Thursday, September 30, 2010

റിട്ടേൺ ഗിഫ്റ്റ്‌

അങ്ങിനെ ഈ ബ്ലോഗിനു് ഒരു വയസ്സു തികഞ്ഞു. കഴിഞ്ഞ ഒരു വർഷം നേടിയെടുത്ത സുഹൃദ്‌ബന്ധങ്ങളും അവരിലൂടെ ലഭിച്ച പ്രോൽസാഹനങ്ങളും വളരെ വലുതാണു്. ഓരോരുത്തർക്കും നന്ദി.

ഇത്തവണത്തെ കഥ മറ്റൊരു പിറന്നാളിന്റെയാണു്.

എന്റെ മകൾ ഉറുമ്പിന്റെ ബർത്ത്‌ഡേ ആയിരുന്നു. ഫ്ലാറ്റിൽ ചെറിയതോതിൽ ആഘോഷമുണ്ടു്. ഫ്ലാറ്റിലുള്ള കുട്ടികളെ മുഴുവൻ വിളിച്ചതുകൂടാതെ ചില കൂട്ടുകാരേയും വിളിച്ചിട്ടുണ്ടു്.

ബാംഗ്ലൂരിലൊക്കെ പതിവുള്ള ഒരു ചടങ്ങാണു് റിട്ടേൺ ഗിഫ്റ്റ്‌. ഏതെങ്കിലും ആഘോഷങ്ങൾക്കു് അതിഥികൾ വന്നാൽ സാധാരണ അവർ സമ്മാനങ്ങൾ കൊണ്ടുവരും. ഇതു്, വരുന്ന അതിഥികൾക്കു് "നിങ്ങൾ വന്നൂലോ, സന്തോഷായിട്ടൊ!" എന്നുപറഞ്ഞുകൊണ്ടു് അങ്ങോട്ടു് കൊടുക്കുന്ന സമ്മാനമാണു്. റിട്ടേൺ ഗിഫ്റ്റ്‌.

റിട്ടേൺ ഗിഫ്റ്റ്‌, ആഘോഷത്തിനു് വരുന്ന കുട്ടികൾക്കു് മാത്രം കൊടുത്താൽ മതി എന്നാണു് വെച്ചതു്.

കഴിയുന്നതും ഒരേ സാധനം തന്നെ - ഇപ്പൊ കളർ പെൻസിലോ പെൻസിൽ സെറ്റോ നല്ല റബ്ബർ പന്തോ ഒക്കെയാവാം - വാങ്ങുന്നതാണു് നല്ലതു്. അല്ലെങ്കിൽ കുട്ടികൾ തമ്മിൽ "എനിക്കിതാ കിട്ട്യേ, നിനക്കോ?" എന്നൊരു ചോദ്യം പരസ്പരം ചോദിക്കുകയും "എനിക്കീ പെൻസിൽ വേണ്ട, ദാ അവനു് കൊടുത്തമാതിരി ക്രിക്കറ്റ്‌ ബാറ്റ്‌ മതി" മുതലായ നിർബന്ധ ബുദ്ധി പ്രകടിപ്പിക്കുകയും അടിപിടി, കരച്ചിൽ മുതലായ ഔപചാരികതകൾ നിർവഹിക്കുകയും ചെയ്യും.

പക്ഷെ ഭാര്യ കുഴിയാന വരുന്ന കുട്ടികളുടെ കൃത്യം എണ്ണവും പ്രായവും അറിയാം എന്നവകാശപ്പെട്ടുകൊണ്ടു് "ഈ പ്രായക്കാർക്കു് ചെറിയ സ്റ്റിക്കർ, ഇത്തിരീങ്കൂടി മുതിർന്നോർക്കു് ചിത്രം വരക്കാനുള്ള പുസ്തകം" എന്നിങ്ങനെ 4-5 ഐറ്റംസ്‌ വാങ്ങാൻ തീരുമാനിച്ചു. സുപ്രീം കോടതിയ മറികടന്നു് ഒരു കോടതിയില്ലാത്തതിനാൽ കാറിന്റെ താക്കോലെടുത്തു് വെറുതേ വട്ടം കറക്കി സാരഥിയുടെ സീറ്റിൽ കയറിയിരുന്നു് കുഴിയാനയും ഉറുമ്പും വരുന്നതു് കാത്തിരുന്നു.

ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്താണു് ജയനഗർ ബിഗ്‌ ബസാർ. അവിടെ സാധനങ്ങൾക്കൊക്കെ കുറച്ചു വിലക്കുറവുണ്ടു്.

അടുത്തടുത്തായി ബാംഗ്ലൂർ സെൻട്രൽ മാളും വുഡ്ഡീസ്‌ ഹോട്ടലും മണിപ്പാൽ ഹോസ്പിറ്റലും ഉണ്ടെന്നും അവിടെവരുന്നവരൊക്കെ വണ്ടി ഇവിടെ പാർക്ക്‌ ചെയ്യുമെന്നും അറിയാമെങ്കിലും ബിഗ്‌ ബസാറിൽ പാർക്കിംഗ്‌ സൗകര്യമില്ലാത്തതുകൊണ്ടാണു് റോഡിൽ തന്നെ വണ്ടി നിർത്തിയതു്. മറ്റുള്ളവർക്കു് അസൗകര്യമുണ്ടാക്കേണ്ട എന്നുകരുതി ഒരു പോസ്റ്റിനോടു് ചേർത്തു് റിവേർസ്‌ എടുത്താണു് നിർത്തിയതു്.

സാധനങ്ങളൊക്കെ വാങ്ങിവന്നപ്പോഴേക്കു് രാത്രിയായി. നോക്കുമ്പോഴാണു് പ്രശ്നം.

എന്റെ കാറിനു് തൊട്ടുമുന്നിൽ മറ്റൊരു കാർ.

ഇനിയിപ്പൊ അതെടുക്കാതെ എന്റെ കാർ എടുക്കാൻ പറ്റില്ല. ആ കാറിലാണെങ്കിൽ ആരുമില്ല. ഇനി അതിന്റെ ഉടമസ്ഥൻ വരാതെ ഒന്നും നടക്കില്ല.

ഉറുമ്പിന്റെ പിറന്നാളിനു് വിളിച്ചവരെ ഒക്കെ ഒന്നുകൂടി വിളിച്ചു് ഓർമ്മിപ്പിച്ചു. വീട്ടിലേക്കു് ഒന്നു് വിളിച്ചു. ഒന്നൊന്നര മാസമായി കഴുകിയിട്ടില്ലാത്ത കാറിന്റെ പിൻചില്ലു് തുടച്ചു. കുറച്ചുദിവസമായി പ്രവർത്തനരഹിതമായ ബ്രേൿലൈറ്റ്‌ സ്വയം ശരിയായിട്ടില്ലെന്നു് ഉറപ്പുവരുത്തി.

എന്നിട്ടും മറ്റേകാറിന്റെ ഉടമസ്ഥൻ തിരിച്ചെത്തിയില്ല എന്ന വൈക്ലബ്യത്തിൽ പെട്ടെന്നു് ഇരട്ടിച്ച ദേഷ്യത്തിലാണു് ചാടിക്കേറി ഒരു ടയറിന്റെ കാറ്റഴിച്ചുവിട്ടതു്.

ശൂ്.. എന്ന ശബ്ദത്തിൽ ചക്രത്തിൽനിന്നു് വായു ബഹിർഗ്ഗമിക്കുന്നതു് ഉറുമ്പിനു കാണിച്ചുകൊടുക്കുന്നതിനിടയിൽ അവൾ കൈകൊട്ടിച്ചിരിക്കുന്ന ശബ്ദം കേട്ടാണു് കുഴിയാന അങ്ങോട്ടു് വന്നതു്.

"നിങ്ങൾക്കെന്താ പ്രാന്താണോ മനുഷ്യാ?"

"പ്രാന്ത്‌ എനിക്കല്ല, ഇവിടെ കാർ നിർത്തിയിട്ടവനാ! വേറൊരാൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണോ കാർ നിർത്തേണ്ടതു്?"

"അതല്ല. ഇനിയിപ്പൊ ഇതിന്റെ ഡ്രൈവർ വന്നാലും ടയർ മാറ്റിയിടാതെ വണ്ടിയെടുക്കാൻ പറ്റുമോ? നിങ്ങളുടെ വിഡ്ഢിത്തം കാരണം ഇപ്പൊ കുറേക്കൂടി സമയം ഇവിടെ കിടക്കാം!"

ഐ? അയ്യോ.. ശരിയാണല്ലോ. ഞാനെന്തൊരു വിഡ്ഢ്യാ! ഇത്ര ആലോചിക്കാനുള്ള ബുദ്ധി എനിക്കുണ്ടായില്ലല്ലോ!

