Friday, December 27, 2013

കാലചലനം - 11




ഇത്രയും കാലം ഞാനെഴുതിയതു് പതിനൊന്നില്പ്പരം കൊല്ലം മുമ്പു് നടന്ന കാര്യങ്ങളാണു്. ആ കാലഘട്ടത്തിനു് ശേഷം ഞാൻ വിവാഹിതനായി. മദിരാശിയിൽ നിന്നു് താമസം ബാംഗ്ലൂർക്കു് മാറ്റി. ജോലിമാറി.

ഗൗതം ഇപ്പോൾ അമേരിക്കയിലാണു്. ഈ നോവലെഴുതാൻ തുടങ്ങിയതു് അവന്റെയും സ്വന്തമായി ഫാംഹൗസ് നടത്തുന്ന രഘുവിന്റെയും സമ്മതത്തോടെയാണു്. അവരുമായി ഞാനിപ്പോഴും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നു.

എന്നാൽ ഞാനിന്നു് ദുഃഖിതനാണു്.

വരുംവരായ്കകൾ നോക്കാതെ എടുത്തുചാടി പല അബദ്ധത്തിലും ചെന്നു് ചാടിയ കഥ ഞാൻ വായനക്കാരുമായി പങ്കുവച്ചിട്ടുണ്ടു്. ഹിമവർണ്ണന്റെ അടികൊണ്ടതും രാജാവിനെ കുളത്തിൽ തള്ളിയിട്ടതും ബാങ്കിൽ പണം നിക്ഷേപിച്ചു് ഇളിഭ്യനായതും ഗൗതത്തിന്റെ വീട്ടുകാരുടെ മുമ്പിൽ കോമാളിയായതും ഒക്കെ നിങ്ങൾക്കും അറിവുള്ളതാണു്. ഒരുപക്ഷെ രാജാവും എന്റെ കൂട്ടുകാരും പറഞ്ഞമാതിരി ധനമോഹം തന്നെയാവണം എന്നെക്കൊണ്ടു് ഈ വിഡ്ഢിവേഷമൊക്കെ കെട്ടിച്ചതു്.

അങ്ങിനെയെങ്കിൽ എന്റെ ഇന്നത്തെ ദുഃഖത്തിനു് ന്യായീകരണമാകുന്നു. പക്ഷെ ഞാൻ പറഞ്ഞുവന്ന കഥയിൽ നിന്നു് വ്യതിചലിച്ചിരിക്കുന്നു. ആദ്യം തുടങ്ങിവച്ച കഥ പൂർത്തിയാക്കിയശേഷം എന്റെ ഇന്നത്തെ നിജസ്ഥിതി വിവരിയ്ക്കുന്നതാവും സഹൃദയത്തിനു് സ്വീകാര്യം. പറയുമ്പോൾ കൂടുതൽ വിവരിയ്ക്കാൻ നില്ക്കാതെ ഇടക്കൊക്കെ ഞാനിത്തിരി സ്പീഡിൽ കാര്യങ്ങൾ പറഞ്ഞുപോയാൽ എന്റെ മനോവിഷമം ഹേതുവാണെന്നും വായനക്കാരോടുള്ള നീരസം മൂലമല്ലെന്നും മനസ്സിലാക്കുമല്ലോ.

പാറ പൊട്ടിയ്ക്കാൻ നന്നായി പഠിക്കുന്നതിനിടയിൽ ഒരിക്കൽ രാജാവു് പറഞ്ഞതനുസരിച്ചു് അദ്ദേഹവുമൊത്തു് ഞങ്ങൾ തിരിച്ചു് ഉല്ലപിയിൽ പോയിരുന്നു. നല്ല തടിമിടുക്കും അച്ചടക്കവും ബുദ്ധിയും കൈമുതലായുള്ള ഏഴുപേരെ കൂട്ടിയാണു് അന്നു് ഞങ്ങൾ തിരിച്ചു് വർത്തമാനത്തിലെത്തിയതു്. അതിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. ഈ ഏഴുപേരെക്കൂടി അന്തപ്പൻ വക്കീൽ ക്വാറിയിൽ ജോലിക്കു് ചേർത്തു. സുലൈമാന്റെ കടയിൽ ഇവർക്കും ഭക്ഷണം സൗജന്യമായിരുന്നു.

