍, മധ്യവയസ്ക കേറി ഹെഡ്‌ ചെയ്തു.

മ.വ: എത്ര മാസമായി?

ഭാ: (ഞെട്ടി തിരിഞ്ഞ്‌) എന്ത്‌?

മ.വ: ഗര്‍ഭം..

ഭാര്യയും ഭര്‍ത്താവും ഒന്നും മനസ്സിലാവാത്ത പോലെ പരസ്പരം നോക്കുന്നു.

മ.വ: ഞാന്‍ എന്താ ചോദിച്ചത്‌ എന്നുവെച്ചാല്‍, ഗര്‍ഭം ഉള്ളപ്പൊ ഇങ്ങനെ ഓട്ടൊയില്‍ സഞ്ചരിക്കുകയോ പെട്ടി പോലെ ഭാരമുള്ള സാധനങ്ങള്‍ എടുക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ ചെറുപ്പമല്ലെ? അറിഞ്ഞിരിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു എന്നു മാത്രം.

ഭാര്യയും ഭര്‍ത്താവും വീണ്ടും പരസ്പരം നോക്കി. തുടര്‍ന്ന്‌ രണ്ട്‌ പേരും പൊട്ടിച്ചിരിച്ചു.

ഭര്‍: അയ്യോ ചേച്ചി തെറ്റിദ്ധരിച്ചു! ഞങ്ങള്‍ സംസാരിച്ച്‌ കൊണ്ടിരുന്നത്‌..(ഭാര്യ കൈകള്‍ കാണിച്ച്‌ തന്നു) ഇവള്‍ മൈലാഞ്ചി ഇട്ടതിനെ പറ്റിയായിരുന്നു! ദൈവമേ! ഇത്ര പെട്ടെന്ന്‌ കുട്ടികളുണ്ടാവാനോ....!!

ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ പോയി ടോയ്‌ലെറ്റില്‍ കയറി കുറെ നേരം ചിരിച്ചു. അല്ലാതെ എനിക്കെന്ത്‌ ചെയ്യാന്‍ പറ്റും?

Tuesday, September 8, 2009

വരാനുള്ളത്‌.....

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌...

ബാംഗ്ലൂരില്‍ നിന്നു പുറപ്പെട്ട്‌ തെക്കോട്ട്‌ സര്‍വീസ്‌ നടത്തുന്ന ഐലന്റ്‌ എക്സ്പ്രസ്‌ ഓടിക്കിതച്ചു. ഡ്രൈവര്‍ (വി കെ എന്‍-ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഡ്രൈവന്‍) ആകാംക്ഷയോടെ മുന്നോട്ട്‌ നോക്കിയിരുന്നു. ഇന്നും ലേറ്റായി എന്നു കരുതി വണ്ടിയെ പറപറത്താന്‍ നിശ്ചയിച്ചു.

അപ്പോള്‍ ദൂരത്തു കണ്ടു.... ഒരു ജനക്കൂട്ടം... അയ്യോ.. അവര്‍ റെയില്‍ ഉപരോധിച്ചിരിക്കുന്നു... ബ്രേക്ക്‌ എവിടെ?

മനസ്സില്ലാമനസ്സോടെ മുരണ്ടു നിരങ്ങി വന്നു നിന്ന വണ്ടിയെ ജനക്കൂട്ടം വളഞ്ഞു. പലരുടേയും കയ്യില്‍ മുട്ടന്‍ വടി. ഒരുത്തന്റെ കയ്യില്‍ കത്തിക്കാത്ത ഒരു പന്തം. എന്തിനുള്ള പുറപ്പാടാണ്‌ ദൈവമേ... രക്ഷിക്കണേ... മൈ ഗോഡ്‌...

കൂട്ടത്തില്‍ നേതാവ്‌ എന്നു തോന്നിച്ച ഒരുത്തന്‍ മുന്നോട്ട്‌ നീങ്ങി നിന്നു.

"താഴെ ഇറങ്ങു.."

ഡ്രൈവര്‍ വിറച്ചു. നിയമപരമായി എഞ്ചിന്‍ ഡ്രൈവര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ പുറത്തിറങ്ങരുത്‌. പക്ഷെ അതു പറഞ്ഞാല്‍ ഈ വെളിച്ചപ്പാടിന്റെ സന്തതികള്‍ക്കു മനസ്സിലാവുമൊ?

"താഴെ ഇറങ്ങു.."വീണ്ടും ആജ്ഞ. ഇനി മിണ്ടാതിരുന്നതുകൊണ്ട്‌ പ്രയോജനമില്ല.

