Monday, October 28, 2013

കാലചലനം - 9




അങ്ങിനെ ആ തിങ്കളാഴ്ച വന്നെത്തി. കുളിച്ചൊരുങ്ങി നല്ലൊരു മുണ്ടും ഷർട്ടും ധരിച്ചു് രാജാവു് ആദ്യത്തെ ജോലിദിനത്തിനു് തയ്യാറായി.

ഗൗതത്തിനും രഘുവിനും ആപ്പീസിൽ നിന്നു് വിട്ടുനിൽക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടു് ഞങ്ങൾ രണ്ടുപേരും ബസിൽ ക്വാറിയിലേക്കു് പുറപ്പെട്ടു.

അന്തപ്പൻ വക്കീൽ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനെ ക്വാറിയിലെ പണിക്കാർക്കു് പരിചയപ്പെടുത്തി. രാമൻ എന്ന പേരിലാണു് ഞങ്ങൾ രാജാവിനെ വക്കീലിനു് പരിചയപ്പെടുത്തിയിരുന്നതു്. അതുകൊണ്ടു് ആ പേരിലാണു് ഏവരും അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നതു്.

ജോലി തുടങ്ങിക്കോളൂ എന്നു് വക്കീൽ പറഞ്ഞപ്പോൾ ഒരു നിമിഷം രാജാവു് നിശ്ശബ്ദനായി. മനസ്സു് അടക്കാൻ പാടുപെടുന്ന ഒരുപിടി വികാരങ്ങൾ ആ മുഖത്തു് ദൃശ്യമായിരുന്നു.

അവസാനം, വക്കീലിന്റെ രണ്ടുകൈയും കൂട്ടിപ്പിടിച്ചു് ഒന്നും മിണ്ടാതെ അദ്ദേഹം ജോലിയിൽ പ്രവേശിച്ചു.

പാറപൊട്ടിക്കാൻ വേണ്ടുന്ന സമസ്തമേഖലകളിലും തനിക്കു് ജോലിചെയ്യണമെന്നു് രാജാവു് പറഞ്ഞു. ആദ്യം കുറച്ചുദിവസം, പൊട്ടിയ പാറക്കഷണങ്ങൾ പെറുക്കാനും അടുക്കാനും സഹായിക്കൂ എന്നു് വക്കീൽ പറഞ്ഞപ്പോൾ രാജാവു് ഒന്നും മിണ്ടാതെ അനുസരിച്ചു.

ഒരു പതിനൊന്നു് മണിയായപ്പോൾ എല്ലാവരും പണിനിർത്തി തൊട്ടടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടന്നു.

രാജാവിനു് കാപ്പി-ചായാദി ഇഷ്ടമല്ല. സംഭാരമാണു് പ്രിയം. പിന്നെ വിസ്കിയും. ഭാഗ്യത്തിനു് ചായക്കടയിൽ സംഭാരം കിട്ടുമായിരുന്നു.

ചായക്കട എന്നുപറഞ്ഞാൽ ഒരു ചെറിയ ഹോട്ടലായിരുന്നു. നാടൻ സെറ്റപ്പ്‌. ബെഞ്ചും ഡെസ്കും. നടത്തുന്നയാൾ ഒരു സുലൈമാനാണു്. ക്വാറിയിലെ എല്ലാവരും ചായയും ചിലരെങ്കിലും ഉച്ചക്കു് ഊണും കഴിക്കുന്നതു് അവിടെയാണു്.

സംഭാരത്തിനിടക്കു് ഞാൻ രാജാവിനോടു്, കല്ലുചുമക്കുന്ന ജോലിചെയ്യേണ്ടിവരുന്നതിൽ മനഃപ്രയാസമുണ്ടോ എന്നു് ചോദിച്ചു.

“ഏയ്. എന്തു് മനഃപ്രയാസം? ശാരീരികാധ്വാനമല്ലേ? നല്ലതല്ലേ? കഴിഞ്ഞ രണ്ടാഴ്ചയായി വ്യായാമം ഇത്തിരി കുറവായിരുന്നു. അതിന്റെ അസ്കിത മാറിക്കിട്ടി. പക്ഷെ എത്രയും പെട്ടെന്നു് പാറ തുരക്കാനുള്ള പണിപഠിക്കണം. വെറുതെ കല്ലു് ചുമന്നു നടന്നാൽ ആ പണി പഠിക്കില്ലല്ലോ”

സംഭാരം കുടിച്ചു് ഞാനെഴുന്നേറ്റപ്പോൾ രാജാവു് സംശയിച്ചു.