പുതുതായി വന്ന ഏഴുപേർക്കും വർത്തമാനത്തിലെ രീതികളുമായി പൊരുത്തപ്പെടാൻ സമയം കിട്ടാഞ്ഞതിനാൽ പല ബുദ്ധിമുട്ടികളും നേരിടുക പതിവായിരുന്നു. അംഗസംഖ്യ കൂടിയതുകൊണ്ടു് ക്വാറിക്കടുത്തുതന്നെ 2-3 കുടിൽ കെട്ടി അതിലായിരുന്നു പിന്നീടു് രാജാവും അനുചരരും താമസിച്ചിരുന്നതു്.

സന്ധ്യ കഴിഞ്ഞാൽ സ്വതവേ ആൾപ്പെരുമാറ്റമില്ലാത്ത ക്വാറിക്കടുത്തു് താമസമാക്കിയ ഇവർ ആദ്യം ചെയ്തതു് അവിടെ വരാറുണ്ടായിരുന്ന സാമൂഹികവിരുദ്ധരെ തല്ലിയോടിക്കുകയാണു്. അങ്ങോട്ടുപോയി ആക്രമിച്ചതല്ലെന്നും പുതിയ കുടിലുകൾ കണ്ടു് പ്രശ്നമുണ്ടാക്കാൻ വന്നപ്പോൾ ഗത്യന്തരമില്ലാതെ പ്രതികരിച്ചുപോയതാണെന്നും അവർ എന്നോടു് പറയുകയുണ്ടായി.

നാട്ടുകാർക്കുവേണ്ടി ബണ്ട് കെട്ടിക്കൊടുത്തതു് ഇവരാണു് - ചുരുങ്ങിയ സമയത്തിനുള്ളിൽ. ക്വാറിയിലെ 2-3 ജോലിക്കാരുടെ കുടുംബപ്രശ്നങ്ങൾ ഇടപെട്ടു് ശരിയാക്കിയതു് രാജാവു് നേരിട്ടാണു്. മറ്റൊരിക്കൽ ഇവർ റോട്ടിൽ നടക്കുമ്പോൾ ബാബുവിനെ വീണ്ടും കാണാനിടയായി. അനുചരരിലൊരാൾക്കു് കലികയറി തല്ലാൻ പോയെന്നും രാജാവു് അയാളെ നിലുൽസാഹപ്പെടുത്തിയെന്നും കൂടുതൽ തടികേടാവാതെ അന്നു് ബാബു രക്ഷപ്പെട്ടെങ്കിലും നാടു് പറ്റിയതല്ല എന്ന തോന്നലുളവായതിനാൽ മലേഷ്യക്കു് പോയെന്നും ഞാനറിഞ്ഞു. ഇന്നു് ബാബു നല്ലനിലയിലാണത്രെ. അയാൾ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ എന്തോ ആവശ്യത്തിനു് അന്തപ്പൻ വക്കീലിനെ പോയി കണ്ടിരുന്നുവെന്നും ഞാനറിഞ്ഞു.

ക്വാറിയുടെ ഉടമസ്ഥൻ പോറ്റിയുടെ ഇല്ലം പൊളിച്ചുപണിഞ്ഞതു് ഇവർ ചേർന്നാണു്. സുലൈമാന്റെ രണ്ടു പെൺകുട്ടികളുടേയും നിക്കാഹ് ഇവർ ഭംഗിയാക്കി. രാജാവു് ഭൂതകാലത്തിൽനിന്നു് നിക്കാഹിലേക്കുമാത്രമായി കൊണ്ടുവന്നിരുന്ന ആഭരണങ്ങൾ ആ കുടുംബത്തിനു് ഒരു വലിയ സമ്മാനമായി.

