Thursday, March 11, 2010

ഒരു കുറ്റാന്വേഷണകഥ - 5

SP രാമഭദ്രനുമായുള്ള ചര്‍ച്ചയും അന്വേഷണത്തിന്റെ അവസാനവും



(ഒന്നു്, രണ്ടു്, മൂന്നു്, നാലു് ഭാഗങ്ങള്‍)

രാ: "വെല്‍ ഡന്‍, മന്‍സൂര്‍. നിങ്ങള്‍ കൊലയാളിയെ കണ്ടുപിടിച്ചു. അഭിനന്ദനങ്ങള്‍!"

മന്‍: "നന്ദി സാര്‍. സാറിനെന്തെല്ലാമോ ചോദിക്കണമെന്നു് പറഞ്ഞിരുന്നു?"

രാ: "ഉവ്വ്‌. പാല്‍ തിളച്ചുപോയതുമാത്രമാണോ ശേഖരനെതിരെയുള്ള തെളിവു്?"

മന്‍: "അല്ല സാര്‍. ഞാന്‍ അതുമാത്രമേ ശേഖരനോടു് പറഞ്ഞുള്ളു എന്നുമാത്രം. മറ്റു പല തെളിവുകളുമുണ്ടായിരുന്നു. സാജന്‍ ആരോഗ്യവാനായിരുന്നു. അയാളെ കീഴടക്കാന്‍ തക്ക പ്രാപ്തിയുള്ള ഒരാള്‍ ശേഖരന്‍ മാത്രമായിരുന്നു"

രാ: "പക്ഷെ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കും കൊല നടത്താമായിരുന്നു എന്നല്ലേ ഡോക്ടര്‍ പറഞ്ഞതു്?"

മന്‍: "അതെ. പക്ഷെ അതൊരു റിസ്ക്‌ ആണു്. പ്രതികരിക്കാനുള്ള സാജന്റെ കഴിവിനെ - അയാള്‍ എത്ര കുടിച്ചിട്ടുണ്ടെങ്കിലും - ഒരു കൊലയാളിക്കു് അളക്കാന്‍ സാധ്യമല്ല. ആരോഗ്യം കുറഞ്ഞ ഒരാള്‍ സാജനെപ്പോലെ ഒരാളെ എതിരിടാന്‍ ശ്രമിക്കില്ല"

രാ: "മറ്റെന്തെങ്കിലും?"

മന്‍: "ഉണ്ടു്. പുറത്തുനിന്നൊരാള്‍ വന്നു് കൊല നടത്താനുള്ള സാധ്യത വളരെ വിരളമാണു്. കൊല നടന്ന സമയമാണു് അതിനുള്ള ഒരു സൂചന. ആറു് മണിക്കാണു് കൊല നടക്കുന്നതു്. ആ സമയത്തു് ആളുകള്‍ ഉണര്‍ന്നിരിക്കാനുള്ള സാധ്യത വളരെയാണു്. അതായതു് ആരുമറിയാതെ കൊല വിജയകരമായി നടപ്പാക്കാനുള്ള സാധ്യത വിദൂരമാണു്. മറ്റൊന്നു് പുറത്തുനിന്നൊരാള്‍ക്കു് ആ വീട്ടിലേക്കു് പ്രവേശിക്കാനുള്ള ബുദ്ധിമുട്ടാണു്. വീട്ടിനുള്ളിലുള്ള ആരെങ്കിലും സഹായിയായി ഇല്ലെങ്കില്‍ അകത്തുകടക്കാന്‍ സാധ്യമല്ല."

രാ: "എന്നാലും ജോസഫ്‌ ആവാമല്ലൊ കൊലയാളി. അയാള്‍ എത്തിയ അന്നു രാത്രിയല്ലേ കൊല നടന്നതു്?"

മന്‍: "ജോസഫ്‌ എത്തിയ അന്നു രാത്രി തന്നെ കൊല നടന്നു എന്നതു് യഥാര്‍ത്ഥത്തില്‍ അയാളുടെ നിരപരാധിത്വമാണു് കാണിക്കുന്നതു്. ഒന്നാമതു് ജോസഫിനു് സാജനോടു് കൊല്ലാന്‍മാത്രമുള്ള വിദ്വേഷമില്ല. രണ്ടു്, സാജന്‍ അടുത്ത ദിവസം പുറത്തു് കറങ്ങാന്‍പോകുന്ന വിവരം ജോസഫിനോടു് പറഞ്ഞിരുന്നു. റേച്ചലമ്മയും ഇതു് സ്ഥിരീകരിക്കുന്നുണ്ടു്. എങ്കില്‍ സാജന്റെ കൊല എസ്ടേറ്റിന്റെ ഏതെങ്കിലും മൂലയില്‍ വച്ചുനടത്തുന്നതാവും ജോസഫിനു് എളുപ്പം."

രാ: "പക്ഷെ മന്‍സൂര്‍, ശേഖരനും എസ്ടേറ്റില്‍ വച്ചു കൃത്യം ചെയ്യുന്നതല്ലേ എളുപ്പം?"

മന്‍: "അതെ സാര്‍. അതാണു് എന്നെ കുഴക്കിയ ഒരു പ്രശ്നം. എസ്ടേറ്റില്‍ വെച്ചു് താരതമ്യേന എളുപ്പത്തില്‍ ശേഖരനു് സാജനെ വകവരുത്താമായിരുന്നു. എന്നാല്‍ അടുത്തദിവസം സാജന്‍ എസ്ടേറ്റില്‍ കറങ്ങാന്‍ വരുന്ന കാര്യം ശേഖരനു് അജ്ഞാതമായിരുന്നു. സാജന്‍ അതു് രാത്രിയാണു് പറയുന്നതു്; ശേഖരന്‍ വീട്ടില്‍ പോയശേഷം. കൊല നടന്നതിന്റെ തലേ ദിവസം സാജന്‍ എസ്ടേറ്റില്‍ കറങ്ങിയിരുന്നു. അപ്പോള്‍ ഒന്നും ചെയ്യാത്ത ശേഖരന്‍ അടുത്തദിവസം അതിരാവിലെ കൊലനടത്തുന്നതു് വളരെ അസ്വാഭാവികമാണു് സാര്‍"

രാ: "എന്താ മന്‍സൂറിന്റെ അഭിപ്രായം?"

മന്‍: "പണ്ടത്തെ ഒരു ഭൂമി ഇടപാടാണു് കൊലക്കു് കാരണമായി ശേഖരന്‍ പറയുന്നതു്. പക്ഷെ അതു് അത്ര വിശ്വസനീയമല്ല. ഒന്നാമതു് സാജന്റെ സ്വഭാവം ശേഖരനു് അറിയാം. രണ്ടു് ഭൂമി ഇടപാടു് കഴിഞ്ഞു് വര്‍ഷങ്ങള്‍ കഴിഞ്ഞാണു് കൊലനടക്കുന്നതു്. ശേഖരനു് സാജന്റെ ടൗനിലുള്ള വീടറിയാം. ടൗനില്‍പോയി കൊലനടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണു്. പോരാത്തതിനു് സാജന്‍ ഇടക്കിടക്കു് എസ്ടേറ്റില്‍ വന്നുപോയുമിരുന്നു. അപ്പോഴൊന്നും തോന്നാത്ത ഒരു പ്രതികാരവാഞ്ഛ ഇപ്പോള്‍ തോന്നി എന്നു് പറയുന്നതു് അംഗീകരിക്കാനാവില്ല"

രാ: "എങ്കില്‍ കൊലനടത്തിയതു് ശേഖരനല്ല എന്നാണൊ?"