വിയർത്തുപോയതു്, "ഇനിയിപ്പൊ വണ്ടിക്കു് സ്റ്റെപ്പിനിയും ജാക്കുമൊക്കെ ഉണ്ടോ ആവോ?" എന്നു് കുഴിയാനയുടെ ഉറക്കെയുള്ള ആത്മഗതം കേട്ടാണു്.

പണ്ടാരം! ഞാനിത്ര വകതിരിവില്ലാത്തവനായിപ്പോയല്ലോ!

ഞാനും കുഴിയാനയും മുഖത്തോടുമുഖം നോക്കി നിൽക്കുകയും ഉറുമ്പ്‌ "അച്ഛാ, അമ്മേ, നോക്കു! നിലത്തു് എണീറ്റു് നിൽക്കുകയായിരുന്ന കാർ ഇരുന്നതുപോലെ!" എന്നാഹ്ലാദിക്കുകയും ചെയ്യുന്നതിനിടക്കു് സകല സസ്പെൻസും പൊളിച്ചുകൊണ്ടു് കാറിന്റെ ഉടമസ്ഥനെത്തി.

അയാളെ ഞാൻ ഒന്നു് നോക്കി.

ഒരു 75 വയസ്സ്‌ പ്രായം വരും. ക്ലീൻ ഷേവ്‌. കട്ടിക്കണ്ണട. കഷണ്ടി തൊട്ടു-തൊട്ടില്ല എന്നമട്ടിൽ തല. നല്ല തേജസ്‌. പാണ്ഡിത്യം വിളിച്ചോതുന്ന കണ്ണുകൾ. ചുരുക്കത്തിൽ ഒരു ജ്യോതിബസു ലുക്‌!

"ഓ സോറി. നിങ്ങൾക്കു് ബുദ്ധിമുട്ടായല്ലോ? ക്ഷമിക്കുട്ടൊ. എന്റെ കൊച്ചുമോനു് വല്ലാത്ത പനി. അവനെ ഡോക്റ്ററെ കാണിക്കാൻ മണിപ്പാൽ ആശുപത്രിയിൽ വന്നതാ. വേറെ സ്ഥലമൊന്നും കിട്ടിയില്ല വണ്ടിയിടാൻ. നേരം വൈകി. ഡോക്റ്റർ പോകുമോ എന്നു പേടിച്ചു. അപ്പോയിന്റ്‌മെന്റും എടുക്കാൻ സാധിച്ചില്ല. അതുകൊണ്ടാ ഇത്തിരി സ്ഥലം കണ്ടപ്പൊ വേഗം പാർക്ക്‌ ചെയ്തതു്. നിങ്ങളെത്തിയാൽ വിളിക്കാൻ സൗകര്യത്തിനു് ഞാനെന്റെ ഫോൺ നമ്പർ എഴുതി വൈപ്പറിന്റെ അടിയിൽ വച്ചിരുന്നു. ശ്രദ്ധിച്ചില്ലായിരുന്നോ?"

ശ്രദ്ധിച്ചില്ലായിരുന്നു. ഇരുട്ടായതുകൊണ്ടാണു്. പോരാത്തതിനു് ചെറിയൊരു കഷ്ണം കടലാസായിരുന്നു.

"ഞാനുടനെ കാറെടുക്കാം. ഒരു മിനുട്ട്‌"

വടിവിഴുങ്ങിയ പോലെ നിൽക്കുന്ന എന്നെ മറികടന്നു് കുഴിയാന അയാൾക്കു് "പഞ്ചറായ" ടയർ കാണിച്ചുകൊടുത്തു. എന്നിട്ടു് ഉറുമ്പിനെ എടുത്തു് കുറച്ചു മാറിനിന്നു. "അച്ഛൻ ചെയ്തതാ!" എന്നു് അവൾ പറയുമോ എന്നു് സംശയിച്ചു, അതുകൊണ്ടു് മാറി നിന്നതാണു് എന്നു് പിന്നീട്‌ പറയുകയും ചെയ്തു.

"അയ്യോ, ഇവിടെ പാർക്ക്‌ ചെയ്യുമ്പൊ പ്രശ്നമില്ലായിരുന്നൂലോ, എന്താണാവൊ പറ്റിയതു?" മുതലായ സംശയപ്രകടനങ്ങൾ അയാൾ നടത്തുന്നതിനിടക്കു് ഞാൻ പതുക്കെ അയാളെ സമീപിച്ചു.