ക്വാറിയിൽ നിന്നു് പഠിക്കാനുള്ളതെല്ലാം പഠിച്ചുവെന്നു് ബോധ്യമായപ്പോൾ ഇവർക്കു് ഭൂതകാലത്തിൽ മടങ്ങിപ്പോയി പാറതുരന്നു് വെള്ളമെടുക്കാൻ ധൃതിയായി. എന്നാൽ ചില പ്രശ്നങ്ങൾ അപ്പോൾ ഉരുത്തിരിഞ്ഞുവന്നു. ഒന്നു് ഭൂതകാലത്തിലുപയോഗിക്കാനുള്ള വെടിമരുന്നും പാറതുരക്കാനും തിരയിടാനുമുള്ള സാമഗ്രികളും വാങ്ങാനുള്ള ബുദ്ധിമുട്ടായിരുന്നു. ധനം എങ്ങിനേയും ശരിയാക്കാം എന്നുണ്ടു്. പാറതുരക്കാനുള്ള സാമഗ്രികളും വാങ്ങാം. എന്നാൽ വെടിമരുന്നു് കിട്ടണമെങ്കിൽ അതിനുള്ള ലൈസൻസ് വേണം. അതു് വക്കീലിന്റെ പക്കലാണു്. വേറെ നിവൃത്തിയില്ലാതെ ഞങ്ങൾ വക്കീലിനെ പോയിക്കണ്ടു. ഇത്തവണ രാജാവാണു് സംസാരിച്ചതു്.

“ഏമാന്നേ, ഞങ്ങൾക്കു് തിരിച്ചുപോകേണ്ട സമയമായി”

വക്കീൽ ഇരുന്നേടത്തുനിന്നെഴുന്നേറ്റു. പതുക്കെ ഞങ്ങളുടെ അടുത്തു വന്നു.

“തിരിച്ചുപോകാനോ? എങ്ങോട്ടു്? കാട്ടിലേക്കോ? എന്തിനു്?“

വക്കീൽ വിടാനുള്ള ഭാവമില്ലായിരുന്നു. ഇത്രയും നന്നായി ജോലിചെയ്യുന്ന 8 പേരെ എന്തുവിലകൊടുത്തും അദ്ദേഹത്തിനു് നിലനിർത്തണമായിരുന്നു. എന്നാൽ കൂടുതൽ ശമ്പളം എന്ന നാട്ടുനടപ്പു് ഇവരുടെ അടുത്തു് ശരിയാവില്ലല്ലോ. അദ്ദേഹം വലിയ സങ്കടത്തിലായി.

”അതിനു് നിങ്ങൾക്കു് കാട്ടിൽ പോയി കുറച്ചുദിവസം നിന്നശേഷം തിരിച്ചുവന്നുകൂടെ?“

”വയ്യ ഏമാന്നേ. ഞങ്ങളുടെ കുടുംബം ഞങ്ങളെ കാണാതെ വിഷമിക്കില്ലേ?“

”എങ്കിൽ അവരേയും കൊണ്ടുവരൂ. അവർക്കും ജോലിയും ഭക്ഷണവും താമസസൗകര്യവും കൊടുക്കാം“

”വയ്യ ഏമാന്നേ. പലരുടേയും കുടുംബത്തിൽ പ്രായമായവരും ചെറിയ കുട്ട്യോളുമുണ്ടു്“

”പ്രായമായവർക്കു് ആശുപത്രി സൗകര്യം തരാം. കുട്ടികൾക്കു് ബുദ്ധിമുട്ടാവത്തില്ല. കാട്ടിലേക്കാൾ സൗകര്യം ഇവിടല്ലേ?“

ഇങ്ങനെ എന്തുപറഞ്ഞാലും തിരിച്ചുപറയാൻ വക്കീലിനു് ന്യായമുണ്ടു് എന്നുവന്നപ്പോൾ സത്യത്തിന്റെ ഒരു ഭാഗം തുറന്നുപറയാൻ രാജാവു് തീരുമാനിച്ചു.