മന്‍: "അല്ല സാര്‍. കൊലനടത്തിയതു് ശേഖരന്‍ തന്നെ. പക്ഷെ അതിനു് അയാള്‍ പറയുന്ന കാരണം നുണയാണു്. മാത്രമല്ല, പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ ഒരു സഹായിയുടെ കാര്യം പറയുന്നുണ്ടു്. ശ്വാസം കിട്ടാതെ സാജന്‍ പിടയുമ്പോള്‍ അയാളുടെ കാലുകളില്‍ പിടിച്ചു് കൊലക്കു് കൂട്ടുനിന്ന സഹായി. നീണ്ട നഖങ്ങളുള്ള ആ സഹായിയുടെ നഖക്ഷതങ്ങള്‍ സാജന്റെ കാലിലുള്ളതായി പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നുണ്ടു്. മറ്റൊന്നുകൂടി സാര്‍. ശേഖരന്‍ പ്രവര്‍ത്തിച്ചിരിക്കുന്നതു് ഒരു നിമിഷത്തിന്റെ സമ്മര്‍ദ്ദത്തിലാണു്. അതിനാലാണു് കൂടുതല്‍ ആലോചിച്ചു് പരാജയസാധ്യത കുറഞ്ഞ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാതെ ഒരു ആവേശത്തില്‍ ആ വെളുപ്പാന്‍കാലത്തു് തന്നെ അയാള്‍ കൊല നടത്തിയതു്. അതിനര്‍ത്ഥം, ശേഖരനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ച ആ വ്യക്തിക്കു് ശേഖരനെ സ്വാധീനിക്കാനുള്ള കഴിവുണ്ടു് എന്നാണു്."

രാ: "എനിക്കു് ഏറെക്കുറേ കാര്യങ്ങള്‍ വ്യക്തമായി. ഇനി എന്തു് ചെയ്യാനാണു് മന്‍സൂറിന്റെ പരിപാടി?"

മന്‍സൂര്‍ തന്റെ മനസ്സിലുള്ളതു് രാമഭദ്രനോടു് പറഞ്ഞു. അത്ഭുതത്തോടെ അദ്ദേഹമതു് കേട്ടിരുന്നു. മുന്നോട്ടു പോകാനുള്ള അനുവാദത്തോടൊപ്പം ഒരു മുന്നറിയിപ്പും നല്‍കാന്‍ അദ്ദേഹം മറന്നില്ല.

രാ: "എല്ലാ ഭാവുകങ്ങളും നേരുന്നു, മന്‍സൂര്‍. ഒരു കാര്യം മറക്കരുതു്. ഈ കേസില്‍ പോലീസിനു് കിട്ടിയിട്ടുള്ളതു് സാഹചര്യതെളിവുകള്‍ മാത്രമാണു്. കോടതിയിലെത്തുമ്പോള്‍ അവ എങ്ങിനേയും വ്യാഖ്യാനിക്കപ്പെടാം. കരുതലോടെ നീങ്ങണം"

*     *      *     *     *

മന്‍സൂര്‍ എസ്ടേറ്റ്‌ വീട്ടില റേച്ചലിന്റെ മുറിയില്‍ സുഖപ്രദമായി ഇരുന്നു. കൈവിരല്‍തുമ്പുകള്‍ ചേര്‍ത്തുവച്ചു. എതിരെ ഇരുന്ന റേച്ചലും മരിയയും ആകാംക്ഷയോടെ മന്‍സൂറിനെ നോക്കി.

ഇരുവരുടേയും മുഖത്തു മാറിമാറിനോക്കിയ മന്‍സൂറിന്റെ നോട്ടം ഒടുവില്‍ റേച്ചലില്‍ ചെന്നു്നിന്നു.

മന്‍: "മിസ്സിസ്‌ റേച്ചല്‍, സാജനെ കൊല്ലാനുള്ള നിര്‍ദ്ദേശം ശേഖരനു് നല്‍കിയതു് നിങ്ങളല്ലെ?"

റേച്ചല്‍ തല താഴ്ത്തി. കുറച്ചുനേരമിരുന്നു. മന്‍സൂര്‍ അവരെ ശല്യപ്പെടുത്താന്‍ ശ്രമിച്ചില്ല.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ റേച്ചല്‍ മുഖമുയര്‍ത്തി. അവരുടെ മുഖത്തുനിന്നും മനസ്സിലുള്ളതു് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു.

റേ: "അതെ. ഞാനാണു് നിര്‍ദ്ദേശം നല്‍കിയതു്"

ഒരു ദീര്‍ഘനിശ്വാസം മരിയയില്‍ നിന്നുയര്‍ന്നു. റേച്ചല്‍ തന്റെ മൂത്തമകളെ വാല്‍സല്യത്തോടെ നോക്കി.

മന്‍: "കൊല്ലപ്പെടുന്നതിന്റെ തലേന്നു് സാജന്‍ പറഞ്ഞ എന്തോ ഒരു കാര്യമാണു് നിങ്ങളെ ഇതിനു് പ്രേരിപ്പിച്ചതു് എന്നു് ഞാന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ ഇത്ര പെട്ടെന്നു് ശേഖരനെക്കൊണ്ടു് നിങ്ങള്‍ ആ കൃത്യം ചെയ്യിക്കില്ലായിരുന്നു. ശരിയാണൊ?"

റേ: "സാര്‍ പറഞ്ഞതു് ശരിയാണു്. മുന്‍പു് ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ മറച്ചുവെച്ച ചില കാര്യങ്ങളുണ്ടു്. ഞാന്‍ സൂക്ഷ്മതകളിലേക്കു് കടക്കുന്നില്ല. എസ്ടേറ്റിലെ മരിയയുടെ അവകാശം തന്റെ പേരിലാക്കണമെന്നായിരുന്നു സാജന്റെ പ്രധാന ആവശ്യം. അതിനു് തയ്യാറല്ലെങ്കില്‍ മരിയയുടെ ജീവനു് അപകടം വരുത്തി അവളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാനും മടിക്കില്ലെന്നു് അയാള്‍ രാത്രി എന്നോടു് പറഞ്ഞു. ഒരു പക്ഷെ മദ്യം അധികം കഴിച്ചതിനാല്‍ അയാളുടെ മനസ്സിലുള്ളതു് പുറത്തുവന്നതാവാം. ഏതായാലും ഈയിടെയായി അയാളുടെ ദ്രോഹങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നു് മരിയ പറഞ്ഞിരുന്നു. അയാളുടെ സ്വഭാവം വെച്ചു് പറഞ്ഞതു് ചെയ്യാനും മടിക്കില്ലെന്നു് ഞാന്‍ ഭയന്നു. എന്റെ മകളുടെ സുരക്ഷ മാത്രമായിരുന്നു എന്റെ ഉല്‍കണ്ഠ"

മന്‍: "ഉം. രാത്രി സാജനുമായി സംസാരിച്ച കാര്യം നിങ്ങള്‍ മറച്ചുവെക്കുകയുണ്ടായി. ഞാന്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ നിങ്ങളതു് സമ്മതിച്ചു. അപ്പോഴേ എനിക്കു് സംശയമുണ്ടായിരുന്നു. കൃത്യമായ കാരണം എനിക്കറിയില്ലായിരുന്നെങ്കിലും ഏതാണ്ടു് ഞാനൂഹിച്ചു. എന്നാല്‍ സാജനുമായി സംഭാഷണമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അയാളെ വകവരുത്തണമെങ്കില്‍ അതില്‍ എന്തെങ്കിലും കാരണം കാണുമല്ലൊ. എന്താണതു്? അല്‍പം പോലും ക്ഷമിക്കാന്‍ പറ്റാത്ത ഏതു് സാഹചര്യമായിരുന്നു ഇത്രപെട്ടെന്നു് പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതു്?"

