Sunday, December 5, 2010

വാടകവീടു്

ഏറെ നാളായി ചാണ്ടി പറഞ്ഞു് ഭീഷണിപ്പെടുത്തിയതാണു് - എന്നെപ്പറ്റി കഥയെഴുതും എന്നു്. അന്നുമുതൽ പേടിച്ചിരിക്കുന്നതാണു്. ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു.

ഈ അവസരത്തിൽ പ്രതികാരം ചെയ്യേണ്ടതു് എന്റെ കർത്തവ്യമാണെന്നു് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടു് ചാണ്ടിക്കുഞ്ഞിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഒരു തെണ്ടിത്തരമാവട്ടെ ഇത്തവണത്തെ കഥ.

അവന്റെ കഥയിൽ പറഞ്ഞ ആദ്യത്തെ വീടുമാറ്റം ഇതാ ഇങ്ങിനെ:

കോളജ്‌ കഴിഞ്ഞു് ജോലിക്കായാണു് ഞാനും ടോണിയും മദിരാശിയിലെത്തിച്ചേർന്നതു്. ട്രിപ്ലിക്കേനിലെ ഇടുങ്ങിയ ഇടവഴികളിൽ ഇടതൂർന്നു് വളർന്നു് നിൽക്കുന്ന 2-3 ലോഡ്ജുകളിലായി ഒരു കൊല്ലത്തിലധികം താമസിച്ചപ്പോൾ മലേരിയ, ടൈഫോയിഡ്‌, അസംഖ്യം വൈറൽ ഫീവർ, വയറിളക്കം മുതലായ രോഗങ്ങൾക്കൊപ്പം സ്വതന്ത്രമായി ടിവി കാണാനുള്ള ബുദ്ധിമുട്ടു്, ശബ്ദകോലാഹലമുണ്ടാക്കാൻ നിയന്ത്രണങ്ങൾ, ലോഡ്ജ്‌ മുറിയിൽ കാസറ്റ്‌ പ്ലെയർ വെച്ചു് ഒരു പാട്ടുകേൾക്കാൻ പോലും പ്ലഗ്‌ പോയിന്റില്ലാത്ത അവസ്ഥ, കള്ളുകുടിക്കാൻ ഇരിക്കുമ്പോഴേക്കു് ചക്കയിൽ ഈച്ചപോലെ ഞങ്ങളുടെ മുറി കീഴടക്കാൻ മറ്റു മുറിയന്മാർ മുതലായ കാരണങ്ങൾ കൊണ്ടാണു് ഞാനും ബിജുവും ടോണിയും സജിയുമൊക്കെ "ഒരു വാടകവീടെടുത്തു് മാറിത്താമസിച്ചെങ്കിലെന്തു്?" എന്ന തീരുമാനത്തിലെത്തിയതു്.

അവിവാഹിത ചെറുപ്പക്കാർക്കു് വീടു് വാടകക്കു് കൊടുക്കാൻ ഓണർമാർക്കു് ഭയങ്കര മടിയാണു് എന്നു് താമസിയാതെ മനസ്സിലായി. മാത്രമല്ല, നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും പോലെ കുറവു വാടക, കൂടുതൽ സുഖസൗകര്യങ്ങൾ എന്നീ നിബന്ധനകൾ ഞങ്ങൾക്കുമുണ്ടായിരുന്നതുകൊണ്ടു് അഡയാറിലേയും ബെസെന്റ്‌ നഗറിലേയും ഓരോ ഇടവഴികളും വീടന്വേഷിച്ചു നടന്ന അനവധി വാരാന്ത്യങ്ങളിൽ ഞങ്ങൾക്കു് സുപരിചിതമായി.

കടലാസുപൂക്കളാൽ അലംകൃതമായ, മുറ്റം നിറയെ കരിയിലകൾ വീണുകിടക്കുന്ന, അതിനുമാത്രം ഇലപൊഴിക്കാൻ സന്നദ്ധരായ മാവും പ്ലാവുമുള്ള ഒരു ഇരുനിലവീട്ടിൽ താമസിക്കുന്ന, വെട്ടുപോത്തിന്റെ സ്വഭാവമുള്ള വക്കീലിന്റെ ഫ്ലാറ്റ്‌ വാടകക്കെടുക്കാം എന്നു് ഞങ്ങൾ തീരുമാനിച്ചതു് മാസവാടകയിൽ ലോഡ്ജിനെ അപേക്ഷിച്ചു് 250 രൂപ ഓരോരുത്തർക്കും ലാഭിക്കാം എന്നതുകൊണ്ടാണു്.

വീട്ടിൽ താമസം തുടങ്ങിയപ്പോഴാണു് വാടക കുറയാനുണ്ടായ കാരണം വ്യക്തമായതു് - വെള്ളത്തിനു് ക്ഷാമമുണ്ടു്. മെയിൻ റോഡിനു് തൊട്ടുകിടക്കുന്നതുകൊണ്ടു് സദാസമയം ഫ്ലാറ്റിൽ പൊടികയറും (ഫ്ലാറ്റ്‌ കാണാൻ വന്നപ്പോൾ ജനാലകൾ അടച്ചിരുന്നതുകൊണ്ടു് ഈ താപ്പു് ഞങ്ങൾക്കു് മനസ്സിലായിരുന്നില്ല). അറ്റകുറ്റപ്പണികൾ നടന്നു് വർഷങ്ങളായിട്ടുണ്ടാവണം.

വീട്ടുടമസ്ഥൻ വെട്ടുപോത്തു് വക്കീലിനോടു് കാര്യങ്ങൾ പറഞ്ഞിട്ട്‌ വിശേഷമില്ലെന്നു് മനസ്സിലായി. അയാൾ ഞങ്ങളോടു് ചൂടാവാൻ വരികയായിരുന്നു. വെള്ളം ഇല്ലാത്തതു് ഞങ്ങളുടെ തെറ്റാണെന്നു് തോന്നും.

വീടിന്റെ അറ്റകുറ്റപ്പണികൾ ശരിക്കു് നടത്താതിരുന്നതുകൊണ്ടു് അലമാരയുടെ വാതിലുകൾക്കൊക്കെ ഒരു ബലക്കുറവുണ്ടായിരുന്നു. രണ്ട്‌ ബാത്‌റൂമുള്ളതിൽ ഒന്നു മാത്രമേ ഉപയോഗയോഗ്യമുള്ളു. പോരാത്തതിനു് ഏറ്റവും മുകളിലെ നിലയിലാണു് ഫ്ലാറ്റ്‌. വേനൽക്കാലത്തു് പ്രഷർ കുക്കറിനകത്തു് താമസിക്കുന്നതുപോലെ തോന്നും.

ഇനിയും ബുദ്ധിമുട്ടു് സഹിക്കാൻ വയ്യ, ആ ഫ്ലാറ്റിൽ നിന്നു് മാറണം എന്നു തീരുമാനമെടുത്ത സമയത്താണു് എഞ്ജിനിയറിംഗ്‌ പഠിച്ചു് ഒരുവിധമായി, ഇനി ലോകം മുഴുവൻ ഒന്നു് ചുറ്റിക്കറങ്ങണം, അതുകഴിഞ്ഞാൽ ഒരു ജോലിയും സംഘടിപ്പിക്കണം എന്ന വ്യാജേന ചാണ്ടി രംഗപ്രവേശം ചെയ്യുന്നതു്; അഥവാ, നാട്ടിൽ നിന്നു് പറിച്ച കുറ്റി മദിരാശിയിൽ നാട്ടുന്നതു്.

വേറൊരു ഫ്ലാറ്റ്‌ കണ്ടിട്ടുണ്ടു്. പക്ഷെ അവിടെ അഡ്വാൻസ്‌ കൊടുക്കണമെങ്കിൽ ഇപ്പോഴത്തെ ഫ്ലാറ്റിന്റെ അഡ്വാൻസ്‌ തിരിച്ചുകിട്ടണം. അതു് തരാൻ വെട്ടുപോത്ത്‌ വക്കീൽ തയ്യാറാവുന്നില്ല.

അലമാരയുടെ വാതിൽ ചീത്തയാക്കി, ഫ്ലാറ്റ്‌ വൃത്തിയായി സൂക്ഷിച്ചില്ല, ജനലിന്റെ ചില്ലു് ഉടച്ചു (കാറ്റത്തു് സ്വയം ഉടഞ്ഞതാണു്; ഞങ്ങളായിട്ടു് ഒന്നും ചെയ്യേണ്ടി വന്നതല്ല) മുതലായ മുടന്തൻ ന്യായങ്ങൾക്കു പുറമേ, ഫ്ലാറ്റിൽ കൂടുതൽ ആളെ താമസിപ്പിച്ചെന്നും ഫ്ലാറ്റിൽ ഹോട്ടൽ നടത്തിയെന്നും വരെ ആ ശുനകപുത്രൻ പറഞ്ഞുകളഞ്ഞു. എന്നോ ഒരിക്കൽ ഞങ്ങളുടെ കൂട്ടുകാരെ ഫ്ലാറ്റിൽ വിളിച്ചു് ഒരു വിരുന്നു് കൊടുത്തതിനെയാണു് അയാൾ ഇത്തരത്തിൽ വളച്ചൊടിച്ചതു്.

ഒരുപാടു് അടികൂടിയ ശേഷം അഡ്വാൻസ്‌ തുകയിൽ നിന്നു് ഏതാനും ആയിരങ്ങൾ പിടിച്ചുവെച്ച ശേഷം ബാക്കി അടുത്ത ദിവസം തരാം എന്നു് ശുനകപുത്രൻ വക്കീൽ സമ്മതിച്ചു.

അന്നു് രാത്രി - പഴയ ഫ്ലാറ്റിൽ ഞങ്ങളുടെ അവസാനരാത്രി - വെള്ളമടിച്ചിരിക്കുമ്പോൾ ടോണിയും ബിജുവും ഒരാത്മഗതം പോലെ പറഞ്ഞ്‌ഞു:

"ഈ പണ്ടാരക്കാലന്റെ ഫ്ലാറ്റിനു് എന്തെങ്കിലും കേടുപാടു് വരുത്തിയിട്ടു് പോയാലോ? നമ്മുടെ അഡ്വാൻസ്‌ പൈസ ഏതായാലും പോയി. പക്ഷെ ആ പൈസ അവനുപകാരമില്ലാതെ പോകണേ ദൈവമേ!"

ഇത്രയും പറഞ്ഞു് "ഇതൊക്കെ നടക്കാത്ത സ്വപ്നം" എന്നു് സ്വയം വിശ്വസിച്ചു് കള്ളുഗ്ലാസ്‌ പുനർപരിരംഭണം ചെയ്ത ടോണിയ ചാണ്ടി തോണ്ടി.

"നീ പറഞ്ഞതു് കാര്യമായിട്ടാണോ?"

"എന്ത്‌?"

"ഫ്ലാറ്റിനു് കേടുപാടു് വരുത്തി ആ വക്കീൽ നായിന്റെമോനു് നഷ്ടമുണ്ടാക്കണോ?"

"ഹ! അതെങ്ങിനെ സാധിക്കും? അയാൾ നാളെവന്നു് ഫ്ലാറ്റ്‌ പരിശോധിക്കും. ഇനിയും വല്ലതും കേടുവന്നു് കിടക്കുന്നതുകണ്ടാൽ അതിനും പൈസ ഈടാക്കും. വേണ്ടെടാ, വേണ്ട. ഇപ്പൊ ഇതടിച്ചു് പോയിക്കിടക്കാൻ നോക്കാം"

ചാണ്ടി എഴുന്നേറ്റു. ഞങ്ങളെ അഭിസംബോധന ചെയ്തു.

"ഫ്രൻഡ്സ്‌, നമുക്കു് അഡ്വാൻസ്‌ പൈസ മുഴുവൻ തിരിച്ചുകിട്ടില്ല. എങ്കിൽ വക്കീലിനു് എന്തെങ്കിലും നഷ്ടമുണ്ടാക്കണം. പക്ഷെ അയാളതു് കണ്ടുപിടിക്കാനും പാടില്ല. നമ്മളെക്കൊണ്ടു് അത്രയെങ്കിലും ചെയ്യാൻ സാധിക്കില്ലേ?"

ഞങ്ങൾ തലയുയർത്തി ചാണ്ടിയെ നോക്കി. കശ്മലനുണ്ടു് ചിരിക്കുന്നു.

"എന്താടാ? നിനക്കെന്തോ ഐഡിയ കിട്ടിയിട്ടുണ്ടെന്നു് തോന്നുന്നു?"

"യെസ്‌!"

"വാട്ട്‌?"

"സിമന്റ്‌!"

"വാട്ട്‌?!"

"നമ്മൾ ഒരു 2 കിലോ സിമന്റ്‌ വാങ്ങുന്നു. ഓരോ കക്കൂസിലും അത്‌ ഇട്ടുവെക്കുന്നു. കാണുമ്പൊ ഒരു കുഴപ്പവുമില്ല. പതുക്കെപ്പതുക്കെ സിമന്റ്‌ കക്കൂസിൽ കിടന്നു് സെറ്റാവും. ഏതായാലും പുതിയ താമസക്കാർ വരാൻ ഒരാഴ്ചയെങ്കിലും എടുക്കുമല്ലോ? അപ്പോഴേക്കു് കക്കൂസ്‌ ഉപയോഗശൂന്യമാവും. പിന്നെ അതു് പൊളിച്ചുകളഞ്ഞു് വേറെ കക്കൂസ്‌ സ്ഥാപികേണ്ടിവരും. ഫ്ലാറ്റായതുകൊണ്ടു് താഴെയുള്ള വീടിന്റെ ഉടമസ്ഥന്റെ കൂടി അനുവാദമുണ്ടെങ്കിലേ അതു് നടക്കൂ. ഏതായാലും നാറിവക്കീലിനു് കുറച്ചു കാശുചെലവാവുണ്ടാവും!"

ഞങ്ങൾ ചാടിയെഴുന്നേറ്റു. ചാണ്ടിയെ കെട്ടിപ്പിടിച്ചു.

"മതീടാ! ഇതുമതി! കലക്കൻ!"

*     *      *     *

അടുത്ത ദിവസം രാവിലെ കെട്ടിറങ്ങിയപ്പോൾ ബിജുവിനും ടോണിക്കും സംശയമുണ്ടായി.

"ഇന്നലെ പറഞ്ഞതു് വല്ലതും നടക്കുമോടാ?"

ചാണ്ടി ചിരിച്ചു.

"നിങ്ങൾ വലിയുമെന്നു് ഞാനിന്നലെ വിചാരിച്ചേയുള്ളു. ഏതായാലും ജോലിക്കു് വിട്ടോ. നമുക്കു് വൈകുന്നേരം കാണാം"

*     *     *     *

വൈകുന്നേരം വന്ന ഞങ്ങളെ എതിരേറ്റതു് അഡ്വാസ്‌ തുകയും പിടിച്ചു് വിജയഭാവത്തിൽ നിൽക്കുന്ന ചാണ്ടിയാണു്.

"എല്ലാം സുഭദ്രം!"

പുതിയ വീട്ടിലെത്തി ഒരു സിഗററ്റ്‌ പുകക്കുന്നതിനിടയിൽ നടന്നകഥ ചാണ്ടി അവതരിപ്പിച്ചു.

"നിങ്ങളൊക്കെ ആപ്പീസിൽ പോയശേഷം ഞാൻ സിമന്റുകട അന്വേഷിച്ചിറങ്ങി. 1-2 സ്ഥലത്തു് കയറിയിറങ്ങി. അപ്പൊ ഒരു കാര്യം മനസ്സിലായി. കടക്കാർ ചാക്കുകണക്കിനു് മാത്രമേ സിമന്റ്‌ കൊടുക്കൂ"

"ഒരു ചാക്ക്‌ സിമന്റ്‌ നമുക്കെന്തിനാ? കൂടുതൽ പൈസതരാം എന്നുപറഞ്ഞിട്ടും 2 കിലോ സിമന്റ്‌ തരാൻ ആരും കൂട്ടാക്കിയില്ല"

"ഞാൻ പുതിയ ഐഡിയ എടുത്തു. ഒരു പൈന്റ്‌ നല്ല മദ്യം വാങ്ങി. നേരെ LB റോഡിൽ പണിനടക്കുന്ന കെട്ടിടത്തിലെത്തി"

"ഊണുകഴിക്കാനുള്ള സമയമാകുന്നതേയുള്ളു. മേസ്തിരി ഒരു മൂലയിലിരുന്നു് മുറുക്കാൻ എടുക്കാൻ തുടങ്ങുന്നു"

"രണ്ടു ഗ്ലാസും കുറച്ചു വെള്ളവുമെടുക്കാൻ പറഞ്ഞപ്പൊ അണ്ണാച്ചിയുടെ മുഖമൊന്നു് കാണണം!"

"രണ്ട്‌ റൗണ്ട്‌ കഴിഞ്ഞപ്പൊ കാര്യം പറഞ്ഞു. മേസ്തിരി അണ്ണാച്ചി 2 കിലോ സിമന്റ്‌ മാത്രമല്ല, പെട്ടെന്നു് സെറ്റാവാനുള്ള കൂട്ടും തന്നു. അങ്ങിനെ വെറും നിസ്സാര പൈസ ചെലവാക്കി 2 കിലോ സിമന്റ്‌ ഞാൻ സംഘടിപ്പിച്ചു"

"പ്രാന്തൻ വക്കീൽ വരുന്നതിനു് 15 മിനുട്‌ മുമ്പു് സിമന്റ്‌ രണ്ട്‌ കക്കൂസിലും ഇട്ടു. വക്കീൽ വന്നു് വെറുതെ നോക്കിപ്പോയതേയുള്ളു. അഡ്വാൻസും തന്നു"

ചാണ്ടി സിമന്റ്‌ വെച്ചുപോയ ആ വീടു് അടുത്ത 9 മാസത്തേക്കു് താമസക്കാരെ കിട്ടാതെ അനാഥമായിക്കിടന്നു എന്നതാണു് ചാണ്ടിയുടെ തെണ്ടിത്തരത്തിന്റെ വ്യാപ്തി.

വാൽ:

ചണ്ടിയുടെ കഥയിൽ "ഞങ്ങൾ നേരത്തെ ആപ്പീസിൽ നിന്നെത്താൻ തുടങ്ങി, 3 മാസത്തിൽ 2 വീട്‌ മാറി എന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. ആദ്യത്തെ വീടുമാറ്റം ഇപ്പൊ പറഞ്ഞതു്. മറ്റു രണ്ട്‌ സംഭവങ്ങളുടേയും സത്യാവസ്ഥയറിയാൻ ഇവിടെ ക്ലിക്കുക. ചാണ്ടിയുടെ വേറെ ഒരു തെണ്ടിത്തരവും തുടർന്നുണ്ടായ സംഭവങ്ങളും. അതിൽ ടോണിയുടെ കമന്റ്‌ പ്രത്യേകം ശ്രദ്ധേയം.

Monday, November 29, 2010

തീർത്ഥാടനവും തീർത്ഥവും

മറ്റൊരു വൃശ്ചികമാസം കൂടി വന്നിരിക്കുന്നു. എവിടേയും അയ്യപ്പന്മാരുടെ തിരക്കാണു്‌. മതമൈത്രിയോടൊപ്പം കറതീര്‍ന്ന ഭക്തിയുടേയും മാസമാണു്‌ വൃശ്ചികം.

ശബരിമലയിലേക്കു്‌ നീങ്ങുന്ന അയ്യപ്പന്മാരെ കാണുമ്പോള്‍ എനിക്കു്‌ രൂപേഷിനെ ഓര്‍മ വരും. അവന്റെ കഥയാവട്ടെ ഇത്തവണ.

മദിരാശിയില്‍ എന്റെയൊപ്പം ജോലിയെടുക്കുകയായിരുന്നു രൂപേഷ്‌. കണ്ണൂര്‍ സ്വദേശിയാണു്‌. കണ്ണൂരുകാരില്‍ പൊതുവെ കണ്ടിട്ടുള്ള ആത്മാര്‍ത്ഥതയും സ്നേഹവും വേണ്ടുവോളമുള്ള ഒരു നല്ല ചെറുപ്പക്കാരന്‍. കല്യാണം കഴിച്ചിട്ടില്ല. അതിനുള്ള പ്രായമായിട്ടില്ല.

പ്രധാന സമയംകൊല്ലി പരിപാടി ആപ്പീസില്‍ വന്നു്‌ ജോലി ചെയ്യലാണു്‌. ശനിയെന്നോ ഞായറെന്നോ പകലെന്നോ രാത്രിയെന്നോ നോക്കാതെ പണിയെടുക്കും. ഇതൊന്നും ആരും നിര്‍ബന്ധിച്ചു്‌ ചെയ്യിക്കുന്നതല്ല. സ്വന്തം താല്‍പര്യപ്രകാരം ചെയ്യുന്നതാണു്‌.

തുല്യശുഷ്കാന്തിയോടെ പരിപാലിച്ചു കൊണ്ടുനടക്കുന്ന രണ്ടു്‌ ശീലമാണു്‌ സിഗററ്റുവലിയും കള്ളുകുടിയും. പുകവലിക്കു്‌ നിയത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കാലമാണ്‌. അതുകൊണ്ടു്‌ പുകവലി നിര്‍ബാധം നടന്നുകൊണ്ടിരുന്നു. കൂട്ടുകാരുടെ സഹവാസം നിമിത്തം ഏതാണ്ടെന്നും കള്ളുകുടിയും ഉണ്ടായിരുന്നു. അവിവാഹിതന്‍. വീട്ടില്‍ നിന്നു്‌ വിട്ടുനില്‍ക്കുന്നു. സോഫ്റ്റ്‌വെയറിലായതുകൊണ്ടു്‌ ഇഷ്ടമ്പോലെ കാശും. പുകവലിയും കള്ളുകുടിയും തകൃതിയായി പോകുന്നു.

ഇത്തരക്കാര്‍ക്കു്‌ കാണുന്ന മറ്റു പ്രത്യേകതകള്‍ രൂപേഷിനുമുണ്ടായിരുന്നു. കൃത്യസമയത്തു്‌ ആപ്പീസില്‍ വരിക എന്നൊരു ഏര്‍പ്പാടില്ല. ബ്രേക്‌ഫാസ്റ്റ്‌ പതിവില്ല. അലസമായ വസ്ത്രധാരണരീതി. തോന്നിയപോലെ വളരുന്ന തലമുടി. ഷൂ ധരിക്കുന്ന സ്വഭാവമില്ല; ചെരുപ്പാണു്‌ ധരിക്കുക.

എന്നാല്‍ ആപ്പീസിലെത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ ജോലി, സിഗററ്റുവലി എന്നിങ്ങനെ രണ്ടു കാര്യങ്ങളില്‍ മാത്രമാണു്‌ ശ്രദ്ധ എന്നതുകൊണ്ടു്‌ രൂപേഷിനെ തിരുത്താന്‍ അധികമാരും ശ്രമിക്കാറില്ല; ഞങ്ങള്‍ ചുരുക്കം ചില മലയാളി സുഹൃത്തുക്കളൊഴികെ.

ഞാനും സജീവും ജോസഫും ജോര്‍ജ്ജും ജഗദീഷും ഹരിഗോപനും ഒക്കെ രൂപേഷിന്റെ കൂടെ ജോലി ചെയ്യുന്ന മലയാളികളാണു്‌. ചുരുങ്ങിയപക്ഷം പുകവലിയെങ്കിലും നിര്‍ത്താന്‍ ഞങ്ങളെന്നും അവനെ നിര്‍ബന്ധിക്കും. ഞാനും ജോസഫും അവന്റെ കയ്യില്‍ സിഗററ്റു കണ്ടാല്‍ പിടിച്ചുവാങ്ങി നിലത്തിട്ടു്‌ ചവിട്ടിയരക്കും. അതുകൊണ്ടു്‌ ഞാന്‍ കാണാതെ ഒളിച്ചും പാത്തുമാണു്‌ അവന്റെ സിഗററ്റുവലി.

അങ്ങിനെ ആ ശബരിമല സീസണ്‍ എത്താറായി. ഞങ്ങള്‍ രൂപേഷിനോടു്‌ മാലയിടാന്‍ പറഞ്ഞു. ഒന്നുമല്ല, കുറച്ചുദിവസത്തേക്കെങ്കിലും ചീത്തസ്വഭാവങ്ങള്‍ മാറ്റിവെക്കുമല്ലൊ. ആദ്യമൊക്കെ "ഏയ്‌ പറ്റില്ല" എന്നുപറഞ്ഞു്‌ ഒഴിഞ്ഞുമാറി നടന്നു.

എന്നാല്‍ ഒരു ദിവസം ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ടു്‌ രൂപേഷ്‌ മാലയിട്ടു. പിന്നീടാണു്‌ ആ രഹസ്യം മൂപ്പര്‍ വെളിപ്പെടുത്തിയതു്‌. വീട്ടുകാരും അവനെ മാലയിടാന്‍ നിര്‍ബന്ധിച്ചുവത്രെ. എന്തോ നേര്‍ച്ച നേര്‍ന്നെന്നോ മറ്റോ ആണു്‌ കാരണം. അങ്ങിനെ ഗത്യന്തരമില്ലാതെയാണു്‌ മാലയിട്ടതു്‌. നേര്‍ച്ചയുടെ ഒരു വ്യവസ്ഥ 41 ദിവസത്തെ വ്രതാചരണമായതുകൊണ്ടു്‌ ആളിപ്പൊ വളരെ നീറ്റ്‌ ആണു്‌.

എന്തൊരു മാറ്റമായിരുന്നു പിന്നീടങ്ങോട്ടു്‌!. രാവിലെ അഞ്ചരക്കു്‌ എന്നുമെഴുന്നേല്‍ക്കും. ഉടനെ കുളി. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കും. അതുകഴിഞ്ഞു്‌ പ്രാതല്‍. പിന്നെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടു്‌ നേരെ ആപ്പീസിലേക്കു്‌. കൃത്യം 9 മണിക്കു്‌ ആള്‍ ഹാജര്‍. ഇടക്കു്‌ സിഗററ്റുവലിക്കു്‌ സ്കോപ്പില്ലാത്തതുകൊണ്ടു്‌ ഒരു ചായ മാത്രം പത്തരക്കു്‌ കഴിക്കും. പന്ത്രണ്ടരക്കു്‌ ശരവണഭവനില്‍ ഊണു്‌. തിരിച്ചുവരുന്ന വഴി ബീഡി-സിഗററ്റു്‌-മുറുക്കാന്‍ കടയിലേക്കു്‌ മനഃപൂര്‍വം നോക്കാതെ നടക്കും. അഥവാ നോക്കിപ്പോയാല്‍ ഒരു നെടുവീര്‍പ്പിടും. തലതാഴ്തി വീണ്ടും നടക്കും.

ആദ്യമാദ്യം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു രൂപേഷിനു്‌. സിഗററ്റുവലിയുടെ നേരമായാല്‍ വല്ലാത്ത വിമ്മിഷ്ടം. പോരാത്തതിനു്‌ സ്ഥിരം സഹവലിയന്മാരായ ടോണി, കനകഭാസ്കര്‍ മുതലായവര്‍ പോക്കറ്റില്‍ തട്ടിക്കൊണ്ടു്‌ എഴുന്നേറ്റു പുറത്തുപോകുമ്പോള്‍ നിരാശ. ഊണു കഴിഞ്ഞു പുറത്തു വരുമ്പോള്‍ ഓരോരുത്തര്‍ നിന്നു്‌ സിഗററ്റു വലിക്കുന്നതു കാണുമ്പോള്‍ വായില്‍ വെള്ളം നിറയുന്നത്രെ. വീട്ടിലെത്തിയാലാണു്‌ കൂടുതല്‍ കഷ്ടം. സഹമുറിയന്മാര്‍ക്കു്‌ കള്ളു്‌ ഏരെ പത്ഥ്യമാണു്‌. അവര്‍ എന്നും മുറതെറ്റാതെ പരിശീലിക്കുകയും ചെയ്യും.