”ഏമാൻ ക്ഷമിക്കണം. ഞങ്ങളിവിടെ വന്നതു് പാറപൊട്ടിക്കുന്നതു് പഠിക്കാനാണു്. കാട്ടിൽ കുറേയധികം പാറപൊട്ടിച്ചാലേ ഞങ്ങൾക്കാവശ്യമുള്ള വെള്ളം കിട്ടൂ. ഞങ്ങളുടേതടക്കം കുറേ കുടുംബങ്ങൾ ഞങ്ങൾ വരുന്നതും നോക്കിയിരുപ്പാണു്. അങ്ങു് പോകാനനുവദിക്കണം“

അന്തപ്പൻ വക്കീൽ രാജാവിന്റെ ചുമലിൽ പിടിച്ചു. 2-3 സെക്കൻഡ് കണ്ണിൽ നോക്കി ഒന്നും മിണ്ടാതെ നിന്നു.

”രാമാ, നിനക്കുവേണ്ടി ഞാനെന്തും ചെയ്യും! നീയ്യു് കാട്ടിലേക്കുള്ള വഴി കാട്ടിക്കേ. നമ്മുടെ ക്വാറിയിലെ ആൾക്കാർ കൂടെവരും. ഞാനും വരാം. തന്റെ കാടു് ഞാനുമൊന്നു് കണ്ടുകളയാം. നമ്മുടെ ആൾക്കാർ അവിടത്തെ മുഴുവൻ പാറയും തവിടുപൊടിയാക്കിത്തരും. നീയ്യ് വെള്ളമെടുത്തു് കുടിക്കുകയോ കുളിക്കുകയോ എന്തുവേണമെങ്കിലുമായിക്കോ. എവിടെ മേസ്തിരി? ലോറിയെടുക്കാൻ പറയൂ! ഒരാഴ്ച ക്വാറിക്കു് അവധി! പകരം പണി കാട്ടിൽ! രാമാ, നിനക്കും കൂട്ടുകാർക്കും വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ? മേസ്തിരി എവിടേ? അതേയ്, ഒരു ലോറി മതിയാവില്ല. രണ്ടെണ്ണം വേണ്ടിവരും...“

ഇങ്ങനെ ആവേശഭരിതനായ വക്കീലിനെ എന്തെല്ലാമോ പറഞ്ഞു് സമാധാനിപ്പിച്ച ശേഷം അദ്ദേഹം അതീവവിമുഖതയോടെ രാജാവിനേയും കൂട്ടരേയും തിരിച്ചുപോകാനനുവദിച്ചു. കൂടെ ധാരാളം വെടിമരുന്നും പണിയായുധങ്ങളും കൊടുത്തു. എപ്പൊ എന്താവശ്യം വന്നാലും തന്നെ വന്നുകാണണമെന്നും അദ്ദേഹം പറഞ്ഞു.

വക്കീലിന്റെ വീട്ടിൽ നിന്നു് മടങ്ങിവരുന്ന വഴി ഒരനുചരൻ പുതിയൊരു പ്രശ്നമുന്നയിച്ചു. അയാൾക്കു് കൂടെ ജോലി ചെയ്യുന്ന ഒരു ക്വാറി ജോലിക്കാരിയുമായി പ്രണയം തുടങ്ങിയത്രെ. അവളാണെങ്കിൽ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലാണു്. രാജാവടക്കം എല്ലാവരുമായും നല്ല അടുപ്പത്തിലുമാണു്. പേരു് പൊന്നമ്മ എന്നാണെന്നും പ്രേമം മ്യൂച്വലാണെന്നും കൂടെ ‘കാട്ടിൽ’ വന്നു് താമസിക്കാൻ അവൾ റെഡിയാണെന്നും അനുചരൻ പറയുന്നു. അതുകൊണ്ടു് ഞങ്ങൾ നേരെ ക്വാറിയിലെത്തി അവളെ കണ്ടു. രാജാവു് അവളോടു് സംസാരിച്ചു.