റേ: "സാജന്‍ അടുത്തദിവസം പുറത്തുപോകണം എന്നു പറഞ്ഞതു് എനിക്കു സംശയമായി. അയാള്‍ക്കു് ഇവിടെ ചില മോശം ആള്‍ക്കാരുമായി കൂട്ടുണ്ടു്. അതില്‍ 1-2 പേരുകള്‍ സംഗതിവശാള്‍ അയാള്‍ ജോസഫിനോടു് പറയുന്നതു് ഞാന്‍ കേട്ടിരുന്നു. എന്റെ ആധിയായിരുന്നു ധൃതിപിടിച്ചുള്ള ഒരു തീരുമാനത്തിനു് കാരണം."

മന്‍സൂര്‍ മരിയയുടെ നേരെ തിരിഞ്ഞു.

മന്‍: "മരിയക്കു് ഈ തീരുമാനങ്ങളെ കുറിച്ചു് അറിവുണ്ടായിരുന്നൊ?"

മ: "ഇല്ല"

മന്‍: "അപ്പോള്‍ ശേഖരന്‍ കൊല്ലാന്‍ ശ്രമിക്കുന്നതു് കണ്ടാണു് നിങ്ങള്‍ അയാളെ സഹായിച്ചതു് അല്ലെ?"

മ: "അതെ. ശേഖരേട്ടന്‍ തലയിണകൊണ്ടു് മുഖം പൊത്തിയപ്പോള്‍ സാജന്‍ കാലുകളിട്ടടിച്ചു. ആ ശബ്ദം കേട്ടാണു് കുളിമുറിയില്‍ നിന്നു് ഞാനിറങ്ങിയതു്. എന്തു സംഭവിക്കുന്നു എന്നു് മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തെങ്കിലും ഒരുപക്ഷെ ഞാന്‍ തന്നെ പല തവണ ആലോചിച്ച ഒരു കാര്യം കണ്‍മുന്നില്‍ നടക്കുന്നതു് കണ്ടപ്പോള്‍ അതില്‍ ഒരു പങ്കാളിയാവാനായിരുന്നു എനിക്കപ്പോള്‍ തോന്നിയതു്. അതുകൊണ്ടാണു് സാജന്റെ കാലുകള്‍ ബലമായി ഞാന്‍ അമര്‍ത്തിപ്പിടിച്ചതു്. ഈ വീട്ടില്‍ നീണ്ട നഖങ്ങളുള്ളതു് എനിക്കുമാത്രമാണെന്നുള്ളതു് പോസ്റ്റ്മോര്‍ടം റിപോര്‍ട്‌ കണ്ടയുടനെ നിങ്ങള്‍ ഓര്‍ത്തിരിക്കും എന്നു് ഞാനൂഹിക്കുന്നു"

മന്‍: "അങ്ങിനെ തന്നെ. മരിയയുടെ പങ്കു് എനിക്കു് വ്യക്തമായിരുന്നു. റേച്ചലും മരിയയും മാത്രമാണു് സാജനെ കൂടാതെ താഴത്തെ നിലയില്‍ താമസിക്കുന്നതു്. സാജനെ കൊല്ലാന്‍ നടത്തുന്ന ശ്രമത്തില്‍ ശബ്ദമുണ്ടാകുമ്പോള്‍ അതു് ആദ്യം കേള്‍ക്കാന്‍ സാധ്യത മരിയയും പിന്നെ റേച്ചലുമാണു്. എന്നാല്‍ ഒന്നും കേട്ടതായി നിങ്ങള്‍ പറയുന്നില്ല. അതിലും അസ്വാഭാവികത ഉണ്ടു്. നിങ്ങള്‍ രണ്ടുപേരും ഈ കൃത്യത്തില്‍ ഒരുമിച്ചോ ഒറ്റക്കൊറ്റക്കോ പങ്കാളികളാണെന്നു് ഏറെക്കുറേ എനിക്കുറപ്പായിരുന്നു. എന്നാല്‍ ശേഖരന്‍ വീട്ടില്‍ വന്നു കയറി മിനുടുകള്‍ക്കുള്ളില്‍ അയാളെ ഒരു കൊല ചെയ്യാന്‍ പ്രേരിപ്പിക്കാനുള്ള സ്വാധീനം ഒരു മകളുടെ പ്രായമുള്ള മരിയക്കുണ്ടോ എന്നു് ഞാന്‍ സംശയിച്ചു. ആ സ്വാധീനം ചെലുത്താന്‍ പ്രാപ്തി റേച്ചലിനാവും എന്നു് ഞാനൂഹിച്ചു"

റേ: "ഒരു പരിധി വരെ അതു് ശരിതന്നെ. എന്നാല്‍ ശേഖരന്‍ പറഞ്ഞതും സത്യമാണു്. 4 വര്‍ഷം മുന്‍പു് സാജനെ വ്യക്തിപരമായ കാരണങ്ങളാല്‍ എതിരിടാന്‍ തുനിഞ്ഞയാളായിരുന്നു ശേഖരന്‍. ഒരുപക്ഷെ അന്നു് ശേഖരനു് ഒരു കൊല ചെയ്യാനുള്ള അത്ര വിരോധമുണ്ടായിരുന്നിരിക്കില്ല. അന്നു് ഏതു വിധ ദേഹോപദ്രവവും സാജനു് ഏല്‍പ്പിക്കരുതെന്നു് എന്റെ കടുത്ത നിര്‍ദേശം ഞാന്‍ ശേഖരനു് നല്‍കിയിരുന്നു. മാത്രമല്ല, ശേഖരന്റെ പ്രശ്നങ്ങള്‍ പൈസകൊണ്ടു് പരിഹരിക്കാന്‍ ഞാനാവതും ശ്രമിച്ചിട്ടുമുണ്ടു്. എന്നാല്‍ സാജന്‍ എന്ന വ്യക്തിത്വത്തിനോടു് ശേഖരനെന്നും വെറുപ്പായിരുന്നു. അതു് ജ്വലിപ്പിക്കുക എന്നതു് ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നില്ല"

"ഒരു പക്ഷെ എന്റെ മകള്‍ ആവശ്യപ്പെട്ടാലും സന്തോഷത്തോടെ അയാളിതു് ചെയ്യുമായിരുന്നു. എന്നാല്‍ എന്റെ മകളറിയാതെ ഈ കാര്യം ചെയ്തു തീര്‍ക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതു നടന്നില്ലെന്നു് മാത്രമല്ല, അവള്‍ ഇതില്‍ പങ്കാളിയാവുകയും ചെയ്തു"

"അതുകൊണ്ടു് എന്റെ മകളെ ഈ കേസില്‍ നിന്നൊഴിവാക്കിത്തരാം എന്നു് എനിക്കുറപ്പു് താങ്കള്‍ തന്നാല്‍ ഈ കേസില്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണു്."

മന്‍സൂര്‍ ചിന്തയിലാണ്ടു.



(ഈ കുറ്റാന്വേഷണകഥ അവസാനിച്ചു)

Wednesday, March 10, 2010

ഒരു കുറ്റാന്വേഷണകഥ - 4

പോസ്റ്റ്മോര്‍ടം റിപോര്‍ടും കൊലയാളിയുടെ അറസ്റ്റും

(ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം)



മന്‍: "പറയു ഡോക്ടര്‍, പോസ്റ്റ്മോര്‍ടത്തില്‍ എന്തൊക്കെയാണു് കണ്ടെത്തിയതു്?"