"ക്ഷമിക്കണം.. പുറത്തിറങ്ങാന്‍ വയ്യ"

"പേടിക്കണ്ട... ധൈര്യമായി പുറത്തിറങ്ങിക്കോളു.."

ഡ്രൈവര്‍ ദയനീയമായി ജനക്കൂട്ടത്തെ ഒന്നു കൂടി നോക്കി. എല്ലാവരുടേയും കണ്ണുകളില്‍ ഒരു തരം നിര്‍വൃതി. എന്തോ നേടിയെടുത്ത പോലെ. പേടി വര്‍ദ്ധിക്കുന്നു. എന്തു വന്നാലും ശരി, പുറത്തിറങ്ങുന്ന പ്രശ്നമില്ല.

അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌... നില്‍ക്കുന്നത്‌ ഒരു സ്റ്റേഷനിലാണ്‌. അതാ... സ്റ്റേഷന്‍ മാസ്റ്റര്‍.. നിര്‍വികാരമൂര്‍ത്തീഭാവമായി നിലകൊള്ളുന്നു.. കയ്യില്‍ ചുരുട്ടിപ്പിടിച്ച ചുമപ്പു, പച്ച കൊടികള്‍...

"നിങ്ങള്‍ താഴെ ഇറങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ എഞ്ചിനിലേക്കു കയറി വരാം... വേണോ?"

ആ "വേണോ?"ക്കു ഒരു ഭീഷണിയുടെ സ്വരമില്ല? ഒരു അഭിപ്രായം ചോദിക്കുന്ന പോലെ.. നാടോടികാറ്റില്‍ പവനാഴി വിജയനും ദാസനും 'എങ്ങിനെ മരിക്കണം' എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്ത പോലെ..

"ഇറങ്ങാന്‍ ഭാവല്യ... ല്ലെ? ന്നാല്‍ അങ്ങോട്ട്‌ വരാം...ന്തെ?"

കൂട്ടത്തിലെ നേതാവ്‌ എഞ്ചിനില്‍ വലിഞ്ഞു കയറി. കൂടെ വേറെയും ഒരുത്തന്‍. അവനെ നേതാവ്‌ വിലക്കി. "താഴെ നിന്നോ.. ഇതു ഞാന്‍ ഒറ്റക്ക്‌ കൈകാര്യം ചെയ്തോളാം.. നീ പോയി തീ കത്തിക്കാനുള്ള ഏര്‍പ്പാട്‌ നോക്ക്‌.."

(മൈ ഗോഡ്‌...)

നേതാവ്‌ ഏന്തി വലിഞ്ഞു കയറി. കണ്ട്‌ നിന്ന ജനം വന്‍ കയ്യടി. "സംഘടനം ത്യാഗരാജന്‍" എന്ന്‌ തീയെറ്ററില്‍ എഴുതിക്കാണിക്കുമ്പോള്‍ കേള്‍ക്കാറുള്ള അതേ ബീറ്റ്‌..

ഇനിയെന്ത്‌.. എന്നു ശങ്കിച്ചുനിന്ന ഡ്രൈവറുടെ കഴുത്തില്‍ ആദ്യം വീണത്‌ പൂമാലയായിരുന്നു. തുടര്‍ന്ന്‌ ഭയങ്കര കരഘോഷം. "വെക്കടാ വെടി!" എന്നുള്ള നേതൃനിര്‍ദ്ദേശം കിട്ടേണ്ട നിമിഷം, 10000ത്തിന്റെ മാലപ്പടക്കം പൊട്ടി. ജനം മുഴുവന്‍ ഡാന്‍സ്‌ കളിക്കുന്നു. വേറെ ഒരുത്തന്‍ അവിടെയുള്ളവര്‍ക്കൊക്കെ മധുരപലഹാരം വിതരണം ചെയ്യുന്നു. സ്റ്റേഷന്‍ മാഷക്കും കിട്ടി.

ആക്ച്വലി എന്താ സംഭവിക്കണേ? ഒന്നും മനസ്സിലാവുന്നില്ലല്ലോ...

പെട്ടന്നാണ്‌ ജനം വീണ്ടും ഡ്രൈവറുടെ നേരെ തിരിഞ്ഞത്‌.. ഡ്രൈവര്‍ക്ക്‌ മധുരം നല്‍കുമ്പോള്‍ നേതാവ്‌ പറഞ്ഞു കൊടുത്തു..