”നീയ്യു് ഇവനുമായി ഇഷ്ടത്തിലാണോ?“

”ഓ! ഒടുക്കം ചേട്ടൻ നിങ്ങളോടൊക്കെ പറഞ്ഞോ? എത്ര ദിവസമായി നിങ്ങളോടു് കാര്യം പറയാൻ ഞാനേല്പിക്കുന്നു? ഇന്നും പറഞ്ഞില്ലെങ്കിൽ ഞാൻ നേരെവന്നു് നിന്നോടു് കാര്യം പറയാനിരുന്നതാ രാമാ. ഞാൻ റെഡ്യാ“

”ഇവനെ കല്യാണം കഴിച്ചാൽ ഞങ്ങളുടെ കൂടെ വരേണ്ടിവരും. പിന്നെയൊരിക്കലും ഇന്നാട്ടിലേക്കു് തിരിച്ചുവരാനാവില്ല“

”സന്തോഷം! അല്ലേലും നാടെനിക്കു് മടുത്തു“

”ഞങ്ങൾ പോവുന്നിടത്തു് ഒരു സൗകര്യവുമുണ്ടാവില്ല. ഇന്നാട്ടിലെ ഒരുതരം സമ്പ്രദായങ്ങളും ഞങ്ങൾ ജീവിക്കുന്നിടത്തില്ല. അതൊക്കെ...“

”അതൊക്കെ ഞാനങ്ങു് സഹിച്ചു! അല്ല പിന്നെ! രാമാ, ഞാൻ പറഞ്ഞില്ലേ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നു്? പിന്നെന്നാ?“

എത്ര ഇഷ്ടത്തിലായാലും തന്റെ യഥാർത്ഥ നാടിനെക്കുറിച്ചും താൻ രാജാവാണെന്നും തങ്ങളുടെ ആഗമനോദ്ദേശ്യത്തെക്കുറിച്ചും അനുചരൻ പെണ്ണിനോടൊന്നും പറഞ്ഞിട്ടില്ലെന്നതു് രാജാവിനു് സംതൃപ്തിയേകി. അദ്ദേഹം ഒരു നിബന്ധന മുന്നോട്ടുവച്ചു:

”ശരി. അങ്ങനെ നിർബന്ധാച്ചാൽ നീയ്യും ഞങ്ങളുടെ കൂടെ വന്നോ. പക്ഷെ ഒരു കാര്യം. നീയ്യു് വല്ലാതെ വർത്തമാനം പറയുന്നു. ഞങ്ങളുടെ കൂടെ വരണമെങ്കിൽ സംസാരം നിർത്തണം. മിണ്ടാതെ നടക്കേണ്ടിവരും. സാധിക്കുമോ?“

”അതേയ്, നിങ്ങളു് പള്ളീപ്പോയി പറഞ്ഞാമതി. ഈ പൊന്നമ്മ സംസാരിക്കുന്നെങ്കിലേ, നിങ്ങക്കെന്നാ ചേതം? ഞാനും എന്റെ ചേട്ടനും സഹിക്കും. അല്ല്യോ ചേട്ടാ? തിന്നാതേം കുടിക്കാതേം ഇരിക്കാം. എനിക്കേയ്, സംസാരിക്കാഞ്ഞാ ഒരക്കം വരികേല“

”മിടുക്കി! മിടുമിടുക്കി! എങ്ങാനും സംസാരം നിർത്താൻ നീ സമ്മതിച്ചിരുന്നെങ്കി നീ ഒരു അവസരവാദിയാണെന്നു് ഞങ്ങൾ തെറ്റിദ്ധരിച്ചേനേ. നീ ഞങ്ങളുടെ കൂടെപ്പോന്നോ. വർത്തമാനം പറയുന്നതു് കുറക്കണ്ട. നീ വർത്തമാനം കുറച്ചാൽ ഞങ്ങൾക്കു് വിഷമമാവും“