ഡോ: "മരണം നടന്നിരിക്കുന്നതു് 6 മണിയോടടുത്താണു്. അതായതു് മൃതദേഹം മരിയയും മറ്റുള്ളവരും കാണുന്നതിനു് മിനുറ്റുകള്‍ മുന്‍പു്. മരണകാരണം നമ്മളൂഹിച്ച പോലെ ശ്വാസതടസ്സം തന്നെ. തലയണയില്‍ കണ്ടതു് സാജന്റെ തന്നെ രക്തമാണു്. മൂക്കിന്റെ പാലം ഒടിഞ്ഞിരുന്നു. അതിനെതുടര്‍ന്നുണ്ടായ മുറിവില്‍ നിന്നുള്ള്‌ രക്തസ്രാവമാണു് സാജന്റെ മൂക്കില്‍ ഉണങ്ങിപ്പിടിച്ചിരുന്നതു്. അതുകൊണ്ടു് തലയണകൊണ്ടു് മുഖം പൊത്തിയാണു് കൊല നടത്തിയിരിക്കുന്നതു്. മാത്രമല്ല, തലയണയില്‍ നിന്നുള്ള നാരും പഞ്ഞിയും മൂക്കില്‍ നിന്നു് കിട്ടി. മറ്റൊന്നു് കാലുകളില്‍ ആരോ ബലമായി പിടിച്ചിരുന്നു എന്നുവേണം കരുതാന്‍. നഖത്തിന്റെ പാടുകളും blood clotഉം കണ്ടു. ചുരുക്കത്തില്‍ രണ്ടുപേരെങ്കിലും ചേര്‍ന്നാണു് ഈ കൊല നടത്തിയിരിക്കുന്നതു്. കൊലക്കിടയില്‍ സാജന്‍ കുതറാന്‍ ശ്രമിച്ചതാണു് ബെഡ്‌ഷീട്‌ അലങ്കോലമായി കിടക്കാന്‍ കാരണം"

മന്‍: "ഡോക്ടര്‍, സാജന്റെ ആരോഗ്യസ്ഥിതി എപ്രകാരമുള്ളതായിരുന്നു?"

ഡോ: "നല്ല ആരോഗ്യമുള്ള ആളായിരുന്നു. പക്ഷെ ശരീരത്തില്‍ മദ്യത്തിന്റെ അളവു് കൂടുതലായി കണ്ടു. അതായതു് കൊല നടക്കുമ്പോള്‍ അയാള്‍ മദ്യത്തിന്റെ കെട്ടില്‍ - hangover - ഉറങ്ങുകയായിരുന്നിരിക്കണം. പെട്ടെന്നുള്ള ആക്രമണം ചെറുക്കാനോ എതിര്‍ക്കാനോ അയാള്‍ തുലോം അശക്തനായിരുന്നിരിക്കും എന്നര്‍ത്ഥം. അയാളേക്കാള്‍ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കും അയാളെ കീഴ്പ്പെടുത്താമായിരുന്നു"

കുറച്ചു സമയം കൂടി ഡോക്ടരുടെ കൂടെ ചെലവഴിച്ചു് മന്‍സൂര്‍ വീണ്ടും വീടിന്റെ രേഖാചിത്രത്തില്‍ നോക്കിയിരുന്നു. തുടര്‍ന്നു് തന്റെ സീനിയറായ SP രാമഭദ്രനുമായി ഒരു കൂടിക്കാഴ്ച നടത്തി. തന്റെ അന്വേഷണപുരോഗതി അദ്ദേഹവുമായി പങ്കുവെച്ചു. മുന്നേറാനുള്ള നിര്‍ദ്ദേശമാണു് രാമഭദ്രന്‍ നല്‍കിയതു്.

ചില ഔദ്യോഗിക ഔപചാരികതകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണു് മന്‍സൂര്‍ തിരിച്ചു് എസ്ടേറ്റിലെത്തിയതു്.

മന്‍: "മി. ശേഖരന്‍, സാജനെ കൊന്ന കുറ്റത്തിനു് ഞാന്‍ നിങ്ങളെ അറസ്റ്റ്‌ ചെയ്യുന്നു"

*           *           *          *          *

മന്‍: "പറയു ശേഖരന്‍, നിങ്ങളെന്തിനാണു് സാജനെ കൊന്നതു്?"

ശേ: "സര്‍, ഞാന്‍ മുന്‍പു് പറഞ്ഞല്ലൊ, സാജന്‍ ഒരു നല്ല മനുഷ്യനായിരുന്നില്ല. പലരേയും പറ്റിച്ചാണു് അയാള്‍ ഒരുപാടു് സ്വത്തുണ്ടാക്കിയതു്. അയാളുടെ സഹോദരന്മാര്‍ക്കുള്ള സല്‍പ്പേരു് അയാള്‍ക്കില്ല"

"ഞാന്‍ മുന്‍പു പറഞ്ഞല്ലൊ സര്‍, ഈ ഗ്രാമത്തിലെ പലരേയും അയാള്‍ സ്ഥലകച്ചവടത്തില്‍ പറ്റിക്കുകയുണ്ടായി. അതില്‍ എന്റെ ജ്യേഷ്ഠനും പെടും. അദ്ദേഹത്തിനു് പെട്ടെന്നു് പൈസയുടെ ആവശ്യം വന്നപ്പോള്‍ റേച്ചലമ്മയുടെ കൈയില്‍ നിന്നു് വാങ്ങിക്കൊടുക്കാമെന്നു് ഞാന്‍ ഉറപ്പുകൊടുത്തതാണു്. എന്നാല്‍ അഭിമാനിയായ അദ്ദേഹത്തിനു് ഒരുപകാരം സ്വീകരിക്കുന്നതു് ഇഷ്ടമായിരുന്നില്ല. ഒടുക്കം ഞാന്‍ തന്നെയാണു് അദ്ദേഹത്തിന്റെ പുരയിടം സാജന്‍ മുഖാന്തിരം കച്ചവടമേര്‍പ്പാടാക്കിയതു്. പരിചയക്കാരായതുകൊണ്ടു് സാജന്‍ കരുണകാണിക്കുമെന്നു് ഞാന്‍ കരുതി. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമാക്കിയിരുന്ന സാജനു് വ്യക്തിബന്ധങ്ങള്‍ വലുതായിരുന്നില്ല. എന്റെ ജ്യേഷ്ഠനു് ആ ആഘാതം താങ്ങാനായില്ല. ഹൃദയം പൊട്ടി അദ്ദേഹം അലഞ്ഞുനടന്നു. ആ ജ്യേഷ്ഠനുള്ളതാണു് സാജന്റെ ജീവന്‍. ഞാനതെടുത്തു സര്‍"

മന്‍: "നിങ്ങള്‍ എങ്ങിനെയാണു് കൃത്യം ചെയ്തതു്?"

ശേ: "6 മണിക്കു് വന്ന ഞാന്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. നേരെ അടുക്കളയില്‍ ചെന്ന ഞാന്‍ മരിയ കുളിക്കാന്‍ കയറുന്നതു വരെ കാത്തിരുന്നു. തുടര്‍ന്നു് നല്ല ഉറക്കമായിരുന്ന സാജനെ തലയണകൊണ്ടു് ശ്വാസം മുട്ടിച്ചു് കൊന്നു. ഒരു ശബ്ദവുമുണ്ടാക്കാന്‍ അവനായില്ല. അങ്ങിനെ ആരുമറിയാതെ ഞാനാ കൃത്യം ചെയ്തു. എനിക്കതില്‍ പശ്ചാതാപമില്ല. ഒരു കൂടപ്പിറപ്പിന്റെ കടമയാണു് ഞാന്‍ നിറവേറ്റിയതു്. പിടിക്കപെടരുതെന്നുണ്ടായിരുന്നു. പക്ഷെ പിടിക്കപ്പെട്ടതുകൊണ്ടു് കുറ്റബോധമില്ല സര്‍. ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണു്."