"എനിക്കു്‌ പെരാന്തായിട്ടു്‌ വയ്യ!"

പക്ഷെ ഏറെ താമസിയാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ രൂപേഷ്‌ പഠിച്ചു. നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതുകൊണ്ടു്‌ നേരത്തെ വിശക്കും. അങ്ങിനെ കൃത്യസമയത്തു്‌ ഭക്ഷണം സാധാരണയില്‍ കൂടുതല്‍ കഴിക്കും. അതോടെ ആരോഗ്യം മെച്ചപ്പെട്ടു. സമയാസമയത്തു്‌ ഭക്ഷണം കഴിക്കുന്നതുകൊണ്ടു്‌ കള്ളുകുടിക്കാനുള്ള ആസക്തി കുറഞ്ഞു. പുകവലി ഒഴിവാക്കിയതുകൊണ്ടു്‌ നാവിനു്‌ രുചി വീണ്ടും വന്നു.

എന്തോ കാരണങ്ങളാല്‍ 41 ദിവസം വ്രതം കഴിഞ്ഞും രൂപേഷിനു്‌ മലകയറാനായില്ല. നാട്ടില്‍ നിന്നുള്ള ഒരു സംഘത്തിന്റെ കൂടെയാണു്‌ കെട്ടുനിറയും ടെമ്പോ യാത്രയും മറ്റും. അവരുടെ യാത്ര നീണ്ടു. ഒരു രണ്ടു്‌ മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമാണു്‌ ശബരിമല യാത്ര ശരിയായതു്‌.

കുളിച്ചു ശുദ്ധനായി, ഭക്തരില്‍ ഭക്തനായി രൂപേഷ്‌ മലചവിട്ടി. കാട്ടിലെ യാത്ര മനസ്സിനു്‌ കുളിരേകി. മലദര്‍ശനം ആശങ്കകളകറ്റി. പതിനെട്ടാംപടി പുത്തനുണര്‍വു്‌ നല്‍കി. സ്വാമിദര്‍ശനം അതിരില്ലാത്ത സന്തോഷം നല്‍കി.

തിരികെ മലയിറങ്ങുമ്പോള്‍ രൂപേഷിന്റെ മനസ്സു്‌ ശാന്തമായിരുന്നു. ടെമ്പോയില്‍ തിരിച്ചുകയറി നാട്ടിലേക്കു്‌ യാത്ര തുടങ്ങുമ്പോഴും ശാന്തമായ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു.

അതായതു്‌, പോകുന്ന വഴിക്കു്‌ ആ ബോര്‍ഡ്‌ കാണുന്ന വരെ:

'ബാര്‍'

"വണ്ടി നിറുത്തിയാട്ടേ!" അതൊരു അലര്‍ച്ചയായിരുന്നു!

സഡന്‍ ബ്രേക്കിട്ടു്‌ വണ്ടി നിന്നു. സകലരും തിരിഞ്ഞുനോക്കി. രൂപേഷിന്റെ മുഖത്തു്‌ ജെറിയെ കണ്ട ടോമിന്റെ ഭാവം.

"ആടെ നിന്നാള. ഞാനൊന്നു്‌ പോയിറ്റ്‌ ഇപ്പൊ വെരാം"

പിന്നെ ഒരോട്ടമായിരുന്നു. അതവസാനിച്ചതു്‌ ബാര്‍ കൌണ്ടറില്‍. കൌണ്ടറില്‍ ഇടിച്ചു്‌ നില്‍പ്പുറപ്പിച്ച ആളെ അത്ഭുതത്തോടെ ബാര്‍ടെണ്ടര്‍ നോക്കുമ്പോള്‍ രൂപേഷ്‌ പാരവശ്യത്തോടെ മൊഴിഞ്ഞു.

"ഒരു ലാര്‍ജ്‌. സോഡ വേണ്ട"

ബാറുകാരനു്‌ സംശയം.

"സര്‍, പാര്‍സലാണോ? മറ്റാര്‍ക്കെങ്കിലുമാണോ?"

"സംശയം വേണ്ട. നിക്കു്‌ തന്ന്യാ"

"എങ്കി സ്വാമി ആ മാല ഊരിക്കോളു. അതിട്ടിട്ടു്‌ വേണ്ട. ഓരോ ആചാരങ്ങളേ മ്മളായിറ്റ്‌.."

കേട്ട നിമിഷം തന്റെ കഴുത്തിലെ മാലയൂരി പോക്കറ്റിലിട്ടു്‌ ടപ്പേന്നു്‌ നില്‍പ്പനടിച്ചു്‌ കാശു്‌ കൌണ്ടറിലടിച്ചു്‌ ചുണ്ടുതുടച്ചു്‌ പഴയപോലെ അതേ സ്പീഡില്‍ ടെമ്പോയില്‍ ഓടിക്കയറി രൂപേഷ്‌ വിളിച്ചുപറഞ്ഞത്രെ:

"വണ്ടി വിട്ടോളി. നിര്‍ത്താറായാലു്‌ ഞമ്മളു്‌ പറഞ്ഞോളാ.."

Sunday, October 24, 2010

കണ്ടതും കേട്ടതും അറിഞ്ഞതും - 2

"സുഹൃദ്‌ബന്ധങ്ങൾ പലതരത്തിലുണ്ടു്. ഇപ്പൊ നമ്മൾ ഊണു് കഴിക്കാൻ പോകുന്നു എന്നു് വെക്കുക. ഊണു് കഴിക്കാൻ കൂടെ ഒരാൾ വരുന്നു. ഛെ, അയാൾ വരേണ്ടായിരുന്നു, ഒറ്റക്കു് പോകുന്നതായിരുന്നു അതിലും നല്ലതു് എന്നു് തോന്നുന്നതു് ഒരുതരം ബന്ധം. ഉം, കൂടെ വന്നോട്ടെ, ഒറ്റക്കു് കഴിക്കുന്നതിന്റെ മുഷിപ്പു് മാറിക്കിട്ടുമല്ലോ എന്നു തോന്നുന്നതു് വേറൊരു തരം. ഊണുകഴിക്കാൻ കൂടെ വന്നാലും ഇല്ലെങ്കിലും വലിയ വ്യത്യാസമില്ല എന്നുള്ളതു് ഇനിയൊരു തരം. ഓ, അവനിത്തിരി വൈകും എന്നു് പറഞ്ഞു; അവനു് വേണ്ടി കാത്തിരിക്കാം; ഇന്നാളു് എനിക്കു് വേണ്ടി അവൻ കാത്തുനിന്നതാണു്. ഇതു് മറ്റൊരു തരം. അവനല്ലേ, എന്നും ഒപ്പം വരുന്നതല്ലേ, ഇന്നൊരു ദിവസം ധൃതികാരണം അവനെ കൂടാതെ ഞാൻ ഊണുകഴിച്ചാലും അവനു് എന്നെ മനസ്സിലാവും എന്നു് ചിന്തിക്കുന്നതു് മറ്റൊരു തരം. ഏയ്‌ അതല്ല, അവൻ കൂടെ വേണം. തിരക്കുണ്ടെങ്കിലും ശരി, അവനു് വേണ്ടി കാത്തുനിൽക്കാം; ഒരുമിച്ചു് ഊണു് കഴിക്കാം എന്നു കരുതുന്നതു് ഇനിയൊരു തരം. പക്ഷെ ഇതിൽ നിന്നൊക്കെ ഉൽകൃഷ്ടം, അവന്റെ കൂടെയേ ഞാൻ ഊണു കഴിക്കൂ; അവനു് വേണ്ടെങ്കിൽ എനിക്കും വേണ്ട എന്നു് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരമത്രേ"

Thursday, September 30, 2010

റിട്ടേൺ ഗിഫ്റ്റ്‌

അങ്ങിനെ ഈ ബ്ലോഗിനു് ഒരു വയസ്സു തികഞ്ഞു. കഴിഞ്ഞ ഒരു വർഷം നേടിയെടുത്ത സുഹൃദ്‌ബന്ധങ്ങളും അവരിലൂടെ ലഭിച്ച പ്രോൽസാഹനങ്ങളും വളരെ വലുതാണു്. ഓരോരുത്തർക്കും നന്ദി.

ഇത്തവണത്തെ കഥ മറ്റൊരു പിറന്നാളിന്റെയാണു്.

എന്റെ മകൾ ഉറുമ്പിന്റെ ബർത്ത്‌ഡേ ആയിരുന്നു. ഫ്ലാറ്റിൽ ചെറിയതോതിൽ ആഘോഷമുണ്ടു്. ഫ്ലാറ്റിലുള്ള കുട്ടികളെ മുഴുവൻ വിളിച്ചതുകൂടാതെ ചില കൂട്ടുകാരേയും വിളിച്ചിട്ടുണ്ടു്.

ബാംഗ്ലൂരിലൊക്കെ പതിവുള്ള ഒരു ചടങ്ങാണു് റിട്ടേൺ ഗിഫ്റ്റ്‌. ഏതെങ്കിലും ആഘോഷങ്ങൾക്കു് അതിഥികൾ വന്നാൽ സാധാരണ അവർ സമ്മാനങ്ങൾ കൊണ്ടുവരും. ഇതു്, വരുന്ന അതിഥികൾക്കു് "നിങ്ങൾ വന്നൂലോ, സന്തോഷായിട്ടൊ!" എന്നുപറഞ്ഞുകൊണ്ടു് അങ്ങോട്ടു് കൊടുക്കുന്ന സമ്മാനമാണു്. റിട്ടേൺ ഗിഫ്റ്റ്‌.

റിട്ടേൺ ഗിഫ്റ്റ്‌, ആഘോഷത്തിനു് വരുന്ന കുട്ടികൾക്കു് മാത്രം കൊടുത്താൽ മതി എന്നാണു് വെച്ചതു്.

കഴിയുന്നതും ഒരേ സാധനം തന്നെ - ഇപ്പൊ കളർ പെൻസിലോ പെൻസിൽ സെറ്റോ നല്ല റബ്ബർ പന്തോ ഒക്കെയാവാം - വാങ്ങുന്നതാണു് നല്ലതു്. അല്ലെങ്കിൽ കുട്ടികൾ തമ്മിൽ "എനിക്കിതാ കിട്ട്യേ, നിനക്കോ?" എന്നൊരു ചോദ്യം പരസ്പരം ചോദിക്കുകയും "എനിക്കീ പെൻസിൽ വേണ്ട, ദാ അവനു് കൊടുത്തമാതിരി ക്രിക്കറ്റ്‌ ബാറ്റ്‌ മതി" മുതലായ നിർബന്ധ ബുദ്ധി പ്രകടിപ്പിക്കുകയും അടിപിടി, കരച്ചിൽ മുതലായ ഔപചാരികതകൾ നിർവഹിക്കുകയും ചെയ്യും.

പക്ഷെ ഭാര്യ കുഴിയാന വരുന്ന കുട്ടികളുടെ കൃത്യം എണ്ണവും പ്രായവും അറിയാം എന്നവകാശപ്പെട്ടുകൊണ്ടു് "ഈ പ്രായക്കാർക്കു് ചെറിയ സ്റ്റിക്കർ, ഇത്തിരീങ്കൂടി മുതിർന്നോർക്കു് ചിത്രം വരക്കാനുള്ള പുസ്തകം" എന്നിങ്ങനെ 4-5 ഐറ്റംസ്‌ വാങ്ങാൻ തീരുമാനിച്ചു. സുപ്രീം കോടതിയ മറികടന്നു് ഒരു കോടതിയില്ലാത്തതിനാൽ കാറിന്റെ താക്കോലെടുത്തു് വെറുതേ വട്ടം കറക്കി സാരഥിയുടെ സീറ്റിൽ കയറിയിരുന്നു് കുഴിയാനയും ഉറുമ്പും വരുന്നതു് കാത്തിരുന്നു.

ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്താണു് ജയനഗർ ബിഗ്‌ ബസാർ. അവിടെ സാധനങ്ങൾക്കൊക്കെ കുറച്ചു വിലക്കുറവുണ്ടു്.

അടുത്തടുത്തായി ബാംഗ്ലൂർ സെൻട്രൽ മാളും വുഡ്ഡീസ്‌ ഹോട്ടലും മണിപ്പാൽ ഹോസ്പിറ്റലും ഉണ്ടെന്നും അവിടെവരുന്നവരൊക്കെ വണ്ടി ഇവിടെ പാർക്ക്‌ ചെയ്യുമെന്നും അറിയാമെങ്കിലും ബിഗ്‌ ബസാറിൽ പാർക്കിംഗ്‌ സൗകര്യമില്ലാത്തതുകൊണ്ടാണു് റോഡിൽ തന്നെ വണ്ടി നിർത്തിയതു്. മറ്റുള്ളവർക്കു് അസൗകര്യമുണ്ടാക്കേണ്ട എന്നുകരുതി ഒരു പോസ്റ്റിനോടു് ചേർത്തു് റിവേർസ്‌ എടുത്താണു് നിർത്തിയതു്.

സാധനങ്ങളൊക്കെ വാങ്ങിവന്നപ്പോഴേക്കു് രാത്രിയായി. നോക്കുമ്പോഴാണു് പ്രശ്നം.

എന്റെ കാറിനു് തൊട്ടുമുന്നിൽ മറ്റൊരു കാർ.

ഇനിയിപ്പൊ അതെടുക്കാതെ എന്റെ കാർ എടുക്കാൻ പറ്റില്ല. ആ കാറിലാണെങ്കിൽ ആരുമില്ല. ഇനി അതിന്റെ ഉടമസ്ഥൻ വരാതെ ഒന്നും നടക്കില്ല.

ഉറുമ്പിന്റെ പിറന്നാളിനു് വിളിച്ചവരെ ഒക്കെ ഒന്നുകൂടി വിളിച്ചു് ഓർമ്മിപ്പിച്ചു. വീട്ടിലേക്കു് ഒന്നു് വിളിച്ചു. ഒന്നൊന്നര മാസമായി കഴുകിയിട്ടില്ലാത്ത കാറിന്റെ പിൻചില്ലു് തുടച്ചു. കുറച്ചുദിവസമായി പ്രവർത്തനരഹിതമായ ബ്രേൿലൈറ്റ്‌ സ്വയം ശരിയായിട്ടില്ലെന്നു് ഉറപ്പുവരുത്തി.

എന്നിട്ടും മറ്റേകാറിന്റെ ഉടമസ്ഥൻ തിരിച്ചെത്തിയില്ല എന്ന വൈക്ലബ്യത്തിൽ പെട്ടെന്നു് ഇരട്ടിച്ച ദേഷ്യത്തിലാണു് ചാടിക്കേറി ഒരു ടയറിന്റെ കാറ്റഴിച്ചുവിട്ടതു്.

ശൂ്.. എന്ന ശബ്ദത്തിൽ ചക്രത്തിൽനിന്നു് വായു ബഹിർഗ്ഗമിക്കുന്നതു് ഉറുമ്പിനു കാണിച്ചുകൊടുക്കുന്നതിനിടയിൽ അവൾ കൈകൊട്ടിച്ചിരിക്കുന്ന ശബ്ദം കേട്ടാണു് കുഴിയാന അങ്ങോട്ടു് വന്നതു്.

"നിങ്ങൾക്കെന്താ പ്രാന്താണോ മനുഷ്യാ?"

"പ്രാന്ത്‌ എനിക്കല്ല, ഇവിടെ കാർ നിർത്തിയിട്ടവനാ! വേറൊരാൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണോ കാർ നിർത്തേണ്ടതു്?"

"അതല്ല. ഇനിയിപ്പൊ ഇതിന്റെ ഡ്രൈവർ വന്നാലും ടയർ മാറ്റിയിടാതെ വണ്ടിയെടുക്കാൻ പറ്റുമോ? നിങ്ങളുടെ വിഡ്ഢിത്തം കാരണം ഇപ്പൊ കുറേക്കൂടി സമയം ഇവിടെ കിടക്കാം!"

ഐ? അയ്യോ.. ശരിയാണല്ലോ. ഞാനെന്തൊരു വിഡ്ഢ്യാ! ഇത്ര ആലോചിക്കാനുള്ള ബുദ്ധി എനിക്കുണ്ടായില്ലല്ലോ!

വിയർത്തുപോയതു്, "ഇനിയിപ്പൊ വണ്ടിക്കു് സ്റ്റെപ്പിനിയും ജാക്കുമൊക്കെ ഉണ്ടോ ആവോ?" എന്നു് കുഴിയാനയുടെ ഉറക്കെയുള്ള ആത്മഗതം കേട്ടാണു്.

പണ്ടാരം! ഞാനിത്ര വകതിരിവില്ലാത്തവനായിപ്പോയല്ലോ!

ഞാനും കുഴിയാനയും മുഖത്തോടുമുഖം നോക്കി നിൽക്കുകയും ഉറുമ്പ്‌ "അച്ഛാ, അമ്മേ, നോക്കു! നിലത്തു് എണീറ്റു് നിൽക്കുകയായിരുന്ന കാർ ഇരുന്നതുപോലെ!" എന്നാഹ്ലാദിക്കുകയും ചെയ്യുന്നതിനിടക്കു് സകല സസ്പെൻസും പൊളിച്ചുകൊണ്ടു് കാറിന്റെ ഉടമസ്ഥനെത്തി.

അയാളെ ഞാൻ ഒന്നു് നോക്കി.

ഒരു 75 വയസ്സ്‌ പ്രായം വരും. ക്ലീൻ ഷേവ്‌. കട്ടിക്കണ്ണട. കഷണ്ടി തൊട്ടു-തൊട്ടില്ല എന്നമട്ടിൽ തല. നല്ല തേജസ്‌. പാണ്ഡിത്യം വിളിച്ചോതുന്ന കണ്ണുകൾ. ചുരുക്കത്തിൽ ഒരു ജ്യോതിബസു ലുക്‌!

"ഓ സോറി. നിങ്ങൾക്കു് ബുദ്ധിമുട്ടായല്ലോ? ക്ഷമിക്കുട്ടൊ. എന്റെ കൊച്ചുമോനു് വല്ലാത്ത പനി. അവനെ ഡോക്റ്ററെ കാണിക്കാൻ മണിപ്പാൽ ആശുപത്രിയിൽ വന്നതാ. വേറെ സ്ഥലമൊന്നും കിട്ടിയില്ല വണ്ടിയിടാൻ. നേരം വൈകി. ഡോക്റ്റർ പോകുമോ എന്നു പേടിച്ചു. അപ്പോയിന്റ്‌മെന്റും എടുക്കാൻ സാധിച്ചില്ല. അതുകൊണ്ടാ ഇത്തിരി സ്ഥലം കണ്ടപ്പൊ വേഗം പാർക്ക്‌ ചെയ്തതു്. നിങ്ങളെത്തിയാൽ വിളിക്കാൻ സൗകര്യത്തിനു് ഞാനെന്റെ ഫോൺ നമ്പർ എഴുതി വൈപ്പറിന്റെ അടിയിൽ വച്ചിരുന്നു. ശ്രദ്ധിച്ചില്ലായിരുന്നോ?"

ശ്രദ്ധിച്ചില്ലായിരുന്നു. ഇരുട്ടായതുകൊണ്ടാണു്. പോരാത്തതിനു് ചെറിയൊരു കഷ്ണം കടലാസായിരുന്നു.

"ഞാനുടനെ കാറെടുക്കാം. ഒരു മിനുട്ട്‌"

വടിവിഴുങ്ങിയ പോലെ നിൽക്കുന്ന എന്നെ മറികടന്നു് കുഴിയാന അയാൾക്കു് "പഞ്ചറായ" ടയർ കാണിച്ചുകൊടുത്തു. എന്നിട്ടു് ഉറുമ്പിനെ എടുത്തു് കുറച്ചു മാറിനിന്നു. "അച്ഛൻ ചെയ്തതാ!" എന്നു് അവൾ പറയുമോ എന്നു് സംശയിച്ചു, അതുകൊണ്ടു് മാറി നിന്നതാണു് എന്നു് പിന്നീട്‌ പറയുകയും ചെയ്തു.

"അയ്യോ, ഇവിടെ പാർക്ക്‌ ചെയ്യുമ്പൊ പ്രശ്നമില്ലായിരുന്നൂലോ, എന്താണാവൊ പറ്റിയതു?" മുതലായ സംശയപ്രകടനങ്ങൾ അയാൾ നടത്തുന്നതിനിടക്കു് ഞാൻ പതുക്കെ അയാളെ സമീപിച്ചു.

"കാറിൽ സ്റ്റെപ്പിനിയും ജാക്കുമൊക്കെയുണ്ടല്ലോ?"

"അതൊക്കെയുണ്ടു്. പക്ഷെ എനിക്കു് ടയർ മാറ്റിയിടാൻ വയ്യ. പുറംവേദനയുണ്ടു്. പ്രായമായില്ലേ? മോൻ ഒരു സഹായം ചെയ്യാമോ?"

ആത്മഗതം: മനസ്സിലായി. ഞാൻ ടയർ മാറ്റിയിടണം എന്നു്. അല്ലേ? കശ്മലൻ.

ഉറക്കെ: "ഞാൻ... ടയർ... അ... മാറ്റിയിടാൻ സഹായിക്കാം"

"വേണ്ട മോനെ. ഞാൻ പറയാൻ വന്നതു് അതല്ല. എന്റെ കൊച്ചുമോനെ കണ്ടില്ലേ? അവനു് നല്ല പനിയുണ്ടു്. വിരോധമില്ലെങ്കിൽ അവനെ കുറച്ചുസമയം നിങ്ങളുടെ കാറിലിരുത്തുമോ? അപ്പോഴേക്കു് ഞാൻ പോയി ഒരു മെക്കാനിക്കിനെ കൊണ്ടുവരാം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യരുതെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളതു്. പക്ഷെ നിങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ. പ്ലീസ്‌"

ഞാൻ കൊച്ചുമകനെ നോക്കി. മങ്കിക്യാപ്പ്‌ ധരിച്ചു് വാടിയ മുഖവുമായി നിൽക്കുന്ന പയ്യൻ. ഒരു 13-14 വയസ്സുവരും.

എത്ര നല്ല മനുഷ്യൻ. എന്തൊരു മാന്യൻ. സ്വന്തം ബുദ്ധിമുട്ടുകൾ അവഗണിച്ചു് ഒരു മെക്കാനിക്കിനെ അന്വേഷിച്ചു് പോകുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥക്കു് ഞാനല്ലേ കാരണം?

പ്രായശ്ചിത്തം ചെയ്യണം. മനസ്സിലെവിടെയോ ഒരു കുറ്റബോധം.

കൊച്ചുമോനെ എന്റെ കാറിൽ ഇരുത്തി. ഓട്ടൊസ്റ്റാൻഡ്‌ ലക്ഷ്യമാക്കി നടക്കുകയായിരുന്ന മുത്തച്ഛതുല്യനായ ആ മനുഷ്യന്റെ അടുത്തുചെന്നു് പതുക്കെ അദ്ദേഹത്തെ വിളിച്ചു.

"വരൂ, ടയർ ഞാൻ മാറ്റിത്തരാം"

അദ്ദേഹത്തിന്റെ എത്തിർപ്പുകൾ അവഗണിച്ചു് സ്റ്റെപ്പിനിയും ജാക്കും പുറത്തിറക്കുമ്പോൾ എന്റെയടുത്തു് കുഴിയാന വന്നുനിന്നു. അവളുടെ കണ്ണുകളിൽ അപ്പോൾ പരിഹാസമായിരുന്നില്ല. പ്രോത്സാഹനമായിരുന്നു.

എന്റെ റിട്ടേൺ ഗിഫ്റ്റ്‌.

വാൽ:

" 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ' എന്ന പഴംചൊല്ലിന്റെ അർത്ഥം ഉറുമ്പ്‌ ചോദിക്കുമ്പോൾ ഞാൻ നിങ്ങൾക്കു് പറ്റിയ അബദ്ധം അവൾക്കു് പറഞ്ഞുകൊടുക്കും"

വവ്വാൽ:

വീട്ടിലെത്തി വണ്ടിനിർത്തി പുറത്തിറങ്ങിയ എന്നെ ഉറുമ്പു് സ്വകാര്യമായി വിളിച്ചു

"അച്ഛാ, അതേയ്‌... നമ്മുടെ കാറിന്റെ ടയറിലും നമുക്കു് ശൂ ചെയ്യാം?"

സ്തബ്ധനായിനിന്ന എന്റെ ചെവിയിൽ അവൾ തുടർന്നു:

"അമ്മ കാണേണ്ട!"

Tuesday, August 10, 2010

ഇടപ്പള്ളിയിലെ ബ്ലോഗ്‌ കൂടിക്കാഴ്ച

ബ്ലോഗ്‌ മീറ്റ്‌ എന്നു് കേട്ടിട്ടേ ഉള്ളു. ആകെ പങ്കെടുത്ത ഒരു ചെറിയ ബ്ലോഗ്‌ മീറ്റ്‌ എനിക്കെതിരായി കലാശിച്ചപ്പോൾ ഇത്തരം മീറ്റിംഗുകളുടെ പ്രസക്തിയപ്പറ്റി ഞാൻ ആശങ്കപ്പെട്ടിരുന്നു. എന്നാലും "ഒന്നിൽ പിഴച്ചാൽ മൂന്നു്" എന്ന തത്വം നിലനിൽക്കുമോ എന്നറിയാൻ വേണ്ടിയാണു് ഇടപ്പള്ളി മീറ്റിനു വരാം എന്നു് ചാണ്ടി വിളിച്ചപ്പോൾ സമ്മതിച്ചതു്.

അങ്ങിനെ ശനിയാഴ്ച രാവിലെ തന്നെ ചാണ്ടിയുടെ വീട്ടിലേക്കു് കെട്ടിയെടുക്കുകയായിരുന്നു. "ഹാവൂ, ഇന്നലെ മുതൽ കേൾക്കുന്നതാണു് ഇങ്ങിനെ ഒരാളെ പറ്റി. ഇപ്പൊ നേരിൽ കാണാൻ കഴിഞ്ഞൂലോ, നന്നായി!" എന്നുപറഞ്ഞ അവന്റെ ഭാര്യയെക്കൊണ്ടു് 24 മണിക്കൂറിനുള്ളിൽ അവസാനത്തെ വാക്കു് മാത്രം മാറ്റിപ്പറയിപ്പിക്കാൻ എനിക്കു് സാധിച്ചു എന്നുള്ളതു് ഒരു നേട്ടമായി കണക്കാക്കപ്പെടുന്നു.

അങ്ങിനെ ഞായറാഴ്ച പുലർന്നു. തലേന്നു് രാത്രി കുറേ സമയം കോളേജിലെ വിശേഷങ്ങൾ പറഞ്ഞിരുന്നു് കിടക്കാൻ വൈകിയതുകൊണ്ടു് ഞാൻ എഴുന്നേൽക്കാനും താമസിച്ചു. കണ്ണു തിരുമ്മി എഴുന്നേറ്റു നോക്കുമ്പോഴുണ്ടു് ഒരു ചുവന്ന ജുബ്ബയിട്ടു് ചാണ്ടി എന്റെ മുൻപിൽ!

"ബ്ലോഗ്‌ മീറ്റിനിടാൻ കഴിഞ്ഞയാഴ്ച്ച പ്രത്യേകം വാങ്ങിയതാ!"