അങ്ങിനെ പ്രശ്നങ്ങളെല്ലാമൊതുക്കി രാജാവും അനുചരരും പൊന്നമ്മ എന്ന സ്ത്രീയും ഭൂതകാലത്തിലേക്കു് പോകാനൊരുങ്ങി. പൊന്നമ്മ കൈയിൽ കുറേ പണം കരുതിയിരുന്നു. അതു് ആ സ്ത്രീയുടെ കാമുകൻ നിർബന്ധിച്ചു് ഭൂതകാലത്തിലേക്കു് കൊണ്ടുപോകാനുള്ള ചാന്തു്, കണ്മഷി, കുപ്പിവള മുതലായവയായി കൺവേർട്ട് ചെയ്തു. ഭൂതകാലത്തെത്തിയിട്ടേ പൊന്നമ്മയോടു് സത്യം പറയാവൂ എന്നായിരുന്നൂ രാജാവും കൂട്ടരും ഞാനും തമ്മിലുള്ള ധാരണ. വേറെയൊന്നുമല്ല, വർത്തമാനത്തിൽ സത്യമറിഞ്ഞാൽ പിന്നെയതു് നാട്ടിൽ പാട്ടാവും എന്നതുകൊണ്ടു്.

ഞങ്ങൾക്കു് ഗംഭീരസ്വീകരണമാണു് ഉല്ലപി ഒരുക്കിയിരുന്നതു്. സർവ നാട്ടുകാരും ഞങ്ങളെ കാണാൻ വന്നിരുന്നു. ഞങ്ങളെ മാലയിട്ടു് സ്വീകരിച്ചു് അവർ കൊട്ടാരത്തിലേക്കു് കൊണ്ടുപോയി. അവിടെ ഭക്ഷണശേഷം ഓരോരുത്തരും വിശേഷങ്ങൾ നാട്ടുകാരോടു് വിവരിച്ചുകൊണ്ടിരുന്നു.

പൊന്നമ്മ, ഗൗതത്തിന്റെ വീട്ടിലെത്തി പേടകത്തിൽ കയറിയതുമുതൽ ഒന്നും സംസാരിച്ചിരുന്നില്ല. ആദ്യം പരിഭ്രമവും ഉല്ലപിയിലെത്തിയപ്പോൾ നിരാശയും അവർക്കുണ്ടായിട്ടുണ്ടാകാം എന്നു് ഞാനൂഹിച്ചു. എന്നാൽ രാജാവും അനുചരരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ ഉശിരോടെ പൊന്നമ്മയും അവരുടെ കൂടെക്കൂടി. കുറേക്കഴിഞ്ഞു് അവർ എന്റെയും രഘുവിന്റെയും അടുത്തുവന്നു് നന്ദി പറയുകയും ഇനി തിരിച്ചു് വർത്തമാനത്തിലേക്കില്ലെന്നു് പറയുകയും ചെയ്തു.

താമസിയാതെ പാറപൊട്ടിക്കാനുള്ള പണിതുടങ്ങി. പൊട്ടിച്ചെടുക്കുന്ന പാറയും മറ്റും വലിയ കനാൽ തീർക്കാനാണു് വിനിയോഗിച്ചതു്. രഘുവും ഞാനുമാണു് ഇക്കാര്യത്തിൽ മേൽനോട്ടം വഹിച്ചതു്. ഗൗതം വെള്ളം ശേഖരിക്കാനുള്ള വലിയ കുളത്തിന്റെ മേൽനോട്ടം നടത്തി.

പതിനൊന്നാൾ താഴ്ച, അതിന്റെയിരട്ടി വീതി, മൂന്നിരട്ടി നീളം എന്നിങ്ങനെയുള്ള പടുകൂറ്റൻ കുളമാണു് നിർമ്മിച്ചതു്. കല്ലു് പാകി അടിത്തട്ടുവരെ പടവുകൾ നിർമ്മിച്ചു് സജ്ജമാക്കി. ഒരു കുന്നിന്മുകളിലാണു് കുളം. അവിടെനിന്നും ചെറുചാലുകൾ വെട്ടി കൃഷിയിടങ്ങളിലേക്കു് ഞങ്ങൾ വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കി.