"അതേയ്‌.. പേടിക്കണ്ട... ഇതൊരു ചെറിയ ആഘോഷമാ.. ഇന്നു മുതല്‍ മദിരാശിയില്‍ നിന്നുള്ള വണ്ടിക്ക്‌ ഈ സ്റ്റേഷനില്‍ സ്റ്റോപ്‌ അനുവദിച്ചിരുന്നു. ആദ്യമായി ഒരു എക്സ്പ്രസ്സ്‌ വണ്ടി ഈ സ്റ്റേഷനില്‍ നിര്‍ത്തുന്നത്‌ ആഘോഷിക്കാനാ ഞങ്ങള്‍ എല്ലാവരും ഉറക്കം പകുതിയാക്കി ഇവിടെ കൂടിയത്‌. പക്ഷെ എന്ത്‌ പറയാനാ? ആ പഹയന്‍ ഡ്രൈവര്‍.. മദിരാശി വണ്ടിയുടെ.. മറന്നു എന്നു തോന്നുന്നു. ഏതായാലും വണ്ടി നിര്‍ത്താതെ പോയി. ഇവിടെ നിന്ന്‌ കേറാന്‍ കുറേ ആളുകള്‍ ടിക്കറ്റും എടുത്തു നില്‍പ്പുണ്ടായിരുന്നു.. അവരും ഇളിഭ്യരായി.. ചുരുക്കത്തില്‍, ഞങ്ങളെ വെല്ലുവിളിച്ച്‌ കടന്നുപോയ ആ എക്സ്പ്രസ്സ്‌ വണ്ടിക്കു പകരം, അടുത്ത്‌ വന്ന എക്സ്പ്രസ്സ്‌ വണ്ടി ഞങ്ങള്‍ നിര്‍ത്തി എന്നു മാത്രം.. രുകാവട്ട്‌ കേ ലിയെ ഖേദ്‌ ഹെ.."

ആശ്വാസത്തോടെ വണ്ടി വീണ്ടും എടുക്കാന്‍ തുനിഞ്ഞ ഡ്രൈവരുടെ നേരെ ഒരു പാര്‍സല്‍ നീണ്ടു.. "സാര്‍, ഇതു താങ്കളുടെ ഫാമിലിക്ക്‌...സ്വീറ്റ്സ്‌ ആണ്‌.. ഞങ്ങള്‍ നാട്ടുകാരുടെ സ്നേഹത്തിന്റെ ഭാഷയില്‍... മുഷിഞ്ഞില്ലല്ലൊ... ഹാപ്പിയല്ലേ? നാളേയും വരണേ...."

Tuesday, September 1, 2009

കുടുംബമഹിമ

കോന്‍സ്റ്റബ്‌ള്‍ ഗോപിപ്പിള്ള ട്രാഫിക്‌ എസ്‌ ഐ-യുടെ അടുത്തേക്ക്‌ മെല്ലെ നീങ്ങി നിന്നു. എസ്‌ ഐ പുതിയ പയ്യനാണ്‌. താന്‍ വേണം എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍.

"സാര്‍...."

എസ്‌ ഐ തിരിഞ്ഞു നോക്കി. "എന്താ ഗോപിപ്പിള്ളേ?"

"സാര്‍, ആ പയ്യനെ വിട്ടേരെ സാറെ.. ഏതോ വലിയ വീട്ടിലെ പയ്യനാ.."

എസ്‌ ഐ ആളു സര്‍വീസില്‍ അധികമായില്ലെങ്കിലും ഗോപിപ്പിള്ളയുടെ പരിചയസമ്പത്തിനെ ബഹുമാനിക്കുന്ന കൂട്ടത്തിലായിരുന്നു.

"എന്താ ഗോപിപ്പിള്ളേ? നിങ്ങള്‍ക്ക്‌ അവനെ അറിയാമോ?"

"ഓ.. എനിക്കറിയാന്‍ മേല സാറെ.. പക്ഷെ ലെവന്റെ കാറിന്റെ ഫ്യൂവല്‍ ഇന്‍ഡിക്കേട്ടര്‍ കണ്ടാല്‍ അറിയത്തില്ലയൊ കുടുംബ മഹിമ? ദാണ്ടെ ഫുള്‍ എന്നു കാണിക്കുന്നു.... ഏതോ ഒള്ള വീട്ടിലെയാ സാറെ... കൂടുതല്‍ വഷളാവാതെ വിടുന്നതാ നല്ലത്‌ സാറെ...."