“നമ്മൾ കാത്തിരിക്കണ്ടേ?”

“എന്തിനു്?”

“മറ്റേ... ആ... ബിൽ വരാൻ? രണ്ടു് സംഭാരത്തിനു് എത്രകാശാണു് നമ്മൾ കൊടുക്കേണ്ടതു് എന്നെഴുതിയ കുറിപ്പു്...”

ഞാൻ രാജാവിന്റെ കൈ പിടിച്ചുവലിച്ചു് പുറത്തേക്കു് നടന്നു.

“ബില്ലൊക്കെ വലിയ ഹോട്ടലുകളിലാണു് രാജാവേ. ഇതൊരു നാടൻ ചായക്കടയാണു്. ഇവിടെ നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ കാശു് ദാ... ആ മേശയ്ക്കപ്പുറം ഇരിക്കുന്നയാൾക്കു് കൊടുത്താൽ മതി. ഞാൻ കാണിച്ചുതരാം. ചേട്ടാ, രണ്ടു് സംഭാരം!”

സംഭാരത്തിന്റെ പൈസകൊടുത്തു് ഞാൻ പോകാനൊരുങ്ങിയപ്പോൾ രാജാവിനു് പിന്നേയും സംശയം.

“അപ്പൊഴേയ്... സംഭാരം കൊണ്ടുതന്ന ആൾക്കു് പാരിതോഷികം കൊടുക്കണ്ടേ? ഇത്തിരി കാശു്... ബിൽ കൊടുത്ത ശേഷം കൊടുക്കുന്നതു്...”

ഹോട്ടലിൽ ടിപ് കൊടുക്കുന്നമാതിരി ചായക്കടയിൽ കൊടുക്കണോ എന്നാണു് രാജാവിന്റെ ചോദ്യം!

വീണ്ടും രാജാവിനെ വലിച്ചിറക്കി മാറ്റിനിർത്തി ഒരഞ്ചുമിനുട്ടു കൊണ്ടു് ഹോട്ടലും ചായക്കടയും തമ്മിലുള്ള വ്യത്യാസം ഞാൻ അദ്ദേഹത്തിനു് പറഞ്ഞുകൊടുത്തു. ഓരോ സ്ഥലത്തും പെരുമാറണ്ട രീതിയെക്കുറിച്ചു് വിവരിച്ചു. ഇപ്പറഞ്ഞതെല്ലാം രാജാവിനു് ഓർമ്മയുണ്ടാവണേ എന്നു് മനസ്സിൽ പ്രാർത്ഥിച്ചു.

എനിക്കു് കുറച്ചു പണി ചെയ്യാനുണ്ടായിരുന്നു. രാജാവിനെ പണിചെയ്യാൻ വിട്ടിട്ടു് ഞാൻ എന്റെ വഴിക്കു് പോയി. തിരിച്ചു് ക്വാറിയിലെത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു.

ഒരു പന്തികേടു് തോന്നി. രാജാവു് കല്ലുചുമക്കുന്നുണ്ടു്. എന്നെ ഒന്നു് നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല. മറ്റുപണിക്കാരും ഒന്നു് പണിനിർത്തി എന്നെ ശ്രദ്ധിച്ചു.

“ങാ, താൻ വരാൻവേണ്ടി കാത്തിരിക്കുവായിരുന്നു” അന്തപ്പൻ വക്കീലാണു്.

“താൻ എന്തൊരു മനുഷ്യനെയാണു് ഇവിടെകൊണ്ടാക്കിയതു്?”

“എന്താ വക്കീൽ സാർ, എന്തു പറ്റി?”

“താൻ കൊണ്ടുവന്നാക്കിയ രാമൻ ഉച്ചയൂണിന്റെ സമയത്തു് ഹോട്ടലുകാരൻ സുലൈമാനുമായി തർക്കത്തിലായി”

എനിക്കു് വ്യക്തമാവുന്നില്ല. ആരുമായും വഴക്കുകൂടുന്ന കൂട്ടത്തിലല്ല രാജാവു്. അപ്പൊ എന്താ സംഭവിച്ചതു്?