മന്‍സൂര്‍ ചിന്താധീനനായിരുന്നു. അയാളൊന്നും മിണ്ടിയില്ല.

ശേ: "സര്‍, വിരോധമില്ലെങ്കില്‍ ഞാനൊന്നു് ചോദിച്ചോട്ടെ? ഞാനാണു് കൊലയാളി എന്നു് താങ്കള്‍ക്കു് തോന്നാനുള്ള കാരണം?"

മന്‍സൂര്‍ മുഖമുയര്‍ത്തി ശേഖരനെ നോക്കി. കുറച്ചുനേരം മൂകനായി അയാളാ ഇരുപ്പു് തുടര്‍ന്നു. എന്നിട്ടു് പറഞ്ഞു.

മന്‍: "പല കാരണങ്ങളുമുണ്ടായിരുന്നു. ഏറ്റവും പ്രധാനം എന്നതു് ഗംഗന്‍ പറഞ്ഞ ഒരു കാര്യമാണു്. പാല്‍ തിളച്ചു മറിഞ്ഞുപോയി എന്ന കാര്യം. ശേഖരന്റെ മൊഴിപ്രകാരം കാപ്പിയുണ്ടാക്കിയ ശേഷമാണു് മരിയ നിങ്ങളെ വിളിക്കുന്നതു്. എങ്കില്‍ പാല്‍ തിളച്ചു മറിഞ്ഞുപോകരുതു്. എന്നാല്‍ ആറരക്കു് വന്നു് കയറിയ ഗംഗനെ പാല്‍ മേടിക്കാന്‍ പറഞ്ഞയക്കണമെങ്കില്‍ നിങ്ങള്‍ പാല്‍ തിളച്ചുമറിഞ്ഞു് പോകുന്ന സമയത്തു് അടുക്കളയിലില്ല എന്നു് വ്യക്തമായിരുന്നു"

"കുറ്റം ചെയ്യുന്നതിനുള്ള പ്രേരണ എനിക്കജ്ഞാതമായിരുന്നു. അതു് താങ്കളില്‍ നിന്നറിയണം എന്നുമുണ്ടായിരുന്നു. ശേഖരനു് മറ്റുവല്ലതും പറയാനുണ്ടൊ?"

ശേ: "ഇല്ല സര്‍"

മന്‍: "അപ്പോള്‍ കുറ്റം നിങ്ങളേല്‍ക്കുന്നു?"

ശേ: "തീര്‍ച്ചയായും സര്‍. ഏതു് ശിക്ഷക്കും ഞാനൊരുക്കം"

മന്‍സൂര്‍ വീണ്ടും ശേഖരന്റെ മുഖത്തേക്കു് നോക്കി കുറച്ചുനേരമിരുന്നു. ശേഖരന്റെ മുഖത്തു് ഭാവഭേദങ്ങളില്ലായിരുന്നു.

മന്‍: "ശേഖരന്‍, സാജനെ കൊന്നതു് നിങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നിങ്ങള്‍ പറഞ്ഞ കാരണങ്ങളും മറ്റും കള്ളമാണു്. ഒരു സഹായി കൂടി നിങ്ങള്‍ക്കുണ്ടായിരുന്നു. അക്കാര്യം എനിക്കു് ബോധ്യമായതാണു്. പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ അതു് പ്രത്യേകം പറയുന്നുണ്ടു്. അതു് ആരാണെന്നുള്ളതു് എനിക്കറിയാം. നിങ്ങളായിട്ടു് ആ പേര്‍ പറയുമോ?"

ശേഖരന്‍ അത്ഭുതത്തോടെ മന്‍സൂറിനെ നോക്കുകയായിരുന്നു. തുടര്‍ന്നു് അയാള്‍ "ഇല്ല" എന്നു് തലയാട്ടി.

മന്‍സൂര്‍ പതുക്കെ എഴുന്നേറ്റു. ശേഖരന്റെ തോളില്‍ പിടിച്ചു. അവരുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞു.

മന്‍: "നിങ്ങള്‍ സംസാരിക്കണമെന്നില്ല. ഞാന്‍ ആ സഹായിയെക്കൊണ്ടു് സംസാരിപ്പിച്ചുകൊള്ളാം"



(അടുത്തതു് - SP രാമഭദ്രനുമായുള്ള ചര്‍ച്ചയും അന്വേഷണത്തിന്റെ അവസാനവും)

Thursday, March 4, 2010

ഒരു കുറ്റാന്വേഷണകഥ - 3

റേച്ചലിന്റേയും മരിയയുടേയും ഗംഗന്റേയും മൊഴി

(ഒന്നാം ഭാഗം, രണ്ടാം ഭാഗം)



ഏതാണ്ട്‌ 65 വയസ്സുള്ള സ്ത്രീയായിരുന്നു റേച്ചല്‍. സംസാരിക്കുമ്പോള്‍ നേരെ നോക്കാതെ മുടിയില്‍ക്കൂടി വിരലോടിക്കുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു.

മന്‍: "ശ്രീമതി റേച്ചല്‍, റേച്ചലമ്മച്ചി, ഒരാഘാതം നേരിട്ടു് മനിക്കൂറുകള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍ ചോദിച്ചു് ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം. എന്റെ കര്‍തവ്യമാണതു്"

റേ: "സാരമില്ല, മി. മന്‍സൂര്‍. ചോദ്യങ്ങള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണു്"

മന്‍: "ഇന്നലെ ഇവിടെ ആരൊക്കെ വന്നിരുന്നു?"

റേ: "അങ്ങിനെ പ്രത്യേകിച്ചാരും വന്നില്ല. കുട്ടികള്‍ വന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ സാധാരണപോലെയായിരുന്നു"

മന്‍: "ഇന്നു രാവിലെ ഉണ്ടായ സംഭവങ്ങള്‍ ഒന്നു ചുരുക്കാമോ?"

റേ: "ഞാന്‍ സാധാരണ അഞ്ചരക്കെഴുന്നേല്‍ക്കും. കാര്യസ്ഥന്‍ ശേഖരന്‍ 6 മണിക്കെത്തി. സാധാരണ ഞാനാണു് വാതില്‍ തുറക്കുക. എന്നാല്‍ മരിയ ഉണ്ടായിരുന്നതുകൊണ്ടു് അവളാണു് വാതില്‍ തുറന്നതു്. കുറേ കഴിഞ്ഞു് മരിയ ഓടി എന്റെ മുറിയിലെത്തി. സാജന്‍ അനങ്ങുന്നില്ല എന്നായിരുന്നു അവള്‍ പറഞ്ഞതു്. ഞാന്‍ ചെന്നു് നോക്കുമ്പോഴേക്കു് ശേഖരന്‍ ജോസഫിനെ കൂട്ടി വന്നു. മഞ്ജു കുളിക്കുകയായിരുന്നത്രെ. പിന്നെ ജോസഫ്‌ പറഞ്ഞതനുസരിച്ചു് എല്ലാം അതേപടി വിട്ടു് ഞങ്ങള്‍ മുറിവിട്ടു് പുറത്തിറങ്ങി. ജോസഫ്‌ മുറിപൂട്ടി പോലീസിനെ വിവരമറിയിച്ചു."

മന്‍: സാജനെ എങ്ങിനെയാണു് വിലയിരുത്തുന്നതു്?"