ഞാൻ ധരിച്ചിരുന്ന, ജീൻസെടുത്താൽ ഫ്രീ എന്ന ഓഫറിൽ കിട്ടിയ ടീ ഷർട്ടിലേക്കു് ആദ്യം ചാണ്ടിക്കുഞ്ഞും പിന്നീടു് തിരിച്ചറിവുണ്ടായ ഞാനും ഒന്നു് നോക്കി.

സമയം ഏഴരയേ ആയിട്ടുള്ളു. നമുക്കു് മനോരാജിനെ ഒന്നു് വിളിച്ചാലോ? മീറ്റിന്റെ തൽസമയ സംപ്രേക്ഷണം കിട്ടുമല്ലോ.
നോക്കുമ്പൊ മനോരാജ്‌ ഹോട്ടൽ ഹൈവേയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു!

"എന്തേയ്‌ ഇത്ര നേരത്തേ എത്തിയതു്?"

"ഏയ്‌, ഞാൻ ഇന്നു് എത്താൻ ലേറ്റായി. ബാക്കിയുള്ളവരൊക്കെ കുറേ നേരമായി ഇവിടെയുണ്ടു്!"

ഞാനും ചാണ്ടിയും പരസ്പരം നോക്കി. ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കൽ നമുക്കു് പറഞ്ഞിട്ടുള്ളതല്ല എന്ന മ്യൂച്വൽ അണ്ടർസ്റ്റാന്റിങ്ങിലെത്തി.

ഡോക്റ്റർ ജയേട്ടൻ വിളിച്ചു. "മക്കളേ, ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീവണ്ടി ഏതാനും നിമിഷങ്ങൾക്കുള്ളിൽ സൗത്ത്‌ സ്റ്റേഷനിലെ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ തമ്പടിക്കും. എന്താ വേണ്ടതു്?"

കേട്ടപാടെ, ജയേട്ടനെ കണ്ടിട്ടില്ലാത്ത ചണ്ടി തന്റെ സ്കോർപ്പിയോ ലക്ഷ്യമാക്കി പാഞ്ഞു. കഴിഞ്ഞ തവണ ജയേട്ടനെ കണ്ട ക്ഷീണം മാറിവരുന്ന ഞാൻ അത്രക്കു് ശുഷ്കാന്തി കാണിക്കാതെ പുട്ടും കടലയും കഴിക്കുന്നതിൽ കോൺസണ്ട്രേറ്റ്‌ ചെയ്യുന്നതു കണ്ടു് ചാണ്ടിയുടെ ധർമ്മപത്നി "ചിതൽ ഒപ്പം പോവുന്നില്ലേ?" എന്നു് എന്നോടു പരസ്യമായും "ഇന്നലെ തുടങ്ങിയ കഴിപ്പാ, കടലക്കൂട്ടാൻ മുഴുവൻ തീർന്നൂലോ ഈശോയേ" എന്നു് ചാണ്ടിയുടെ കസിൻ ടോണിയോടു് രഹസ്യമായും പറയുന്നതു് ഞാൻ കേട്ടു് ആസ്വദിച്ചു ബോധിച്ചു ഒപ്പു് (സെ).

ജയേട്ടനെ കൂട്ടി നേരെ ബ്ലോഗ്‌ മീറ്റിന്റെ തിരുമുറ്റത്തേക്കു്. റജിസ്റ്റരേഷൻ കൗണ്ടറിൽ യൂസുഫ്പാ. അവിടേയും ഇവിടേയും ഓടിനടക്കുന്ന പ്രവീൺ വട്ടപ്പറമ്പത്തു്, മനോരാജ്‌, ഹരീഷ്‌ തൊടുപുഴ, പാവപ്പെട്ടവൻ മുതലായവർ.

ജയേട്ടൻ വന്നപാടെ ഒപ്പം കൊണ്ടുനടക്കാറുള്ള ലാപ്റ്റോപ്‌ തുറന്നുവെച്ചു് പ്രവീണിന്റെ കൂടെ ലൈവ്‌ സ്റ്റ്രീമിംഗ്‌ സെറ്റാക്കുന്ന ജോലിയിൽ വ്യാപൃതനായി. ഞാനും ചാണ്ടിയും പരസ്പരം "കളറുകളൊക്കെ കുറവാ, തിരിച്ചുപോയി കുറച്ചുകഴിഞ്ഞു വന്നാലോ?" എന്നാലോചിച്ചു. ജയേട്ടനെ ലൈവ്‌ സ്റ്റ്രീമിങ്ങിൽ നിന്നു് അടർത്തിമാറ്റാൻ കുറച്ചു പാടുപെട്ടു (അങ്ങേർക്കു് ചികിൽസയിലുള്ള അത്രതന്നെ കമ്പം കമ്പ്യൂട്ടറിലും ഉണ്ടെന്നു തോന്നുന്നു).

അധികം ആരും എത്തിയിട്ടില്ല. ചാണ്ടിയുടെ ഫ്ലാറ്റാണെങ്കിൽ ഇവിടെ അടുത്തുമാണു്. അവിടെ ഒന്നു പോയി കുടുംബത്തേയും പരിചയപ്പെട്ടു് വേഗം തിരിച്ചു വരാം എന്നു് തീരുമാനിച്ചു.

ചാണ്ടിയുടെ ഫ്ലാറ്റിൽ എത്തിയപ്പൊ ജയേട്ടനെ ഡോറിൽ നിറുത്തിയിട്ടു് ഞാനും ചാണ്ടിയും ഒളിച്ചുനിന്നു. ഒരു സെക്കൻഡ്‌ കഴിഞ്ഞപ്പോൾ ചാണ്ടിയുടെ പത്നി വാതിൽ തുറന്നു ജയേട്ടന്റെ മുഖത്തേക്കു് സൂക്ഷിച്ചു നോക്കി.

ജയേട്ടൻ സന്ദർഭത്തിനൊത്തു് ഉയർന്നു.

"അമ്മാ, നമസ്കാരം. അമ്മക്കു് എന്നെ മനസ്സിലായിക്കാണില്ല എന്നു് എനിക്കറിയാം. അതിനു് കാരണം, നമ്മൾ തമ്മിൽ മുൻപരിചയമില്ല എന്നതാണു്. ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം. അതിനു മുൻപു്.."

"ചാണ്ടി ഇവിടില്ല. പോയിട്ടു് പിന്നെ വരൂ"

"അമ്മാ അങ്ങിനെ പറയരുതു്.."

"ഞാൻ വാതിലടക്കട്ടെ..."

"ഭവതി തെറ്റിദ്ധരിക്കില്ലെങ്കിൽ..."

"ഈ എൻസൈക്ലോപീഡിയ വിൽക്കാൻ വന്നവരെയൊക്കെ സെക്യൂരിറ്റി എന്തിനാണാവോ മുകളിലേക്കു് കയറ്റി വിടുന്നതു്?" ജയേട്ടന്റെ കയ്യിലിരുന്ന ബാഗ്‌ കണ്ടതുകൊണ്ടായിരിക്കാം, അതൊരു ആത്മഗതമായിരുന്നു.

ഇത്രയുമായപ്പൊ ഞങ്ങൾക്കു് ചിരി അടക്കാൻ വയ്യാതായതുകൊണ്ടു് കള്ളി വെളിച്ചത്തായി. മുന്നിൽ നിൽക്കുന്നതു് എൻസൈക്ലോപീഡിയ വിൽക്കാൻ വന്ന സെയിൽസ്‌മാനല്ലെന്നും ഒരു ആയുർവ്വേദ ഡോക്റ്റരാണെന്നും അറിഞ്ഞ ചാണ്ടിയുടെ പത്നി (അവർ ഹോമിയോ ഡോക്റ്റരാണു്) പിന്നെ അദ്ദേഹവുമായി സാങ്കേതിക തലത്തിൽ കുറച്ചു സംഭാഷണം നടത്തി.

"പോളിപ്സ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നതാണോ നല്ലതു്?"

"വിരോധമില്ല"

"എക്സിമയുടെ സിംട്ടംസ്‌ കണ്ടു തുടങ്ങിയാൽ ചികിൽസ എങ്ങിനെ കൊണ്ടുപോകുന്നതാണു് ആയുർവ്വേദ ലൈൻ?"

"ചെമ്പരുത്യാദി എണ്ണ കൂട്ടി തടവാം"

"മുടി നൈസർഗ്ഗികമായി വളരാൻ.."

"നാൽപ്പാമരാദി എണ്ണ പരീക്ഷിച്ചിട്ടുണ്ടോ?"

"ലവണതൈലം.."

ഇത്രയുമായപ്പോൾ ഇവരുടെ സംഭാഷണം കേട്ടു് ഒന്നും മനസ്സിലാവാതെ ടിവിയിൽ ടോം ആൻഡ്‌ ജെറി കണ്ടുകൊണ്ടിരുന്ന ഞങ്ങൾ ചാടിയെഴുന്നേൽക്കുകയും "ബ്ലോഗ്‌ മീറ്റിനു പോവാനാണു് നമ്മൾ ഇവിടെ വന്നതു്" എന്നു വിനീതമായി വൈദ്യനെ ഓർമ്മപ്പെടുത്തുകയും ചെയ്തതിന്റെ ഭാഗമായി ഞങ്ങൾ വീണ്ടും സ്കോർപ്പിയോ പുക്കു.

തിരിച്ചു ബ്ലോഗ്‌ മുറ്റത്തെത്തിയപ്പൊ കുറേ ആളുകൾ വന്നിരുന്നു് ചായ കുടിക്കുകയും പാവപ്പെട്ടവൻ പ്രസംഗിക്കുകയും ചെയ്യുന്നതു കണ്ടു. ജയേട്ടൻ വീണ്ടും ലൈവ്‌ സ്റ്റ്രീമിംഗിലേക്കു് ആകൃഷ്ടനായി അവിടേക്കു് തെന്നിനീങ്ങി. ഞാനും ചാണ്ടിയും പതുക്കെ ഓരോ കസാലകളിൽ സ്ഥാനം പിടിച്ചു.

ഓരോരുത്തരായി സ്വയം പരിചയപ്പെടുത്താൻ തുടങ്ങി. യാതൊരു ഔപചാരികതയും ഇല്ലാതെ വളരെ ഫ്രീ ആയ ഒരു അന്തരീക്ഷമായിരുന്നു അവിടെ. സജ്ജീവേട്ടനേയും കുമാരനേയും അപ്പുകുട്ടനേയും ഇസ്മായിലിനേയും ഹാഷിമിനേയും മുരളിയേയും കൊട്ടോട്ടിക്കാരനേയും കാപ്പിലാനേയും നന്ദനേയും ലച്ചുവിനേയും തോന്ന്യാസിയേയും സാദിഖിനേയും അതുപോലുള്ള പേരുമാത്രം കേട്ടുപരിചയമുള്ള്‌ കുറേ പേരെ ഞാൻ ആദ്യമായാണു് കാണുന്നതു്. സജ്ജീവേട്ടനെ കൊണ്ടു് ഒരു പടം വരപ്പിക്കണം.

അകാലത്തിൽ നമ്മെ വിട്ടുപോയ രമ്യക്കും ജ്യോനവനും ഒക്കെ വേണ്ടി സദസ്സു് ഒരു നിമിഷം മൗനം ആചരിച്ചു. തുടർന്നു് ബൂലോകകാരുണ്യം പോലുള്ള സദ്പ്രവർത്തികൾ അനുസ്മരിക്കപ്പെട്ടു.

അതിനിടക്കു് ലൈവ്‌ സ്റ്റ്രീമിംഗ്‌ കണ്ടുകൊണ്ടിരുന്ന പല ബ്ലോഗർമാരും ഫോൺ ചെയ്തു് ബ്ലോഗ്‌ മീറ്റിലുള്ള തങ്ങളുടെ പരോക്ഷസാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. വളരെ നന്നായി തോന്നിയ ഒരു സംഭവമാണു് ലൈവ്‌ സ്റ്റ്രീമിംഗ്‌. അല്ലെങ്കിൽ ഇടക്കു വീഡിയോഗ്രാഫർമാർ കണ്ണുമഞ്ഞളിപ്പിക്കുന്ന ലൈറ്റും പിടിച്ചു നടന്നേനെ. ഇതിപ്പൊ അതുണ്ടായില്ല! മാത്രമല്ല, ലോകത്തിന്റെ നാനാദിക്കിൽ നിന്നും പലരും ലൈവ്സ്റ്റ്രിമിംഗ്‌ വഴി മീറ്റ്‌ കണ്ടു എന്നും അറിയാൻ കഴിഞ്ഞു.

ഒരു പക്ഷെ സജ്ജീകരണങ്ങളൊരുക്കാനോ ടെസ്റ്റ്‌ ചെയ്യാനോ വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ടാകാം, ലൈസ്‌ സ്റ്റ്രീമിംഗ്‌ ചിലർക്കെങ്കിലും കുറച്ചു സ്ലോ ആയിരുന്നു എന്നൊരു പരാതി ആരോ പറയുന്നതു കേട്ടു. അടുത്ത മീറ്റ്‌ സംഘടിപ്പിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.

ബ്ലോഗിണിമാരുടെ പങ്കാളിത്തം തുലോം വളരെ കുറവായിരുന്നു. എന്നാലും വന്നവർ വളരെ സജീവമായിരുന്നു.
മുരുകൻ കാട്ടാക്കട സ്വയം ഒരു ബ്ലോഗർ എന്ന നിലക്കു പരിചയപ്പെടുത്തിയില്ല എന്നുള്ളതു് ഒരു വലിയ പോരായ്മയായി തോന്നി. അദ്ദേഹം പറഞ്ഞ ചില വാക്കുകളോടും യോജിക്കാൻ വയ്യ. "വാക്കുകൾ കൊണ്ടു് ജാലം തീർക്കുന്നവർ" മാത്രമാണോ ബ്ലോഗർമാർ? എങ്കിൽ സമൂഹത്തിലുള്ള നോൺ-ബ്ലോഗർമാരായ കവികളും കഥാകൃത്തുക്കളും നിരൂപകരും ആരും വാക്കുകൊണ്ടു് ജാലം തീർക്കുന്നില്ലേ ആവോ? ബ്ലോഗർമാർ മറ്റു പല തരത്തിലും സമൂഹത്തെ സേവിച്ചുകൊണ്ടിരിക്കുന്ന കാര്യം നമ്മൾ വിസ്മരിക്കരുതു്. അതിലെ ഉദ്ദേശശുദ്ധിയെ കണ്ടെത്തി പ്രോൽസാഹിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ആക്ഷേപിക്കാതിരിക്കുന്നതല്ലേ ഉചിതം?

സദസ്സു് ഓടിനടന്നു് മറ്റുള്ളവരുമായി പരിചയപ്പെടുന്നതു കണ്ടു. ഞാനും ചാണ്ടിയും വീണ്ടും പരസ്പരം നോക്കി. ജയേട്ടൻ ഓടിനടന്നു് കണ്ണിൽ കാണുന്നവർക്കൊക്കെ കൈ കൊടുക്കുന്നു. ഫേമസ്‌ ബ്ലോഗർ ആയിരുന്നെങ്കിൽ എനിക്കും ഇതൊക്കെ ആവാമായിരുന്നു (നെടുവീർപ്പു്)

സജ്ജീവേട്ടൻ തന്റെ ചാരുത പുറത്തെടുത്തു കഴിഞ്ഞു. അദ്ദേഹത്തെ ചുറ്റി ഒരു ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടുവരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന കടലാസ്‌ നല്ലതല്ലായിരുന്നു എന്നു് തോന്നുന്നു. പ്രവീൺ വട്ടപ്പറമ്പത്തു് ഒരു വണ്ടിയിൽ ചാടിക്കേറി നല്ല ക്വാളിറ്റി പേപ്പർ സംഘടിപ്പിക്കാൻ പാഞ്ഞുപോയി.

ചാണ്ടി ഒരു പുകയെടുക്കാൻ പുറത്തുപോയപ്പോൾ അവനെ അവന്റെ ആരാധകവൃന്ദം അനുഗമിച്ചു. ഞാൻ ഒറ്റക്കായി.

ചുറ്റും നോക്കിയപ്പൊ കുമാരൻ സംഭവം കയ്യിൽപ്പിടിച്ചു നിൽക്കുന്നു - കുമാരസംഭവങ്ങൾ എന്ന പുസ്തകം പിടിച്ചു നിൽക്കുന്നു. പതുക്കെ മൂപ്പരെ സമീപിച്ചു.

"ങ്ങടെ ഫോളോവറാണു്.."

"അതിയോ? കണ്ടാപ്പറയില്ലട്ടോ!"

"താങ്ക്സ്‌! ഒരു പുസ്തകം കൈയൊപ്പോടുകൂടി തരൂ"

"തരാലോ"

കുമാരനുമായി കുറച്ചുസമയം കത്തിവെച്ചു. കാട്ടാക്കടയുടെ കവിതയും സദസ്സിന്റെ കൈയ്യടിയും ഉച്ചസ്ഥായിയിലായിരിക്കുന്നു.

"എന്നാ ഇനി എല്ലാർക്കും ഊണു കഴിക്കാം"

അതു കേട്ടപ്പൊ ഞാൻ ഓടി. നല്ല ഫുഡ്ഡിംഗ്സ്‌ ആയിരുന്നു. മീൻ കറിയിലും കോഴിക്കറിയിലും സ്പെഷ്യലൈസ്‌ ചെയ്തു മാസ്റ്റേർസ്‌ ബിരുദമെടുത്തു.

പ്രവീൺ എത്തിച്ചുകൊടുത്ത കട്ടിക്കടലാസിൽ സജ്ജീവേട്ടൻ അപ്പോഴും തന്റെ കരവിരുതു് തുടർന്നുകൊണ്ടിരുന്നു. അതൊരു കാണേണ്ട കാഴ്ച്ച തന്നെയാണേയ്‌. ആദ്യം നമ്മുടെ തൊഴിലിനെപ്പറ്റി ചോദിക്കും. അതിൽ നിന്നുമാണു് കാരിക്കേചർ ഉണ്ടാവുന്നതു്. വരക്കുമ്പോൾ അദ്ദേഹം ഇടക്കിടക്കു് ഒരു നിമിഷാർദ്ധം മാത്രം നമ്മളെ നോക്കും. കൂടുതലും തല വെട്ടിച്ചുള്ള ഒരു ചെറിയ നോട്ടം എന്നു് വിശേഷിപ്പിക്കാം. തീർന്നു. ഒരു മിനുട്ടിനുള്ളിൽ ഒരു മനോഹര കാരിക്കേച്ചർ പിറവിയെടുക്കുകയായി!

ചാണ്ടി സജ്ജീവേട്ടന്റെ മുൻപിൽ ചെന്നിരുന്നു.

"എന്താ ചെയ്യാറു്?"

"മദ്യപാനമാണു് വീട്ടിലെത്തിയാൽ ചെയ്യാറു്"

"മുഷിയില്ല. എന്നാലും മദ്യം സംഘടിപ്പിക്കൻ ഒരു മാർഗ്ഗം ഉണ്ടാവുമല്ലോ?"

"അധ്യാപകനാണു്"

"ങാഹ!"

മതി. അത്രയും കേട്ട സജ്ജീവേട്ടൻ ഒരു മിനുട്ടു് കഴിഞ്ഞപ്പോൾ ചാണ്ടിയെ ഒരു കാരിക്കേച്ചർ ഏൽപ്പിച്ചു. ടൈയ്യും കെട്ടി ഒരു ബ്ലാക്‌ ബോർഡിനു മുൻപിൽ നിന്നു് വാചകക്കസർത്തു് നടത്തുന്ന ചാണ്ടി!

ഉച്ചക്കുള്ള സെഷൻ തുടങ്ങിയിരുന്നു. പാവപ്പെട്ടവൻ കവിത ചൊല്ലി.

ഞങ്ങൾക്കു് അധികസമയം ഇല്ലായിരുന്നു. കുമാരനും തോന്ന്യാസിക്കും നാലേകാലിനായിരുന്നു തിരിച്ചുപോകാനുള്ള വണ്ടി. ജയേട്ടനു് അഞ്ചേകാലിനും. അതുകൊണ്ടു് രണ്ടരയായപ്പോൾ ഞങ്ങൾ അവിടെ നിന്നു് പതുക്കെ വലിഞ്ഞു. മനോരാജിനോടും പ്രവീണിനോടും മാത്രം യാത്ര പറഞ്ഞു.

ചാണ്ടിയുടെ വീട്ടിൽ നടത്തിയ പരാക്രമത്തിനെക്കുറിച്ചു് ചെറിയ ഒരു വിവരണം കുമാരൻ ഇട്ടിട്ടുണ്ടു്.

ആകെക്കൂടി ഒരു നല്ല മീറ്റ്‌ ആയിരുന്നു. സ്ഥലസമയസാമൂഹികപരിമിതികൾ മറികടന്നു് ചിന്തിച്ചാൽ ഇതിന്റെ സംഘാടകർ പ്രശംശയർഹിക്കുന്നുണ്ടു്. ഇത്രയും വിപുലമായ ഒരു തോതിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഒരു പുതിയ സ്ഥലം കണ്ടുപിടിച്ചു് വിജയകരമായി ഒരു മീറ്റ്‌ നടത്താനായി എന്നതിൽ അവർക്കഭിമാനിക്കാം. ഒപ്പം ആദ്യമായി ലൈവായി പലരും കണ്ട ബ്ലോഗ്‌ മീറ്റ്‌ കൂടിയായി ഇതു്.

കുമാരനേയും തോന്ന്യാസിയേയും ജയേട്ടനേയും സ്റ്റേഷണിൽ കൊണ്ടുവിടാൻ പോകുമ്പോൾ അരോ - ആരാ എന്നു് ഞാൻ പറയില്ല, നിങ്ങളൂഹിച്ചുകൊള്ളണം - പറയുന്നതുകേട്ടു:

"ദേ ഒരു ഉജാലക്കുപ്പി നടന്നു പോകുന്നു!"

അതു കേട്ടതും ചാണ്ടിയുടെ നിയന്ത്രണം പോയി. എന്തോ കാരണത്താൽ അവന്റെ കൈയിലിരുന്ന സ്റ്റിയറിംഗ്‌ വല്ലാതെ വെട്ടുകയും ആ വഴിക്കു വരികയായിരുന്ന ഒരു പെട്ടി ആട്ടോറിക്ഷയുടെ പെട്ടിയിൽ പോയി ഉമ്മവെക്കാൻ ശ്രമിക്കുകയും ചെയ്തു. പാവം ആട്ടോക്കാരൻ തന്റെ ജീവിതമാർഗ്ഗത്തെ വെട്ടിച്ചു് രക്ഷിച്ചുകൊണ്ടുപോയി.

സമയത്തിനു് സ്റ്റേഷനിലെത്തി. ഇളം ക്ടാങ്ങൾക്കു് ടിക്കറ്റെടുത്തു് അവരെ വണ്ടിയിൽ കയറ്റിയിരുത്തിയെന്നു് ജയേട്ടൻ പിന്നീടു് ദൂരഭാഷിണിയിൽ അറിയിച്ചു.

അങ്ങിനെ ആദ്യമായി ഞാൻ ഒരു ബ്ലോഗ്‌ മീറ്റിൽ പങ്കെടുത്തു!

(ഇതു വായിച്ചപ്പൊ നിങ്ങൾക്കു് തോന്നിയിട്ടുണ്ടാവും ഞാൻ കുമാരന്റെ ഒരു ഫാനാണെന്നു്. അതെ, ഞാൻ അങ്ങേരുടെ ഒരു ഫാനാണു്. എന്താ കുഴപ്പം?)

Thursday, July 15, 2010

ഒരാഴ്ച - 3


"കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"


(ഒന്നാം ഭാഗവും രണ്ടാം ഭാഗവും വായിച്ചിരിക്കുമല്ലോ?)

SP: "വരൂ. ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്‌ വന്നു. നിങ്ങളൂഹിച്ച മാതിരി സിഗററ്റിൽ തന്നെയായിരുന്നു വിഷക്കൂട്ടു്. ആട്ടെ, ഏറ്റെടുത്ത കാര്യമെന്തായി? നിങ്ങൾക്കെന്തങ്കിലും തുമ്പു് കിട്ടിയോ?"

DySP: "ഉവ്വു് സാർ. ഈ കേസിൽ ഒന്നൊഴികെയുള്ള എല്ലാ തുമ്പുകളും എനിക്കു് കിട്ടിക്കഴിഞ്ഞു. കൊലയാളി ആരെന്നും വ്യക്തമാണു്. എന്റെ സംശയങ്ങൾ എന്നെ എങ്ങിനെ ഇവിടെയെത്തിച്ചു എന്നതു് ഞാൻ പറയുന്നതിനു മുൻപു് സർ ഈ ഡയറിയൊന്നു് വായിക്കണം. സോമന്റെ ജ്യേഷ്ഠന്റെ കയ്യിൽ നിന്നു് ഞാൻ കണ്ടെടുത്ത ഡയറി. മുഴുവൻ പേജുകൾ വായിക്കണമെന്നില്ല. ഞാൻ ചില പേജുകൾ അടയാളപ്പെടുത്തിയിട്ടുണ്ടു്. അതിൽ അടിവരയിട്ട ഭാഗം മാത്രം വായിച്ചാൽ മതിയാകും"

SP കറുത്തു് തടിച്ച ഡയറി കയ്യിലെടുത്തു. അതിലെ വടിവൊത്ത അക്ഷരങ്ങൾ തെളിഞ്ഞു.

കൊ.വ. 1138 ചിങ്ങം 3

...പറഞ്ഞു് ഞാനിന്നു് സത്യന്റേയും ശാരദയുടേയും ഇപ്പോഴത്തെ അഡ്രസ്‌ മനസ്സിലാക്കി. ഇല്ല. വർഷമിത്ര കഴിഞ്ഞിട്ടും എനിക്കതൊന്നും മറക്കാനാവില്ല. ഒരാൾക്കു് താങ്ങാവുന്നതിലപ്പുറം സങ്കടം അവരിരുവരും എനിക്കു് തന്നിട്ടുണ്ടു്. എന്നാൽ അതിലൊന്നും അവരൊരിക്കലും പശ്ചാത്തപിച്ചിരുന്നതായി എനിക്കു് തോന്നിയിട്ടില്ല. അവർക്കു് എന്തു് ശിക്ഷയാണു് മതിയാവുക? എന്റെ ജീവിതം തൊലച്ച ദ്രോഹികൾ...

കൊ.വ. 1138 ചിങ്ങം 28

ഞാൻ തീരുമാനിച്ചുകഴിഞ്ഞു. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവരിരുവരും അർഹിക്കുന്നില്ല. ശാരദ സത്യനെ അപേക്ഷിച്ചു് ചെയ്ത തെറ്റു് കുറവായിരിക്കാം. എന്നാൽ മാനസികമായി എന്നെ കൂടുതൽ പീഢിപ്പിച്ചതവളാണു്...

കൊ.വ. 1138 കന്നി 7

സത്യനു് കത്തെഴുതി പോസ്റ്റ്‌ ചെയ്തു. വിശേഷങ്ങൾ മാത്രമേ ചോദിച്ചുള്ളു. പഴയതൊന്നും അവനോർക്കാൻ വഴിയില്ല. അവന്റെ ഫോൺ നംബർ അയച്ചുകിട്ടിയാൽ നേരിട്ടു് വിളിക്കാം. അല്ലെങ്കിൽ അവനു് വീണ്ടും കത്തെഴുതാം..