“രാമൻ ഉച്ചക്കു് ഊണുകഴിക്കാൻ വേണ്ടി സുലൈമാന്റെ ഹോട്ടലിൽ ചെന്നു. രണ്ടാൾക്കുള്ള ഭക്ഷണം സ്വയം കഴിച്ചു. എന്നിട്ടു് ഒരാളുടെ കാശും കൊടുത്തു. സുലൈമാൻ സമ്മതിച്ചില്ല. അയാൾ കൂടുതൽ പൈസ ആവശ്യപ്പെട്ടു. ഒടുക്കം ഞാനിടപെട്ടു് ഒത്തുതീർപ്പാക്കിയിട്ടുണ്ടു്. ഒന്നരയാളുടെ പൈസ രാമൻ കൊടുക്കണം. അയാൾക്കു് വേണ്ടത്ര ഊണു് കഴിച്ചോട്ടെ. സമ്മതമല്ലേ?”

“വക്കീൽ സാറേ, ഞാൻ പറഞ്ഞില്ലേ, അ... രാമനു് നാട്ടിൽ നിന്നു് അധികം ശീലമില്ല. അവരുടെ ഭാഗത്തൊക്കെ ഒരാൾ നമ്മുടെ രണ്ടാളുടെ ചോറുണ്ണും. പാവം അതു് കരുതിയാവും. ഞാൻ നോക്കിക്കൊള്ളാം“

”ങാ, വിരോധമില്ല. ആൾ നന്നായി പണിയെടുക്കുന്നുണ്ടു്. അതുകൊണ്ടു് ഇവിടെ തുടർന്നോട്ടെ“

തിരിച്ചുവരും വഴി ഞാൻ രാജാവിനോടു് ആദ്യത്തെ ദിവസത്തെ അനുഭവത്തെപ്പറ്റി ചോദിച്ചു.

”നിങ്ങടെ കാലത്തുള്ള ആൾക്കാർക്കേയ്... ശക്തി കുറവാട്ടോ. എത്ര കുറച്ചു് കല്ലാ അവർ ചുമക്കുന്നേ. എനിക്കു് അവരിലൊരാൾ എടുക്കുന്നതിന്റെ ഇരട്ടി എടുക്കാനാവും. എന്റെ നാട്ടിലെ ചിലയാളുകൾക്കു് അതിലും കൂടുതൽ സാധിയ്ക്കും“

”കാലം പുരോഗമിക്കുന്തോറും മനുഷ്യന്റെ ശരീരശേഷി കുറഞ്ഞുവരികയാവും രാജാവേ. അതു് നിക്കട്ടെ. സുലൈമാന്റെ...“

”അയാൾക്കു് കൂടുതൽ ധനം കൊടുത്താൽ സമാധാനാവുംച്ചാൽ അങ്ങനെ ചെയ്യാം. അല്ലേ? പാവാണു്ന്നു് തോന്നുണൂ. പ്രാരാബ്ധംണ്ടാവ്വേയ് വീട്ടിൽ“

അടുത്ത ദിവസം മുതൽ രാജാവിന്റെ ചിലവിനു് അധികതുക കരുതാൻ ഞാൻ ശ്രദ്ധിച്ചു.

എന്നാൽ സംഭവിച്ചതു് മറ്റൊരു തരത്തിലാണു്. രാജാവിന്റെ സ്ഥിരോൽസാഹവും ശമ്പളദിവസം പ്രത്യേകിച്ചൊരു അമിതാഹ്ലാദമില്ലായ്മയും ശ്രദ്ധിച്ചു് അന്തപ്പൻ വക്കീൽ പുതിയൊരു നിർദ്ദേശം മുന്നോട്ടുവച്ചു. ‘രാമന്റെ’ ഭക്ഷണത്തിന്റെ ചെലവു് അദ്ദേഹം വഹിച്ചോളാം എന്നും ശമ്പളത്തിൽ നിന്നു് ഒരു തുക കുറച്ചു് ബാക്കി ‘രാമനു്’ കൊടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. അതായതു്, ഇഷ്ടമുള്ളത്രയും രാജാവിനു് ഊണുകഴിക്കാം. സംഭാരം കുടിക്കാം. പണം അന്തപ്പൻ വക്കീൽ കൊടുത്തുകൊള്ളും. പകരം, രാജാവിനു് കൊടുക്കാനുദ്ദേശിച്ച ശമ്പളത്തിൽനിന്നു് കുറേ വെട്ടിക്കുറയ്ക്കും.

രാജാവിനു് പണിപഠിക്കുകയാണു് ആവശ്യം, ധനസമ്പാദനമല്ല എന്നുള്ളതിനാൽ ആ വ്യവസ്ഥ ഞങ്ങളംഗീകരിച്ചു.