റേ: "സാജന്റെ ആലോചന മരിയക്കു് വന്നപ്പോള്‍ ഒരു മകനായല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു. തുടക്കത്തില്‍ നല്ല ഉത്തരവാദത്തോടെ പെരുമാറിയിരുന്നു. പതുക്കെ പതുക്കെ ഞങ്ങളോടുള്ള അടുപ്പം കുറഞ്ഞുവന്നു. വല്ലാതെ കാശു് ചെലവാക്കുന്ന കൂട്ടത്തിലായിരുന്നു. മരിയയും ഞാനും ഉപദേശിക്കാന്‍ ശ്രമിച്ചപ്പൊഴൊക്കെ പുച്ഛമായിരുന്നു പ്രതികരണം. തുടര്‍ന്നു് മരിയയുമായി പ്രശ്നങ്ങളുണ്ടായിരുന്നു."

മന്‍: "ഇന്നലത്തെ കാര്യങ്ങള്‍ ഒന്നു വിശദീകരിക്കാമൊ?"

റേ: "രാവിലെ സാജന്‍ പുറത്തൊക്കെ വെറുതെ നടന്നു. കൃത്യമായി എവിടെയൊക്കെ പോയിരിക്കുമെന്നറിയില്ല. ഉച്ചക്കു് മഞ്ജുവും ജോസഫും വന്നു. ഊണിനു് സാജനുമുണ്ടായിരുന്നു. തുടര്‍ന്നു് സാജനുറങ്ങാന്‍ പോയി. മരിയക്കു് തലവേദനയാണെന്നു് പറഞ്ഞു. രാത്രി സാജനും ജോസഫും കൂടി കുറേ സമയം മദ്യത്തിന്റെ മുന്‍പില്‍ സംസാരിച്ചിരിക്കുന്നതു് കണ്ടു. എന്തോ പൈസയുടെ ഒക്കെ കാര്യം തന്നെയായിരുന്നു വിഷയം. എസ്ടേറ്റിലും മറ്റും കറങ്ങാന്‍ പോകുന്നതിനെ പ്ലാനും പറഞ്ഞിരുന്നു"

മന്‍: "മറ്റെന്തെങ്കിലും സംഭവമുണ്ടായോ?"

റേ: "ഇല്ല"

മന്‍: "കാര്യസ്ഥന്‍ ശേഖരനെ കുറിച്ചെന്താണഭിപ്രായം?"

റേ: "കുറേ കാലമായി ഇവിടെ വന്നിട്ടു്. എസ്റ്റേറ്റിലെ കാര്യങ്ങള്‍ എന്നേക്കാള്‍ നന്നായി നോക്കി നടത്തുന്നതു് ശേഖരനാണു്. വിശ്വസ്ഥനാണു്. മരിയയേയും മഞ്ജുവിനേയും വളരെ ഇഷ്ടമാണു്. അവരെ സ്കൂലിലൊക്കെ കൊണ്ടുപോയിരുന്നതു് ശേഖരനായിരുന്നു"

മന്‍: "ജോസഫും സാജനും തമ്മില്‍..."

റേ: "ജോസഫ്‌ മഞ്ജുവിനെ കല്യാണം കഴിക്കുമ്പോള്‍ ഒരു ചെറിയ ഹാര്‍ഡ്‌വേര്‍ കടയുണ്ടായിരുന്നു. സാജന്‍ അതില്‍ കുറച്ചുകൂടി പൈസ ചേര്‍ത്തു് ബിസിനസ്‌ വിപുലപ്പെടുത്തി. എന്നാല്‍ അതിന്റെ പേരില്‍ പലപ്പോഴും സാജന്‍ കുത്തുവാക്കുകള്‍ പറയുമായിരുന്നു. ഞാന്‍ പറഞ്ഞിട്ടാണു് സാജന്‍ ജോസഫിന്റെ വ്യാപാരത്തില്‍ പൈസയിറക്കിയതു്. അതുകൊണ്ടു് ജോസഫിനോടു് സാജന്റെ പൈസ മുഴുവന്‍ തിരിച്ചുനല്‍കാന്‍ ഉപദേശിച്ചതും ഞാനാണു്. അതില്‍ സാജനു് എതിര്‍പ്പുള്ളതായി തോന്നിയില്ല. അവര്‍ തമ്മില്‍ ഒരു സുഹൃദ്‌ബന്ധമുണ്ടായിരുന്നെന്നു് പറയാനാവില്ല"

മന്‍: "മരിയക്കും സാജനും തമ്മിലോ?"

റേ: "അഭിപ്രായവ്യതാസങ്ങളുണ്ടായിരുന്നു. എന്നാലും അവര്‍ തമ്മില്‍ യോജിച്ചുപോയിരുന്നു"

മന്‍: "ഇന്നലെ സാജന്‍ രാത്രി വന്നു് സ്വകാര്യമായി എന്താണു് സംസാരിച്ചതു്?"

റേച്ചല്‍ ഞെട്ടിയതായി മന്‍സൂറിനു് തോന്നി. അവര്‍ എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. മന്‍സൂര്‍ ചോദ്യമാവര്‍ത്തിച്ചു.

റേ: "മരിയക്കു് എസ്ടേറ്റില്‍ നിന്നു് നല്ല വരുമാനമുണ്ട്‌. അതു് പോരെന്നും എസ്ടേറ്റ്‌ അവന്റെ പേര്‍ക്കു് വേണമെന്നുമൊക്കെയായിരുന്നു. എന്നാല്‍ അതു് സാധ്യമല്ലെന്നു് ഞാന്‍ തീര്‍ത്തുപറഞ്ഞു. ആ ചര്‍ച്ച അവിടെ അവസാനിച്ചു"

മന്‍സൂര്‍ എന്തോ ആലോചിച്ചു. തുടര്‍ന്നു് റേച്ചലമ്മച്ചിക്കു് നന്ദി പറഞ്ഞു് മരിയയെ കാണാനുള്ള ആഗ്രഹമറിയിച്ചു.

മരിയ നീണ്ടുമെലിഞ്ഞ ഒരു സ്ത്രീയായിരുന്നു. അവര്‍ക്കേതാണ്ടു് 40 വയസ്സു് പ്രയമുണ്ടായിരുന്നു. ഒരു ആഘാതം നടന്നതിന്റെ ദുഃഖമോ ആകാംക്ഷയോ അവരുടെ മുഖത്തുണ്ടായിരുന്നില്ല. അതൊരല്‍പം അസ്വാഭാവികമായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം മരിയ തന്റെ കൈവിരലുകള്‍ കൊണ്ടു് അലക്ഷ്യമായി മേശയില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അവരുടെ നഖങ്ങള്‍ മേശയിലുള്ള ചില്ലിലുരഞ്ഞു് വികൃതശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

മന്‍: "ഭവതി ക്ഷമിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനാവില്ല എന്നറിയാമല്ലൊ. ഇന്നലെ എന്തെങ്കിലും പ്രത്യേക സംഭവങ്ങളുണ്ടായൊ?"

മരി: "പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. രാവിലെ സാജന്‍ എസ്ടേറ്റിലും മറ്റും നടക്കാന്‍ പോയിരുന്നു. ഉച്ചക്കു് ഭക്ഷണം കഴിക്കാന്‍ തിരിച്ചെത്തി. എനിക്കു് തലവേദനയുണ്ടായിരുന്നു. പിന്നീടു് മുഴുവന്‍ ഞാന്‍ മുറിയില്‍ നിന്നിറങ്ങിയില്ല"

മന്‍: "സാജന്‍ എങ്ങിനെയുള്ള ആളായിരുന്നു?"