കൊ.വ 1138 കന്നി 18

..ശാരദക്കു് വേണ്ടി ഞാൻ തയ്യാറാക്കിയിരിക്കുന്നതു് strychnine കൊണ്ടുള്ള മരണമാണു്. മരണം അവൾക്കു് കൈപ്പേറിയ അനുഭവമാകട്ടെ. എന്നാൽ ഏറ്റവും ദുഃസ്വാദുള്ള ആ വസ്തു അവളെക്കൊണ്ടു് കഴിപ്പിക്കുക അസാധ്യമാവും. അതിനു് ഞാനൊരു വഴി കണ്ടിട്ടുണ്ടു്. കാപ്സ്യൂളിൽ ഈ പൊടിയിട്ടു് നൽകുകയാണു് ഉത്തമം. ഒരു മരുന്നെന്ന നിലക്കു് അവൾ അറിയാതെ അതു് കഴിക്കണം. വരട്ടെ. അവൾ എത്തിയാൽ എന്തെങ്കിലും കാരണം പറഞ്ഞു് അവളെ കാപ്സ്യൂൾ തിന്നാനേൽപ്പിക്കണം. എന്തു് കാരണവുമാവാം. മുഖത്തു് വിളർച്ചയുണ്ടെന്നും പറഞ്ഞു് കൊടുക്കാം. പിന്നെ ഒരു 10 കാപ്സ്യൂൾ കൊടുക്കുമ്പോൾ ഒന്നിൽ മാത്രമേ വിഷം നിറക്കാവു. അല്ലെങ്കിൽ വന്നയുടനെ അവൾ മരിക്കും. എനിക്കു് രക്ഷപ്പെടാൻ സമയം കിട്ടില്ല. മാത്രമല്ല എന്തെങ്കിലും സംശയം തോന്നി അന്വേഷണമുണ്ടായാൽ ഞാൻ പെട്ടെന്നു് അകപ്പെടരുതു്. പക്ഷെ സത്യന്റെ മരണം .. അതെങ്ങിനെ നടത്തും?

1138 തുലാം 4

... ഇല്ല. Epsom salt വെച്ചുള്ള പരീക്ഷണം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണു്..

.. സത്യന്റെ മറുപടി വന്നു. ഫോൺ നംബർ തന്നിട്ടുണ്ടു്. ആ വൃത്തികെട്ടവനുമായി ഞാൻ സംസാരിച്ചു. ഈ മലമുകളിലാണു് ഞാനെന്നറിഞ്ഞപ്പോൾ അവനു് ഇങ്ങോട്ടു് വരാൻ ആഗ്രഹമുണ്ടത്രെ! വരട്ടെ. അവനെ അവിടെ പോയി കൊല്ലുന്നതിലും നല്ലതു് ഇവിടെ വരുത്തി കൊല്ലുന്നതാണു്...

1138 തുലാം 11

...സത്യനും ശാരദയും അടുത്ത മാസം വരുമത്രെ. ഇതുവരെ സത്യനെ കൊല്ലാനുള്ള പദ്ധതി ശരിയായില്ലല്ലോ...

1138 തുലാം 14

..മതി. ശാരദക്കു് കൊടുക്കുന്ന vitamin കാപ്സ്യൂൾ തന്നെ സത്യനും കൊടുക്കാം. ചാവട്ടെ രണ്ടും..

1138 തുലാം 19

..പുതിയ ഒരു തന്ത്രം കിട്ടിയിട്ടുണ്ടു്..

1138 തുലാം 22

.. അതെ. അതുമതി. സിഗററ്റിൽ മെർക്യൂറിക്‌ സൈനൈഡ്‌. ചൂടു് തട്ടുമ്പോൾ ഹൈഡ്രജൻ സൈനൈഡും മെർക്ക്യുറി വേപ്പറും ഉണ്ടാകും. നേരെ ശ്വാസകോശത്തിൽ.. ഭും! ഒരു നിമിഷം മതി..

1138 തുലാം 28

സുകുമാരന്റെ തെങ്ങിൻതോപ്പിനിടക്കുള്ള പുരയിടം വാടകക്കെടുത്തിട്ടുണ്ടു്. ഒരാഴ്ച അവർക്കവിടെ താമസിക്കണമത്രെ. ഒരു കാര്യം വ്യക്തം. പഴയതൊന്നും അവർക്കോർമ്മയില്ല. വേണ്ട. അതാണു് നല്ലതു്. അന്ത്യനിമിഷത്തിലും അവർ അറിയാതിരിക്കട്ടെ, എന്തിനാണവർ മരിക്കുന്നതെന്നു്...

1138 വൃശ്ചികം 3

..ഒരാഴ്ചക്കുള്ളിൽ അവരെത്തും. ഞാനാലോചിക്കാഞ്ഞ കാര്യം, സിഗററ്റിൽ എങ്ങിനെ വിഷം നിറക്കും എന്നാണു്. മെർക്യൂറിക്‌ സൈനൈഡ്‌ ലായനിയാണു്. ഒരു സിറിഞ്ജിൽ നിറച്ചു് സിഗററ്റിൽ ചേർക്കാനാകുമോ ആവോ. നാളെ പരീക്ഷിക്കാം..

1138 വൃശ്ചികം 8

..എല്ലാം ശരിയായി. അവരെത്തുന്നതിന്റെ അടുത്ത ദിവസം മദ്രാസിലുള്ള കോൺഫറൻസിന്റെ പേരു് പറഞ്ഞ്‌ഉ് രക്ഷപ്പെടണം. മിനിയാന്നു് എറണാകുളത്തുനിന്നു് എന്റെ തന്നെ പേരിൽ ആശുപത്രിയിലേക്കു് റജിസ്റ്റേർഡ്‌ പോസ്റ്റയച്ചിട്ടുണ്ടു്; മദിരാശിയിൽ കോൺഫറൻസ്‌ എന്നു പറഞ്ഞു്. അതു് പറഞ്ഞു് അവർ എത്തുന്നതിന്റെ അടുത്ത ദിവസം തന്നെ മുങ്ങണം.

DySP: "സർ, ഇവിടെ ഒരൽപം വിശദീകരണം ആവശ്യമാണു്. മെർക്യൂറിക്‌ സയനൈഡ്‌ ഒരു antiseptic ആയി അപൂർവമായി ഉപയോഗിക്കാറുണ്ടു്. ഏതാണ്ടു് 320 ഡിഗ്രിയിൽ അതു് വിഘടിച്ചു് മെർക്കുറിയും ഹൈഡ്രജൻ സയനൈഡും ഉണ്ടാകും. ഇവ രണ്ടും ശരീരത്തിനു് ഹാനികരമാണു്. ഒരു സിഗററ്റ്‌ കത്തുമ്പോൾ 400 മുതൽ 700 ഡിഗ്രി വരെ ചൂടുണ്ടാകും. അതായതു് സിഗററ്റിൽ മെർക്കൂറിക്‌ സയനൈഡ്‌ ഉണ്ടെങ്കിൽ സിഗററ്റ്‌ കത്തിച്ചുവലിക്കുന്നതിനിടയിൽ ഒരാൾക്കു് മരിക്കാം!"

"അതുപോലെ ശാരദ മരിച്ചതു് എങ്ങിനെയെന്നു് വ്യക്തമാണു് സർ. സോമൻ മുൻകൂട്ടി തയ്യാറാക്കിയിരുന്ന കാപ്സ്യൂളുകൾ ശാരദ തന്നെ ടെന്നിസ്‌ എൽബോയുടെ കാര്യം പറഞ്ഞു് വാങ്ങിയതായി നസീർ പറഞ്ഞു. ചുരുക്കത്തിൽ ഡോക്ടരെ സംബന്ധിച്ചിടത്തോളം അവരുടെ ചികിൽസക്കുള്ള സമീപനം തേടിയ വള്ളി കാലിൽ ചുറ്റിയ അനുഭവമായി"

SP: "വിചിത്രമായിരിക്കുന്നു! മരിച്ചുപോയ ഒരാൾ ദിവസങ്ങൾ കഴിഞ്ഞു് കൊല നടത്തുക! അതും രണ്ടു കൊല. അസാധ്യം! നിങ്ങളിതെങ്ങിനെ കണ്ടുപിടിച്ചു? എന്തൊക്കെയാണു് അതിനു് സഹായിച്ച ഘടകങ്ങൾ?"

DySP: "സാർ ശ്രദ്ധിച്ചു കേൾക്കണം. ആദ്യത്തെ ദിവസം സോമൻ അതിഥികളെ കൂട്ടാൻ വരുമ്പോൾ കൈയ്യിൽ മെഡിക്കൽ ബാഗുണ്ടായിരുന്നതായി സുകുമാരൻ പറഞ്ഞിരുന്നു. സുഹൃത്തുക്കളെ കാണാൻ വരുന്നയാൾ മെഡിക്കൽ ബാഗ്‌ കൈയിൽ കരുതുന്നതെന്തിനു്? പാമ്പുകടിയേറ്റ ശേഷം നസീർ ആ ബാഗ്‌ ആശുപത്രിയിൽ മറന്നുവെക്കുകയായിരുന്നു. അതിനുള്ളിൽ നിന്നു് കണ്ടെടുത്ത സിറിഞ്ജിൽ മെർക്യൂറിക്‌ സയനൈഡിന്റെ അംശം ഫോറൻസിക്കുകാർ കണ്ടെത്തിക്കഴിഞ്ഞു"

"മറ്റൊന്നു്, നമ്മൾ സംശയിച്ച പോലെ സുകുമാരന്റേയും നസീറിന്റേയും അപരിചിതത്വമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യനും ശാരദയും വെറും രണ്ടു മനുഷ്യർ. അവരോടു് വിരോധം തോന്നേണ്ട കാര്യം ഇരുവർക്കുമില്ല"

"മൂന്നു് - വിഷക്കൂട്ടുകൾ. Strychnine അപൂർവമായി ചില മിശ്രിതങ്ങളിൽ ഉറക്കമരുന്നായി ഉപയോഗിക്കാറുണ്ടെന്നു് അന്വേഷണത്തിൽ വ്യക്തമായി. അതുപോലെ മെർക്ക്യൂറിക്‌ സയനൈഡും. ഇവ രണ്ടും അനായാസമായി ലഭിക്കുകയും കൈകാര്യം ചെയ്യുകയും ഉണ്ടെങ്കിൽ അതൊരു ഡോക്ടറാവാനാണു് സാധ്യത"

"നാലു്, സത്യനേയും ശാരദയേയും ഡോക്ടർ വിളിച്ചുവരുത്തുകയായിരുന്നു. അയാൾക്കു് മാത്രമേ വരുന്നവരെക്കുറിച്ചു് അറിവുണ്ടായിരുന്നുള്ളു. സുകുമാരനെ സംബന്ധിച്ചിടത്തോളം സോമന്റെ ഏതോ രണ്ടു കൂട്ടുകാർ വരുന്നു എന്നേയുള്ളു"

"അഞ്ചു്, പാമ്പുകടിച്ചുള്ള മരണം ഒരു സ്വാഭാവികസംഭവമാകാനാണു് സാധ്യത. ഒരാളെ കൊല്ലാൻ പാമ്പിനെ പിടിച്ചു് കടിക്കാനേൽപ്പിക്കുന്നതു് വളരെ ദുഷ്കരമാണു്. മിക്കവാറും ആ ശ്രമം പാഴാവുകയേയുള്ളു"

"ഇത്രയും കാര്യങ്ങൾ വെച്ചു് ഞാനൊരു തീരുമാനത്തിലെത്തി. പ്രത്യക്ഷമായോ പരോക്ഷമായോ സോമൻ കൊലപാതകങ്ങളിൽ പങ്കാളിയാണെന്നു്. രണ്ടു മരണങ്ങളും നടന്നിരിക്കുന്നതു് വിഷം ഉള്ളിൽ ചെന്നാണു്. വിഷം നേരത്തേ കൂട്ടി വച്ചിരിക്കാം. ഒരു കത്തിക്കുത്തു് നടന്നെങ്കിൽ ഒരാൾ നേരിട്ടു് വന്നു് നടത്തുന്നതാവണം. എന്നാൽ വിഷം ഉള്ളിൽ ചെന്നുള്ള മരണത്തിൽ എപ്പോഴാണു് ആ വിഷം തയ്യാർ ചെയ്യപ്പെട്ടതു് എന്നു് കൃത്യമായി പറയുക അസാധ്യമാകും. അതാണു് ഈ കൊലകളുടെ പിന്നിലുള്ള രഹസ്യവും"

"നടന്ന കാര്യങ്ങൾ നമുക്കൂഹിക്കാം. ശാരദ വിഷമടങ്ങുന്ന ഗുളികകൾ സോമനിൽ നിന്നു് വാങ്ങുന്നു. പിന്നീടെപ്പോഴോ - സത്യൻ ഉച്ചക്കുള്ള സർക്കീട്ട്‌ കഴിഞ്ഞുവന്നു് വിശ്രമിക്കുമ്പോഴോ മറ്റോ - സോമൻ അയാളുടെ സിഗററ്റ്‌ ടിൻ കൈക്കലാക്കുന്നു. കൂടുതൽ സാധ്യത, തന്റെ സ്വാതന്ത്ര്യമുപയോഗിച്ചു് സോമൻ വെറുതെ സത്യൻ നോക്കിനിൽക്കെ തന്നെ ആ ടിൻ എടുത്തിരിക്കും എന്നാണു്. പിന്നെ സിഗററ്റിൽ വിഷം നിറക്കുക എളുപ്പമുള്ള കാര്യമായിരുന്നു"

"എന്റെ അന്വേഷണങ്ങളിൽ ഇത്രയും തയ്യാറായി കൊലനടത്തുന്ന ഒരാളെ ആദ്യമായാണു് സർ, ഞാനഭിമുഖീകരിക്കുന്നതു്. മാസങ്ങൾ നീളുന്ന തയ്യാറെടുപ്പു്. പല പദ്ധതികൾ പരീക്ഷിച്ചു് പിന്മാറാതെ ഒരിക്കലും പാഴാവാത്ത ഒരു നൂതനവിദ്യ അയാൾ തന്നെ ഉരുത്തിരിച്ചെടുത്തിരിക്കുന്നു. അതിന്റെ തെളിവാണു്, സ്വയം ഇല്ലാതിരുന്നിട്ടുകൂടി വിജയകരമായി അയാൾ ഈ കൊലകൾ പൂർത്തിയാക്കിയതു്. തന്റെ ലക്ഷ്യത്തിലെത്താൻ ഇത്രയും പ്രയത്നിക്കുന്ന ഇയാൾ തന്റെ ബുദ്ധി നല്ല കാര്യങ്ങൾക്കുപയോഗിച്ചിരുന്നെങ്കിൽ..."

SP: "അപ്പോഴും ഒരു പ്രശ്നം ബാക്കി നിൽക്കുന്നു. അല്ലേ?"

DySP: "അതെ സർ. 'എന്തിനു്' എന്ന ചോദ്യം. ഈ കൊലകൾക്കു പിന്നിലെ പ്രേരകശക്തി നമുക്കിപ്പോഴും അജ്ഞാതം. അതു് പറഞ്ഞുതരാൻ കഴിവുള്ള 3 പേരും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒരിക്കലും ഒരിക്കലും ആ സത്യം പുറത്തുവന്നുകൊള്ളണമെന്നില്ല. സോമന്റെ ജ്യേഷ്ഠനും ഇക്കാര്യത്തിൽ അജ്ഞനാണു്. കൂടുതലൊന്നും പ്രതീക്ഷിക്ക വയ്യ"

SP: "ഒരു കാര്യം കൂടി - ഈ ഡയറി കിട്ടുമെന്നും അതിൽ ഇങ്ങനെ കൊലയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരിക്കുമെന്നും നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ?"

DySP: "ഒരിക്കലുമില്ല സാർ. ഈ ഡയറിക്കുറിപ്പു് ഞാൻ ചിന്തിചിച്ചിരുന്നേയില്ല. എന്റെ ലക്ഷ്യം സോമന്റെ മെഡിക്കൽ ബാഗായിരുന്നു. അതിനുള്ളിൽ ഉണ്ടാകാവുന്ന വിഷക്കൂട്ടു്, കാപ്സ്യൂളിന്റെയോ strychnineന്റെയോ അവശിഷ്ടങ്ങൾ.. അത്രയും മതിയായിരുന്നു സർ, ഈ കേസ്‌ തെളിയിക്കാൻ. ഡയറി വെറും ബോണസ്‌ മാത്രം"

SP: "വെൽ ഡൺ. ഈ കേസ്‌ നമുക്കൊരു തിരിച്ചറിവാണു്. മരിച്ചവർ പോലും കൊലനടത്താം എന്ന സത്യം നാം മനസ്സിലാക്കുന്നു. നമ്മുടെ പോലീസ്‌ കുറ്റാന്വേഷണചരിത്രത്തിൽ ഈ കേസൊരു നാഴികക്കല്ലാണെന്ന കാര്യത്തിൽ എനിക്കു് സംശയമില്ല"

Tuesday, July 13, 2010

ഒരാഴ്ച - 2

(ഒന്നാം ഭാഗം ഇവിടെ)

"രണ്ടു് കൊലപാതകങ്ങൾ"



4 ദിവസം കഴിഞ്ഞിരുന്നു.

സോമന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നു് എല്ലാവരും മുക്തിനേടി വരുന്നു. സോമന്റെ ജ്യേഷ്ഠൻ മൃതദേഹം ഏറ്റുവാങ്ങി സ്വന്തം വീട്ടിലേക്കു് പോയിരുന്നു. സോമന്റെ മുറിയിൽനിന്നു് സാധനങ്ങൾ കൊണ്ടുപോകാനും മുറി തിരിച്ചേൽപ്പിക്കാനുമായി ജ്യേഷ്ഠൻ 3-4 ദിവസം കഴിഞ്ഞെത്തും എന്നറിയിച്ചിരിക്കുന്നു. ക്ഷേമമന്വേഷിക്കാൻ എന്നും സുകുമാരൻ രാവിലേയും വൈകിട്ടും സത്യനേയും ശാരദയേയും സന്ദർശിച്ചുകൊണ്ടിരുന്നു.

സോമന്റെ മരണം സംബന്ധിച്ചുള്ള കുറച്ചു് ഔപചാരികതകൾ അവസാനിപ്പിച്ചു് സത്യനും ശാരദയും പുറത്തിറങ്ങി. പകൽ മുഴുവൻ അവർ പല കാഴ്ചകളും കണ്ടു് നടന്നു. ആ സമയത്തു് നസീർ വീട്ടിലെ ജോലികൾ ചെയ്യുകയായിരുന്നു.

എന്തുപറ്റിയെന്നുറപ്പില്ല; പരസ്പരം വഴക്കിട്ടുകൊണ്ടാണു് അന്നു വൈകുന്നേരം സത്യനും ശാരദയും തിരിച്ചു് വീട്ടിൽ വന്നു കയറിയതു്. വന്നയുടനെ രണ്ടുപേരും മുറിയിൽ കയറി വാതിലടച്ചു. അകത്തുനിന്നും ഉറക്കെയുള്ള വർത്തമാനം കേൾക്കാമായിരുന്നു. എന്നാൽ വഴക്കിന്റെ കാരണം അപ്പോഴും വ്യക്തമായില്ല.

ഏതായാലും അന്നു് ശാരദ ആരോടും സംസാരിച്ചില്ല. ഭക്ഷണം കഴിക്കാൻ വരാതെ മുറിയിൽ തന്നെ അടച്ചിരുന്നു. അവരുടെ കുറവു് നികത്താനെന്നോണം സത്യൻ പതിവിലധികം മദ്യപിക്കുകയും ഒരുപാടു് ഭക്ഷണം കഴിക്കുകയും ചെയ്തു. അയാളും ഒന്നും സംസാരിച്ചില്ല. ഭക്ഷണം കഴിഞ്ഞു് വളരെ നേരം എന്തോ ആലോചിച്ചുകൊണ്ടു് അയാൾ ഹാളിൽ ഉലാത്തുന്നതുകണ്ടുകൊണ്ടാണു് നസീർ കിടക്കാൻ പോയതു്.

ഏതാണ്ടു് 12 മണിക്കു് എന്തോ ബഹളം കേട്ടാണു് നസീർ ഉണർന്നതു്. സത്യന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. നസീർ വാതിൽക്കലെത്തിയതും അതു് തുറന്നു് സത്യൻ പുറത്തുവന്നു. അയാൾ പരിഭ്രമിച്ചു വിളറിയിരുന്നു. മുറിയിൽ കടന്ന നസീർ കണ്ടതു് കട്ടിലിൽ കിടന്നു് പുളയുന്ന ശാരദയെ ആണു്. അവർ വല്ലാതെ ദുരിതമനുഭവിക്കുന്നതായി തോന്നി. വയറിൽ അമർത്തിപ്പിടിച്ചു് അവർ വേദനിച്ചു് നിലവിളിച്ചുകൊണ്ടിരുന്നു.

സത്യൻ തന്റെ കാർ പുറത്തിറക്കിയിരുന്നു. നസീറും അയാളും കൂടി ശാരദയെ താങ്ങി പിൻസീറ്റിൽ കിടത്തി. നസീർ വേഗം വീടു് പൂട്ടി. ഗ്രാമത്തിലെ ആശുപത്രി ലക്ഷ്യമാക്കി കാർ പാഞ്ഞു.

എന്നാൽ ആശുപത്രിയിലെത്തി കുറച്ചു സമയത്തിനുള്ളിൽ ശാരദ മരിച്ചു..

*   *   *   *   *

DySP: "വളരെ വിചിത്രമായിരിക്കുന്നു സർ. ശാരദയുടെ മരണം നടന്നിരിക്കുന്നതു് അതിമാരകമായ strychnine എന്ന വിഷം ഉള്ളിൽ ചെന്നാണു്. ഇതു് ഒരു പ്രത്യേക ചെടിയിൽ നിന്നാണുണ്ടാക്കുന്നതു്. ശരീരത്തിൽ ചെന്നാൽ രക്ഷപ്പെടാൻ സാധ്യതയില്ല എന്നുതന്നെ പറയാം. ശരീരത്തിൽ കടന്നു് ഏതാണ്ടു് 15 മിനുട്ടിനുള്ളിൽ അതു് പ്രവർത്തനം തുടങ്ങിയിരിക്കും. അതിന്റെ ലക്ഷണങ്ങളാണു് സത്യനും നസീറും പറഞ്ഞ, ശാരദ അനുഭവിച്ച ദുരിത പൂർണ്ണമായ അവസ്ഥ"

"ശാരദ ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാണു് ഉറങ്ങൻ കിടന്നതു്. ആ കാര്യം ശ്രദ്ധിക്കണം സാർ. കാരണം ആമാശയത്തിൽ എന്തു് എത്തിയാലും സ്വാംശീകരിക്കാൻ തയ്യാറായി ശരീരം കാത്തിരിക്കുകയാവും. ഇക്കാര്യം അറിഞ്ഞുകൊണ്ടാണോ ഈ വിഷം അവരിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നതു് എന്നു് സംശയിക്കേണ്ടിയിരിക്കുന്നു"

"പക്ഷെ ഒരു പ്രശ്നമുണ്ടു് സാർ. Strychnine മനുഷ്യനു് പരിചയമുള്ളതിൽ വച്ചു് ഏറ്റവും കൈപ്പുള്ള വസ്തുക്കളിൽ ഒന്നാണു്. വളരെ കുറഞ്ഞ അളവുകളിൽ പോലും - മില്ലിഗ്രാമുകളിൽ എടുത്താൽ പോലും - ഒരാൾക്കു് അതിന്റെ ദുഃസ്വാദു് അനുഭവപ്പെടും. എന്നിട്ടും വളരെയധികം തോതിൽ അതു് ശാരദയുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടു്"

"അല്ലെങ്കിൽ ആത്മഹത്യ ചെയ്യാനുറച്ചയാളാണെങ്കിൽ കൈപ്പു് സഹിച്ചും കഴിച്ചെന്നിരിക്കാം. പക്ഷെ അതു് വിശ്വസിക്കാൻ പ്രയാസമുണ്ടു്. എന്റെ ബലമായ സംശയം ഇതൊരു കൊലപാതകമാണു് എന്നാണു്"

SP: "എങ്കിൽ അതു് ചെയ്തിരിക്കാൻ സാധ്യതയുള്ള രണ്ടു് പേരാണുള്ളതു് - നസീറും സത്യനും. അവർ രണ്ടു പേരുടേയും മൊഴി പ്രകാരം നസീർ അടുക്കളയിലായിരുന്നു കിടന്നതു്; സത്യൻ ശാരദയുടെ കൂടെ മുറിയിലും. മാത്രമല്ല, നസീർ താൻ കിടക്കുന്നതിനേക്കാൾ നേരത്തേ കിടക്കാൻ പോയെന്നും സത്യൻ തറപ്പിച്ചു് പറയുന്നു"

DySP: "ശരിയാണു് സാർ. ആദ്യത്തെ സംശയങ്ങൾ സത്യന്റെ നേരെ വിരൽ ചൂണ്ടുന്നു. പോരാത്തതിനു് അവർ തമ്മിൽ ഇന്നലെ എന്തോ വഴക്കും നടന്നിരുന്നു. നസീറിനു് വഴക്കു് നടന്നു എന്നല്ലാതെ കാരണമറിയില്ല. സത്യൻ പറയുന്നതാകട്ടെ, ഇടക്കൊക്കെ പതിവുള്ള പോലെ ഒരു സാധാരണ കലഹം മാത്രമായിരുന്നു എന്നാണു്. ദേഷ്യം വന്നാൽ അതു് മാറുന്നതുവരെ ഒന്നും കഴിക്കാതെയും ആരോടും സംസാരിക്കാതെയും ഇരിക്കുക ശാരദയുടെ സ്വഭാവമായിരുന്നു എന്നാണു് സത്യന്റെ വാദം. പോരാത്തതിനു് നസീറിനു് ശാരദയെ കൊല്ലേണ്ട കാര്യമുള്ളതായി പ്രത്യക്ഷത്തിൽ നമുക്കറിവില്ല. എന്നാൽ ശാരദ ഒരു ധനിക കുടുംബത്തിലെയംഗമാണു്. അവരുടെ മരണത്തിൽ ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതു് സത്യനാണു്. ഞാനന്വേഷിച്ചിരുന്നു. ലക്ഷക്കണക്കിനു് രൂപയുടെ ആസ്തി സ്വന്തം പേരിലുണ്ടായിരുന്ന ഒരു ധനികയായിരുന്നു ശാരദ"

"പക്ഷെ ഒരു കാര്യം - വിഷം അവരെ നിർബന്ധിച്ചു് കഴിപ്പിച്ചതാവാൻ വഴിയില്ല. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണമില്ല. മാത്രമല്ല, വിഷം അതിന്റെ രൗദ്രത കാണിച്ചുതുടങ്ങിയ ഉടനെ ശാരദയെ ആശുപത്രിയിലെത്തിക്കാൻ സത്യൻ ആത്മാർത്ഥമായി ശ്രമിച്ചു എന്നാണു് നസീർ പറയുന്നതു്. അത്ര വേഗത്തിലാണു് അയാൾ വണ്ടിയോടിച്ചതത്രെ"

SP: "അതിൽ കാര്യമില്ല. ആശുപത്രിയിലെത്തിച്ചാലും മരിക്കുമെന്നു് ഉറപ്പുള്ള ഒരു വിഷം നൽകിയിട്ടു് അങ്ങിനെ പെരുമാറിയതാണെങ്കിലോ? അല്ലെങ്കിൽ വിഷം അകത്തുചെന്നു് എത്ര നേരം കഴിഞ്ഞാണു് ശാരദയെ ആശുപത്രിയിലെത്തിച്ചതു് എന്നു് നമുക്കറിയില്ലല്ലോ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണസമയം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ഒന്നു് ചോദിച്ചോട്ടെ? ഒരുപക്ഷെ നസീറിനും സത്യനും ഒരുമിച്ചു് ഈ മരണത്തിൽ പങ്കുണ്ടെങ്കിലോ?"