ഒടുക്കം എല്ലാം ശരിയായപ്പോഴാണു് അവസാനത്തെ പാറപൊട്ടിച്ചതു്. അതു് പൊട്ടിക്കാനുള്ള തിരനിറച്ചതു് പൊന്നമ്മയും തീ കൊടുത്തതു് താരമഹാറാണിയുമായിരുന്നു. ആ സ്ഫോടനത്തിൽ വെള്ളം കുലംകുത്തിയൊഴുകുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുളം ഏതാണ്ടു് നിറയുകയും ചെയ്തു. പാറകൾക്കിടയിലുണ്ടായിരുന്ന മൂന്നിൽ രണ്ടു് ഭാഗം വെള്ളവും ഇത്തരത്തിൽ കുളത്തിലെത്തി. പിന്നീടു് പെയ്ത മഴകളിൽ മലമുകളിലും കുളത്തിലും വീണ്ടും വെള്ളം നിറഞ്ഞു. ഉല്ലപിയിൽ ആവശ്യത്തിനു് ജലമെത്തി.

ജലമെത്തിയപ്പോൾ ആ നാട്ടിലുണ്ടായ കോലാഹലങ്ങൾ എനിക്കു് എഴുതിയറിയിക്കാനാവില്ല. ജനം എന്നേയും കൂട്ടുകാരേയും രാജാവിനേയും നിലത്തുനിർത്തിയില്ല. പകരം ഞങ്ങളെ വായുവിലെറിഞ്ഞു് പിടിക്കുകയും തോളത്തിരുത്തി നിരത്തുകളിൽ നടക്കുകയും ചെയ്തു.

പൊന്നമ്മക്കു് ‘രാമൻ’ രാജാവാണെന്നു് വിശ്വസിക്കാനായില്ല. അവർ അദ്ദേഹത്തെ ”രാമൻ“ എന്നേ വിളിക്കൂ എന്നു് പറഞ്ഞു. രാജാവും തന്റെ ഏതാനും മാസത്തെ ഭാവിവാസത്തെ ഓർക്കുന്നതിനായി പൊന്നമ്മക്കു് അങ്ങിനെ വിളിക്കാനുള്ള അനുമതി കൊടുത്തു. ഞാൻ തിരിച്ചുപോരാറാകുമ്പോഴേക്കു് രാമൻ എന്നതു് രാമേട്ടൻ എന്നാക്കി മാറ്റിയിരുന്നു എന്നതൊഴിച്ചാൽ പൊന്നമ്മയുടെ സ്വഭാവത്തിനു് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

പൊന്നമ്മയും അനുചരനുമായുള്ള കല്യാണം കൊട്ടാരത്തിൽ വച്ചാണു് നടന്നതു്. രാജാവാണു് കന്യാദാനം നടത്തിയതു്.

ഒടുവിൽ ഞങ്ങൾക്കു് തിരിച്ചു് വർത്തമാനത്തിലേക്കു് വരേണ്ട സമയമായപ്പോൾ രാജാവു് ദുഃഖിതനായി. എന്നാലും ഞങ്ങൾക്കദ്ദേഹം പോകാനനുമതി തന്നു.

വരുന്ന സമയം അദ്ദേഹം നിർബന്ധിച്ചു് ഒരു കിഴി നിറയെ സ്വർണമാലകൾ എനിക്കു് സമ്മാനമായിതന്നു. നിരാകരിക്കാൻ സാധിക്കുന്നതിനുമുമ്പു് ”സമ്മാനമാണു്, പറ്റില്ലെന്നു് പറയരുതു്“ എന്നുപറഞ്ഞു് നിർബന്ധിച്ചു. രഘുവിനും ഗൗതത്തിനും മറ്റുപല സമ്മാനങ്ങളും അദ്ദേഹം നല്കി. ഞങ്ങൾക്കു് മൂന്നുപേർക്കും ഓരോ വീരശൃംഖലയും അദ്ദേഹം സമ്മാനിച്ചു.