അന്നുമുതൽ രാജാവിനും സുലൈമാനും സുഖമായിരുന്നു. രാജവിനു് വേണ്ടി സ്പെഷൽ ഭക്ഷണം സുലൈമാൻ തയ്യാറാക്കാൻ തുടങ്ങി. രാജാവിനു് വയറുനിറച്ചു് ഭക്ഷണം കിട്ടിത്തുടങ്ങി. അദ്ദേഹം ജോലിയിൽ കൂടുതൽ ഉത്സുകനായി. രാജാവിന്റെ ആവേശം കണ്ടു് മറ്റുപണിക്കാർക്കും പ്രചോദനമായി. അവരും കൂടുതൽ നന്നായി പണിയെടുത്തു. എല്ലാവർക്കും രാജാവിനെ ഇഷ്ടമായി.

അന്തപ്പൻ വക്കീലും പോറ്റിയും വെരിവെരി ഹാപ്പിയായി. ക്വാറിയിൽ നിന്നു് നല്ല വരുമാനം കിട്ടിത്തുടങ്ങിയിരുന്നു.

രാജാവും തൊഴിലാളികളും സുലൈമാനും തമ്മിൽ നല്ല അടുപ്പത്തിലായി. സുലൈമാന്റെ കഥ രാജാവാണു് എന്നോടു് പറഞ്ഞതു്. രണ്ടു് പെൺകുട്ടികളെ നികാഹ്‌ കഴിച്ചയക്കാനുള്ള ബദ്ധപ്പാടിലാണയാൾ. ആകെ വരുമാനം ക്വാറിയിലെ പണിക്കാരിൽ നിന്നാണു്. പിന്നെ ക്വാറിയിലെത്തുന്ന ലോറിക്കാരും അവിടെ കയറും. അല്ലാതെ നാട്ടുകാർക്കു് സുലൈമാന്റെ കടയിൽ കയറി ഭക്ഷണം കഴിക്കാനൊന്നും താല്പര്യമില്ലായിരുന്നു.

പതുക്കെപ്പതുക്കെ രാജാവു് പാറ പൊട്ടിക്കാനുള്ള പണി പഠിയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കായക്ഷമത പ്രമാണിച്ചു് പാറതുരക്കുന്ന പണിയാണു് ആദ്യം കിട്ടിയതു്. എത്ര കനത്ത പാറയും മറ്റാരേക്കാൾ എളുപ്പത്തിൽ രാജാവിനു് തുരക്കാൻ സാധിച്ചു. പിന്നെപ്പിന്നെ തുരന്ന പാറയിൽ വെടിമരുന്നു് നിറയ്ക്കാനും തിരയിടാനും തീകൊടുക്കാനും ഒക്കെ രാജാവു് ശീലിച്ചു.

ഉൽസാഹമായി ദിവസങ്ങൾ കടന്നുപോയി. ഇപ്പോൾ രാജാവു് ഒറ്റക്കാണു് ക്വാറിയിൽ പോകുന്നതും വരുന്നതും. വന്നാൽ ഒരു രണ്ടുമൂന്നു് റൗണ്ട് വിസ്കി കുടിക്കും; അതാണു് അദ്ദേഹത്തിന്റെ പ്രത്യേകത.

പക്ഷെ ഒരു ദിവസം എന്നെ നടുക്കിയ ഒരു സംഭവം നടന്നു.

സന്ധ്യക്കു് ആറുമണിയായിരിക്കും. ഞാൻ ആപ്പീസിൽ നിന്നിറങ്ങാൻ നില്ക്കുന്നു. പെട്ടെന്നൊരു ഫോൺ വന്നു. നോക്കുമ്പോൾ അന്തപ്പൻ വക്കീൽ.

”ചിതൽല്ലേ? താൻ ഒരു ടാക്സി പിടിച്ചു് ഉടനെ വരണം. നമ്മുടെ രാമനെ പോലീസ് പിടിച്ചു. ആളെ ഒന്നു് കാണാൻ സ്റ്റേഷൻ വരെ പോകണം. ഡീറ്റേൽസ് ഞാൻ നേരിട്ടു് കാണുമ്പൊ പറയാം. എന്നാപ്പിന്നെ ഉടനെ വരത്തില്ലേ?“

ഫോൺ തിരികെവച്ചു് ഞാനൊന്നു് വിറച്ചു. രണ്ടു് സെക്കൻഡ് നെഞ്ചത്തു് കൈവച്ചു് നിന്നുപോയി.

”ഈശ്വരാ! രാജാവിനെ പോലീസ് പിടിച്ചു!“



(തുടരും... )