DySP: "അന്വേഷിക്കേണ്ടിയിരിക്കുന്നു സർ. അവർ തമ്മിൽ മുൻപരിചയമുള്ളതായി ഇതുവരെ അറിവൊന്നുമില്ല. ഇനി ഇവിടെ വന്ന ശേഷം കൂട്ടുകൂടിയതാണെങ്കിൽ മരിക്കുന്നയാളെ ആശുപത്രിയിലെത്തിച്ചു് സംഗതികൾ പരസ്യമാക്കാൻ അവർ ശ്രമിക്കുമോ?"

SP: "ശരിയാണു്. കൊലനടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചു് കുറച്ചുകൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. ആട്ടെ, സത്യൻ ഇപ്പോൾ എവിടെയുണ്ടു്?"

DySP: "അവർ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ തന്നെയുണ്ടു് സർ. അയാൾ വളരെ ദുഃഖിതനായാണു് കാണപ്പെടുന്നതു്. സിഗററ്റുകൾ വലിച്ചുതള്ളുന്നു. അയാളുടെ വിഷമം വളരെ സത്യസന്ധമാണു് എന്നു് കണ്ടാൽ തോന്നുന്നുണ്ടു് സാർ. കുറച്ചുകൂടി ചോദ്യം ചെയ്യാൻ വേണ്ടി..."

പെട്ടെന്നു് മുറിയുടെ വാതിൽക്കൽ ഒരു മുട്ടു് കേട്ടു. DySP വാതിൽ തുറന്നു് പുറത്തുനിന്ന കോൺസ്റ്റബിളിനോടു് എന്തോ സംസാരിച്ചു. വാതിലടച്ചു് തിരിച്ചു് SPയുടെ മുൻപിൽ വന്നു നിന്ന അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

DySP: "സർ, സത്യനല്ല ശാരദയെ കൊന്നതു്"

SP: "എന്തു്? എങ്ങിനെ കൃത്യമായി നിങ്ങൾക്കു് പറയാൻ സാധിക്കും?"

DySP: "അതു്.. പിന്നെ.. സാർ, ഒരു പത്തു മിനുട്ടു് മുൻപു് സത്യൻ മരിച്ചു"

SP: "What?!"

DySP: "അതെ സർ. നസീറിനേയും സത്യനേയും വീട്ടിലാക്കി കാവലിനു് 2 പോലീസുകാരേയും നിർത്തിയിട്ടാണു് ഞാനിങ്ങോട്ടു് വന്നതു്. പെട്ടെന്നു് സത്യനു് ശ്വാസംമുട്ടു് അനുഭവപ്പെട്ടത്രെ. അയാൾക്കു് ശ്വാസം കഴിക്കാനേ സാധിച്ചിരുന്നില്ല. തൊണ്ടയിൽ പിടിച്ചു് അയാൾ മറിഞ്ഞുവീണു് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു എന്നാണു് കോൺസ്റ്റബിൾ പറയുന്നതു്"

SP: "ഇത്ര പെട്ടെന്നു് അയാൾ മരിക്കാൻ എന്താണുണ്ടായതു്?"

DySP: "സർ, ആ സ്ഥലത്തിന്റെ ഉടമസ്ഥൻ സുകുമാരൻ അവിടെ വന്നിരുന്നു. അയാൾക്കും സത്യനും പിന്നെ പോലീസുകാർക്കും നസീർ ചായകൊടുത്തു. ആ ചായ കുടിച്ചുകഴിഞ്ഞു് മിനുട്ടുകൾക്കുള്ളിലാണു് അയാൾ മറിഞ്ഞു വീണതു്"

SP: "നസീർ... പിന്നെ ഇതുവരെ നമ്മൾ സംശയിക്കാതിരുന്ന സുകുമാരൻ. ഒരു ബാധ പോലെ ഇടക്കിടെ രംഗത്തു് പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്ന mysterious character. ഇനി നാം വളരെ വേഗത്തിൽ നീങ്ങേണ്ടിയിരിക്കുന്നു!"

DySP: "അതെ സർ. നസീറിനേയും സുകുമാരനേയും തടഞ്ഞുവെക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇരുവരേയും ഉടനെ അറസ്റ്റ്‌ ചെയ്യുന്നതാണു്"

SP: "ഗുഡ്‌. പ്രോസീഡ്‌"

DySP: "സർ.. ഒരു കാര്യം കൂടി. 5 ദിവസം മുൻപു് സോമൻ മരിക്കുമ്പോഴും ഈ നസീറും സുകുമാരനും അയാളുടെ അടുത്തുണ്ടായിരുന്നു. എനിക്കൊരു സംശയം..."

SP: "യേസ്‌. ശരിയാണല്ലോ. സോമൻ മരിക്കുന്നതും വിഷം തീണ്ടിത്തന്നെയാണല്ലോ. പാമ്പു് കടിച്ചു് ഒരാൾ മരിച്ചാൽ കേസെടുക്കാനാവില്ല. എന്നാൽ പാമ്പിന്റെ വിഷം ബലമായി ശരീരത്തിൽ സന്നിവേശിപ്പിച്ചതാണെങ്കിലോ..."

*   *   *   *   *

DySP: "സർ, സത്യന്റെ പോസ്റ്റ്മോർട്ടം റിപോർട്‌ വന്നു. കുരുക്കുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു"

SP: "എന്തു പറ്റി? എന്താണു് റിപോർട്ടിൽ?"

DySP: "സയനൈഡ്‌ ഉള്ളിൽ ചെന്നാണു് സത്യൻ മരിച്ചിരിക്കുന്നതു്. എന്നാൽ നമ്മൾ സംശയിച്ച പോലെ ചായയിൽ വിഷം കലർന്നിട്ടില്ലായിരുന്നു സർ!"

SP: "What?!"

DySP: "ദുരൂഹതകൾ ഇനിയുമുണ്ടു്. മെർക്കുറി, ഹൈഡ്രജൻ സയനൈഡ്‌ എന്നിങ്ങനെ മാരകമായ 2 വിഷങ്ങളാണു് സത്യന്റെ മരണത്തിനു് കാരണം. ഇനി ഞാൻ പറയുന്നത്‌ഉ് സാർ ശ്രദ്ധിക്കണം"

"സാധാരണ സയനൈഡ്‌ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ നാം കരുതുംപോലെ ഒരു നിമിഷം കൊണ്ടൊന്നും ആൾ മരിക്കില്ല. ശരീരത്തിലെത്തിയ വിഷത്തിന്റെ അളവനുസരിച്ചു് ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണു് മരണം നടക്കുക. ചിലപ്പോൾ മുപ്പതോ അതിലധികമോ സെക്കൻഡുകൾ ഇതിനെടുത്തേക്കാം. സയനൈഡ്‌ വളരെ എളുപ്പത്തിൽ ശരീരം വലിച്ചെടുക്കുന്ന ഒരു വസ്തുവാണു്. അതുപോലെ മെർക്കുറിയും. ഇത്തരം വസ്തുക്കൾ നമ്മുടെ കൈകൊണ്ടു് തൊട്ടാൽ പോലും തൊലിക്കുള്ളിലൂടെ ശരീരം അതു് വലിച്ചെടുക്കും"

"ഇത്തരത്തിൽ വലിച്ചെടുക്കപ്പെടുന്ന സയനൈഡ്‌ ശ്വാസോച്ഛ്വാസ പ്രക്രിയയെ തടസപ്പെടുത്തുകയാണു് ചെയ്യുന്നതു്. പുറമെ ഹൃദയത്തിന്റെ പ്രവർത്തനവും അവതാളത്തിലാക്കുന്നു. ജീവവായു വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്ന ഈ വിഷക്കൂട്ടുകൾ വളരെ വേഗം പ്രവർത്തിച്ചു് ശരീരത്തെ മരണത്തിലേക്കു് തള്ളിവിടുന്നു"

"എന്നാൽ ഇവിടെയാണു് ഒരു പ്രശ്നം. സത്യന്റെ ശരീരത്തിൽ സയനൈഡ്‌ ഉള്ളതു് ശ്വാസകോശത്തിലാണു്. അയാളുടെ ആമാശയത്തിൽ ഒരൽപ്പം പോലും ഇല്ല. അതായതു് മരണം ഉറപ്പാക്കുംവിധം നേരിട്ടു് വിഷം ശ്വാസകോശങ്ങളിലെത്തുകയായിരുന്നു. പക്ഷെ എങ്ങിനെ?"

SP: "നമ്മൾ കരുതുംപോലെ കൊലയാളി നിസ്സാരനല്ല. രണ്ടു് കൊല അയാൾ അനായാസമായി നടത്തിക്കഴിഞ്ഞു. ഒരുപക്ഷെ സോമന്റേതടക്കം 3 കൊല! ഒരു തെളിവും നമ്മുടെ പക്കലില്ല"

DySP: "അതെ സർ. നസീറിനേയോ സുകുമാരനേയോ നമ്മൾ സംശയിക്കുമ്പോൾത്തന്നെ അവർക്കു് കൊല ചെയ്യേണ്ട ഒരു കാരണം മനസ്സിലാവുന്നില്ല"

SP: "നിങ്ങൾ ഒരാളെ വിട്ടുപോയി!"

DySP: "സർ..? ആരു്?"

SP: "സോമന്റെ ജ്യേഷ്ഠൻ!"

DySP: "സർ.. അതു്.. പക്ഷെ.."

അൽപസമയത്തേക്കു് അവിടെ നിശ്ശബ്ദത.

SP: "യെസ്‌. നിങ്ങൾ ആലോചിക്കുന്നതുതന്നെയാണു് ഞാനുമാലോചിക്കുന്നതു്. സത്യനേയും ശാരദയേയും പഠിക്കുന്ന കാലം മുതൽ സോമന്റെ കുടുംബത്തിനറിയാം. സ്വാഭാവികമായും സോമന്റെ ജ്യേഷ്ഠനും സത്യനും തമ്മിൽ അറിയണം. അയാൾ ഇവിടെ വന്നപ്പോൾ സത്യനും ശാരദയും അയാളോടു് അടുത്തിടപഴകുന്നതു് നമ്മൾ കണ്ടതാണല്ലോ"

"ഒരു പക്ഷെ സോമന്റെ ജ്യേഷ്ഠനു് ഇവരോടു് എന്തെങ്കിലും തരത്തിൽ ശത്രുതയുണ്ടെന്നിരിക്കട്ടെ. എന്നാൽ കുറച്ചുകാലമായി അവരെക്കുറിച്ചു് വിവരമില്ല. തന്റെ അനുജനുമായി ബന്ധപ്പെട്ട ഏറ്റവും ദുരന്തപൂർണ്ണമായ ഒരു ദൗത്യത്തിനിടക്കു് അയാൾ വീണ്ടും അവിചാരിതമായി അവരെ കണ്ടുമുട്ടുന്നു. എങ്കിൽ എല്ലാം കൃത്യമായി കൂടിയിണങ്ങുന്നു. അല്ലെങ്കിൽ അയാൾ പറഞ്ഞതനുസരിച്ചു് നസീറോ മറ്റോ ഈ കൊല ചെയ്തതാവാനും മതി. നിങ്ങളെന്താ ആലോചിക്കുന്നതു്?"

DySP: "സർ, എന്റെ മനസ്സിൽ ഒരു ആശയമുണ്ടു്. പക്ഷെ അതിപ്പോൾ സാറിനോടു് പറയാൻ വയ്യ. കാരണം അതു് പറയാനുള്ള തെളിവുകൾ എന്റെ പക്കലില്ല. എനിക്കു് 2 ദിവസത്തെ സമയം തരു സർ. ഞാൻ ആലോചിക്കുന്ന കാര്യം ശരിയാണെങ്കിൽ ആ രണ്ടു് ദിവസത്തിനുള്ളിൽ കൊലയാളി മറനീക്കി പുറത്തുവരും"

SP: "ശരി. എനിക്കു് നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ടു്. മറ്റന്നാൾ വൈകുന്നേരം നമുക്കു് വീണ്ടും ഇവിടെ കൂടാം. നിങ്ങൾക്കു് ഭാവുകങ്ങൾ"

DySP മുറിയുടെ പുറത്തേക്കു് നടന്നു. പെട്ടെന്നു് അയാൾ ഒന്നു് നിന്നു. തിരിഞ്ഞുനിന്നു് SPയോടു് ഇത്രകൂടി അയാൾ കൂട്ടിച്ചേർത്തു:

"സർ, സയനൈഡ്‌ സത്യന്റെ ശരീരത്തിൽ ചെന്നതു് എങ്ങിനെയെന്നു് എനിക്കൂഹിക്കാം. ചായയിലല്ല, അയാൾ വലിച്ചിരുന്ന സിഗററ്റിലായിരുന്നിരിക്കണം ആ വിഷമുണ്ടായിരുന്നതു്. ഏതായാലും ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്ട്‌ വരട്ടെ. ഞാനിറങ്ങുന്നു സർ. കുറച്ചധികം ജോലി തീർക്കാനുണ്ടു്. നമുക്കു് 2 ദിവസത്തിൽ കാണാം"




അടുത്ത ഭാഗം: "കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"

Sunday, July 11, 2010

ഒരാഴ്ച - 1

(ഈ കഥയും ഇതില കഥാപാത്രങ്ങളും സാങ്കൽപികമാണു്. ഭൂമിയിൽ എന്നെങ്കിലും ജീവിച്ചിരുന്നവരുമായോ നടന്ന സംഭവങ്ങളുമായോ ഇതിനു് യാതൊരു ബന്ധവുമില്ല. അഥവാ അങ്ങിനെ ഒരു ബന്ധം സ്ഥപിച്ചെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതു് തികച്ചും യാദൃച്ഛികം മാത്രമാണു്)

"ഡോക്റ്റരുടെ അപമൃത്യു"


കൊ.വ. 1138 വൃശ്ചികം (നവമ്പർ, 1962 AD)

ഗേറ്റ്‌ തുറക്കുന്ന ശബ്ദം കേട്ടാണു് സുകുമാരൻ പത്രത്തിൽ നിന്നു് കണ്ണുയർത്തിയതു്. അയൽക്കാരൻ ഡോക്റ്റർ സോമനായിരുന്നു ആഗതൻ.

"സുകുമാരാ, എന്റെ അതിഥികൾ വന്നു. അവർക്കു് താമസിക്കാനുള്ള വീടിന്റെ താക്കോൽ എടുത്തുകൊള്ളു"

"ഡോക്റ്റർ നടക്കു, ഞാനും വരാം. അവരെ പരിചയപ്പെടുകയും ആവാം. എന്തെങ്കിലും സഹായവും എന്നെക്കൊണ്ടാവുമെങ്കിൽ അതും ചെയ്യാമല്ലോ"

"വളരെ നല്ലതു്. വരൂ"

സുകുമാരന്റെ വീട്ടിൽ നിന്നു് ഏതാണ്ടു് അര കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു മുറിയിലായിരുന്നു ഡോക്റ്റർ സോമൻ താമസിച്ചിരുന്നതു്. അവിടെയെത്തിയ സുകുമാരനു് തന്റെ അതിഥികളെ സോമൻ പരിചയപ്പെടുത്തി.

"ഇതു് സത്യൻ, ഇതു് അദ്ദേഹത്തിന്റെ ശ്രീമതി ശാരദ. ഞങ്ങൾ തമ്മിൽ എത്രയോ വർഷത്തെ പരിചയമുണ്ടു്. പഠിക്കുന്ന കാലം മുതൽ ഞങ്ങൾ പരസ്പരമറിയും. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണവർ. ഇപ്പോൾ കുറേ കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു!"

"ഇതു് മി. സുകുമാരൻ. ഞാൻ സ്ഥലം മാറ്റമായി ഈ മലകേറി വന്നപ്പോൾ എനിക്കിവിടെ എല്ലാ സഹായവും ചെയ്തു് തന്നതു് ഇദ്ദേഹമാണു്. നിങ്ങൾക്കുള്ള താമസവും ഇദ്ദേഹമാണു് ശരിയാക്കിയിട്ടുള്ളതു് - ഇദ്ദേഹത്തിന്റെ തെങ്ങിൻതോപ്പിൽ ഒരു ചെറിയ വീടുണ്ടു്. മനോഹരമാണു് അവിടം. കാടിന്റെ വക്കത്താണു്. ഒരാഴ്ച്ച എത്രപെട്ടെന്നു് പോയെന്നു് നിങ്ങളറിയില്ല. കേട്ടൊ മി. സുകുമാരൻ, ഇത്ര അടുത്ത സുഹൃത്തുക്കളായിട്ടും എനിക്കിവരുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. അതിനുള്ള ഒരു പ്രായശ്ചിത്തം കൂടിയാണു് ഈ സമ്മേളനം"

സത്യൻ ഏതാണ്ടു് 30 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അൽപം ഉയരം കുറഞ്ഞു് കറുത്തിരുണ്ടു് തടിച്ച ശരീരമായിരുന്നു അദ്ദേഹത്തിനു്. അദ്ദേഹത്തിന്റെ ഭാര്യ വെളുത്തുമെലിഞ്ഞ ഒരു സ്ത്രി ആയിരുന്നു. ഭർത്താവിന്റെയത്ര തന്നെ ഉയരമുണ്ടായിരുന്ന അവർ മുണ്ടും നേര്യതും ഒരു തടിച്ച സ്വർണ മാലയും ഇടതുകൈയിൽ വിലകൂടിയ ഒരു വാച്ചും വലതുകൈയിൽ തടിച്ച ഒരു സ്വർണ വളയും ധരിച്ചിരുന്നു. ആരേയും കൂസാത്ത ഒരു ഭാവം അവരുടെ മുഖത്തുണ്ടായിരുന്നു.

മെലിഞ്ഞു് ഉയരം കുറഞ്ഞ ഡോ. സോമൻ ആവേശത്തിലായിരുന്നു. സത്യന്റെ കാറിൽ സുകുമാരന്റെ പുരയിടത്തിലേക്കു് പോകുന്ന വഴി അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. സംസാരത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും സത്യൻ മുൻകൈയ്യെടുക്കുന്നില്ലെന്നു് സുകുമാരനു് തോന്നി. ശാരദയാവട്ടെ കാഴ്ചകൾ കാണുന്നതിൽ ശ്രദ്ധിക്കുകയായിരുന്നു.

ഏതാണ്ടു് രണ്ടര കി.മി. അകലെയായിരുന്നു സുകുമാരന്റെ തെങ്ങിൻതോപ്പു്. റോഡിൽ നിന്നു് കുറച്ചു് വിട്ടുമാറി നിൽക്കുന്ന ആ പറമ്പിനുചുറ്റും കാടായിരുന്നു.

"സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങുന്നതു് സൂക്ഷിച്ചു് വേണം. ഒരു പാടു് പാമ്പുകളുള്ള സ്ഥലമാണു്. പിന്നെ നിങ്ങൾ ഒരാഴ്ച ഇവിടെയുണ്ടാകുമല്ലോ. നിങ്ങളുടെ സഹായത്തിനു് ഒരു പയ്യനെ ഏർപ്പാടാക്കിയിട്ടുണ്ടു്. നസീർ. ഒപ്പം നിങ്ങൾക്കു് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടു്. രാവിലെ പാൽ എന്റെ വീട്ടിൽ നിന്നു് നസീർ കൊണ്ടുവന്നുകൊള്ളും. പത്രവും വരും. പാചകവും തുണി തിരുമ്പലും വീടു് വൃത്തിയാക്കലും നസീർ നോക്കിക്കൊള്ളും. ഇവിടെ മീൻ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടു് പുഴയോ കടലോ അടുത്തില്ലല്ലോ. മറ്റെന്തും കിട്ടും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി"

മെലിഞ്ഞുനീണ്ട നസീറിനെ ശാരദ നോക്കി. നസീർ ഒന്നു് പുഞ്ചിരിച്ചു.

സത്യൻ ഒരു ടിൻ വിദേശനിർമ്മിത സിഗററ്റെടുത്തു് നീട്ടി. സോമനും സുകുമാരനും ഓരോന്നെടുത്തു. നസീർ ഭവ്യതയോടെ മാറി നിന്നതേയുള്ളു.

"ഇന്നു് നമ്മളഞ്ചു് പേരും ഒരുമിച്ചു് ഊണു് കഴിക്കുന്നു. നസീർ, എല്ലാം തയ്യാറല്ലേ? വെരി ഗുഡ്‌. അതു് കഴിഞ്ഞു് ഇവിടമെല്ലാം ഒന്നു് ചുറ്റിക്കറങ്ങാൻ പോകുന്നു. വൈകുന്നേരം ഒരൽപം മദ്യസേവ. അതുകഴിഞ്ഞു് പിരിയാം. ദാ, ആ കാണുന്ന കുന്നു് നാളെ രാവിലെ കയറാൻ പോകാം. മറ്റന്നാൾ ഒഴാൽ ഡാം. ഇനിയും കുറേയുണ്ടു്. ഒക്കെ പ്ലാൻ ചെയ്യാം. എന്നോടു് ക്ഷമിക്കണം. മദിരാശിയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനുള്ള നിർദ്ദേശം എനിക്കു് കിട്ടി. ഒഴിവാക്കാൻ വയ്യ. അതുകൊണ്ടു് നാളെ രാവിലെ എനിക്കിവിടം വിടണം. എത്രയും നേരത്തെ തിരിച്ചുവരാൻ നോക്കാം. നിങ്ങൾ ആസ്വദിക്കു"

ഉച്ചയൂണു് നന്നായിരുന്നു. സുകുമാരൻ അവരോടു് യാത്ര പറഞ്ഞിറങ്ങി. വിശേഷമറിയാൻ സന്ധ്യക്കു് വരാം എന്നു് പറഞ്ഞു. സത്യനും സോമനും ശാരദയും കൂടി തെങ്ങിൻതോപ്പിൽ നടക്കാനിറങ്ങി.

കാപ്പി കുടിക്കാൻ തിരിച്ചെത്തുമ്പോൾ എല്ലാവരും വളരെ ആഹ്ലാദത്തിലായിരുന്നു. ശാരദ നസീറിനെ സഹായിക്കാൻ അടുക്കളയിൽ കയറി. സത്യൻ അൽപം വിശ്രമിക്കാനായി മുറിയിൽ പോയി കിടന്നു.

ആ നേരത്തു് ശാരദ സോമന്റെ അടുത്തെത്തി.

"സോമാ, എന്റെ ആ പഴയ ടെന്നിസ്‌ എൽബോ ഇപ്പോഴും ഉണ്ടാകുന്നുണ്ടു്. ഇവിടെ തണുത്ത കാലാവസ്ഥയല്ലേ? വേദന കൂടുമോ?

സോമൻ ഒരു നിമിഷം ആലോചിച്ചു.

"ഏയ്‌, അങ്ങിനെയുള്ള പ്രശ്നമൊന്നുമില്ല. ഞാനൊരു മരുന്നു് തരാം. രാത്രി ഓരോ ഗുളിക കഴിച്ചാൽ മതി. ഭാഗ്യത്തിനു് എന്റെ കയ്യിൽ ഇപ്പോൾ ആ മരുന്നുണ്ടു്"

തന്റെ മെഡിക്കൽ ബാഗ്‌ തുറന്നു് സോമൻ ഒരു കുപ്പി കാപ്സ്യൂൾ ശാരദക്കു് നൽകി. എന്നാൽ അടുക്കളവാതിൽ മറവിൽ നിന്നു് നസീർ അതു് കാണുന്നതു് ഇരുവരും ശ്രദ്ധിച്ചില്ല.

*   *   *   *   *

സന്ധ്യക്കു് വീണ്ടും സദസ്സു് സജീവമായി. മദ്യക്കുപ്പികൾ നേരത്തേ വാങ്ങിവച്ചിരുന്നതിനാൽ ഒരു ബുദ്ധിമുട്ടൊഴിവായി. ഒരു കുളി കഴിഞ്ഞു് സത്യൻ എത്തുമ്പോഴേക്കു് സോമൻ മദ്യഗ്ലാസുകൾ നിരത്തിക്കഴിഞ്ഞിരുന്നു. ശാരദ അടുക്കളയിൽ മദ്യത്തിനൊപ്പം കൊറിക്കാനായി എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നസീർ അടുത്ത ദിവസത്തേക്കു് വേണ്ടുന്ന സധനങ്ങൾ വാങ്ങാൻ വേണ്ടി അങ്ങാടിയിലേക്കു് പോയതാണു്.

സുകുമാരൻ വരുമ്പോഴേക്കു് സ്നേഹിതരുടെ സദിരിനു് കൊഴുപ്പു് കൂടിയിരുന്നു. രാവിലെ കണ്ടതിലും ആവേശത്തിലാണു് സോമൻ എന്നു് തോന്നിച്ചു. സത്യനും രാവിലെയുണ്ടയിരുന്ന അപരിചിതത്വം മാറ്റി ഉഷാറായിരുന്നു.

ഒരൽപ്പം കഴിഞ്ഞാണു് നസീർ വന്നു കയറിയതു്. വന്നപാടെ സുകുമാരന്റെ അടുത്തുചെന്നു് അദ്ദേഹത്തെ ഭാര്യ അന്വേഷിച്ചുവെന്നും ഉടനെ ചെല്ലാൻ പറഞ്ഞുവെന്നും പറഞ്ഞതനുസരിച്ചു് സുകുമാരൻ ഇറങ്ങി.

"ഓ, ഞാനും സുകുമാരനും കൂടി ഒരുമിച്ചിറങ്ങാനായിരുന്നു പ്ലാൻ. ഇനിയിപ്പൊ ഞാനൊറ്റക്കു് പോകണം. ങാ, ഇന്നൊരു ദിവസം നല്ലവണ്ണം ആസ്വദിച്ചു. നാളെ രാവിലെ മദിരാശി യാത്ര. ഓ മറന്നു! എന്റെ പാക്കിംഗ്‌ കഴിഞ്ഞിട്ടില്ല. വേഗം ഭക്ഷണം കഴിച്ചു് ഇറങ്ങാൻ നോക്കട്ടെ!"

സോമൻ ഇറങ്ങാൻ നേരം നസീർ വീടിനു് പുറത്തുവന്നു.

"ഡോക്റ്റർ സാർ ഒറ്റക്കു് പോകണ്ട. ഞാനും കൂട്ടു് വരാം. ഇഴജന്തുക്കളുള്ള സ്ഥലമല്ലേ, സൂക്ഷിക്കണം"

ഇരുട്ടിലേക്കു് നടന്നു് മറയുന്ന ഡോക്റ്ററെ കൈവീശി കാണിക്കുമ്പോൾ സോമന്റെ ആ യാത്ര മടങ്ങിവരാനുള്ളതല്ലെന്നു് ആരും മനസ്സിലാക്കിയില്ല.

*   *   *   *   *

രാവിലെ എഴുന്നേറ്റു് അടുക്കളയിൽ കയറി ശാരദ ചായക്കു് വെള്ളം തിളപ്പിക്കാൻ വച്ചപ്പോഴാണു് നസീർ വീട്ടിലേക്കു് കയറിവന്നതു്. അയാൾ തലേന്നു് രാത്രി ഉറങ്ങിയിട്ടില്ലെന്നു് മുഖത്തു് വ്യക്തമായി കാണാമായിരുന്നു.