അതില്പ്പിന്നെ 2-3 തവണ കൂടി ഞാൻ ഉല്ലപിയിൽ പോയിട്ടുണ്ടു്. ഏതാനും വർഷം മുമ്പു് അവസാനമായി അവിടെ ചെന്നപ്പോൾ രാജാവും മഹാറാണിയും അവരുടെ മകൾ വനജക്കു് ഒരു നല്ല വരനെ അന്വേഷിക്കുകയായിരുന്നു. പൊന്നമ്മക്കു് ഒരു ആൺകുട്ടി ജനിച്ചിരുന്നു. അവളുടെ സ്വഭാവത്തിനു് ഒരു മാറ്റവുമില്ലായിരുന്നു. പക്ഷെ ഞാൻ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലയും പൊട്ടും കൊടുത്തപ്പോൾ അവൾ കുറച്ചുസമയം ഒന്നും മിണ്ടാതെ നിന്നു. വർത്തമാനത്തെപ്പറ്റി ആലോചിക്കുകയായിരുന്നിരിക്കണം. ഏതായാലും ആ ആലോചന മുറിയുന്നതിൻഉമുമ്പു് ഞാനവിടെനിന്നു് രക്ഷപ്പെട്ടതുകൊണ്ടു് അവളുടെ വർത്തമാനം കൂടുതൽ സഹിക്കേണ്ടി വന്നില്ല.

* * * * *

പോറ്റി ക്വാറിയിലെ ലാഭം കൊണ്ടു് ഒരു ലോറിയും മൂന്നു് ടാക്സിയും വാങ്ങി. അയാൾ ഇപ്പോൾ സമ്പന്നനാണു്. അന്തപ്പൻ വക്കീൽ ഇന്നും ജനത്തെ സേവിച്ചും പാവങ്ങൾക്കുവേണ്ടി പോരാടി​‍ൂം നടക്കുന്നു. ബാബു മലേഷ്യയിലാണെന്നു് നേരത്തെ പറഞ്ഞുവല്ലോ.

സുലൈമാനെ അദ്ദേഹത്തിന്റെ ഇളയമകളുടെ ഭർത്താവു് ഗൾഫിലേക്കു് കൊണ്ടുപോയി. അദ്ദേഹം നാടാറുമാസം ഗൾഫാറുമാസം എന്ന സ്കീം ഫോളോ ചെയ്യുന്നു.

ഞാൻ നേരത്തെ സൂചിപ്പിച്ച ദുഃഖത്തെപ്പറ്റി പറയാൻ ഏറെയൊന്നുമില്ല. എനിക്കു് സമ്മാനം കിട്ടിയ ആ മാലകൾ ഒരിക്കൽ മോഷണം പോയി. അത്ര തന്നെ. പോലീസിൽ പരാതിപ്പെടാൻ വയ്യായിരുന്നു. മാലകളുടെ ഉറവിടം കാണിക്കാനാകില്ലല്ലോ.

ഇന്നു് ഉല്ലപിയേയും ഹർഷഘോഷരാജാവിനേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും ഓർക്കാൻ ആകെ ബാക്കിയുള്ളതു് ആ വീരശൃംഖലയും അന്നെടുത്ത ഏതാനും ഫോട്ടോകളുമാണു്.

ധനം മോഹിച്ചു് ഇറങ്ങിപ്പുറപ്പെട്ട എനിക്കു് കിട്ടിയതു് ലാഭമോ നഷ്ടമോ? നിങ്ങളെന്തു വിചാരിച്ചാലും ശരി, എനിക്കു് ലാഭമേ ഉണ്ടായിട്ടുള്ളു. സത്യം.



(കാലചലനം നോവൽ അവസാനിച്ചു)