മരി: "അമിത സ്നേഹമൊന്നുമുണ്ടായിരുന്നില്ല. ധാരാളി ആയിരുന്നു. ഒന്നിലും ഉറച്ചുനില്‍ക്കാത്ത സ്വഭാവമായിരുന്നു"

മന്‍: "നിങ്ങള്‍ തമ്മില്‍..."

മരി: "അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. പക്ഷെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ശരിയാവും. ഈയിടെയായി സാജനു് പൈസയോടുള്ള ആര്‍ത്തി കൂടുതലായതായി തോന്നി. ഞാനും അമ്മച്ചിയും ഉപദേശിച്ചിരുന്നു. പക്ഷെ സാജന്‍ അതൊന്നും കേട്ടില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു."

മന്‍: "ഇന്നു് രാവിലെ ഉണ്ടായ കാര്യങ്ങള്‍ ഒന്നു് പറയാമൊ?"

മരി: "ഞാനെന്നും 6 മണിക്കുണരും. ഇന്നു് ശേഖരേട്ടന്‍ വന്നു് ബെല്ലടിക്കുമ്പോള്‍ ഞാനുണര്‍ന്നുകിടക്കുകയായിരുന്നു. വാതില്‍ തുറന്നുകൊടുത്തു. എന്നിട്ടു് കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു് പുറത്തിറങ്ങിയ എനിക്കു് സാജന്റെ കിടപ്പില്‍ അസ്വാഭാവികത തോന്നി. മാത്രമല്ല, ബെഡ്‌ഷീറ്റ്‌ അലങ്കോലമായി കിടന്നിരുന്നു. ഞാനുടനെ ഓടിപ്പോയി ശേഖരേട്ടനെ കൊണ്ടുവന്നു. പിന്നെ അമ്മച്ചിയേയും വിളിച്ചുവന്നു. അപ്പോഴും സാജന്‍ മരിച്ചെന്നു് ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ ജോസഫാണു് ആദ്യം സംശയം പറഞ്ഞതു്. ഞങ്ങള്‍ മുറിക്കു് പുറത്തിറങ്ങി പോലീസിനു് ഫോന്‍ ചെയ്യുകയായിരുന്നു"

മന്‍: "നിങ്ങള്‍ക്കു് മറ്റൊരു ജോലിക്കാരനുണ്ടല്ലൊ, ഗംഗന്‍. അവനെവിടെയായിരുന്നു"

മരി: അവനിന്നു് വരാന്‍ വൈകി. സാധാരണ ആറരക്കു് എത്താറുണ്ടു്. ഇന്നു് ഏഴുമണിയായി"

മരിയക്കു് നന്ദി പറഞ്ഞു് മന്‍സൂര്‍ ഗംഗനെ വിളിപ്പിച്ചു. കഷ്ടി 20 വയസുള്ള ഒരു പയ്യനായിരുന്നു ഗംഗന്‍.

മന്‍: "ഗംഗന്റെ താമസം?"

ഗം: "അങ്ങാടിക്കടുത്താണു്"

മന്‍: "എത്ര കാലമായി ഇവിടെ?"

ഗം: "ഒരു കൊല്ലത്തോളമായി"

മന്‍: "ഇന്നു് എന്താ നീയെത്താന്‍ വൈകിയതു്?"

ഗം: ഞാനെത്താന്‍ വൈകിയില്ല. പക്ഷെ എത്തുമ്പോള്‍ റേച്ചലമ്മച്ചി വതില്‍ക്കലുണ്ടായിരുന്നു. അങ്ങാടിയില്‍ പോയി പാല്‍ വാങ്ങിവരാന്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ കയറാതെ അങ്ങാടിയിലേക്കു് പോയി. 7 മണി ആയി പാല്‍ വാങ്ങി തിരിച്ചെത്തിയപ്പോള്‍"

മന്‍: "നിന്നോടു് ഇവിടുത്തെ കാര്യങ്ങള്‍ പറഞ്ഞതാരാണു്?"

ഗം: "അടുക്കളയില്‍ കുറേ പാല്‍ തിളച്ചുപോയിരുന്നതു് വൃത്തിയാക്കാനുണ്ടായിരുന്നതുകൊണ്ടു് കുറേ സമയത്തേക്കു് ഞാനൊന്നുമറിഞ്ഞില്ല. ആദ്യം ജോസഫേട്ടനാണു് സൂചിപ്പിച്ചതു്. തുടര്‍ന്നു് ശേഖരേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി നടന്നതൊക്കെ പറഞ്ഞു"

മന്‍: "നീ ആ മുറിയില്‍ പോവുകയുണ്ടായൊ?"

ഗം: "ഇല്ല സാര്‍. ജോസഫേട്ടന്‍ ആ മുറി പൂട്ടിയെന്നു് പറഞ്ഞു. പിന്നെ എനിക്കു് പേടിയായി സാര്‍"

മന്‍: "സാജനെ കുറിച്ചുള്ള നിന്റെ അഭിപ്രായം?"

ഗം: "എനിക്കു് സാജന്‍സാറിനെ വലുതായി അറിയില്ല. എന്നോടു് അധികം സംസാരിക്കാറില്ല. വിലകൂടിയ സാധനങ്ങള്‍ വാങ്ങാന്‍ കമ്പമുള്ള ആളാണെന്നു് തോന്നിയിട്ടുണ്ടു്"

ഗംഗനെ പറഞ്ഞുവിട്ടു് മന്‍സൂര്‍ കുറേ നേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു.



(അടുത്തയാഴ്ച്ച: പോസ്ട്‌മോര്‍ടം റിപോര്‍ടും കൊലയാളിയുടെ അറസ്റ്റും)

Monday, March 1, 2010

ഒരു കുറ്റാന്വേഷണകഥ - 2

ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍


(ഒന്നാം ഭാഗം ഇവിടെ)

ഒത്ത ആരോഗ്യമുള്ള ഒരാളായിരുന്നു കാര്യസ്ഥന്‍ ശേഖരന്‍. ആരേയും കൂസാത്ത പ്രകൃതം. ആ പ്രകൃതത്തിനും ആരോഗ്യത്തിനും ചേര്‍ന്ന പൊക്കവും അയാള്‍ക്കുണ്ടായിരുന്നു.

മന്‍: "മി. ശേഖരന്‍, എത്ര കാലമായി ഇവിടെ കാര്യസ്ഥനായിട്ട്‌?"

ശേ: "റേച്ചലമ്മയുടെ അച്ഛനാണു് എന്നെ ഇവിടെ കൊണ്ടുവന്നത്‌. ഇപ്പോള്‍ ഏതാണ്ടിരുപത്തെട്ടു വര്‍ഷമായി"

മന്‍: "നിങ്ങള്‍ സാധാരണ ചെയ്യാറുള്ള ജോലികള്‍ ഒന്നു വ്യക്തമാക്കാമോ?"

ശേ: "ഞാന്‍ വെളുപ്പിനു് ഒരാറുമണിയോടെ ഇവിടെയെത്തും. രാവിലെ എല്ലാവര്‍ക്കുമുള്ള ബെഡ്‌കോഫി ഞാനാണു് തയ്യാറാക്കുക. തുടര്‍ന്നു് എന്തെങ്കിലും ചെറിയ ജോലി - തേങ്ങ ചിരകലോ മറ്റോ - ഉണ്ടെങ്കില്‍ അതു് ചെയ്യും. പത്രം വായിക്കും. ഏഴരയോടെ എസ്ടേറ്റില്‍ പോകും. എസ്ടേറ്റിലെ കാര്യങ്ങള്‍ നോക്കലാണു് എന്റെ പ്രധാന ചുമതല. ആറുമണിക്കു് പണിക്കാര്‍ പോയിക്കഴിഞ്ഞാല്‍ റേച്ചലമ്മയെ കണ്ടിട്ടു് ഞാന്‍ വീട്ടില്‍ പോകും."