"ങാഹാ! നല്ലയാളാണല്ലോ. ഇന്നലെ രാത്രി സോമനെ കൊണ്ടുവിടാൻ പോയിട്ടു് അവിടങ്ങു് കൂടിയോ? ഞങ്ങൾ ഇന്നലെ നിന്നേയും കാത്തു് കുറേ സമയം ഇരുന്നു. എന്തു് പറ്റി? മുഖം വല്ലാതിരിക്കുന്നല്ലോ. ഇന്നലെ ഉറങ്ങിയില്ലേ?"

അതിനുത്തരം നസീറിൽ നിന്നുള്ള ഒരു തേങ്ങലായിരുന്നു.

"ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാർ.. ഡോക്റ്റർ സാർ.. പോയി!"

"ങേ?"

"അദ്ദേഹം മരിച്ചു ചേച്ചീ. ഇന്നലെ ഇരുട്ടത്തു് പോകുംവഴി അദ്ദേഹത്തെ പാമ്പു് കടിച്ചു. ഞങ്ങൾ നേരെ ആശുപത്രിയിലേക്കു് പോകാൻ ശ്രമിച്ചു. പാമ്പു് കടിച്ചാൽ നടക്കുന്നതു് നല്ലതല്ല എന്നു് ഡോക്റ്റർ പറഞ്ഞതുകൊണ്ടു് ഞാൻ അദ്ദേഹത്തെ താങ്ങി നടക്കാൻ നോക്കി. പക്ഷെ എനിക്കു് അധികദൂരം പോകാൻ പറ്റിയില്ല. ഒറ്റക്കു് അദ്ദേഹത്തെ ഇത്രയും ദൂരം ചുമന്നു് നടക്കാൻ സാധിക്കാത്തതുകാരണം ഞാനദ്ദേഹത്തെ വഴിയിലൊരു സ്ഥലത്തു് ഇരുത്തി സുകുമാരൻ സാറിനെ വിവരമറിയിക്കാനും ആളെ കൂട്ടാനും ഓടി. ആളുകളെ സംഘടിപ്പിക്കാൻ കുറച്ചു് താമസമുണ്ടായി. തിരിച്ചെത്തുമ്പോഴേക്കു് ഡോക്റ്റർ വളരെ അവശനായിരുന്നു. നാവു് കുഴഞ്ഞു് തുടങ്ങിയിരുന്നു. ഞങ്ങൾ എടുത്തു് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഞങ്ങൾ നോക്കി നിൽക്കേ... ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാറു് പോയി..!"

*   *   *   *   *

SPയുടെ മുറിയിൽ അദ്ദേഹവും DySPയും ചർച്ചയിലായിരുന്നു.

SP: "മരിച്ചയാളെ അറിയുമോ?"

DySP: "സർ, മരിച്ചിരിക്കുന്നതു് ആ ഗ്രാമത്തിലെ ആശുപത്രിയിലെ ഡോക്റ്റർ സോമനാണു്. അദ്ദേഹം 3-4 മാസത്തിനു് മുൻപാണു് സ്ഥലംമാറ്റം കിട്ടി അവിടെയെത്തിയതു്. കുടുംബത്തെ പറ്റി അന്വേഷിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. അച്ഛനും ഒരു ജ്യേഷ്ഠനും ഉണ്ടു്. വിവരമറിഞ്ഞു് ജ്യേഷ്ഠനെത്തിയിട്ടുണ്ടു്. അദ്ദേഹം തൽക്കാലം ഗ്രാമത്തിലെ ഒരു മി. സുകുമാരന്റെ കൂടെയാണു് താമസം. ഈ സുകുമാരന്റെ തന്നെ ഒരു ഒറ്റമുറിയിലായിരുന്നു സോമന്റെ താമസം. ഇന്നലെ സോമന്റെ രണ്ട്‌ഉ് പഴയ സുഹൃത്തുക്കൾ ഗ്രാമത്തിലത്തിയിട്ടുണ്ടു്. അവരുടെ വീട്ടിൽ ദിവസം മുഴുവൻ ചെലവഴിച്ചശേഷം തിരിച്ചു് വരുന്ന വഴിയാണു് അപകടം സംഭവിച്ചതു്. കൂടെയുണ്ടായിരുന്നതു് നസീർ എന്നൊരു ചെറുപ്പക്കാരനായിരുന്നു"

SP: "അയാളെന്തു് പറഞ്ഞു?"

DySP: "ഇന്നലെ രാവിലെയാണു് സോമന്റെ സുഹൃത്തുക്കൾ വന്നതു്. അപ്പോൾ മുതൽ സോമൻ അവരുടെ കൂടെയായിരുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞാണു് സോമൻ അവിടെനിന്നിറങ്ങിയതു്. നന്നായി മദ്യപിച്ചിരുന്നതുകൊണ്ടു് സഹായത്തിനാണു് ഈ നസീർ സോമന്റെ കൂടെ ചെന്നതത്രെ. വഴിയിൽ 1-2 തവണ സോമൻ വീണു. വേച്ചുവേച്ചാണു് അദ്ദേഹം നടന്നിരുന്നതു്. ഒരു കാട്ടുപ്രദേശത്തെത്തിയപ്പോൾ വീണ്ടും സോമന്റെ കാൽ തെറ്റി ഒരു പൊന്തക്കാട്ടിലേക്കു് വീണുവത്രെ. അവിടെ വച്ചാണു് പാമ്പുകടിയേറ്റതു് എന്നാണു് നസീർ പറയുന്നതു്. സോമൻ എഴുന്നേറ്റു് വഴിയിലിരുന്നു. ഒരു ഡോക്റ്ററായിരുന്നതുകൊണ്ടു് പാമ്പുകളുടെ കടിയെപ്പറ്റിയും വിഷത്തെക്കുറിച്ചും സോമൻ ആലോചിച്ചു എന്നുവേണം വിശ്വസിക്കാൻ"

SP: "പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ എന്തു് പറയുന്നു?"

DySP: "പാമ്പുവിഷം പലതരത്തിലുണ്ടു്. അതിൽ ന്യൂറോടോക്സിൻ വിഭാഗത്തിലുള്ള വിഷമാണു് ഡോക്റ്റർക്കു് ഏറ്റിട്ടുള്ളതു്. മൂർഖന്റെ വിഷത്തേക്കാൾ എത്രയോ ഇരട്ടി വിഷമുള്ള വെള്ളിക്കെട്ടനായിരിക്കണം സോമനെ കടിച്ചതു് എന്നാണു് പോസ്റ്റ്‌മോർടം നടത്തിയ ഡോക്റ്ററുടെ അഭിപ്രായം. പാമ്പുകടിയേറ്റു എന്നു് പറയുന്ന സമയത്തിനു് 6 മണിക്കൂർ കഴിയുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചു"

"ന്യൂറോടോക്സിൻ നേരിട്ടു് നാഡീവ്യൂഹത്തേയും തലച്ചോറിനേയും ആണു് ബാധിക്കുക. സോമൻ അമിതമായി മദ്യപിച്ചിരുന്നു. മദ്യം മനുഷ്യശരീരത്തിലെ ഹൃദയമിടിപ്പിന്റെ തോതു് കൂട്ടുകയും രക്തമർദ്ദം കുറക്കുകയും ചെയ്യും. പോരാത്തതിനു് സോമൻ കുറച്ചുദൂരം നടക്കുകയും ചെയ്തിരുന്നു. അതും ഹൃദയമിടിപ്പു് കൂട്ടാൻ കാരണമായിട്ടുണ്ടാവണം. ഇതു് ശരീരത്തിൽ വിഷം വളരെ വേഗം വ്യാപിക്കാൻ സഹായിച്ചു എന്നുവേണം കരുതാൻ"

"പാമ്പുകടിയേറ്റ ഉടനെ സോമൻ തന്റെ ശരീരചലനങ്ങൾ നിയന്ത്രിച്ചുകൊണ്ടു് വിഷം വ്യാപിക്കുന്നതു് തടയാൻ ശ്രമിച്ചു എന്നാണു് നസീറിന്റെ മൊഴിയിൽ നിന്നു് വ്യക്തമാവുന്നതു്. അതിനാണു് നസീറിനോടു് തന്നെ ചുമന്നു് നടക്കാൻ സോമൻ പറഞ്ഞിട്ടുണ്ടാവുക"

"എന്നാൽ നസീറിനു് ഒറ്റക്കു് അതു് സാധിക്കുമായിരുന്നില്ല. അയാൾ ഗ്രാമത്തിൽ ചെന്നു് കുറച്ചാളുകളെ കൂട്ടി തിരിച്ചുവന്നാണു് സോമന്റെ എടുത്തു് ആശുപത്രിയിലാക്കിയതു്. അതിനു് ഏതാണ്ടു് 1 മണിക്കൂർ വേണ്ടിവന്നു എന്നാണു് കണക്കാക്കുന്നതു്"

"ചുരുക്കത്തിൽ മദ്യവും സഹായമെത്തിക്കുന്നതിലുണ്ടായ സമയനഷ്ടവും സോമനു് എതിരായി പ്രവർത്തിച്ചു എന്നുവേണം കരുതാൻ"

SP: "മനഃപൂർവം നസീർ സഹായമെത്തിക്കാൻ വൈകിച്ചു എന്നു കരുതാൻ ന്യായമുണ്ടോ?"

DySP: "ഞാൻ ആലോചിക്കാതിരുന്നില്ല. അയാൾ ഗ്രാമത്തിലേക്കു് വരുന്നവഴി ആദ്യം സുകുമാരന്റെ വീടാണെങ്കിലും അവിടെ അയാൾ അവസാനമാണു് കയറിയതു്; മറ്റു് ആൾക്കാരെ കൂട്ടിയ ശേഷം. ഞാൻ ചോദിച്ചപ്പോൾ എത്രയും പെട്ടെന്നു് ആൾക്കാരെ കൂട്ടാനാണു് ശ്രമിച്ചതെന്നാണു് അയാളുടെ വാദം"

SP: "ശരി. സോമന്റെ സുഹൃത്തുക്കളോടു് ഈ കേസിന്റെ ഫോർമാലിറ്റീസ്‌ തീരുന്നതുവരെ ഇവിടം വിട്ടുപോകരുതെന്നു് പറയണം"

DySP: "അതു് ഏർപ്പാടാക്കിക്കഴിഞ്ഞു സർ. സോമന്റെ ജ്യേഷ്ഠനു് മരണത്തിൽ ദുരൂഹതയില്ല എന്നു് മൊഴി തന്നിട്ടുണ്ടു്. ആ നിലക്കു് 'പാമ്പുകടിയേറ്റുള്ള അപകടമരണം' എന്നു് ഈ കേസ്‌ ക്ലോസ്‌ ചെയ്യാം എന്നു് കരുതുന്നു"

വെറുമൊരു അപകടമരണം എന്നതിലപ്പുറം ആ കേസ്‌ ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നില്ല; തുടർന്നും മരണം നടന്നില്ലായിരുന്നുവെങ്കിൽ. തുടർസംഭവങ്ങൾ ഒരുപാടു് വിചിത്രാനുഭവങ്ങൾ നൽകിയതിനോടൊപ്പം കേരള പോലീസിന്റെ കേസന്വേഷണചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു. ആ സംഭവങ്ങളെക്കുറിച്ചു് അടുത്ത ഭാഗത്തിൽ.



അടുത്ത ഭാഗം: "രണ്ടു് കൊലപാതകങ്ങൾ"

Sunday, June 20, 2010

ബാംഗ്ലൂരിലെ ചെറിയ ബ്ലോഗ്‌ മീറ്റ്‌

ബൂലോകത്തിന്റെ സ്വന്തം വൈദ്യനും "യോഗ" എന്നു കേട്ടാൽ ചാടിയെഴുന്നേൽക്കുന്ന സ്വഭാവക്കാരനുമായ ജയേട്ടനു് വെറുതെ കഴിഞ്ഞയാഴ്ച ഒരു ഇ-മെയിലയച്ചു. ഇനി അടുത്തെങ്ങാനും ബാംഗ്ലൂർക്കുണ്ടാകുമോ എന്നായിരുന്നു ഉള്ളടക്കം.

മറുപടി വന്നത്‌ ഒരു മിനുട്ടിനുള്ളിൽ. ചാറ്റിൽ.

"ഞാൻ ബുധനാഴ്ച ബാംഗ്ലൂരിലുണ്ടാകും!"

ഹയ്യട! ഞാനാണെങ്കിൽ ഇതുവരെ ഒരു മലയാളം ബ്ലോഗറെ നേരിട്ട്‌ കണ്ടിട്ടില്ല (പരിചയമുള്ള കുറച്ചുപേർ ബ്ലോഗ്‌ ചെയ്യാറുണ്ട്‌. എന്നാൽ ബ്ലോഗിൽ വച്ച്‌ പരിചയപ്പെട്ട ആരേയും കണ്ടിട്ടില്ല). ഇതാ ഒരു സുവർണാവസരം മുന്നിൽ. അതും ഞാൻ വളരെ ആരാധിക്കുന്ന സാക്ഷാൽ ജയേട്ടൻ!

ഈ ജയേട്ടൻ വിളി ഞാൻ തന്നെ എടുത്ത ഒരു സ്വാതന്ത്ര്യമാണ്‌. ആദ്യത്തെ 1-2 തവണ സംവദിച്ചപ്പോൾ - കമന്റുകളിലാണ്‌ എന്നാണോർമ്മ - ഡോക്ടർ എന്നൊക്കെ വിളിച്ച്‌ ഔപചാരികത നിലനിർത്തിയതാണ്‌. പിന്നെ ഞാൻ തന്നെയങ്ങ്‌ കയറി "ഏട്ടൻ" വിളി തുടങ്ങിയതാണ്‌. "ചീത്ത പറയുകയാണെങ്കിൽ അപ്പൊ മാറ്റാം" എന്ന സ്കീമിൽ. ചീത്ത പറഞ്ഞില്ലെന്ന്‌ മാത്രമല്ല ബ്ലോഗിലൂടെയും ഇ-മെയിലിലൂടെയും ചാറ്റിലൂടെയും പരസ്പരം വളരെ അടുപ്പം തോന്നുകയും ചെയ്തു.

അപ്പൊ ഈ ജയേട്ടനാണ്‌ വരുന്നത്‌. ശരി, കണ്ടുകളയാം. ബുധനാഴ്ച വൈക്കുന്നേരം ഫ്രീ ആകും എന്നാണ്‌ ധാരണ. ആയുർവേദ കോളജിൽ നിന്ന്‌ കുട്ടികളേയും രണ്ട്‌ ടീച്ചർമാരേയും കൊണ്ട്‌ സ്റ്റഡി ടൂറിനാണ്‌ മൂപ്പർ വരുന്നത്‌. അത്‌ എന്തുവേണമെങ്കിലുമായിക്കോട്ടെ; എനിക്ക്‌ ജയേട്ടനെ കാണണം! നോ വിട്ടുവീഴ്ച.

ആപ്പീസിൽ ഇരിപ്പുറക്കാത്തതുകൊണ്ട്‌ നാലരയായപ്പോഴേ ഞാനിറങ്ങി. വീട്ടിൽ ചെന്ന് ഒരു കാപ്പിയൊക്കെ കുടിച്ച്‌ ഉഷാറായി.

ജയേട്ടനെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഒന്ന്‌ ഇമ്പ്രസ്സ്‌ ചെയ്യിക്കണം (എന്തിനാ എന്ന്‌ ചോദിച്ചാൽ ഒരു സീനിയർ ആൻഡ്‌ പോപ്പുലർ ബ്ലോഗറുടെ സുഹൃത്ത്‌ എന്നറിയപ്പെടാനുള്ള വെമ്പലാണെന്ന്‌ കൂട്ടിക്കോളു). അതിന്‌ ചില പൊടിക്കൈകൾ റെഡിയാക്കിയിട്ടുണ്ട്‌.

ബാംഗ്ലൂരിൽ തന്നെ ജോലിയുള്ള അനുജന്റെ ബുള്ളറ്റ്‌ ബൈക്ക്‌ തരപ്പെടുത്തി വച്ചിരുന്നു. ബുള്ളറ്റ്‌ ഓടിക്കുന്നവന്‌ ഭയങ്കര അഭിമാനമായിരിക്കും, നല്ല വിലകിട്ടും എന്നൊക്കെയാണ്‌ (എന്റെ) വയ്പ്‌. ബൈക്ക്‌ കിട്ടിയ ഉടനെ 1-2 ദിവസം എടുത്ത്‌ ഓടിക്കാൻ പഠിക്കാൻ ശ്രമിച്ചു. അതോടെ ഒരു കാര്യം വ്യക്തമായി. സ്വതവേ ദുർബലൻ, പുറമേ ബൈക്ക്‌ ബുള്ളറ്റ്‌ എന്നാണ്‌ സ്ഥിതി. ഗിയർ മാറാൻ ശ്രമിച്ച്‌ വലതു കാൽപ്പാദം നീരുവച്ചു. നീര്‌ ജയേട്ടനെ കാണിക്കാതിരിക്കാൻ ഷൂ ധരിക്കാൻ തീരുമാനിച്ചു. വിസിറ്റിംഗ്‌ കാർഡ്‌ ഒരു ഒന്നര ഡസൻ എടുത്ത്‌ പോക്കറ്റിൽ തിരുകി. ജാട കുറയ്ക്കണ്ട.

(സെന്റ്‌ പൂശാൻ മറന്നുപോയ കാര്യം തിരിച്ചുവന്ന ശേഷമാണ്‌ ഓർത്തത്‌)

ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും മെജസ്റ്റിക്‌ ഏരിയയിൽ ജയേട്ടൻ താമസിക്കുന്ന ഹോട്ടലിലെത്തി. ബൈക്കിൽ നിന്നിറങ്ങാതെ തന്നെ പുള്ളിയെ ഒന്ന്‌ വിളിച്ചു. നോക്കുമ്പൊ തൊട്ടുപിന്നിൽ ജയേട്ടൻ.

ആദ്യമായി ഞാൻ കാണുന്ന മലയാളം ബ്ലോഗർ!

പരസ്പരം ഹസ്തദാനത്തിന്‌ ശേഷം ജയേട്ടൻ ക്ഷണിച്ചു: "വരൂ!"

അയ്യോ ജയേട്ടൻ ബുള്ളറ്റ്‌ കണ്ടില്ലേ ആവൊ? ഒന്ന്‌ ശ്രദ്ധ ക്ഷണിക്കാം

"ജയേട്ടാ, ബൈക്ക്‌...."

"ങാ, ബൈക്കല്ലേ? അതിന്‌ അധികം സ്ഥലമൊന്നും വേണ്ട. നമുക്ക്‌ ഇവിടെ പാർക്ക്‌ ചെയ്യാം"

ശും! ആദ്യത്തെ ട്രയൽ ചീറ്റി.

(ഇനിയങ്ങോട്ട്‌ ശും ഉള്ളിടത്തൊക്കെ ഓരോ ട്രയൽ ചീറ്റുന്നതായി മനസ്സിലാക്കണം)

"ഞാൻ ചോദിക്കണം എന്ന്‌ വിചാരിക്കുകയായിരുന്നു. എന്തിനാ ചിതൽ എന്ന്‌ പേർ തെരഞ്ഞെടുത്തത്‌?"

എന്തിനാ? ഞാനത്രക്കൊന്നും ആലോചിച്ചിട്ടില്ല. വെറുതെ. ഒരു പേർ വേണം. എങ്കിൽ ചിതൽ എന്നായിക്കോട്ടെ.

"അത്രേ ഉള്ളു?"

"അതെ"

"ചിതൽ എന്ന്‌ പറഞ്ഞാൽ എന്തും തിന്നുന്ന ജീവിയല്ലേ?"

അതും പറഞ്ഞ്‌ വൈദ്യൻ, 6-7 കിലോ അണ്ടർ വെയ്‌റ്റായ എന്നെ ആപാദചൂഡം ഒന്ന്‌ നോക്കി. ഞാൻ തിരിച്ച്‌ വൈദ്യരേയും നോക്കി. കണ്ടിടത്തോളം പുള്ളിയും അണ്ടർ വെയ്‌റ്റാ! ഒരു നീര്ർക്കോലി രൂപം!

ജയേട്ടന്റെ കൂടെ ഒരു ബന്ധുവും ഉണ്ട്‌ - അശ്വിൻ.

"ബ്ലോഗറാണോ?"

"ഏയ്‌ അല്ല. ഞാൻ ബ്ലോഗുകൾ ഒന്നും അങ്ങിനെ നോക്കാറില്ല"

ശും. ഒരു പൊട്ടെൻഷ്യൽ ഫോളോവർ കൂടി പോയി.

ജയേട്ടൻ പറഞ്ഞു:

"അതേയ്‌, സ്റ്റൂഡന്റ്സ്‌ ഒക്കെ പലവഴിക്ക്‌ ചിതറിപ്പോയിട്ടുണ്ട്‌. അവരെ കണ്ട്‌ സമയത്ത്‌ ഹോട്ടലിൽ തിരിച്ചെത്താൻ പറയണം. നാളെ രാവിലെ മൈസൂർക്ക്‌ പോകാനുള്ളതാ. നമുക്കൊന്ന്‌ നടന്നാലോ?"

മെജസ്റ്റിക്കിലെ നാറുന്ന ഇടുങ്ങിയ വഴികളിലൂടെ ഞങ്ങൾ നടന്നു.

പെട്ടെന്നാണ്‌ കണ്ടത്‌ - ജയേട്ടൻ 2-3 പെൺകുട്ടികളെ കൈവീശി കാണിക്കുന്നു. പെൺകുട്ടികൾ ജയേട്ടനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്‌.

എന്താ ഇങ്ങനെ? ഞാൻ അശ്വിന്റെ മുഖത്തു നോക്കി. അശ്വിൻ പറഞ്ഞുതന്നു:

"ജയേട്ടന്റെ വിദ്യാർത്ഥികളാണ്‌"

ഛെ! ജയേട്ടനെ തെറ്റിദ്ധരിക്കാൻ ശ്രമിച്ചിട്ട്‌ നടക്കുന്നില്ലല്ലോ?

തിരിച്ച്‌ ഹോട്ടലിൽ വന്നു. അപ്പൊ ജയേട്ടൻ പറഞ്ഞു:

"ഹോട്ടലുകാരോട്‌ പറഞ്ഞ്‌ വെക്കാം.. 10-60 പേർ ഉള്ളതല്ലേ? ചോറ്‌ റെഡിയാക്കാൻ പറയാം"

എനിക്ക്‌ കന്നഡയിൽ ബബ്ബബ്ബ എന്നൊക്കെ പറയാൻ അറിയാം. മുറി കന്നഡ വച്ച്‌ ജയേട്ടന്റെ മുന്നിൽ ഒന്ന്‌ ഷൈൻ ചെയ്യണം.

ഹോട്ടലുകാരോട്‌ സംസാരിക്കാൻ വേണ്ടി മുന്നോട്ട്‌ നീങ്ങി കണ്ഠശുദ്ധീകരണം നടത്തിയതോർമ്മയുണ്ട്‌. പിന്നെ കാണുന്നത്‌ നല്ല ശുദ്ധ കന്നഡയിൽ ജയേട്ടൻ ഹോട്ടലുകാരോട്‌ സംസാരിക്കുന്നതാണ്‌.

നെക്സ്റ്റ്‌ ശും!

(പിന്നീട്‌ അപഗ്രഥിച്ചപ്പോൾ ബഹുവ്രീഹിയും തൽപ്പുരുഷനുമടക്കം സകല സന്ധിസമാസങ്ങളും ചേർത്താണ്‌ ജയേട്ടൻ കന്നഡ സംസാരിച്ചത്‌ എന്നു കണ്ടെത്താനായി)

"ജയേട്ടൻ എവിടുന്നാ കന്നഡ പഠിച്ചേ?"

"പോസ്റ്റിടാം! കന്നഡ വന്ന വഴി!"

"മതി. ഇനി ഏതൊക്കെ ഭാഷയറിയാം?"

"കുറേ അറിയാം! ഒക്കെ വഴിയേ മനസ്സിലാവും!"

അപ്പൊ ഇത്‌ എന്തൂട്ട്‌ മൊതലാണ്‌ സാധനം?

(ഇങ്ങേർക്ക്‌ പല ഭാഷകളിൽ ബ്ലോഗുകളും ആരാധകരുമുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു)

ഞാൻ വാച്ച്‌ നോക്കി. ഇല്ല, വന്നിട്ട്‌ അധികസമയമായിട്ടില്ല. ഇനിയും കുറേക്കൂടി മാനനഷ്ടം സംഭവിക്കാനുള്ള സമയമുണ്ട്‌.

ഞാനും അശ്വിനും ഓരോ ദോശ ഓർഡർ ചെയ്തു. ജയേട്ടൻ തൈരുസാദം തെരഞ്ഞെടുത്തു.

കൈവിട്ടുകൊണ്ടിരിക്കുന്ന ആത്മവിശ്വാസം വീണ്ടെടുത്തേ മതിയാവൂ. കന്നഡയിൽ ബബ്ബബ്ബ പറയാനറിയാം എന്ന്‌ ജയേട്ടനെ അറിയിക്കണം. വെയ്റ്ററെ വിളിച്ചു.

"എണ്ണ ബേഡി" (ദോശയിൽ... എണ്ണ വേണ്ട)

ജയേട്ടൻ ചിരിച്ചു "എന്താ കന്നഡയിൽ പറഞ്ഞത്‌? എണ്ണ പേടിയാണെന്നോ?"

ശും നമ്പ്ര 4

"അല്ല, എണ്ണ വേണ്ട....ന്ന്‌ പറഞ്ഞതാ"

"എന്തേയ്‌ കൊളസ്റ്ററോൾ ഉണ്ടോ?"

ശും അഞ്ചായി. ജയേട്ടാ, പത്ത്‌ ശും ആയാൽ നിർത്തണം. അതിൽ കൂടുതൽ എനിക്ക്‌ എണ്ണാൻ അറിയില്ല.

"ആയുർവേദ വിധിപ്രകാരം സന്ധ്യ കഴിഞ്ഞാൽ തൈര്‌ കഴിക്കരുത്‌ എന്നാണ്‌. പക്ഷെ ആഗ്രഹിച്ചത്‌ തിന്നാണ്ട്‌ പറ്റുമോ? അതുകൊണ്ട്‌ തൈര്‌സാദം തീരുന്നതുവരെ ഞാൻ വൈദ്യനല്ല!"

ബ്ലോഗർ കണ്ണനുണ്ണി വിളിച്ചു. മൂപ്പർ എംജി റോഡിൽ അരുൺ കായംകുളത്തിനെ കാത്ത്‌ നിൽക്കുകയാണ്‌. പക്ഷെ അരുൺ ആപ്പീസിൽ നിന്നിറങ്ങിയിട്ടില്ല. ഞങ്ങൾ അരുണിനെ വിളിച്ചു. ജോലിത്തിരക്കാണ്‌, ഇറങ്ങാൻ വയ്യെന്ന്‌ പാവം അരുൺ. സാരമില്ല, ഹോട്ടലിലേക്ക്‌ എത്തിക്കോളാം എന്ന്‌ കണ്ണനുണ്ണി.

ഞങ്ങളുടെ സംസാരം ബ്ലോഗിൽ കൂടി മലയാളഭാഷയും ടിവി ചാനലും സദാചാരവും ആളുകളുടെ വകതിരിവും ഒക്കെ കടന്ന്‌ എവിടെയൊക്കെയോ എത്തിയിരിക്കുന്നു.

ഒരു പ്രത്യേക ജനവിഭാഗത്തെക്കുറിച്ച്‌ പരാമർശം വന്നു.