"കാറിൽ സ്റ്റെപ്പിനിയും ജാക്കുമൊക്കെയുണ്ടല്ലോ?"

"അതൊക്കെയുണ്ടു്. പക്ഷെ എനിക്കു് ടയർ മാറ്റിയിടാൻ വയ്യ. പുറംവേദനയുണ്ടു്. പ്രായമായില്ലേ? മോൻ ഒരു സഹായം ചെയ്യാമോ?"

ആത്മഗതം: മനസ്സിലായി. ഞാൻ ടയർ മാറ്റിയിടണം എന്നു്. അല്ലേ? കശ്മലൻ.

ഉറക്കെ: "ഞാൻ... ടയർ... അ... മാറ്റിയിടാൻ സഹായിക്കാം"

"വേണ്ട മോനെ. ഞാൻ പറയാൻ വന്നതു് അതല്ല. എന്റെ കൊച്ചുമോനെ കണ്ടില്ലേ? അവനു് നല്ല പനിയുണ്ടു്. വിരോധമില്ലെങ്കിൽ അവനെ കുറച്ചുസമയം നിങ്ങളുടെ കാറിലിരുത്തുമോ? അപ്പോഴേക്കു് ഞാൻ പോയി ഒരു മെക്കാനിക്കിനെ കൊണ്ടുവരാം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യരുതെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളതു്. പക്ഷെ നിങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ. പ്ലീസ്‌"

ഞാൻ കൊച്ചുമകനെ നോക്കി. മങ്കിക്യാപ്പ്‌ ധരിച്ചു് വാടിയ മുഖവുമായി നിൽക്കുന്ന പയ്യൻ. ഒരു 13-14 വയസ്സുവരും.

എത്ര നല്ല മനുഷ്യൻ. എന്തൊരു മാന്യൻ. സ്വന്തം ബുദ്ധിമുട്ടുകൾ അവഗണിച്ചു് ഒരു മെക്കാനിക്കിനെ അന്വേഷിച്ചു് പോകുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥക്കു് ഞാനല്ലേ കാരണം?

പ്രായശ്ചിത്തം ചെയ്യണം. മനസ്സിലെവിടെയോ ഒരു കുറ്റബോധം.

കൊച്ചുമോനെ എന്റെ കാറിൽ ഇരുത്തി. ഓട്ടൊസ്റ്റാൻഡ്‌ ലക്ഷ്യമാക്കി നടക്കുകയായിരുന്ന മുത്തച്ഛതുല്യനായ ആ മനുഷ്യന്റെ അടുത്തുചെന്നു് പതുക്കെ അദ്ദേഹത്തെ വിളിച്ചു.

"വരൂ, ടയർ ഞാൻ മാറ്റിത്തരാം"

അദ്ദേഹത്തിന്റെ എത്തിർപ്പുകൾ അവഗണിച്ചു് സ്റ്റെപ്പിനിയും ജാക്കും പുറത്തിറക്കുമ്പോൾ എന്റെയടുത്തു് കുഴിയാന വന്നുനിന്നു. അവളുടെ കണ്ണുകളിൽ അപ്പോൾ പരിഹാസമായിരുന്നില്ല. പ്രോത്സാഹനമായിരുന്നു.

എന്റെ റിട്ടേൺ ഗിഫ്റ്റ്‌.

വാൽ:

" 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ' എന്ന പഴംചൊല്ലിന്റെ അർത്ഥം ഉറുമ്പ്‌ ചോദിക്കുമ്പോൾ ഞാൻ നിങ്ങൾക്കു് പറ്റിയ അബദ്ധം അവൾക്കു് പറഞ്ഞുകൊടുക്കും"

വവ്വാൽ:

വീട്ടിലെത്തി വണ്ടിനിർത്തി പുറത്തിറങ്ങിയ എന്നെ ഉറുമ്പു് സ്വകാര്യമായി വിളിച്ചു

"അച്ഛാ, അതേയ്‌... നമ്മുടെ കാറിന്റെ ടയറിലും നമുക്കു് ശൂ ചെയ്യാം?"

സ്തബ്ധനായിനിന്ന എന്റെ ചെവിയിൽ അവൾ തുടർന്നു:

"അമ്മ കാണേണ്ട!"