മന്‍: "വീട്ടുജോലികള്‍ ആരാണു് ചെയ്യുക?"

ശേ: "ഒരു പയ്യനുണ്ടു് ഗംഗന്‍ എന്നു പേരായിട്ടു്. അവന്‍ രാവിലെ വന്നു് വൈകുന്നേരം പോകും."

മന്‍: "ഇന്നലെ പ്രതേകിച്ചെന്തെങ്കിലുമുണ്ടായോ?"

ശേ: "ഇല്ല. ഒരു സാധാരണാ ദിവസമായിരുന്നു. കുട്ടികള്‍ വന്നിട്ടുള്ളതുകൊണ്ടു് അങ്ങാടിയില്‍ നിന്നു് വല്ലതും വാങ്ങുകയോ മറ്റോ വേണ്ടിവരുമോ എന്നു വിചാരിച്ചു് റേച്ചലമ്മയെ സന്ധ്യക്കു് കണ്ടിരുന്നു. എന്നാല്‍ ഒന്നും പറഞ്ഞില്ല"

മന്‍: "ഇന്നുണ്ടായ സംഭവങ്ങള്‍ ഒന്നു വിശദീകരിക്കു"

ശേ: "ഇന്നും 6 മണിക്കാണു് ഞാന്‍ വന്നതു്. മരിയയാണു് വാതില്‍ തുറന്നു് തന്നതു്. അവള്‍ കുളിക്കാന്‍ പോയി. ഞാന്‍ എന്നത്തേയും പോലെ ബെഡ്‌കോഫി ഉണ്ടാക്കി. അപ്പോള്‍ മരിയക്കുഞ്ഞു് ഓടിവന്നു. കുളികഴിഞ്ഞു നോക്കുമ്പോള്‍ സാജന്റെ കിടപ്പില്‍ പന്തികേടു് തോന്നിയെന്നും അയാള്‍ അനങ്ങുന്നില്ലെന്നും പറഞ്ഞു. ഞാന്‍ ചെന്നു നോക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു. ഉടനെ ഞാന്‍ ചെന്നു് ജോസഫിനെ വിളിച്ചുകൊണ്ടു് വന്നു. മരിയ റേച്ചലമ്മയേയും കൊണ്ടുവന്നു. മഞ്ജു കുളിക്കുകയായിരുന്നു എന്നു തോന്നുന്നു."

മന്‍: "നിങ്ങള്‍ക്കു് എത്ര കാലമായി സാജനെ അറിയാം?"

ശേ: "മരിയക്കുഞ്ഞിന്റെ കല്യാണം നടന്നിട്ടിപ്പോള്‍ ഏതാണ്ടു് പതിന്നാലു കൊല്ലമായി. അപ്പോള്‍ മുതലറിയാം"

മന്‍: "എങ്ങിനെയുള്ള ആളായിരുന്നു സാജന്‍?"

ശേ: "ഒരു നല്ല മനുഷ്യനാണെന്നു് പറയാന്‍ പറ്റില്ല. പൈസയോടു് ആര്‍ത്തിയുള്ള കൂട്ടത്തിലാ. എന്നാല്‍ ചെലവാക്കാനും മടിയില്ല. ബന്ധങ്ങള്‍ക്കൊന്നും വില കല്‍പ്പിക്കുന്നതായി തോന്നിയിട്ടില്ല. സാജന്‍ ഭൂ ഇടപാടുകള്‍ ചെയ്യുന്ന കാലത്തു് ഇവിടെയടുത്തുള്ള ചില ഇടപാടുകള്‍ക്കു് ഞാനയാളെ സഹായിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഒരു തരത്തില്‍ അയാള്‍ പറ്റിക്കുകയായിരുന്നു. പണത്തിനു് അത്യാവശ്യമുള്ളവരില്‍ നിന്നു് കുറഞ്ഞ വിലക്കു് ഭൂമി വാങ്ങി പലരേയും അയാള്‍ ചൂഷണം ചെയ്തിട്ടുണ്ടു്. പലരുടേയും ശാപം അയാള്‍ക്കുണ്ടു് സാറെ"

മന്‍: "ഈ ഇടപാടുകള്‍ എപ്പോഴാണു് നടന്നതു്?"

ശേ: "3-4 കൊല്ലം മുന്‍പാണു്. അന്നയാള്‍ക്കു് ഇവിടെ പലരും ശത്രുക്കളായി ഉണ്ടായിരുന്നു."

മന്‍: "അവരിലാരെങ്കിലുമാകുമോ ഈ കൊലക്കു പിന്നില്‍?"

ശേ: "സാധ്യത ഉണ്ടു് സാര്‍"

എങ്കില്‍ ആ കൊലയാളി എങ്ങിനെ വീടിനകത്തു കടന്നു എന്നു് മന്‍സൂര്‍ ആലോചിച്ചു.

മന്‍: "ശരി. ഇനി മഞ്ജുവിനെ പറഞ്ഞയക്കു."

മഞ്ജു ഒരു മെലിഞ്ഞ സ്ത്രീയായിരുന്നു. ഏതാണ്ടു് 35നോടടുത്ത പ്രായം. സംസാരിക്കുമ്പോള്‍ അവര്‍ വല്ലാത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നതായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം സാരിയുടെ തുമ്പു് വെറുതെ വിരലില്‍ ചുറ്റി അഴിച്ചുകൊണ്ടിരുന്നു അവര്‍.

തലേന്നത്തെ കാര്യങ്ങളെ പറ്റി ജോസഫ്‌ പറഞ്ഞതുതന്നെ മഞ്ജുവും പറഞ്ഞു.

മന്‍: "മഞ്ജുവിനു് സാജനുമായുള്ള പരിചയം?"

മ: "മരിയച്ചേച്ചിയുമായി കല്യാണം ആലോചിച്ചതുമുതല്‍ ഇവിടെ വരാറുണ്ടു്. വല്ലാത്ത കുടിയായിരുന്നു. ഞങ്ങളാരോടും പ്രത്യേകിച്ചു് അടുപ്പമുള്ളതായി തോന്നിയിട്ടില്ല. പണത്തിനോടു് ആര്‍ത്തിയുണ്ടായിരുന്നു"

മന്‍: "ഇന്നു രാവിലെ എപ്പോഴാണു് മഞ്ജു സംഭവമറിഞ്ഞതു്?"

മ: "ശേഖരേട്ടന്‍ ആറുമണിക്കു് വന്നു ബെല്ലടിക്കുന്നതു കേട്ടാണു് ഞാനുണര്‍ന്നതു്. മരിയച്ചേച്ചി പോയി വാതില്‍ തുറക്കുന്നതു കേട്ടു. പിന്നെ ഞാനെഴുന്നേറ്റു് പ്രഭാതകര്‍മ്മങ്ങളൊക്കെ തീര്‍ക്കുമ്പോഴേക്കു് ജോസഫ്‌ വന്നു് പറഞ്ഞാണു് ഞാന്‍ കാര്യങ്ങളറിയുന്നതു്. ഞാന്‍ ചെല്ലുമ്പോഴേക്കു് എല്ലാവരേയും മാറ്റി ജോസഫ്‌ മുറി പൂട്ടിയിരുന്നു. തുടര്‍ന്നാണു് പോലീസിനെ അറിയിച്ചതു്"

(അടുത്തതു്: റേച്ചലിന്റെയും മരിയയുടേയും ഗംഗന്റെയും മൊഴി)