"ഞാൻ അവരെക്കുറിച്ച്‌ ഒരു പോസ്റ്റിടാൻ വിചാരിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒരു കൊല്ലമായി ഒരു ഐഡിയ മനസ്സിൽ കിടക്കുന്നു"

ദൈവേ, ഇയാള്‌ കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാണല്ലോ. ഒരു കൊല്ലമായിത്രേ ഐഡിയേം കൊണ്ട്‌ നടക്കാൻ തുടങ്ങിയിട്ട്‌. "നാളെ ബ്രേൿഫാസ്റ്റിന്‌ എന്ത്‌ വേണം?" എന്ന് അമ്മ കൺഫ്‌യൂഷൻ അടിക്കുന്ന മാതിരി "അടുത്ത പോസ്റ്റ്‌ എന്ത്‌ വേണം? ഒന്നും ഇതുവരെ കിട്ടിയില്ലല്ലോ.." എന്നു വിചാരിക്കുന്നയാളാണ്‌ ഞാൻ.

കണ്ണനുണ്ണി എത്തി. എത്തിയപാടെ കണ്ണനുണ്ണിയും ജയേട്ടനും ഒരു സെറ്റായി. ഒരേ നാട്ടുകാരല്ലേ? പിന്നെ അവരുടെ വർത്തമാനം തുടങ്ങി. അത്‌ ഗദ്യത്തിലൊതുക്കാൻ പറ്റില്ല. അതുകൊണ്ട്‌ ഒരു സാമ്പിൾ താഴെ:

"അപ്പൊ എവിടാന്നാ പറഞ്ഞേ?"

"അത്‌ നമ്മുടെ രാമപുരത്തുനിന്ന് പടിഞ്ഞാട്ട്‌ പോകണം"

"അതെ, ഞാനറിയും. പാടമല്ലേ?"

"ഉവ്വുവ്വ്‌. എള്ളും നെല്ലും മാറിമാറി കൃഷിയിറക്കാറുണ്ട്‌"

"പിന്നില്ലേ? ഞാനതിലേയൊക്കെ എത്ര നടന്നിരിക്കുന്നു. അവിടെ ----ടെ വീടറിയുമോ?"

"നല്ല കഥ! വളരെ നന്നായി അറിയാം!"

"അതേ...ല്ലേ? ഞാനവരുടെ മാവിന്‌ കല്ലെറിഞ്ഞിട്ടുണ്ട്‌!"

തേങ്ങാക്കുല! എന്നേയും ഗോളടിക്കാൻ ആരെങ്കിലുമനുവദിക്കൂ!

പെട്ടെന്നാണോർത്തത്‌. വിസിറ്റിംഗ്‌ കാർഡ്‌ കയ്യിലുണ്ടല്ലോ? ഒന്നിറക്കി നോക്കാം.

വിസിറ്റിംഗ്‌ കാർഡ്‌ വാങ്ങി സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ കണ്ണനുണ്ണി മൊഴിഞ്ഞു:

"അതേയ്‌, ബ്ലോഗർക്ക്‌ വിസിറ്റിംഗ്‌ കാർഡിന്റെ ആവശ്യമൊന്നുമില്ല. ഒരു ബ്ലോഗർ ഐഡി ഉണ്ടായാൽ മതി!"

(ശും കണ്ണനുണ്ണി വക ഒന്ന്, ജയേട്ടൻ വക.. എത്രയോ)

ഞാനായിട്ട്‌ തുടങ്ങിവെച്ച ഈ ബ്ലോഗ്‌ മീറ്റ്‌ ഞാൻ തന്നെ പിരിച്ചുവിട്ടിരിക്കുന്നു. മതി. ഞാൻ പോണൂ.

"ഓക്കെ, അപ്പൊ ഇനി തൊടുപുഴയിൽ കാണാം. കാണണം!"

ചിരിക്കുന്നത്‌ കണ്ടില്ലേ രണ്ട്‌ പേരും? ഒറ്റ ബ്ലോഗർമാരേയും വിശ്വസിക്കാൻ കൊള്ളില്ല.

Saturday, June 5, 2010

കണ്ടതും കേട്ടതും അറിഞ്ഞതും - 1

"സിനിമയിലോ നാടകത്തിലോ നാറാണത്തുഭ്രാന്തനായി അഭിനയിക്കാന്‍ കുറഞ്ഞപക്ഷം ആര്‍നോള്‍ഡ്‌ ഷ്വാര്‍സെനെഗറെയെങ്കിലും വിളിക്കണം. ദിവസവും അനവധി തവണ വലിയ കല്ല് മലമുകളിലേക്ക്‌ ഉരുട്ടിക്കയറ്റുന്നവനു് അതിലും എത്രയോ മടങ്ങ്‌ മസിലുണ്ടായിരിക്കും. കലിയുഗത്തിലെ എറ്റവും ശക്തനായ മനുഷ്യന്‍ നാറാണത്തുഭ്രാന്തനായിരുന്നിരിക്കും".

Friday, May 7, 2010

വയറിളകുമ്പോള്‍

(മനഃകരുത്തുള്ളവര്‍ മാത്രം വായിക്കുക. മുന്നറിയിപ്പ്‌ അവഗണിച്ച്‌ വായിച്ചിട്ട്‌ ഉണ്ടാവുന്ന അനന്തരഫലങ്ങള്‍ നിങ്ങളുടെ മാത്രം കര്‍മഫലമായിരിക്കും)


മദിരാശിയിലുള്ള കാലം.

ടോണിയും ബിജുവുമാണു് കൂടെയുള്ളതു്. ബ്ലോഗ്‌ സിംഹം ചാണ്ടിക്കുഞ്ഞു് എന്തോ ആവശ്യത്തിനു് നാട്ടില്‍ പോയ അവസരം (അതുകൊണ്ട്‌ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഈ കഥ അവന്‍ വേറെ രീതിയില്‍ അവതരിപ്പിച്ചേനെ).

കവിതയെ ശ്രദ്ധിക്കല്‍, വൈകുന്നേരം ഹോട്‌ ദോശയില്‍ പോകല്‍, തുടര്‍ന്നു് ഓരോ ഐസ്ക്രീം കഴിക്കല്‍, തിരിച്ചുവന്ന് 56 കളിക്കല്‍ എന്നിങ്ങനെ സുഗമമായി ജീവിതം മുന്നേറുമ്പോഴാണു് ഒരു ദിവസം ടോണിക്കും ബിജുവിനും ഒരുമിച്ചു പനിപിടിച്ചതു്.

രണ്ടെണ്ണത്തിനും എഴുന്നേറ്റു നില്‍ക്കാന്‍ ശേഷിയില്ല. ഒരു ദിവസം നോക്കിയെങ്കിലും പനി കുറയുന്ന ലക്ഷണമില്ല. അതുകൊണ്ട്‌ ഡോക്ടരുടെ അടുത്തു കൊണ്ടുപോകണം.

എന്തിനും ഇപ്പൊ ഞാന്‍ മാത്രമേയുള്ളു. ഓട്ടോറിക്ഷ വിളിക്കുക, രണ്ടെണ്ണത്തിനേയും തോളില്‍ ചായ്ച്ചു് ഉടയാത്ത രീതിയില്‍ ഓട്ടോയില്‍ അട്ടിയിടുക, ആശുപത്രിയിലേക്കു നീങ്ങുക, ഡോക്ടരെ കാണാനുള്ളവരുടെ ക്യൂവില്‍ രണ്ടുപേരേയും പ്രതിഷ്ഠിക്കുക എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞു. മെല്ലെ നീങ്ങി നിരങ്ങി ഡോക്ടരുടെ അടുത്തെത്തി.

പരിശോധന കഴിഞ്ഞ്‌ ഡോക്ടര്‍ ഫലം പ്രഖ്യാപിച്ചു: രണ്ടുപേര്‍ക്കും viral fever ആണു്. 2-3 ദിവസത്തേക്കു് കാണും. ഭക്ഷണമൊക്കെ സൂക്ഷിച്ച്‌ കഴിക്കണം. ചപ്പാത്തിയോ ബ്രെഡ്ഡോ കഴിച്ചാല്‍ മതി.

തിരിച്ച്‌ രണ്ടുപേരേയും വീട്ടിലാക്കി ഉച്ചക്ക്‌ കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഞാനെത്തി - അവര്‍ക്ക്‌ ബ്രെഡ്ഡും എനിക്ക്‌ കോഴി ബിരിയാണിയും.

രണ്ടെണ്ണവും ഓരോ കഷ്ണം ബ്രെഡ്ഡ്‌ പൊട്ടിച്ച്‌ നാവില്‍ വെച്ചിരിക്കുമ്പോഴാണു് ഞാന്‍ ബിരിയാണിപ്പൊതി തുറന്നതു്. നല്ല ബിരിയാണിയുടെ സുഗന്ധം അവിടെയെങ്ങും പരന്നു.

ജ്വരബാധിതര്‍ രണ്ടുപേരും ദൈന്യതയോടെ എന്നെ നോക്കി.

"ഡാ കശ്മലാ, ഞങ്ങള്‍ക്ക്‌ ഈ അവസ്ഥയുള്ളപ്പൊ ഞങ്ങളുടെ മുന്നില്‍ വെച്ചു തന്നെ നിനക്ക്‌ ബിരിയാണി തിന്നണം അല്ലേ?"

"ശ്ശെടാ, നിങ്ങള്‍ക്ക്‌ പനിവന്നെന്നു വെച്ച്‌ ഞാനും പട്ടിണി കിടക്കണോ?"

"ഞങ്ങളുടെ ശാപം നിനക്കുണ്ടെടാ! നിനക്ക്‌ വയറിളക്കം പിടിക്കും!"

പുച്ഛത്തോടെ ഒരു ചിരി പാസ്സാക്കി ഞാന്‍ ബിരിയാണിത്തീറ്റയില്‍ മുഴുകി.

*   *   *   *   *

ഒരുപക്ഷെ അത്ര ഉള്ളില്‍തട്ടിയായിരിക്കണം ആ രോഗബാധിതര്‍ എന്നെ ശപിച്ചത്‌. കാരണം അന്ന്‌ വൈകുന്നേരം എനിക്ക്‌ വയറിളക്കം പിടിച്ചു!

വയറിളക്കം എന്ന്‌ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞതുകൊണ്ടാകുമോ? കാഴ്ചയില്‍ ദശമൂലാരിഷ്ടം (ആദ്യത്തെ 2-3 തവണ), ചക്ക പ്രഥമന്‍ (അടുത്ത 5-6 അര്‍ച്ചന), ച്യവനപ്രാശം (പിന്നെ 1-2 ദിവസത്തേക്ക്‌) എന്നിവയെ അനുസ്മരിപ്പിക്കുന്ന പ്രകടനം.

മുന്നറിയിപ്പില്ലാതെ വരാന്‍ സാധ്യതയുള്ളതുകൊണ്ട്‌ ബര്‍മുഡ മാറ്റി മുണ്ടുടുത്തു. ഊരാന്‍ എളുപ്പമുണ്ട്‌. ബാത്‌റൂമിലേക്ക്‌ കാല്‍ നീട്ടിയിരുപ്പായി.

പരവേശം സഹിക്കുന്നില്ല.

എന്നാല്‍ വയറിളക്കം പിടിപെട്ട കാര്യം കൂടെയുള്ളവര്‍ ഇരുവരുടേയും മുന്‍പില്‍ സമ്മതിക്കാന്‍ ആത്മാഭിമാനം എന്നെ അനുവദിച്ചില്ല. തുറന്നു പറഞ്ഞാല്‍ അവരെന്നെ കളിയാക്കി കൊല്ലും. അതുകൊണ്ട്‌ "ഉച്ചക്ക്‌ ബിരിയാണി കഴിച്ചവന്‍ എന്താ രാത്രി തൈരുസാദം കഴിക്കുന്നത്‌?" എന്ന ചോദ്യത്തിന്‌ "ഇനി മുതല്‍ രാത്രി ഭക്ഷണം നിയന്ത്രിക്കാന്‍ തീരുമാനിച്ചതുകൊണ്ടാ" എന്ന്‌ ഉത്തരം പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചതായി തോന്നിയില്ല.

*   *   *   *   *

കൂനിന്മേല്‍ കുരു! അടുത്ത ദിവസം രാവിലെ പൈപ്പിലെ വെള്ളം നിന്നു!

അതല്ലെങ്കിലും ചിലപ്പോള്‍ അങ്ങിനെയാണു്. മദിരാശി പണ്ടേ ജലദൗര്‍ലഭ്യത്തിനു പേരുകേട്ടതല്ലേ? (ഇപ്പോള്‍ സ്ഥിതി കുറേ മാറിയിട്ടുണ്ടത്രേ).

കുറച്ചുവെള്ളം ബക്കറ്റിലുണ്ട്‌. പക്ഷെ അത്‌ ഒരു "ട്രിപ്പിനേ" തികയൂ. വീണ്ടും "ച്യവനപ്രാശിക്കാന്‍" തോന്നിയാല്‍ എന്ത്‌ ചെയ്യും? ഹമ്മേ!

അടുത്തുള്ള കടയിലേക്കോടി. വെള്ളം കിട്ടാറുണ്ട്‌ അവിടെ. ഒരു 3-4 കുപ്പി വാങ്ങി വെക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനം രക്ഷിക്കുകയാണ്‌ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്‌. ജലം ലഭിക്കുന്ന മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം.

"അണ്ണാച്ചി, ഒരു 4 കുപ്പി തണ്ണി കൊടുങ്കൊ"

അണ്ണാച്ചി ചിരിച്ചു.

"തണ്ണി കഴിഞ്ചു പോയി. ഇന്നേക്ക്‌ പൈപ്പില്‍ തണ്ണി വരലൈ. അതുകൊണ്ട്‌ എല്ലാ അവന്മാരും വന്നു മേടിച്ചോണ്ട്‌ പോയി"

ദൈവമേ! അടുത്ത കട ഒന്നൊന്നര കിലോമീറ്റര്‍ അകലെയാണ്‌. നടക്കാവുന്ന ദൂരമേയുള്ളു. പക്ഷെ അടുത്ത "ശങ്ക" അങ്കുരിച്ചുകഴിഞ്ഞിരുന്നു. ച്ചാല്‍, ഒരു 5 മിനുട്ടിനുള്ളില്‍ കക്കൂസില്‍ കയറി ടേക്കോഫ്‌ ചെയ്തില്ലെങ്കില്‍...

ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ല. ഉടനെ പ്രവര്‍ത്തിക്കണം. പെട്ടെന്ന്‌ ഐഡിയ കത്തി!

*   *   *   *   *

"എന്താഡാ 2 വലിയ കുപ്പി 7upഉം പിടിച്ചോണ്ട്‌ കേറി വരുന്നേ?"

എന്റെ പുഞ്ചിരി ദുര്‍ബലമായിരുന്നു. "വേനല്‍ക്കാലമല്ലേ, നല്ല തണുത്ത വല്ലതും കുടിക്കാമെന്നു് കരുതി"



വാല്‍: ഒരു കാര്യം ഞാന്‍ തുറന്ന്‌ പറയാം. 7up കൊണ്ട്‌ കഴുകിയാല്‍ ആകെ ഒട്ടിപ്പിടിക്കും. അനുഭവമുള്ളതാ. രണ്ടാമത്തെ ഉപയോഗം മുതല്‍ കഴുകിയ ശേഷം ന്യൂസ്‌പേപര്‍ വച്ച്‌ തുടച്ചതുകൊണ്ട്‌ ഇത്തിരി ഒട്ടിപ്പിടിക്കല്‍ ഒഴിവായിക്കിട്ടി.



വവ്വാല്‍: "എടാ ഡാഷേ, രണ്ട്‌ കുപ്പി 7up വാങ്ങിയിട്ട്‌ രാത്രിയാക്കുമ്പൊഴേക്ക്‌ അത്‌ മുഴുവന്‍ ഒറ്റക്ക്‌ തീര്‍ത്തു അല്ലേടാ? നിനക്ക്‌ വയറിളക്കം പിടിക്കുമെടാ!"



(ഈ കഥയുടെ ശീര്‍ഷകം "അമരം" എന്ന ചിത്രത്തിലെ "അഴകേ നിന്‍ മിഴിനീര്‍" എന്ന ഗാനത്തിലെ "തിരയിളകുമ്പോള്‍..." എന്ന ചരണത്തിന്റെ ഈണത്തില്‍ വായിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമാകുന്നു)

Monday, April 19, 2010

പെണ്ണുകാണല്‍ (രാമകൃഷ്ണന്‍)

(ഈ കഥ ജയേട്ടന്റെ Y2K - ഒരു ഓര്‍മ്മക്കുറിപ്പ്‌  എന്ന കഥ വായിച്ചപ്പൊ ഓര്‍മവന്നതാണു്. കൃത്യമായിപ്പറഞ്ഞാല്‍, അദ്ദേഹം പെണ്ണുകാണലിനിടക്കു് ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഓര്‍മ്മവന്നതാണു്. അങ്ങിനെ ഈ മാസത്തിലെ രണ്ടു പോസ്റ്റും ജയേട്ടനാല്‍ പ്രേരിതമാണു് എന്നു പറയാം)



ജയകൃഷ്ണനെ ഓര്‍മ്മയുണ്ടാകുമല്ലോ? അദ്ദേഹത്തിനെ ജ്യേഷ്ഠന്‍ രാമകൃഷ്ണന്റെ കഥയാണിതു്.

പാരമ്പര്യമായി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിലെ മൂത്ത സന്തതിയായ രാമകൃഷ്ണന്റെ വിദ്യാഭ്യാസയോഗ്യത നാലാം ക്ലാസും തുടര്‍ന്നു് മണ്ണിനോടു് മല്ലിട്ടു നേടിയ അനുഭവസമ്പത്തുമായിരുന്നു. അദ്ധ്വാനശാലിയായ അദ്ദേഹം പിതാവിനു് വയലില്‍ തക്ക തുണയും കുടുംബത്തിന്റെ കണ്ണിലുണ്ണിയും ആയതില്‍ അത്ഭുതമില്ല.

പ്രായമായപ്പോള്‍ രാമകൃഷ്ണനു് കല്യാണാലോചനകള്‍ തുടങ്ങി. തങ്ങളുടെ നിലക്കനുസരിച്ചു് മറ്റൊരു കര്‍ഷകകുടുംബത്തില്‍ നിന്നു് തന്നെയായിരുന്നു ആദ്യത്തെ ആലോചന. പെണ്ണു് സുനന്ദ. അടുത്തൊരു ദിവസം തന്നെ പെണ്ണുകാണല്‍ ചടങ്ങു് നടത്താന്‍ കാരണവന്മാര്‍ തീര്‍ച്ചപ്പെടുത്തി.

പെണ്ണുകാണലിന്റെ തലേദിവസം രാമകൃഷ്ണന്റെ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി.

കൂട്ടുകാര്‍: "ഡാ, നാളത്തെ പരിപാടികള്‍ എന്തൊക്കെയാ?"

രാമകൃഷ്ണന്‍: "രാവിലെ സുനന്ദയുടെ വീട്ടില്‍ പോകുന്നു; കാണുന്നു; തിരിച്ചുവരുന്നു. ഇതില്‍ക്കൂടുതല്‍ പ്രത്യേകിച്ചെന്താ?"

കൂ: "അതല്ല. ആദ്യത്തെ കാഴ്ചയില്‍തന്നെ നിന്നെ നല്ല മതിപ്പു് സുനന്ദക്കു് തോന്നണം. അപ്പൊ അതിനുതക്കവണ്ണം പെരുമാറണം"

രാ: "അതൊക്കെ വേണ്ടിവരുമോ?"

കൂ: "എടാ, വെറുതെ പോയി പെണ്ണുകണ്ടു് വരാന്‍ ആര്‍ക്കാ സാധിക്കാത്തതു്? പക്ഷെ ആദ്യത്തെ കാഴ്ചയില്‍ത്തന്നെ നീ നല്ല ബുദ്ധിയുള്ള ആളാണു് എന്നു് സുനന്ദക്കു് തോന്നുന്നതു് നല്ല കാര്യമല്ലേ?"

രാ: "ങാ. അതൊരു നല്ല കാര്യമാണു്. പക്ഷെ അത്ര ബുദ്ധിയൊക്കെ എനിക്കുണ്ടോ?"

കൂ: "ഇനി അഥവാ ഇല്ലെങ്കിലും ഉണ്ടെന്നു് അഭിനയിക്കണം. അതിനു്..."

രാ: "അതിനു്...?"

കൂ: "ബുദ്ധിപരമായ ചോദ്യങ്ങള്‍ നീ ചോദിക്കണം. ആ ചോദ്യങ്ങള്‍ കേട്ടു് സുനന്ദക്കു് നിന്നെ ഇഷ്ടമാവണം"

"ഇപ്പൊ, പേരെന്താ, ഏതു് വരെ പഠിച്ചു എന്നൊന്നും ചോദിക്കുന്നതു് ബുദ്ധിയല്ല. അതൊക്കെ നമുക്കറിയാവുന്ന കാര്യങ്ങളല്ലേ? സിനിമ ഇഷ്ടമാണോ, പാചകം അറിയുമോ മുതലായ ചോദ്യങ്ങള്‍ പെണ്ണിനു് ഇഷ്ടപ്പെടുമെങ്കിലും അതുകൊണ്ടൊന്നും നിന്റെ ബുദ്ധി അവതരിപ്പിക്കാന്‍ പറ്റില്ല. അപ്പൊ വേറെ ടൈപ്‌ ചോദ്യങ്ങള്‍ വേണം ചോദിക്കാന്‍"

രാ: "ന്നു് വെച്ചാല്‍...? എനിക്കങ്ങടു് കിട്ടണില്യ"

കൂ: "ഒരാള്‍ക്കു് ഇഷ്ടപ്പെടുന്നതു് ആ ആളെ, അല്ലെങ്കില്‍ അയാളുടെ കുടുംബത്തിനെ, അല്ലെങ്കില്‍ അയാള്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും സംബന്ധിക്കുന്ന ചോദ്യങ്ങളാവും. അതു് നമ്മള്‍ക്കു് മുന്‍കൂട്ടി ചര്‍ച്ച ചെയ്തു് തീരുമാനിക്കാന്‍ ബുദ്ധിമുട്ടാ. അവളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ നീ കാണുന്ന എന്തെങ്കിലും പ്രത്യേകതകള്‍ എടുത്തു് ചോദിക്കുക"

"ഉദാഹരണത്തിനു് ചന്ദപ്പന്‍ പെണ്ണുകാണാന്‍ പോയപ്പൊ ചോദിച്ചതു് എങ്ങിനെയാന്നോ?"

"ചന്ദപ്പന്‍: `നിങ്ങളുടെ കോഴി മുട്ടയിട്ടതു് ഈയടുത്തു് വിരിഞ്ഞല്ലേ?' "

"പെണ്ണു്: `അതെ! പക്ഷെ ചേട്ടനു് എങ്ങിനെ മനസ്സിലായി?' "

"ചന്ദപ്പന്‍: `അതോ? തോട്ടത്തില്‍ നിറയെ റോസാച്ചെടിയും അതിന്റെ കടക്കല്‍ മുട്ടത്തോടും കണ്ടു. ഇത്രയും ചെടിക്കു് മുട്ടത്തോടിടണമെങ്കില്‍ ഏതെങ്കിലും കോഴി മുട്ടക്കു് അടയിരുന്നു് വിരിയിച്ചതാവണം. അല്ലാതെ 4 പേരുള്ള നിങ്ങളുടെ വീട്ടില്‍ കഴിച്ച മുട്ടയുടെ തോടുകളാവാന്‍ വഴിയില്ല' "

"പെണ്ണു്: `ശ്ശൊ! ഈ ചന്ദപ്പേട്ടന്‍ ആളു് കൊള്ളാലോ!' "

"അപ്പൊ അതാ പറഞ്ഞതു്. നമ്മള്‍ ചോദിക്കുന്ന ചോദ്യത്തില്‍ നിന്നു് നമ്മുടെ ബുദ്ധിസാമര്‍ത്ഥ്യവും നിരീക്ഷണപാടവവും അവള്‍ക്കു് മനസ്സിലാവണം. ഏറ്റോ?"

രാമകൃഷ്ണനു് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ "ഉം" എന്നൊന്നു് മൂളി അടുത്ത ദിവസത്തെ ചടങ്ങു് എങ്ങിനെ മാനേജ്‌ ചെയ്യും എന്നു് ആധിപിടിച്ചിരിപ്പായി.

* * *

പെണ്ണുകാണല്‍ കഴിഞ്ഞുവന്നു് വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന രാമകൃഷ്ണനെ കൂട്ടുകാര്‍ വീണ്ടും വളഞ്ഞു.

കൂ: "അപ്പൊ വിശദായിട്ടു് പറഞ്ഞോളു. എന്താ ഉണ്ടായതു്?"

രാ: "അബദ്ധായി..."

കൂ: "ഉവ്വോ? എങ്കില്‍ പരിഹാരം ചെയ്യേണ്ടീരും. ഏതായാലും നടന്നതു് പറഞ്ഞോ"

രാ: "ഡാ, നിങ്ങളു് പറഞ്ഞമാതിരി ഞാനവള്‍ടെ വീട്ടിലെത്തിയപ്പൊ പരിസരൊക്കെ നോക്കി. പക്ഷെ ചന്ദപ്പന്റെ ടൈപ്‌ ചോദ്യങ്ങള്‍ക്കു് പറ്റിയ ഒന്നും കണ്ടില്ല"

"കാലും മുഖവും കഴുകുമ്പൊ വെള്ളത്തിനു് ക്ലോറിന്റെ ചുവ. കിണറിലു് വെള്ളമില്ലേ എന്നു് ചോദിക്കാം എന്നു് വിചാരിച്ചതായിരുന്നു. അപ്പൊ പെണ്ണിന്റെയച്ഛന്‍ ചാടിക്കേറി "വേനലല്ലേ? കിണറു് വറ്റി" എന്നു് വിശേഷം പറയുന്ന കൂട്ടത്തിലു് പറഞ്ഞു"

"ഇനിപ്പൊ എന്താ ചെയ്യാന്നു് ശങ്കിച്ചിരിക്കുമ്പൊഴാ ഞങ്ങളോടു് ഒരു മുറീലു് കേറീട്ടു് എന്തെങ്കിലും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാന്‍ പറേണതു്"

"ഞാനാകെ വെരണ്ടു. എന്താ ചോദിക്കണ്ടേന്നു് ഒരു രൂപോല്യ"

"പെട്ടെന്നു് സുനന്ദ എന്നോടൊരു ചോദ്യം - എന്താ ചേട്ടന്‍ പേടിച്ചിരിക്യാണോ, എന്നോടൊന്നും ചോദിക്കാനില്ലേ?ന്നു്"

"ന്നുവെച്ചാല്‍, ഞാനാകെ ബേജാറായി ഇരിക്യാണു്ന്നു് അവളു് മനസ്സിലാക്കി!"

"അപ്പൊഴാ ശ്രദ്ധിച്ചേ. പെണ്ണിനു് ഇടതുകൈക്കാണു് സ്വാധീനം കൂടുതല്‍. വാതില്‍ തുറന്നതും എന്റെ നേരെ കസേര നിരക്കിയിട്ടതും ഇരിക്കാന്‍ ആംഗ്യം കാണിച്ചതും ഇടതുകൈ കൊണ്ടാ"

കൂട്ടുകാര്‍ പരസ്പരം നോക്കി. ബുദ്ധിപരമായ എന്തെങ്കിലും ഇടതുകൈ സംബന്ധിച്ചു് ഉള്ളതായി തോന്നുന്നില്ല. എന്നാലും ഒരു പുതുമയൊക്കെയുണ്ടു്. ചില നല്ല ചോദ്യങ്ങള്‍ക്കുള്ള വകയുണ്ടു്.

കൂ: "എന്നിട്ടു്? അതുകൊണ്ടു് ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടു് നേരിട്ടുവോ എന്നു് ചോദിച്ചോ?"

രാ: "ഇല്ല"

കൂ: "പിന്നെ? ആരെങ്കിലും കളിയാക്കിയിട്ടുണ്ടോ എന്നു് ചോദിച്ചോ?"

രാ: "ഇല്ല"

കൂ: "പിന്നെ എന്തായിരുന്നു നിന്റെ ചോദ്യം?"

രാ: "അതു് പിന്നെ.. ഈ ഇടതുകൈക്കുള്ള സ്വാധീനക്കൂടുതല്‍.. അതു് ജന്മനാ ഉള്ളാതാണോ എന്നു് ചോദിച്ചു!"

കൂട്ടുകാര്‍ സ്തബ്ധരായി പരസ്പരം നോക്കി. ദൈന്യതയോടെ രാമകൃഷ്ണന്‍ അവരെ നോക്കി.

കൂ: "എന്നിട്ടു്? പെണ്ണെന്തു് പറഞ്ഞു?"

രാ: "ഏയ്‌ പെണ്ണൊന്നും പറഞ്ഞില്ല. പൊട്ടിച്ചിരിച്ചുകൊണ്ടു് അടുക്കളയിലേക്കു് ഓടിപ്പോയി.2 മിനുട്ടു് കാത്തിരുന്നു് അവള്‍ വരാഞ്ഞപ്പോള്‍ ഞാന്‍ എണീറ്റുചെന്നു് ഉമ്മറത്തിരുന്നു"

കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു. രാമകൃഷ്ണന്‍ പ്രതീക്ഷയോടെ അവരെ നോക്കി.



വാല്‍: രാമകൃഷ്ണന്‍ താലികെട്ടുമ്പോള്‍ വധു സുനന്ദ അടക്കിചിരിച്ചതു് രാമകൃഷ്ണന്റെ കൈവിറക്കുന്നതു് കണ്ടിട്ടാവാന്‍ വഴിയില്ല. കാരണം വിവാഹമണ്ഡപത്തിലേക്കു് നടക്കുമ്പോഴേ അവള്‍ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.

Thursday, April 8, 2010

മൂട്ട

ജയേട്ടന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോഴാണു് ഞാന്‍ എന്റെ കോളജിലുണ്ടായിരുന്ന മൂട്ടയെ പറ്റിയോര്‍ത്തതു്.


മൂട്ട! തൃശൂര്‍ എഞ്ജിനിയറിംഗ്‌ കോളജില്‍ ഒരു തലമുറയുടെ ഹരമായി പരിലസിച്ച പഴയ മെര്‍സിഡീസ്‌ ബസ്‌. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയതാവാനാണു് വഴി.

എന്റെ കസിന്‍ ശരത്തേട്ടന്‍ സഞ്ചരിക്കുന്ന ബസ്സായിട്ടാണു് അതു ഞാന്‍ ആദ്യം കാണുന്നതു്. പ്രീ-ഡിഗ്രിക്കു് ഫസ്റ്റ്‌ ഗ്രൂപ്പെടുത്തു പഠിക്കുമ്പോള്‍, മൂട്ടയിലിരുന്നു് അലക്ഷ്യമായി കൈകള്‍ ജനലില്‍ ചേര്‍ത്തുവെച്ചു് കാറ്റുംകൊണ്ടു് പാഞ്ഞുപോകുന്ന യുവ എഞ്ജിനിയര്‍മാരെ കണ്ടു് കൊതിയോടെ നോക്കി നിന്നിട്ടുണ്ടു് - എനിക്കും എന്നെങ്കിലും ഇതുപോലെ പോകാനാകുമോ? പിന്നെ അതേ കോലജില്‍ ചേര്‍ന്നപ്പോള്‍ എനിക്കും മൂട്ടയില്‍ യാത്ര ചെയ്യാന്‍ അവസരങ്ങള്‍ ഒരുപാടുണ്ടായി.

കോളജിനു് ആകെ 3 ബസുകളാണുള്ളതു്. മൂട്ടയാണു് ഏറ്റവും പഴയ ബസ്‌. പക്ഷെ ഉശിരുള്ളതു് മൂട്ട മാത്രം.

മൂട്ട എന്ന പേരു ലഭിക്കാന്‍ കാരണം, അതിന്റെ ആകൃതിയായിരുന്നു. ശരിക്കും ഒരു നീണ്ട മൂട്ട. പഴയ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമകളില്‍ ഒക്കെ കാണാറുള്ള ടൈപ്‌ ബസ്‌.

കമലിന്റെ "നമ്മള്‍" എന്ന സിനിമയിലെ "രാക്ഷസി" എന്ന ഗാനത്തില്‍ ആ ബസും അഭിനയിച്ചു. അപ്പോഴേക്കും ആ ബസ്‌ അടുത്തൂണ്‍ പറ്റിയിരുന്നു. ഏറെ കാലത്തിനു ശേഷം ആ സിനിമയില്‍ മൂട്ടയുടെ അവസ്ഥ കണ്ടു് കുറച്ചു സങ്കടമുണ്ടായിരുന്നു.


(ഈ പോസ്റ്റ്‌ കണ്ടു് മൂട്ടയുടെ ഒരു പഴയകാല ചിത്രം അയച്ചു തന്ന സിജോയ്ക്കു് നന്ദി)


എന്നാല്‍ ഇത്തരം ഒരു പതനം പ്രതീക്ഷിച്ചിരുന്നില്ല. 2007ഇല്‍ ഓണക്കാലത്തു് എന്റെ കോളജില്‍ പോയ ഞാനും എന്റെ സുഹൃത്തുക്കളും മൂട്ടയെക്കണ്ടു് ഞെട്ടിപ്പോയി.






ഇപ്പോള്‍ അവള്‍ എവിടെയാണാവോ.

Thursday, March 11, 2010

ഒരു കുറ്റാന്വേഷണകഥ - 5

SP രാമഭദ്രനുമായുള്ള ചര്‍ച്ചയും അന്വേഷണത്തിന്റെ അവസാനവും



(ഒന്നു്, രണ്ടു്, മൂന്നു്, നാലു് ഭാഗങ്ങള്‍)

രാ: "വെല്‍ ഡന്‍, മന്‍സൂര്‍. നിങ്ങള്‍ കൊലയാളിയെ കണ്ടുപിടിച്ചു. അഭിനന്ദനങ്ങള്‍!"

മന്‍: "നന്ദി സാര്‍. സാറിനെന്തെല്ലാമോ ചോദിക്കണമെന്നു് പറഞ്ഞിരുന്നു?"

രാ: "ഉവ്വ്‌. പാല്‍ തിളച്ചുപോയതുമാത്രമാണോ ശേഖരനെതിരെയുള്ള തെളിവു്?"

മന്‍: "അല്ല സാര്‍. ഞാന്‍ അതുമാത്രമേ ശേഖരനോടു് പറഞ്ഞുള്ളു എന്നുമാത്രം. മറ്റു പല തെളിവുകളുമുണ്ടായിരുന്നു. സാജന്‍ ആരോഗ്യവാനായിരുന്നു. അയാളെ കീഴടക്കാന്‍ തക്ക പ്രാപ്തിയുള്ള ഒരാള്‍ ശേഖരന്‍ മാത്രമായിരുന്നു"

രാ: "പക്ഷെ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കും കൊല നടത്താമായിരുന്നു എന്നല്ലേ ഡോക്ടര്‍ പറഞ്ഞതു്?"

മന്‍: "അതെ. പക്ഷെ അതൊരു റിസ്ക്‌ ആണു്. പ്രതികരിക്കാനുള്ള സാജന്റെ കഴിവിനെ - അയാള്‍ എത്ര കുടിച്ചിട്ടുണ്ടെങ്കിലും - ഒരു കൊലയാളിക്കു് അളക്കാന്‍ സാധ്യമല്ല. ആരോഗ്യം കുറഞ്ഞ ഒരാള്‍ സാജനെപ്പോലെ ഒരാളെ എതിരിടാന്‍ ശ്രമിക്കില്ല"

രാ: "മറ്റെന്തെങ്കിലും?"

മന്‍: "ഉണ്ടു്. പുറത്തുനിന്നൊരാള്‍ വന്നു് കൊല നടത്താനുള്ള സാധ്യത വളരെ വിരളമാണു്. കൊല നടന്ന സമയമാണു് അതിനുള്ള ഒരു സൂചന. ആറു് മണിക്കാണു് കൊല നടക്കുന്നതു്. ആ സമയത്തു് ആളുകള്‍ ഉണര്‍ന്നിരിക്കാനുള്ള സാധ്യത വളരെയാണു്. അതായതു് ആരുമറിയാതെ കൊല വിജയകരമായി നടപ്പാക്കാനുള്ള സാധ്യത വിദൂരമാണു്. മറ്റൊന്നു് പുറത്തുനിന്നൊരാള്‍ക്കു് ആ വീട്ടിലേക്കു് പ്രവേശിക്കാനുള്ള ബുദ്ധിമുട്ടാണു്. വീട്ടിനുള്ളിലുള്ള ആരെങ്കിലും സഹായിയായി ഇല്ലെങ്കില്‍ അകത്തുകടക്കാന്‍ സാധ്യമല്ല."

രാ: "എന്നാലും ജോസഫ്‌ ആവാമല്ലൊ കൊലയാളി. അയാള്‍ എത്തിയ അന്നു രാത്രിയല്ലേ കൊല നടന്നതു്?"

മന്‍: "ജോസഫ്‌ എത്തിയ അന്നു രാത്രി തന്നെ കൊല നടന്നു എന്നതു് യഥാര്‍ത്ഥത്തില്‍ അയാളുടെ നിരപരാധിത്വമാണു് കാണിക്കുന്നതു്. ഒന്നാമതു് ജോസഫിനു് സാജനോടു് കൊല്ലാന്‍മാത്രമുള്ള വിദ്വേഷമില്ല. രണ്ടു്, സാജന്‍ അടുത്ത ദിവസം പുറത്തു് കറങ്ങാന്‍പോകുന്ന വിവരം ജോസഫിനോടു് പറഞ്ഞിരുന്നു. റേച്ചലമ്മയും ഇതു് സ്ഥിരീകരിക്കുന്നുണ്ടു്. എങ്കില്‍ സാജന്റെ കൊല എസ്ടേറ്റിന്റെ ഏതെങ്കിലും മൂലയില്‍ വച്ചുനടത്തുന്നതാവും ജോസഫിനു് എളുപ്പം."

രാ: "പക്ഷെ മന്‍സൂര്‍, ശേഖരനും എസ്ടേറ്റില്‍ വച്ചു കൃത്യം ചെയ്യുന്നതല്ലേ എളുപ്പം?"

മന്‍: "അതെ സാര്‍. അതാണു് എന്നെ കുഴക്കിയ ഒരു പ്രശ്നം. എസ്ടേറ്റില്‍ വെച്ചു് താരതമ്യേന എളുപ്പത്തില്‍ ശേഖരനു് സാജനെ വകവരുത്താമായിരുന്നു. എന്നാല്‍ അടുത്തദിവസം സാജന്‍ എസ്ടേറ്റില്‍ കറങ്ങാന്‍ വരുന്ന കാര്യം ശേഖരനു് അജ്ഞാതമായിരുന്നു. സാജന്‍ അതു് രാത്രിയാണു് പറയുന്നതു്; ശേഖരന്‍ വീട്ടില്‍ പോയശേഷം. കൊല നടന്നതിന്റെ തലേ ദിവസം സാജന്‍ എസ്ടേറ്റില്‍ കറങ്ങിയിരുന്നു. അപ്പോള്‍ ഒന്നും ചെയ്യാത്ത ശേഖരന്‍ അടുത്തദിവസം അതിരാവിലെ കൊലനടത്തുന്നതു് വളരെ അസ്വാഭാവികമാണു് സാര്‍"

രാ: "എന്താ മന്‍സൂറിന്റെ അഭിപ്രായം?"

മന്‍: "പണ്ടത്തെ ഒരു ഭൂമി ഇടപാടാണു് കൊലക്കു് കാരണമായി ശേഖരന്‍ പറയുന്നതു്. പക്ഷെ അതു് അത്ര വിശ്വസനീയമല്ല. ഒന്നാമതു് സാജന്റെ സ്വഭാവം ശേഖരനു് അറിയാം. രണ്ടു് ഭൂമി ഇടപാടു് കഴിഞ്ഞു് വര്‍ഷങ്ങള്‍ കഴിഞ്ഞാണു് കൊലനടക്കുന്നതു്. ശേഖരനു് സാജന്റെ ടൗനിലുള്ള വീടറിയാം. ടൗനില്‍പോയി കൊലനടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണു്. പോരാത്തതിനു് സാജന്‍ ഇടക്കിടക്കു് എസ്ടേറ്റില്‍ വന്നുപോയുമിരുന്നു. അപ്പോഴൊന്നും തോന്നാത്ത ഒരു പ്രതികാരവാഞ്ഛ ഇപ്പോള്‍ തോന്നി എന്നു് പറയുന്നതു് അംഗീകരിക്കാനാവില്ല"

രാ: "എങ്കില്‍ കൊലനടത്തിയതു് ശേഖരനല്ല എന്നാണൊ?"

മന്‍: "അല്ല സാര്‍. കൊലനടത്തിയതു് ശേഖരന്‍ തന്നെ. പക്ഷെ അതിനു് അയാള്‍ പറയുന്ന കാരണം നുണയാണു്. മാത്രമല്ല, പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ ഒരു സഹായിയുടെ കാര്യം പറയുന്നുണ്ടു്. ശ്വാസം കിട്ടാതെ സാജന്‍ പിടയുമ്പോള്‍ അയാളുടെ കാലുകളില്‍ പിടിച്ചു് കൊലക്കു് കൂട്ടുനിന്ന സഹായി. നീണ്ട നഖങ്ങളുള്ള ആ സഹായിയുടെ നഖക്ഷതങ്ങള്‍ സാജന്റെ കാലിലുള്ളതായി പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നുണ്ടു്. മറ്റൊന്നുകൂടി സാര്‍. ശേഖരന്‍ പ്രവര്‍ത്തിച്ചിരിക്കുന്നതു് ഒരു നിമിഷത്തിന്റെ സമ്മര്‍ദ്ദത്തിലാണു്. അതിനാലാണു് കൂടുതല്‍ ആലോചിച്ചു് പരാജയസാധ്യത കുറഞ്ഞ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാതെ ഒരു ആവേശത്തില്‍ ആ വെളുപ്പാന്‍കാലത്തു് തന്നെ അയാള്‍ കൊല നടത്തിയതു്. അതിനര്‍ത്ഥം, ശേഖരനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ച ആ വ്യക്തിക്കു് ശേഖരനെ സ്വാധീനിക്കാനുള്ള കഴിവുണ്ടു് എന്നാണു്."

രാ: "എനിക്കു് ഏറെക്കുറേ കാര്യങ്ങള്‍ വ്യക്തമായി. ഇനി എന്തു് ചെയ്യാനാണു് മന്‍സൂറിന്റെ പരിപാടി?"

മന്‍സൂര്‍ തന്റെ മനസ്സിലുള്ളതു് രാമഭദ്രനോടു് പറഞ്ഞു. അത്ഭുതത്തോടെ അദ്ദേഹമതു് കേട്ടിരുന്നു. മുന്നോട്ടു പോകാനുള്ള അനുവാദത്തോടൊപ്പം ഒരു മുന്നറിയിപ്പും നല്‍കാന്‍ അദ്ദേഹം മറന്നില്ല.

രാ: "എല്ലാ ഭാവുകങ്ങളും നേരുന്നു, മന്‍സൂര്‍. ഒരു കാര്യം മറക്കരുതു്. ഈ കേസില്‍ പോലീസിനു് കിട്ടിയിട്ടുള്ളതു് സാഹചര്യതെളിവുകള്‍ മാത്രമാണു്. കോടതിയിലെത്തുമ്പോള്‍ അവ എങ്ങിനേയും വ്യാഖ്യാനിക്കപ്പെടാം. കരുതലോടെ നീങ്ങണം"

*     *      *     *     *

മന്‍സൂര്‍ എസ്ടേറ്റ്‌ വീട്ടില റേച്ചലിന്റെ മുറിയില്‍ സുഖപ്രദമായി ഇരുന്നു. കൈവിരല്‍തുമ്പുകള്‍ ചേര്‍ത്തുവച്ചു. എതിരെ ഇരുന്ന റേച്ചലും മരിയയും ആകാംക്ഷയോടെ മന്‍സൂറിനെ നോക്കി.

ഇരുവരുടേയും മുഖത്തു മാറിമാറിനോക്കിയ മന്‍സൂറിന്റെ നോട്ടം ഒടുവില്‍ റേച്ചലില്‍ ചെന്നു്നിന്നു.

മന്‍: "മിസ്സിസ്‌ റേച്ചല്‍, സാജനെ കൊല്ലാനുള്ള നിര്‍ദ്ദേശം ശേഖരനു് നല്‍കിയതു് നിങ്ങളല്ലെ?"

റേച്ചല്‍ തല താഴ്ത്തി. കുറച്ചുനേരമിരുന്നു. മന്‍സൂര്‍ അവരെ ശല്യപ്പെടുത്താന്‍ ശ്രമിച്ചില്ല.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ റേച്ചല്‍ മുഖമുയര്‍ത്തി. അവരുടെ മുഖത്തുനിന്നും മനസ്സിലുള്ളതു് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു.

റേ: "അതെ. ഞാനാണു് നിര്‍ദ്ദേശം നല്‍കിയതു്"

ഒരു ദീര്‍ഘനിശ്വാസം മരിയയില്‍ നിന്നുയര്‍ന്നു. റേച്ചല്‍ തന്റെ മൂത്തമകളെ വാല്‍സല്യത്തോടെ നോക്കി.

മന്‍: "കൊല്ലപ്പെടുന്നതിന്റെ തലേന്നു് സാജന്‍ പറഞ്ഞ എന്തോ ഒരു കാര്യമാണു് നിങ്ങളെ ഇതിനു് പ്രേരിപ്പിച്ചതു് എന്നു് ഞാന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ ഇത്ര പെട്ടെന്നു് ശേഖരനെക്കൊണ്ടു് നിങ്ങള്‍ ആ കൃത്യം ചെയ്യിക്കില്ലായിരുന്നു. ശരിയാണൊ?"

റേ: "സാര്‍ പറഞ്ഞതു് ശരിയാണു്. മുന്‍പു് ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ മറച്ചുവെച്ച ചില കാര്യങ്ങളുണ്ടു്. ഞാന്‍ സൂക്ഷ്മതകളിലേക്കു് കടക്കുന്നില്ല. എസ്ടേറ്റിലെ മരിയയുടെ അവകാശം തന്റെ പേരിലാക്കണമെന്നായിരുന്നു സാജന്റെ പ്രധാന ആവശ്യം. അതിനു് തയ്യാറല്ലെങ്കില്‍ മരിയയുടെ ജീവനു് അപകടം വരുത്തി അവളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാനും മടിക്കില്ലെന്നു് അയാള്‍ രാത്രി എന്നോടു് പറഞ്ഞു. ഒരു പക്ഷെ മദ്യം അധികം കഴിച്ചതിനാല്‍ അയാളുടെ മനസ്സിലുള്ളതു് പുറത്തുവന്നതാവാം. ഏതായാലും ഈയിടെയായി അയാളുടെ ദ്രോഹങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നു് മരിയ പറഞ്ഞിരുന്നു. അയാളുടെ സ്വഭാവം വെച്ചു് പറഞ്ഞതു് ചെയ്യാനും മടിക്കില്ലെന്നു് ഞാന്‍ ഭയന്നു. എന്റെ മകളുടെ സുരക്ഷ മാത്രമായിരുന്നു എന്റെ ഉല്‍കണ്ഠ"

മന്‍: "ഉം. രാത്രി സാജനുമായി സംസാരിച്ച കാര്യം നിങ്ങള്‍ മറച്ചുവെക്കുകയുണ്ടായി. ഞാന്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ നിങ്ങളതു് സമ്മതിച്ചു. അപ്പോഴേ എനിക്കു് സംശയമുണ്ടായിരുന്നു. കൃത്യമായ കാരണം എനിക്കറിയില്ലായിരുന്നെങ്കിലും ഏതാണ്ടു് ഞാനൂഹിച്ചു. എന്നാല്‍ സാജനുമായി സംഭാഷണമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അയാളെ വകവരുത്തണമെങ്കില്‍ അതില്‍ എന്തെങ്കിലും കാരണം കാണുമല്ലൊ. എന്താണതു്? അല്‍പം പോലും ക്ഷമിക്കാന്‍ പറ്റാത്ത ഏതു് സാഹചര്യമായിരുന്നു ഇത്രപെട്ടെന്നു് പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതു്?"

റേ: "സാജന്‍ അടുത്തദിവസം പുറത്തുപോകണം എന്നു പറഞ്ഞതു് എനിക്കു സംശയമായി. അയാള്‍ക്കു് ഇവിടെ ചില മോശം ആള്‍ക്കാരുമായി കൂട്ടുണ്ടു്. അതില്‍ 1-2 പേരുകള്‍ സംഗതിവശാള്‍ അയാള്‍ ജോസഫിനോടു് പറയുന്നതു് ഞാന്‍ കേട്ടിരുന്നു. എന്റെ ആധിയായിരുന്നു ധൃതിപിടിച്ചുള്ള ഒരു തീരുമാനത്തിനു് കാരണം."

മന്‍സൂര്‍ മരിയയുടെ നേരെ തിരിഞ്ഞു.

മന്‍: "മരിയക്കു് ഈ തീരുമാനങ്ങളെ കുറിച്ചു് അറിവുണ്ടായിരുന്നൊ?"

മ: "ഇല്ല"

മന്‍: "അപ്പോള്‍ ശേഖരന്‍ കൊല്ലാന്‍ ശ്രമിക്കുന്നതു് കണ്ടാണു് നിങ്ങള്‍ അയാളെ സഹായിച്ചതു് അല്ലെ?"

മ: "അതെ. ശേഖരേട്ടന്‍ തലയിണകൊണ്ടു് മുഖം പൊത്തിയപ്പോള്‍ സാജന്‍ കാലുകളിട്ടടിച്ചു. ആ ശബ്ദം കേട്ടാണു് കുളിമുറിയില്‍ നിന്നു് ഞാനിറങ്ങിയതു്. എന്തു സംഭവിക്കുന്നു എന്നു് മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തെങ്കിലും ഒരുപക്ഷെ ഞാന്‍ തന്നെ പല തവണ ആലോചിച്ച ഒരു കാര്യം കണ്‍മുന്നില്‍ നടക്കുന്നതു് കണ്ടപ്പോള്‍ അതില്‍ ഒരു പങ്കാളിയാവാനായിരുന്നു എനിക്കപ്പോള്‍ തോന്നിയതു്. അതുകൊണ്ടാണു് സാജന്റെ കാലുകള്‍ ബലമായി ഞാന്‍ അമര്‍ത്തിപ്പിടിച്ചതു്. ഈ വീട്ടില്‍ നീണ്ട നഖങ്ങളുള്ളതു് എനിക്കുമാത്രമാണെന്നുള്ളതു് പോസ്റ്റ്മോര്‍ടം റിപോര്‍ട്‌ കണ്ടയുടനെ നിങ്ങള്‍ ഓര്‍ത്തിരിക്കും എന്നു് ഞാനൂഹിക്കുന്നു"

മന്‍: "അങ്ങിനെ തന്നെ. മരിയയുടെ പങ്കു് എനിക്കു് വ്യക്തമായിരുന്നു. റേച്ചലും മരിയയും മാത്രമാണു് സാജനെ കൂടാതെ താഴത്തെ നിലയില്‍ താമസിക്കുന്നതു്. സാജനെ കൊല്ലാന്‍ നടത്തുന്ന ശ്രമത്തില്‍ ശബ്ദമുണ്ടാകുമ്പോള്‍ അതു് ആദ്യം കേള്‍ക്കാന്‍ സാധ്യത മരിയയും പിന്നെ റേച്ചലുമാണു്. എന്നാല്‍ ഒന്നും കേട്ടതായി നിങ്ങള്‍ പറയുന്നില്ല. അതിലും അസ്വാഭാവികത ഉണ്ടു്. നിങ്ങള്‍ രണ്ടുപേരും ഈ കൃത്യത്തില്‍ ഒരുമിച്ചോ ഒറ്റക്കൊറ്റക്കോ പങ്കാളികളാണെന്നു് ഏറെക്കുറേ എനിക്കുറപ്പായിരുന്നു. എന്നാല്‍ ശേഖരന്‍ വീട്ടില്‍ വന്നു കയറി മിനുടുകള്‍ക്കുള്ളില്‍ അയാളെ ഒരു കൊല ചെയ്യാന്‍ പ്രേരിപ്പിക്കാനുള്ള സ്വാധീനം ഒരു മകളുടെ പ്രായമുള്ള മരിയക്കുണ്ടോ എന്നു് ഞാന്‍ സംശയിച്ചു. ആ സ്വാധീനം ചെലുത്താന്‍ പ്രാപ്തി റേച്ചലിനാവും എന്നു് ഞാനൂഹിച്ചു"

റേ: "ഒരു പരിധി വരെ അതു് ശരിതന്നെ. എന്നാല്‍ ശേഖരന്‍ പറഞ്ഞതും സത്യമാണു്. 4 വര്‍ഷം മുന്‍പു് സാജനെ വ്യക്തിപരമായ കാരണങ്ങളാല്‍ എതിരിടാന്‍ തുനിഞ്ഞയാളായിരുന്നു ശേഖരന്‍. ഒരുപക്ഷെ അന്നു് ശേഖരനു് ഒരു കൊല ചെയ്യാനുള്ള അത്ര വിരോധമുണ്ടായിരുന്നിരിക്കില്ല. അന്നു് ഏതു വിധ ദേഹോപദ്രവവും സാജനു് ഏല്‍പ്പിക്കരുതെന്നു് എന്റെ കടുത്ത നിര്‍ദേശം ഞാന്‍ ശേഖരനു് നല്‍കിയിരുന്നു. മാത്രമല്ല, ശേഖരന്റെ പ്രശ്നങ്ങള്‍ പൈസകൊണ്ടു് പരിഹരിക്കാന്‍ ഞാനാവതും ശ്രമിച്ചിട്ടുമുണ്ടു്. എന്നാല്‍ സാജന്‍ എന്ന വ്യക്തിത്വത്തിനോടു് ശേഖരനെന്നും വെറുപ്പായിരുന്നു. അതു് ജ്വലിപ്പിക്കുക എന്നതു് ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നില്ല"

"ഒരു പക്ഷെ എന്റെ മകള്‍ ആവശ്യപ്പെട്ടാലും സന്തോഷത്തോടെ അയാളിതു് ചെയ്യുമായിരുന്നു. എന്നാല്‍ എന്റെ മകളറിയാതെ ഈ കാര്യം ചെയ്തു തീര്‍ക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതു നടന്നില്ലെന്നു് മാത്രമല്ല, അവള്‍ ഇതില്‍ പങ്കാളിയാവുകയും ചെയ്തു"

"അതുകൊണ്ടു് എന്റെ മകളെ ഈ കേസില്‍ നിന്നൊഴിവാക്കിത്തരാം എന്നു് എനിക്കുറപ്പു് താങ്കള്‍ തന്നാല്‍ ഈ കേസില്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണു്."

മന്‍സൂര്‍ ചിന്തയിലാണ്ടു.



(ഈ കുറ്റാന്വേഷണകഥ അവസാനിച്ചു)